Tuesday, May 22, 2018 Last Updated 22 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 02 Apr 2017 02.03 AM

അനുഭവസമ്പന്നന്‍

uploads/news/2017/04/95778/sun2.jpg

അനുഭവസമ്പത്താണ്‌ ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ നിക്ഷേപം. ആ സമ്പത്തില്ലങ്കില്‍ അവന്റെ രചനകള്‍ കൃത്രിമത്വം നിറഞ്ഞ വായനാനുഭവമാകും സൃഷ്‌ടിക്കുക. അനുഭവ സമ്പന്നനായ എഴുത്തുകാരന്റെ രചനകള്‍ വായിക്കുമ്പോഴെ വായനക്കാരനില്‍ ഹൃദയമിടിപ്പ്‌ ഏറും. വായിച്ചു കഴിഞ്ഞാലും കഥാപാത്രങ്ങള്‍ വായനക്കാരെ വേട്ടയാടിക്കൊണ്ടിരിക്കും. ഇത്തരം അനുഭവ സമ്പത്ത്‌ കിട്ടണമെങ്കില്‍ എഴുത്തുകാരന്‍ ദാരിദ്ര്യം, വിശപ്പ്‌, തൊഴിലില്ലായ്‌മ, ഉറ്റവരുടെ മരണം എന്നീ ജീവിതയാതനകളിലൂടെ കടന്നുപോയവനും അതിനെയെല്ലാം അതിജീവിച്ചവനുമാകണം.
ഇത്തരം എഴുതിയാലും , എഴുതിയാലും തീരാത്തത്ര അനുഭവങ്ങളുടെ വലിയ ജീവിത ഉറവ തന്നെ നിക്ഷേപമായുള്ള എഴുത്തുകാരനാണ്‌ ജോര്‍ജ്‌ ജോസഫ്‌. കെ.
ഈ എഴുത്തുകാരന്‍ എന്ത്‌ എഴുതിയാലും അതില്‍ ചോരപൊടിയുന്ന പച്ചയായ ജീവിതങ്ങളുടെ തിരുശേഷിപ്പ്‌ അടയാളമായി കാണും. അതുകൊണ്ടുതന്നെ ജോര്‍ജ്‌ ജോസഫിന്റെ കഥകളെയും ഓര്‍മ്മകുറിപ്പുകളെയും ഏറെ ഇഷ്‌ടപ്പെടുന്ന ഒരുപറ്റം വായനക്കാര്‍ മലയാളത്തിലുണ്ട്‌. എന്നാല്‍ എഴുതാന്‍ ഒരുപാടു കഥകള്‍ ബാക്കിവച്ച്‌ ജോര്‍ജ്‌ ജോസഫ്‌ വായനക്കാരെ നിത്യവും കൊതിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. ഈ താല്‍ക്കാലിക നിശബ്‌ദതയെ ഭേദിച്ച്‌ ജോര്‍ജ്‌ ജോസഫ്‌ മനസ്സിനെ മുറിപ്പെടുത്തുന്ന അനവധി കഥകള്‍ എഴുതുന്ന കാലത്തിനായി വായനക്കാര്‍ ആകാംക്ഷയോടെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി.
കാലങ്ങള്‍ ഇങ്ങനെ കടന്നുപോകുന്നതിനിടയിലും വായനക്കാരുടെ മനസ്സില്‍ നിന്നും ജോര്‍ജ്‌ ജോസഫിനെ ഒരിക്കലും മുറിച്ചുമാറ്റാനാകാത്തവിധം 'ആരാധനയ്‌ക്ക് ഒരിടം' നല്‍കിയ കഥയാണ്‌ 'അവന്‍ മരണയോഗ്യന്‍' .
എഴുത്തുജീവിതത്തിനിടയില്‍ ജോര്‍ജ്‌ ജോസഫിന്റെ ഏറ്റവും മികച്ച കഥകളിലൊന്നായി നിരൂപകരും വായനക്കാരും വാഴ്‌ത്തിയ രചന. മരണത്തിന്റെ സ്‌പര്‍ശം അരികിലെവിടെയോയുണ്ടെന്ന ഉള്‍ക്കിടലത്തോടെ മാത്രമേ ഏത്‌ കഠിനഹൃദയനും ഈ കഥയിലൂടെ കടന്നുപോകാനാകൂ. 'അവന്‍ മരണയോഗ്യന്‍' എന്ന കഥയുടെ പിറവിയെക്കുറിച്ച്‌ എഴുത്തുകാരന്‍ സംസാരിക്കുന്നു.

'മരണം തന്റെ ജീവിതത്തിലെ നിത്യബന്ധുവായിരുന്നു' എന്ന കഥാകൃത്തിന്റെ പ്രസ്‌താവന വായിച്ചു കൊണ്ടാണല്ലോ ജോര്‍ജ്‌ ജോസഫ്‌.കെ യുടെ 'അവന്‍ മരണയോഗ്യന്‍' എന്ന കഥാസമാഹാരത്തിലേക്ക്‌ വായനക്കാരന്‍ പ്രവേശിക്കുന്നത്‌?.

കഥയെഴുതുമ്പോള്‍ ഒരിക്കലും മരണത്തെക്കുറിച്ചോര്‍ത്തിട്ടൊന്നുമല്ല അക്കാലങ്ങളില്‍ ഞാന്‍ കഥകളെഴുതിയിട്ടുള്ളത്‌. മരണം എനിക്ക്‌, പക്ഷിക്ക്‌ ഇരുചിറകുകള്‍ പോലെയാണ്‌. ഞാന്‍ എന്ന പിണ്ഡത്തെ അവ പറ്റിപ്പിടിച്ചിരുന്ന്‌ എവിടേക്കോ പറത്തിക്കൊണ്ടുപോകുന്നു. മരണത്തോടൊപ്പമുള്ള യാത്രയായിരുന്നു പലപ്പോഴും എന്റെ ജീവിതം. മരണവും ദുരിതവും നിറഞ്ഞ ലോകമായിരുന്നു എന്റെ ചുറ്റും. അവയെപറ്റിയുള്ള ഉത്‌കണ്‌ഠയും ആകൂലതകളുമായിരുന്നു എപ്പോഴും മനസില്‍.
മരണം മഴപ്പെയ്‌ത്തുപോലെയായിരുന്നു എന്റെ ജീവിതത്തില്‍. കാര്‍മേഘം വിട്ടോഴിയാത്ത ആകാശം പോലെ. മരണം എപ്പോഴും എന്റെ അടുക്കല്‍നിന്ന്‌ ഒരു കൂട്ടുകാരനെപ്പോലെ ചിരിച്ചു. പക്ഷേ അതൊന്നും മനസിലാക്കാനുള്ള ബോധം അന്നെന്റെ പ്രായത്തിനില്ലായിരുന്നു. എങ്കിലും ഓര്‍മ്മ കുഞ്ഞുനാളിലുള്ള അങ്ങേയറ്റത്തെ ഭൂതകാല വഴികളിലേക്ക്‌ തിരിച്ചുനടക്കുമ്പോള്‍ ചില ഓര്‍മ്മയുടെ അവ്യക്‌ത ചിത്രങ്ങള്‍ എന്റെ മനസില്‍ തെളിയുന്നുണ്ട്‌. അനിയന്റെ പ്രസവത്തോടെ മരിച്ചുപോയ അമ്മയെ കുളിപ്പിച്ച്‌ ശവപ്പെട്ടിയില്‍ കിടത്തിയിരിക്കുമ്പോള്‍, കുഞ്ഞനിയന്‍ മുലപ്പാലുകിട്ടാതെ തൊള്ളകീറിക്കരയുമ്പോള്‍, മരണം ഒരു മൃദു മന്ദഹാസവുമായി തൊട്ടടുത്തുതന്നെ നില്‍ക്കുന്നുണ്ടായിരുന്നു എന്ന്‌ എന്റെ അകക്കാഴ്‌ചകള്‍ അറിയുന്നുണ്ടായിരുന്നു.
അതീന്ദ്രീയമെന്നവണ്ണം ഇതൊക്കെ എങ്ങനെ ഓര്‍ക്കാന്‍ കഴിയുന്നുവെന്ന്‌ ഞാന്‍ ചിന്തിക്കാറുണ്ട്‌. ഒട്ടുമുക്കാലും അപ്പന്റെ പെങ്ങള്‍ വെളമാമ്മായി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കുട്ടിക്കാലത്ത്‌ പറഞ്ഞുതന്ന അറിവ്‌. അമ്മ മരിക്കുന്നതിന്‌ തൊട്ടുമുമ്പ്‌, ആശുപത്രിയിലേക്കുപോകും മുമ്പ്‌, ഞാന്‍ അമ്മയുടെ ചട്ടപൊക്കി മുലകുടിക്കാന്‍ ശ്രമിച്ചവനാണെന്ന്‌ അമ്മായി പറഞ്ഞ അറിവുണ്ട്‌. എപ്പോഴും ഒരു 'അമ്മിഞ്ഞ'കൊതിയനായിരുന്നു അമ്മായിയുടെ സാക്ഷ്യം. ആ സംഭവം പറയാം.
ഞാന്‍ അമ്മയുടെ ഒമ്പതാമത്തെ പുത്രന്‍. അനിയനെ പെറാന്‍ അമ്മ അവനെ വയറ്റിലിട്ടുകൊണ്ടുനടക്കുമ്പോള്‍ അമ്മയ്‌ക്ക് ഒരു പൂതി. ഒമ്പതെണ്ണത്തേയും വീട്ടില്‍ വയറ്റാട്ടിയാണ്‌ പ്രസവിപ്പിച്ചിട്ടുള്ളത്‌. പത്താമത്തെയെങ്കിലും ഒന്ന്‌ ആശുപത്രിപ്പോയി പ്രസവിക്കണം. ഇതുവരെയുള്ള വയറ്റാട്ടിയെ മാറ്റി ഒരു ഡോക്‌ടര്‍ പ്രസവമെടുക്കണം. അന്ന്‌ ഗവ. ജനറലാശുപത്രിയില്‍പോയി പ്രസവിക്കാന്‍ ഒട്ടുമിക്ക പെണ്ണുങ്ങളും ആഗ്രഹിക്കുന്നവരായിരുന്നു. കൂട്ടത്തില്‍ അമ്മയും അത്‌ ആഗ്രഹിച്ചു എന്നുമാത്രം. എന്നാല്‍ അനിയനെ പ്രസവിച്ചശേഷം അമ്മ ജഡമായിട്ടാണ്‌ ആംബുലന്‍സില്‍ വീട്ടിലേക്കു തിരിച്ചുവന്നത്‌. അമ്മ ഒരു ശവപ്പെട്ടിയില്‍ കിടക്കുന്നത്‌ എന്റെ കുഞ്ഞു കണ്ണുകള്‍ കണ്ടു. അന്നേരം ചട്ടപൊക്കി മുല കുടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചെങ്കിലും അമ്മയിട്ടിരുന്നത്‌ ചട്ടയായിരുന്നില്ല. കാലറ്റം നീണ്ട കന്യാസ്‌ത്രീകള്‍ അണിയുന്ന ഒരു കാപ്പിക്കളര്‍ ഉടുപ്പായിരുന്നു അത്‌. വെറുതെ താമശയ്‌ക്ക് എപ്പോഴോ വെള്ളമാമ്മായിയോട്‌ അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു, കന്യാസ്‌ത്രീയാകാനായിരുന്നു അമ്മയ്‌ക്കിഷ്‌ടമെന്ന്‌. പക്ഷേ അമ്മയുടെ അപ്പന്‍ സമ്മതിച്ചില്ല. എന്റെ അപ്പനെ പിടിച്ച്‌ കെട്ടിച്ചുകളഞ്ഞു. അതുകൊണ്ട്‌ വെളമാമ്മായി അപ്പനോട്‌ പറഞ്ഞു.
''എടാ ഔസേപ്പച്ചാ.......... നീയാ തയ്ക്കാരന്‍ ദയുമ്മിനിയെക്കൊണ്ട്‌ വേഗം ഒരു കന്യാസ്‌ത്രീ ഉടുപ്പ്‌ തുന്നിച്ച്‌ അതിടീച്ച്‌ വേണം നമ്മക്ക്‌ ത്രേസ്യാനെ പള്ളിക്കൊണ്ടേയ്‌ അടക്കാന്‍.......''.
പെങ്ങളു പറഞ്ഞത്‌ അപ്പന്‍ കേട്ടു, അനുസരിച്ചു. പില്‍ക്കാലത്ത്‌ മരണ ഫോട്ടോ വീട്ടിലിരുന്നപ്പോള്‍ അമ്മ ശവപ്പെട്ടി കാപ്പിക്കളറുള്ള കന്യാസ്‌ത്രി ഉടുപ്പിട്ട്‌ മരിച്ചുകിടക്കുന്നത്‌ ഞാന്‍ എന്നും കണ്ടുവളര്‍ന്നു. പിന്നീട്‌ കന്യാസ്‌ത്രീകളുടെ നീണ്ട കാപ്പിക്കളര്‍ ഉടുപ്പുകാണുമ്പോള്‍ ഞാന്‍ അമ്മയെ ഓര്‍ക്കും.
അമ്മയെ ശവപ്പെട്ടിയില്‍ കിടത്തിയപ്പോള്‍ ഫോട്ടോ എടുക്കാന്‍ സമയത്ത്‌ വെള്ളമാമ്മായിയുടെ മടിയില്‍നിന്നും ഞാന്‍ ഊര്‍ന്നിറങ്ങിപ്പോകാതിരിക്കാന്‍ അമ്മായി എപ്പോഴും അമ്മായിയുടെ നെഞ്ചില്‍ എന്നെ ചേര്‍ത്തമര്‍ത്തി അടക്കിപ്പിടിച്ചുകൊണ്ടിരുന്നു. ശവപ്പെട്ടിക്കരികില്‍ കരഞ്ഞു കണ്ണോക്കു പാടുന്നവരുടെയിടയില്‍, മരണത്തിനു മുന്‍പില്‍ കൂപ്പുകൈകളുമായിരുന്നവരുടെ കൂട്ടത്തില്‍ അമ്മായി എന്നെയും കൈകൂപ്പിയിരുത്തി. അമ്മയുടെ ശവം വച്ചുള്ള ഗ്രൂപ്പ്‌ ഫോട്ടോയ്‌ക്കു മുന്‍പില്‍ കൂപ്പുകൈകളുമായിരുന്ന്‌ അന്നുമുതല്‍ ഇന്നുവരെ മരണഫോട്ടോയുടെ ഫ്രെയിമിനുള്ളില്‍ അകപ്പെട്ടുപോയ ഞാന്‍, മിക്കപ്പോഴും കഥയെഴുതിയപ്പോള്‍ മരണത്തിന്റെ നിഴല്‍പ്പാടുകള്‍ ഒട്ടുമിക്ക കഥകളിലും ഉണ്ടായി. അമ്മ മരിച്ച്‌ 18 ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞനിയനും ഏതോ രോഗകാരണത്താല്‍ മരിച്ചു. പിന്നെ ജോര്‍ജേട്ടന്‍, അല്‍ഫോന്‍സാ ചേച്ചി, ചീക്കുകൊച്ചാപ്പന്‍. എന്റെ കൗമാരം പിന്നിടുന്നതിനു മുന്‍പേ അവരൊക്കെ മരിച്ച്‌ ശവക്കുഴിയിലേക്ക്‌ യാത്രയായി. പിന്നെ ഞാന്‍ യുവാവായ ശേഷം അപ്പന്‍, അമ്മായി, ചീക്കുചേട്ടന്‍, അഗസീഞ്ഞു ചേട്ടന്‍, സേവിചേട്ടന്‍, തങ്കതാത്തി.... ആ പരമ്പര നീളുകയാണ്‌.
'അവന്‍ മരണയോഗ്യന്‍' എന്ന കഥയുടെ ആരംഭം തന്നെ ഇങ്ങനെയാണ്‌-.
''ദൂരെനിന്നും ചാവുമണിക്കൊപ്പം പള്ളീലച്ചനും ദര്‍ശനക്കാരും കത്തിയുരുകുന്ന വെയിലിലൂടെ തുഴഞ്ഞ്‌ ആ മരിച്ച വീടിനു മുന്നിലേക്കെത്തി. ചന്ദനത്തിരിയുടെ മണവും വിയര്‍പ്പുഗന്ധവും കൂടിക്കുഴഞ്ഞ പന്തലില്‍ ഒതുക്കിയ കരച്ചിലും വിതുമ്പലും കേട്ടു.
തുറന്നുവച്ച ശവപ്പെട്ടിയിലെ ജഡത്തിലേക്ക്‌ ഒരമ്മ മുഖം പൂഴ്‌ത്തിക്കിടന്ന്‌ കരഞ്ഞു. അച്ചന്റേയും പരികര്‍മ്മികളുടെയും പ്രാര്‍ത്ഥന കരച്ചിലിന്റെയും നെടുവീര്‍പ്പിന്റേയും ഏങ്ങലില്‍ മുങ്ങി. ശവപ്പെട്ടിയുടെ മൂടി അടയ്‌ക്കപ്പെട്ടു. മകന്‍ അപ്പനോടും അമ്മയോടും യാത്ര പറഞ്ഞു. മനുഷ്യര്‍ വിടര്‍ത്തിയ കൈയിലേക്ക്‌ മരണം ഒരു കൊച്ചു കുട്ടിയെപ്പോലെ പടികടന്നു പോകുമ്പോള്‍ ചവരോ മരണപ്പന്തലിലായിരുന്നില്ല''.

'അവന്‍ മരണയോഗ്യന്‍' എന്ന കഥയിലെ ചവരോയും തദേവൂസും മലയാളകഥയിലെ അതിശക്‌തമായ കഥാപാത്രങ്ങളാണ്‌. ജോര്‍ജ്‌ ജോസഫിന്റെ ആത്മകഥയുമായി ആ കഥാപാത്രങ്ങള്‍ക്ക്‌ ബന്ധമുണ്ടെന്ന്‌ കേട്ടിട്ടുണ്ട്‌?.

കഥയിലെ തദേവൂസ്‌ ഞാന്‍ തന്നെയാണ്‌. ചവരോ എന്റെ വാര്‍ക്കപ്പണിയാശാനും. ഞാന്‍ എന്നും ഒരു കുരുത്തംകെട്ട കുട്ടിയായിരുന്നു. അമ്മയില്ലാതെ വളര്‍ന്ന കുട്ടി ഏത്‌ സ്വതന്ത്രത്തിലേക്കും കടന്നൂപോകും. അതിന്‌ ഉദാഹരണമായിരുന്നു എന്റെ ബാല്യവും കൗമാരവും യൗവനവും. ഏഴു വയസുമുതല്‍ വായന ആരംഭിച്ചു. ബോബനും മോളിയില്‍ തുടങ്ങി വേള്‍ഡ്‌ ക്ലാസിക്കില്‍ വരെ അതെത്തി. പിന്നെ മലയാളത്തിലെ ലബ്‌ധപ്രതിഷ്‌ഠരായവരുടെ കഥയും നോവലുമൊക്കെ ഞാന്‍ ആര്‍ത്തിയോടെ വായിച്ചു. വായിച്ചാല്‍ മനുഷ്യര്‍ നന്നാകും. എന്റെ കാര്യത്തില്‍ തിരിച്ചായിരുന്നു. ഞാനാകട്ടെ തല തിരിഞ്ഞുപോയി. ആ തലതിരിച്ചിലാണത്രേ സത്യത്തില്‍ എന്നെ എഴുത്തുകാരനാക്കിയത്‌. 13 വയസുവരെ പള്ളിയിലെ അള്‍ത്താര ബാലനായിരുന്നു. 13 മുതല്‍ 31 വരെ നിരീശ്വരവാദിയും. 31 മുതല്‍ 62 ആയപ്പോഴേക്കും തികഞ്ഞ ആത്മീയനും.
10-ാം ക്ലാസിലെ പബ്ലിക്‌ എക്‌സാമിനേഷന്‍ കണക്കുപരീക്ഷയ്‌ക്ക് ഞാന്‍ ലിറ്റില്‍ ഷേണായീസിലിരുന്ന്‌ ക്ലിന്റ്‌ഈസ്‌റ്റ് വുഡിന്റെ 'കൗബോയ്‌' സിനിമ കണ്ടു. പത്താംക്ലാസ്‌ തോറ്റപ്പോള്‍ പരീക്ഷയുടെ അന്ന്‌ ഞാന്‍ സിനിമയ്‌ക്ക് പോയിരുന്ന കാര്യം ഏതോ ദുഷ്‌ഠക്കൂട്ടുകാര്‍ പറഞ്ഞ്‌ അപ്പന്‍ അറിഞ്ഞു. ഞാന്‍ കരുതി അപ്പന്‍ എന്നെ അടിച്ചുകൊല്ലുമെന്ന്‌. പക്ഷേ അപ്പന്‍ അടിക്കുകയും കൊല്ലുകയും ഒന്നും ചെയ്‌തില്ല. സ്‌നേഹത്തോടെ ഇത്രമാത്രം പറഞ്ഞു-.
''തെങ്ങിന്റെ കൊരവരെ കയറിയിട്ട്‌ ഒരു വെള്ളയ്‌ക്കാപോലും പറിക്കാതെ ഇറങ്ങിപ്പോരുന്നത്‌ അത്ര ബുദ്ധിയായിട്ട്‌ അപ്പനു തോന്നുന്നില്ല. ഒക്കെ നിന്റെ സ്വാതന്ത്ര്യം, തീയും വെള്ളവും തിരിച്ചറിയാന്‍ പ്രായമായി. ഇനി ഇഷ്‌ടം പോലെ ജീവിച്ചോ.........''.
അത്‌, അപ്പന്‍ തല്ലാതെ തല്ലിയ ഏറ്റവും വലിയ അടിയായിരുന്നു. നെഞ്ചില്‍ ഇന്നും നീറ്റലായി അതുണ്ട്‌ ഇപ്പോഴും. പരീക്ഷയുടെ റിസല്‍ട്ടുവന്നതിനുശേഷം ഞാന്‍ പിന്നെ എസ്‌.എസ്‌.എല്‍.സി എഴുതിയെടുക്കാനൊന്നും പോയില്ല. പിറ്റേന്നുതന്നെ കൂലിപ്പണിക്കിറങ്ങി. ആദ്യം കിട്ടിയ പണി വാര്‍ക്കപ്പണിക്കാരൂടെ കൂടെ. കോണ്‍ക്രീറ്റിംഗിനു മുമ്പ്‌ തട്ട്‌ അടിക്കാനും കമ്പിവളയ്‌ക്കാനും ഒക്കെയുള്ള പരിശീലനം. കൂലിയായിട്ട്‌ ഒന്നും കിട്ടില്ല. ചായമാത്രം വാങ്ങിത്തരും. എന്റെ ആശാന്‍ പാലാരിവട്ടത്തുള്ള തോമസ്‌ ചേട്ടനായിരുന്നു. നല്ലൊരു മനുഷ്യനായിരുന്നു. പണി തെറ്റിച്ചാല്‍ മാത്രം ദേഷ്യപ്പെടും. മക്കളില്ലാത്തതിനാല്‍ വൈകിട്ട്‌ ചായ കുടിക്കാന്‍ പോകുമ്പോള്‍ വയറുനിറച്ചു ഭക്ഷണം വാങ്ങിത്തരും. ശനിയാഴ്‌ച എല്ലാവരും കൂലി വാങ്ങിപ്പോകുമ്പോള്‍ ആശാന്റെ കൈയില്‍ നിന്നും എനിക്കൊരു 10 രൂപ തന്നിട്ടു പറയും.
'' നീ ഒരു സിനിമ പോയി കണ്ടോ.''
കമ്പി മുറിക്കുമ്പോഴും വാര്‍ക്കത്തട്ടടിക്കാന്‍ പലക മുറിക്കുമ്പോഴും ഓര്‍മ്മിപ്പിക്കും ''നല്ല ശ്രദ്ധവേണം. ഒന്നും അളവുമാറ്റി തെറ്റി മുറിച്ച്‌ ഉപയോഗ ശൂന്യമാക്കരുത്‌''. എന്നിട്ടും എനിക്കു പിഴച്ചു.
ജോണ്‍പോള്‍ മാര്‍പ്പാപ്പാ എറണാകുളത്ത്‌ വരാന്‍ ഒരുവര്‍ഷം മുമ്പേ അദ്ദേഹത്തെ സ്വീകരിക്കാന്‍ പള്ളിക്കാര്‍ ഒരുക്കങ്ങള്‍ തുടങ്ങി. പല ക്രിസ്‌ത്യന്‍ സ്‌ഥാപനങ്ങളുടെയും ഉദ്‌ഘാടനം അദ്ദേഹത്തെക്കൊണ്ട്‌ ചെയ്യിക്കാനായിട്ട്‌ ത്വരിതഗതിയില്‍ പണികള്‍ നടന്നുകൊണ്ടിരുന്നു.
അപ്പോഴാണ്‌ ഞാന്‍ ജോലി പഠിക്കാനായി ചെല്ലുന്ന സമയം. ശിവരാമമേനോന്‍ റോഡില്‍ അനാഥപിള്ളേര്‍ക്കായി മദര്‍ തേരേസയുടെ ഒരു കെട്ടിടം പണി നടക്കുന്നുണ്ടായിരുന്നു. ഒരു നിലകഴിഞ്ഞു. രണ്ടാമത്തെ നിലയുടെ വാര്‍ക്കല്‍ ജോലികള്‍ അടുത്തുവരികയായിരുന്നു. വീണ്ടും നിലപ്പൊക്കമായി. 13 ഇഞ്ച്‌ ഇഷ്‌ടികക്കെട്ടിലൂടെ നൂല്‍പ്പാലത്തില്‍ നടക്കുംപോലെ ആശാന്‍ പറയുന്ന സാധനങ്ങള്‍ എത്തിച്ചുകൊടുക്കലായി എന്റെ പണി. പുതിയ വാര്‍ക്കല്‍ തട്ടടിക്കുകയാണ്‌. ആശാന്‍ മുകളിലിരുന്ന്‌ ഭിത്തിയോട്‌ ചേര്‍ത്തുവയ്‌ക്കുന്ന പലകകളെ സംയോജിപ്പിക്കാന്‍ ചെറിയ ഒരു ക്ലാപ്പക്കഷ്‌ണം പലക എടുത്തുകൊണ്ടുവരാന്‍ പറഞ്ഞു. 2 അടി നീളം വേണ്ട ചെറിയ ക്ലാപ്പക്കഷ്‌ണത്തിനായി 12 ന്റെ ഒരു വലിയ പലക ഞാന്‍ മുറിച്ച്‌ പലക വേസ്‌റ്റാക്കി. അതുമായി ചെന്നപ്പോഴേ ആശാനു കാര്യം മനസിലായി.
ഇനി 'അവന്‍ മരണയോഗ്യന്‍' എന്ന കഥയില്‍ ഞാന്‍ എഴുതിയ കാര്യം പറയാം.
''ശാന്തിയില്ലാത്ത മനസുമായി ചവരോ അതേ കിടപ്പു കിടന്നു. ഉറക്കമെങ്കിലും ഒന്നു കണ്ണിലേക്കെത്തിയിരുന്നെങ്കില്‍... അയാള്‍ വെറുതെ കണ്ണുംപൂട്ടിക്കിടന്നു.
കണ്ണുകള്‍ അടച്ചിട്ടും അയാളുടെ മുന്നില്‍ തദേവൂസ്‌ വന്നുനിന്നു.
ഏഴാം നിലയുടെ മുകളില്‍ ഒരാത്മാവായി അവന്‍ നിന്നു.
''ആശാനെ എനിക്ക്‌ പേടിയാകണ്‌. നാളെ ആന്റപ്പന്‍ ചേട്ടന്‍ വന്നിട്ട്‌ ആ ലിന്‍ഡലിനുള്ള തട്ട്‌ അടിച്ചാല്‍പ്പോരേ?''
''രണ്ട്‌ പലക ചരിച്ചുവച്ച്‌ ആണികുത്താന്‍ നീയിനി എന്നാ പഠിക്കാ.......? ഇന്നു വാര്‍ക്കേണ്ടതാ...........നാളെ ഇഷ്‌ടിക കെട്ടിപ്പൊക്കണം''.
തദേവൂസ്‌ വലിയ ഒരു പലക എടുത്തു മുറിക്കുന്നതു കണ്ടപ്പോള്‍ അയാള്‍ക്ക്‌ കണ്ണുകാണാത്ത ദേഷ്യമാണ്‌ വന്നത്‌. പെട്ടെന്ന്‌ അടുത്തുകിടന്ന മുഴക്കോലെടുത്ത്‌ അയാള്‍ അവനെ അടിക്കാനായി ഓങ്ങി.
''എന്ത്‌ തോന്ന്യാസാ കാട്ടണേ നീ.........?''
അയാള്‍ അത്രയും പറഞ്ഞു തീരുംമുമ്പേ അടിപേടിച്ച്‌ പിന്നോട്ടാഞ്ഞ തദേവൂസ്‌ ചിറകറ്റ ഒരു പക്ഷിയെപ്പോലെ നിലവിളിയായിത്തീര്‍ന്നു ഭൂമിയുടെ അടിത്തട്ടില്‍.
അയാള്‍ മുഴക്കോലോങ്ങിയത്‌ ആരും കണ്ടില്ല. ആ ഭീകര കാഴ്‌ചകണ്ട്‌ അയാളുടെ ബോധം മറഞ്ഞു.
ചിതറിത്തെറിച്ചു പോയ ഒരു സ്വപ്‌നം ചവരോയുടെ കഴുത്തില്‍ മരണക്കുരുക്കായി''.

ശരിക്കും ജോര്‍ജ്‌ ജോസഫ്‌ കെട്ടിടത്തില്‍ നിന്നും വീണോ?

വീണു. ആശാന്‍ മുഴക്കോല്‍ വീശിയപ്പോള്‍ ഇഷ്‌ടികക്കെട്ടില്‍ നിന്നിരുന്ന ഞാന്‍ ബാലന്‍സ്‌ തെറ്റി താഴേക്കു പോന്നു. ഭാഗ്യത്തിന്‌ വന്നു വീണത്‌ കെട്ടിടത്തിന്റെ സെപ്‌റ്റിക്‌ടാങ്കിനായി മണ്ണെടുത്തിരുന്ന കുഴിയിലാണ്‌. കാര്യമായ പരുക്കൊന്നും തലയ്‌ക്കും കാലിനും സംഭവിച്ചില്ല. പക്ഷേ പത്തവാരിയെല്ലിന്‌ ചെറിയ പൊട്ടലുണ്ടായി. ആ കുഴിക്കു തോട്ടടുത്ത്‌ കെട്ടിടത്തിന്റെ ആവശ്യത്തിനായി ഇറക്കിയ കരിങ്കല്ലുകള്‍ കൂട്ടിയിട്ടിരുന്നയിടത്താണ്‌ ഞാന്‍ വീണിരുന്നതെങ്കില്‍ 'അവന്‍ മരണയോഗ്യന്‍' എന്ന കഥയെഴുതാന്‍ ഞാന്‍ ഉണ്ടാകില്ലായിരുന്നു. ആശാന്‍ എന്നെയും എടുത്ത്‌ ഓട്ടോറിക്ഷയില്‍ ഇരുന്ന്‌ കരഞ്ഞ കരച്ചില്‍ ചവരോയുടെ കരച്ചിലായി മാറി പിന്നെ കഥയിലുടനീളം.

എന്നിട്ടിപ്പോള്‍ ജോര്‍ജ്‌ ജോസഫ്‌ അത്തരം ശക്‌തമായ കഥകളെഴുതുന്നില്ലെന്നു പറഞ്ഞാല്‍? ഒപ്പമുള്ളവരൊക്കെ കേരളവും-കേന്ദ്രവുമൊക്കെ ഉണ്ടാക്കിയ പുരസ്‌കാരങ്ങള്‍ വാങ്ങിയപ്പോള്‍ ജോര്‍ജ്‌ ജോസഫ്‌ അതില്‍പ്പെടാത്തതില്‍
വിഷമമുണ്ടോ?

ശരിയാണ്‌ അതും സത്യം തന്നെ. എന്റെ ജീവിതമിപ്പോള്‍ എല്ലാം നിര്‍മ്മലമായിക്കാണുന്ന ഒരു ആത്മീയാവസ്‌ഥയിലാണ്‌. തികഞ്ഞ, പ്രശാന്തമായ ഒരു തടാകമാണിപ്പോള്‍ എന്റെ മനസ്‌. നിലയ്‌ക്കാത്ത സംഗീതത്തിന്റെ അഭൗമമായ നിര്‍വാണ നിലകളിലേക്ക്‌ മനസ്‌ ഒരു മന്ദമാരുതനെപ്പോലെ ഒഴുകുകയാണ്‌. ആന്തരികമായ ആത്മസംഘര്‍ഷം ഉണ്ടാകുമ്പോഴാണ്‌ എന്റെ കഥയെഴുത്തിന്‌ വാതിലുകള്‍ തുറക്കപ്പെടുന്നത്‌. ഇന്നര്‍ കോണ്‍ഫ്‌ളിറ്റില്ലാത്ത ഒരാള്‍ക്ക്‌ നല്ല കഥകള്‍ എഴുതാന്‍ പറ്റുമോ എന്ന്‌ സംശയമാണ്‌.
അവന്‍ മരണയോഗ്യന്‍ എന്ന കഥയില്‍ തന്നെ കൂട്ടുകാരന്‍ സന്ധ്യാവ്‌ ചവരോയെ തന്റെ മകന്‍ തദേവൂസിനെ നല്ലൊരു ജോലിക്കാരനാക്കിയെടുക്കാന്‍ ഏല്‍പ്പിക്കുന്നു. പക്ഷേ ചവരോയുടെ ഒരു നിമിഷത്തെ പിഴവുകൊണ്ട്‌ തകര്‍ന്നുപോകുന്ന രണ്ടുകുടുംബങ്ങള്‍... അതില്‍ ഒന്ന്‌ ചവരോയുടേതു തന്നെയാകും; പിന്നെ കൂട്ടുകാരന്റെയും. അവന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ...വാക്കുകള്‍ തീ മഴയായി വായനക്കാരില്‍ പതിക്കുമ്പോള്‍ വായനക്കാരന്‍ പോലും തങ്ങളുടെ മനസില്‍ പെയ്യുന്ന തീയെ കെടുത്താനാകാതെ ആകെ വിളറി പൂണ്ട്‌ ഓടുകയാണ്‌. വി.പി. ശിവകുമാറും ഒ.വി. വിജയനും നരേന്ദ്രപ്രസാദും പെരുമ്പടവം ശ്രീധനരുമൊക്കെ ആ കഥ വായിച്ചിട്ട്‌ എന്നെ അനുമോദിച്ചു. അവര്‍ പറഞ്ഞ വാക്കുകളാണ്‌ എനിക്കിന്നുവരെ കിട്ടിയ പുരസ്‌കാരങ്ങളേക്കാള്‍ ഏറ്റവും വലിയ അംഗീകാരം.
പെരുമ്പടവം പറഞ്ഞു '' ഈ ഒരോറ്റക്കഥ മാത്രം മതി ജോര്‍ജ്‌ ജോസഫിന്‌ മലയാളസാഹിത്യത്തിലുള്ള അംഗീകാരത്തിന്‌. വി.പി.ശിവകുമാര്‍ സാറും, നരേന്ദ്രപ്രസാദ്‌ സാറുമൊക്കെ ചെറുകഥകളുടെ ശില്‍പശാല ക്യാമ്പുകളില്‍ ഈ കഥയെ അനലൈസ്‌ ചെയ്‌ത് ഒത്തിരി സംസാരിച്ചിട്ടുണ്ട്‌. ഒരിക്കല്‍ ഒ.വി. വിജയന്‍ സാറിനെ ഈ കഥ നേരിട്ടുവായിച്ചു കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.
'' മറ്റു ചിലരുടെ കഥകള്‍ വായിക്കുമ്പോള്‍ നമ്മള്‍ കൊതിക്കും. ഇതുപോലൊരെണ്ണം എഴുതാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന്‌... ജോര്‍ജ്‌ ജോസഫ്‌ അത്ഭുതപ്പെടുത്തുന്നു എന്നെ''. പിന്നെ അവാര്‍ഡിന്റെ കാര്യം പറഞ്ഞാല്‍ അവാര്‍ഡ്‌ ലഭിക്കാത്തതില്‍ കുശുമ്പില്ല. അവാര്‍ഡ്‌ കൊടുക്കുന്നവര്‍ എന്റെ പുസ്‌തകങ്ങള്‍ വായിച്ചുകാണില്ലായിരിക്കും. കിട്ടിയവര്‍ ഭാഗ്യവാന്മാര്‍. അവരുടെ പുസ്‌തകങ്ങള്‍ കൂടുതല്‍ കൂടുതല്‍ വില്‍ക്കട്ടെ..... പ്രസാധകര്‍ മുടിഞ്ഞുപോകാതിരിക്കട്ടെ. കിട്ടിയവരുടെ കുടുംബത്തിന്‌ പെരുമയുണ്ടാകട്ടെയെന്ന്‌ എനിക്ക്‌ പ്രാര്‍ത്ഥിക്കാമല്ലോ? ജീവിക്കുമ്പോള്‍ എന്തിന്‌ നെഗറ്റീവാകണം?

എസ്‌.എസ്‌.എല്‍.സി പോലും തോറ്റ്‌ സര്‍വകലാശാലയുടെ പടിചവിട്ടാത്ത ഒരാളുടെ കഥ 'അവന്‍ മരണയോഗ്യന്‍' പിന്നീട്‌ എം.ജി യൂണിവേഴ്‌സിറ്റിയിലെ ബിരുദവിദ്യാര്‍ഥികള്‍ക്ക്‌ പാഠ്യവിഷയമായപ്പോള്‍ എന്തു തോന്നി?

സത്യത്തില്‍ തമാശ തോന്നി. അക്കാദമിക്‌ ഉയര്‍ച്ചയില്ലാത്ത ഒരുമടിയനും ഉഴപ്പനുമൊക്കെ ഇങ്ങനെയും എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുമല്ലോ എന്ന്‌ ഓര്‍ത്തുപോയി. ഒരു പക്ഷേ പഠിച്ചു ,പഠിച്ചു ഞാന്‍ വലിയ വൈറ്റ്‌ കോളര്‍ ഉദ്യോഗം നേടിയിരുന്നെങ്കില്‍ പച്ചയായ നീറുന്ന ജീവിതത്തിന്റെ പരിസരങ്ങളില്‍ നിന്ന്‌ ഉരുത്തിരിയുന്ന പൊള്ളുന്ന കഥകള്‍ എനിക്കുണ്ടാകുമായിരുന്നില്ല. അക്കാലങ്ങളില്‍ എന്റെ ജീവിതം തികച്ചും പരുക്കനായിരുന്നു. സാധാരണക്കാരന്റെ എല്ലാ കുഴപ്പങ്ങളും ബലഹീനതയും ഉള്ള ഒരാള്‍. അന്നൊക്കെ 'ലോക്കല്‍സാ'യിരുന്നു എന്റെ കമ്പനികള്‍. സിനിമാ തിയറ്ററുകളുടെ ഏറ്റവും ലോ ക്ലാസില്‍ ഇരുന്ന്‌ അവരുടെ മാന്യമല്ലാത്ത സംസാരവുമായി കൂടിച്ചേര്‍ന്ന്‌ ഏതൊരു കമന്റും ആസ്വദിക്കാന്‍ എനിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഞാനും അവരില്‍ ഒരാളായി മാറിയിട്ടുണ്ട്‌ പലപ്പോഴും. ഒരു സംഭവം ഓര്‍ക്കുന്നു. അന്നെനിക്ക്‌ കൂലിപ്പണിയാണ്‌ ജോലി. കവിത തിയറ്ററില്‍ അന്ന്‌ 'അവളുടെ രാവുകള്‍' റിലീസ്‌ ചെയ്യുന്നു. ഞാന്‍ എല്ലാ പടവും തുടങ്ങുന്ന അന്നേ കാണും.
ഏറ്റവും താഴ്‌ന്ന ടിക്കറ്റ്‌ കൗണ്ടറില്‍ ഞാന്‍ ക്യൂ നില്‍ക്കുന്നു. അപ്പോഴാണ്‌ ടിക്കറ്റുകൊടുക്കാന്‍ ഷട്ടര്‍ തുറക്കുന്നത്‌. തുറന്ന നേരം തന്നെ എന്റെ തോളില്‍ ചവിട്ടി ബ്ലാക്കിന്‌ ടിക്കറ്റുവില്‍ക്കുന്ന ഒരുവന്‍ എന്റെ മുമ്പിലേക്ക്‌ ഊര്‍ന്നിറങ്ങി. എന്നിലെ എഴുത്തുകാരന്റെ മാന്യത എവിടേയ്‌ക്കോപോയി. ഞാന്‍ തറയിലും തറയായി അവന്റെ ഷര്‍ട്ടിന്റെ കോളര്‍ വലിച്ചു കീറി പിറകില്‍നിന്നും തിരിഞ്ഞ അവന്റെ മൂക്കും മുഖവും എന്റെ ഇടിയുടെ ആഘാതത്താല്‍ പൊളിഞ്ഞു ചോരചീറ്റി.
പിന്നീടാണറിഞ്ഞത്‌. എറണാകുളം ചന്തയ്‌ക്കടുത്തുള്ള എന്തിനും പോന്നവരുടെ ഗ്യാംങ്ങായ 'പോര്‍ക്കും കൂട്ടി'ലെ ഒരുത്തനെയാണ്‌ ഞാന്‍ ഇടിച്ചതെന്ന്‌. അന്നത്തെ ജോര്‍ജ്‌ ജോസഫ്‌ കഥയെഴുതുമ്പോഴും സദാചാരബോധത്തെ രൂപക്കൂട്ടിലിരുത്തുന്ന എഴുത്തില്ല. എന്ത്‌ പച്ചയാണോ അതു പച്ചയ്‌ക്കെഴുതും. അന്നത്തെ ജോര്‍ജ്‌ ജോസഫിന്റെ മുമ്പില്‍ വാക്കുകള്‍, കരുത്ത്‌ ഇത്‌ ഒന്നും തടസമല്ല. ഒന്നിനെക്കുറിച്ചും ഭയവുമില്ല ഇന്നാകട്ടെ സദാചാരബോധം സാമൂഹ്യനീതി, സ്‌റ്റാറ്റസ്‌........ഓ! നമ്മള്‍ നമ്മെതന്നെ ഉള്ളിലുള്ളത്‌ മറച്ച്‌ എത്ര കപട മുഖക്കാരാണ്‌........ഞാനൊക്കെ കഥയെഴുതുന്ന കാലത്ത്‌ 'അപരന്‍ നരക'മാണെന്ന തത്വശാസ്‌ത്രം അതേപടി വിഴുങ്ങിയവനാണ്‌. 'ഹാപ്പിഡെത്ത്‌' രണ്ടുപ്രാവശ്യം രണ്ട്‌ ആത്മഹത്യാശ്രമത്തിലൂടെ പരീക്ഷിച്ചവനാണ്‌. കാലന്‍ കൊണ്ടുപോകാന്‍ വരാത്തതുകൊണ്ട്‌ മാത്രം വിഫലമായെന്നു മാത്രം.

ഇപ്പോള്‍ ജോര്‍ജ്‌ ജോസഫ്‌ യു.എസില്‍ നിന്നും ഇറങ്ങുന്ന ജനനി മാഗസിന്റെ കണ്‍സള്‍ട്ടന്റ്‌ എഡിറ്ററാണ്‌. ഏറ്റവും താഴേ തട്ടില്‍ നിന്നും ഉയരങ്ങളിലെത്തിയ ഒരു മനുഷ്യന്റെ കഠിനാദ്ധ്വാനം ?

ഞാന്‍ പാകപ്പെട്ടത്‌ വായനയുടെയും അറിവിന്റെയും മാത്രം കാര്യത്തില്‍ നിന്നല്ല. എന്റെ ജീവിതം നേരെ തിരിച്ചായിരുന്നു. കുട്ടിക്കാലം മുതലേയുള്ള പരന്ന വായന എഴുത്തില്‍ എന്നെ സത്യത്തില്‍ പരിമിതപ്പെടുത്തുകയായിരുന്നു. എന്റെ എഴുത്ത്‌ ജീവിതത്തെ ഞാന്‍ രൂപപ്പെടുത്തിയത്‌ എന്റെ കത്തുന്ന അനുഭവങ്ങള്‍കൊണ്ടായിരുന്നു. ഞാന്‍ കണ്ടതും കേട്ടതും തൊട്ടറിഞ്ഞതുമായ മനുഷ്യന്റെ പിടയുന്ന ജീവിതം, അതൊരു ജ്വരബാധപോലെ എന്നിലേക്കു പ്രവേശിച്ചു. ഭ്രാന്തിന്റെ യുഗ പീഡനത്തിന്റെയും ഇടനാഴികളില്‍ നിന്നുയരുന്ന കരച്ചിലുകളായിരുന്നു കഥയെഴുതുമ്പോള്‍ എന്റെ മനസു മുഴുവന്‍.

Ads by Google
Sunday 02 Apr 2017 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW