Tuesday, July 18, 2017 Last Updated 12 Min 48 Sec ago English Edition
Todays E paper
Sunday 02 Apr 2017 02.03 AM

സമാനതകളില്ലാത്ത വെള്ളായണി

uploads/news/2017/04/95777/sun1.jpg

മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയ്‌ക്ക് വെളളായണി അര്‍ജുനന്റെ സംഭാവന എത്രയെന്ന്‌ ചോദിച്ചാല്‍ പെട്ടെന്ന്‌ ഉത്തരമില്ല. വെളളായണി പുഴയോളം എന്ന്‌ പറഞ്ഞാല്‍ ഉപമ പൂര്‍ണ്ണമാകില്ല. കടലോളം എന്ന്‌ തന്നെ പറയേണ്ടി വരും. അതിരുകളില്ലാത്ത, അനന്തമായ ഒന്നാണ്‌ അത്‌.
84-ാം വയസിലും ആ സപര്യ അനവരതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇത്രയേറെ ആഴമേറിയ, ആധികാരികമായ ഗവേഷണങ്ങള്‍ നടത്തിയ മറ്റൊരാളെ സമകാലിന കേരളത്തില്‍ കണ്ടെത്തുക അസാദ്ധ്യമാണ്‌. ആ മേഖലയില്‍ ഒരു പുരുഷായുസില്‍ സ്വപ്‌നം കാണാന്‍ കഴിയാത്ത നേട്ടങ്ങളാണ്‌ അദ്ദേഹം കൈവരിച്ചത്‌. ഇപ്പോഴും ഒരു തുടക്കക്കാരന്റെ സജീവതയോടെ നാല്‌ പുസ്‌തകങ്ങള്‍ ഒരേ സമയം പ്രകാശനം ചെയ്യാനൊരുങ്ങുകയാണ്‌ അദ്ദേഹം. ഔന്നത്യം നിറഞ്ഞ ജീവിത നിമിഷങ്ങളേക്കുറിച്ച്‌ അദ്ദേഹം മനസ്സു തുറക്കുന്നു.

അങ്ങ്‌ വിരാജിച്ച ഔദ്യോഗിക സ്‌ഥാനമാനങ്ങള്‍?

സ്‌റ്റേറ്റ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എന്‍സൈക്ലോപീഡിക്‌ പബ്ലിക്കേഷന്‍സ്‌ ഡയറക്‌ടറായിരുന്നു. കേരള ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടര്‍, കേരള സാക്ഷരതാ മിഷന്‍ ഡയറക്‌ടര്‍, മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ്‌ കമ്മ്യൂണിക്കേഷന്‍സ്‌ ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ സയന്‍സസ്‌ ഡയറക്‌ടര്‍. കേന്ദ്രസര്‍വകലാശാലയായ അലിഗഡ്‌ യൂണിവേഴ്‌സിറ്റിയുടെ ദക്ഷിണേന്ത്യന്‍ ഭാഷാവിഭാഗം മേധാവി... എന്നിങ്ങനെ നിരവധി പദവികള്‍ വഹിക്കാന്‍ അവസരം ലഭിച്ചു.

തിരിച്ചറിവിന്റെ ഘട്ടത്തില്‍ തന്നെ ഭാഷയും അക്ഷരങ്ങളും എഴുത്തുമാണ്‌ സ്വന്തം
തട്ടകമെന്ന്‌ നിശ്‌ചയിച്ചിരുന്നോ?

പ്രൈമറി പഠനകാലത്ത്‌ കൃത്യമായ ധാരണയുണ്ടായിരുന്നില്ല. വായിക്കണം, അറിയണം, അറിവ്‌ സമ്പാദിക്കണം എന്ന അടങ്ങാത്ത ത്വര എന്നെ ഭരിച്ചിരുന്നു. ഏഴാംക്ലാസിലെത്തിയപ്പോള്‍ രണ്ട്‌ കൊച്ചു കവിതകള്‍ എഴുതി. കവിയാകണമെന്ന്‌ ആഗ്രഹിച്ചല്ല എഴുതിയത്‌. മനസില്‍ ആശയങ്ങള്‍ വന്നു നിറഞ്ഞപ്പോള്‍ എഴുതിയേ തീരൂ എന്ന്‌ തോന്നി. മലയാളം അദ്ധ്യപകനായിരുന്ന ശിവരാമപിളള സാറിനെ കൊണ്ടുപോയി കാണിച്ചു. അദ്ദേഹം പറഞ്ഞു. 'യു ആര്‍ എ ടാലന്റഡ്‌ പോയറ്റ്‌. വലിയ എഴൂത്തുകാരനായിത്തീരും. മുടങ്ങാതെ എഴുതണം കേട്ടോ'
ഹൈസ്‌കൂള്‍ ക്ലാസിലേക്ക്‌ കടന്നതോടെ സാഹിത്യാഭിരുചി വളര്‍ന്നു. ഇന്റര്‍മീഡിയറ്റിന്‌ പഠിക്കുമ്പോള്‍ സുഹൃത്തുക്കളുടെ ആവശ്യപ്രകാരം ചങ്ങമ്പുഴ കവിതകളെക്കുറിച്ച്‌ ഒരു പ്രസംഗം അവതരിപ്പിച്ചു. അതിന്‌ വേണ്ടി ചങ്ങമ്പുഴയുടെ കൃതികള്‍ ദിവസങ്ങളോളമെടുത്ത്‌ ആഴത്തില്‍ പഠിച്ചു. ആധുനിക കവിതകളെക്കുറിച്ച്‌ വലിയ അവബോധം ഉണ്ടാകാന്‍ ഇത്‌ സഹായിച്ചു.
ബി.എ, എം.എ ക്ലാസുകളില്‍ എത്തിയപ്പോള്‍ ശൂരനാട്‌ കുഞ്ഞന്‍പിളള സര്‍, എസ്‌.ഗുപ്‌തന്‍ നായര്‍ സര്‍, ഇളംകുളം കുഞ്ഞന്‍പിള്ള സര്‍ തുടങ്ങിയവരുമായുള്ള സമ്പര്‍ക്കം കാഴ്‌ചപ്പാടുകള്‍ വികസിപ്പിച്ചു.
എം.എ. കഴിഞ്ഞ്‌ കേരളാ യൂണിവേഴ്‌സിറ്റിയില്‍ ജോലി കിട്ടി. ഇതിനിടയില്‍ പിഎച്ച്‌.ഡി ചെയ്‌തു. ആ സമയത്ത്‌ ചില സുഹൃത്തുക്കള്‍ ചോദിച്ചു. എന്തുകൊണ്ട്‌
ഡി ലിറ്റ്‌ ചെയ്‌തു കൂടാ?
പഠനവും അദ്ധ്യാപനവും സമാന്തരമായി കൊണ്ടു പോകുന്നതിനിടയില്‍ കവിതകള്‍ വിട്ട്‌ ഗദ്യത്തിലേക്ക്‌ തിരിഞ്ഞു. ചില ലേഖനങ്ങള്‍ എഴുതി. ഗവേഷണം തുടങ്ങിയതാണ്‌ ജീവിതത്തില്‍ വഴിത്തിരിവായത്‌. മനസും ചിന്തകളും മുഴുവന്‍ ഗവേഷണ സംബന്ധമായ കാര്യങ്ങളിലേക്ക്‌ തിരിഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള അലിഗഡ്‌ യൂണിവേഴ്‌സിറ്റിയില്‍ ജോലി കിട്ടിയതോടെ താരാശങ്കര്‍ ബാനര്‍ജിയെ പോലുളള മഹാസാഹിത്യകാരന്‍മാരുമായും സമുന്നതരായ വിദ്യാഭ്യാസ വിചക്ഷണന്‍മാരുമായും അടുത്തിടപഴകാന്‍ അവസരം ലഭിച്ചു.

ഇതിനിടയില്‍ കവിത നഷ്‌ടമായോ?

യൂണിവേഴ്‌സിറ്റി കോളജില്‍ മലയാളം എം.എയ്‌ക്ക് എന്റെ സീനിയറായി പഠിച്ചവരാണ്‌ ഒ.എന്‍.വിയും പുതുശേരി രാമചന്ദ്രനും. അവര്‍ വളരെ ഫോക്കസ്‌ഡായിരുന്നു. കവിതയില്‍ മാത്രം ഉറച്ചു നിന്നു. ഞാന്‍ ഗവേഷണത്തിലും ഗദ്യത്തിലും പ്രഭാഷണത്തിലും ഉപരിപഠനത്തിലും അദ്ധ്യാപനത്തിലുമെല്ലാം ഒരേ സമയം ശ്രദ്ധയൂന്നി. സ്വാഭാവികമായും കവി എന്ന നിലയില്‍ തുടര്‍ന്ന്‌ അറിയപ്പെട്ടില്ല. പകരം തീരെ പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാത്ത മറ്റ്‌ പലതുമായി. അക്കിത്തവും വയലാറുമൊക്കെ എഴുതിത്തുടങ്ങുന്ന കാലമാണ്‌. അവരും കവിതയില്‍ മാത്രം ശ്രദ്ധയൂന്നി. അന്ന്‌ കൗമുദി ആഴ്‌ചപതിപ്പിന്റെ പത്രാധിപരായിരുന്ന കെ.ബാലകൃഷ്‌ണന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ഓര്‍മ്മയുണ്ട്‌.
''അര്‍ജുനാ നിന്റെ കവിതയ്‌ക്ക് ഒരു മസൃണഭാവമുണ്ട്‌. അത്‌ കുറെക്കൂടി രൂക്ഷമാക്കണം''
ഞാന്‍ അക്കാദമിക്‌ മികവിനായി പരിശ്രമിച്ചു. അതിന്റെ ഫലം ലഭിക്കുകയും ചെയ്‌തു. സര്‍ക്കാരിന്റെ അഞ്ച്‌ സ്‌ഥാപനങ്ങളുടെ ഡയറക്‌ടറാകാന്‍ പറ്റി. അലിഗഡ്‌ യൂണിവേഴ്‌സിറ്റി പോലുള്ള ലോകോത്തര സ്‌ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. പത്മശ്രീ വരെ ലഭിച്ചു.
അദ്ധ്യാപകനായെങ്കിലും അതില്‍ ഒതുങ്ങിക്കൂടാതെ വൈജ്‌ഞാനിക ലേഖനങ്ങള്‍ എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും കണ്ടപ്പോള്‍ എന്നെ എന്‍സൈക്ലോപീഡിയയുടെ ഡയറക്‌ടറായി നിയമിച്ചു.
എന്‍. കൃഷ്‌ണപിളളയും ഗുപ്‌തന്‍ നായരും ഡോ. ഭാസ്‌കരന്‍ നായരും എന്‍.വി. കൃഷ്‌ണവാര്യരും അടക്കമുള്ളവരെ പരിഗണിച്ച സ്‌ഥാനത്തേക്കാണ്‌ ഒടുവില്‍ എനിക്ക്‌ നറുക്ക്‌ വീണത്‌. മുകളില്‍ പരാമര്‍ശിച്ചവരൊക്കെ വളരെ പ്രഖ്യാതരായ ആളുകളാണ്‌. എന്നാല്‍, അവരൊക്കെ ബി.എ ഓണേഴ്‌സ്കാരാണ്‌. എന്റെ വിദ്യാഭ്യാസയോഗ്യതകള്‍ പരിഗണിക്കുമ്പോള്‍ എന്നെ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യം വന്നു.
എന്നാല്‍, ഇത്‌ എന്റെ കേമത്തം കൊണ്ട്‌ മാത്രം സംഭവിച്ചതല്ല. പിന്‍വാതില്‍ നിയമനങ്ങളും അനധികൃത നിയമനങ്ങളും പതിവായ കേരളത്തില്‍ അച്യുതമേനോന്‍ എന്ന നീതിമാനായ മുഖ്യമന്ത്രി ഭരിച്ചിരുന്നു. ഈ വിഷയം ചര്‍ച്ചയ്‌ക്ക് വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു.
''വിദ്യാഭ്യാസയോഗ്യത കൊണ്ടും പ്രവൃത്തിപരിചയം കൊണ്ടും മുന്‍പ്‌ പരാമര്‍ശിച്ചവരേക്കാള്‍ യോഗ്യനായ ഒരാളുണ്ട്‌. ഡോ.വെളളായണി അര്‍ജുനന്‍. ഞാന്‍ അദ്ദേഹത്തിന്റെ ബയോഡേറ്റ വായിക്കാം''
അദ്ദേഹം അത്‌ വായിച്ചപ്പോള്‍ മൂന്ന്‌ ബിരുദാനന്തര ബിരുദവും പിഎച്ച്‌.ഡിയും ഡിലിറ്റും ധാരാളം പുസ്‌തകങ്ങള്‍ എഴുതിയ പാരമ്പര്യവുമുണ്ട്‌. എല്ലാം കഴിഞ്ഞ്‌ അദ്ദേഹം പറഞ്ഞു.
''എന്‍സൈക്ലോപീഡിയ എഡിറ്റ്‌ ചെയ്യണമെങ്കില്‍ മലയാളത്തില്‍ മാത്രം അവഗാഹം പോര. മറ്റ്‌ ഭാഷകളില്‍ അറിവ്‌ വേണം. അര്‍ജുനന്‌ ഇതെല്ലാമുണ്ട്‌.''
ടി.വി. തോമസ്‌, ടി.കെ. ദിവാകരന്‍ എന്നിങ്ങനെ മഹാരഥന്‍മാരടങ്ങിയ ക്യാബിനറ്റാണ്‌ തീരുമാനം എടുത്തത്‌. എന്നില്‍ അര്‍പ്പിച്ച വിശ്വാസം ഞാന്‍ പരമാവധി കാത്ത്‌സൂക്ഷിച്ചു. വളരെ ആഴത്തില്‍ പഠിച്ച്‌ എന്‍സൈക്ലോപീഡിയയുടെ വാല്യങ്ങള്‍ തയ്യാറാക്കി. ആദ്യത്തെ കോപ്പി കൊണ്ടുപോയി അച്യുതമേനോന്‌ കൊടുത്തു.
അദ്ദേഹം പഠനമുറിയിലേക്ക്‌ എന്നെ വിളിച്ചിരുത്തി ഓരോ പേജും മറിച്ചു നോക്കി.
''ആല്‍ഫബത്തം മലബാറികം'' എന്നൊരു ഭാഗം വന്നപ്പോള്‍ നിര്‍ത്തി. അത്ഭുതത്തോടെ എന്നെ നോക്കിയിട്ട്‌ ചോദിച്ചു.
''ഈ ടോപ്പിക്ക്‌ എവിടന്ന്‌ കിട്ടി?''
ഞാന്‍ പറഞ്ഞു.
''അങ്ങേക്ക്‌ സമയം തരാന്‍ കഴിയുമെങ്കില്‍ ഞാന്‍ വിശദീകരിക്കാം''
''തീര്‍ത്തും അജ്‌ഞാതമായ, എന്നാല്‍ വളരെ പ്രധാനപ്പെട്ട വിഷയമാണ്‌. അത്‌ കണ്ടുപിടിച്ചു എന്നത്‌ അര്‍ജുനന്റെ ഗവേഷണ കൗതുകം. പക്ഷേ, എനിക്ക്‌ അറിയണം. ഇത്‌ എവിടന്ന്‌ കിട്ടിയെന്ന്‌''
അദ്ദേഹം ആവേശഭരിതനായി. ഞാന്‍ പറഞ്ഞു.
''ഇത്‌ അര്‍നോസ്‌ പാതിരി എഴുതിയ മലയാള വ്യാകരണമാണ്‌. ആല്‍ഫബത്തം മലബാറികം. 1721 ല്‍ ആദ്യമായി മലയാളലിപി അച്ചടിയിലേക്ക്‌ കയറുന്നത്‌ അന്നാണ്‌.''
''ഇതൊരു ഭയങ്കര സംഭവമാണല്ലോ? എങ്ങനെ കിട്ടി ഇത്‌?'' അദ്ദേഹം വീണ്ടും ചോദിച്ചു.
ഞാന്‍ ഡി.സി. കിഴക്കേമുറിയെ വിളിച്ച്‌ അന്വേഷിച്ചപ്പോള്‍ കോട്ടയത്തെ ഒരു ക്രിസ്‌ത്യന്‍ ലൈബ്രറിയില്‍ കാണാന്‍ സാധ്യതയുണ്ടെന്ന്‌ പറഞ്ഞു. ഞാന്‍ കോട്ടയത്തു ചെന്ന്‌ രണ്ട്‌ ദിവസം താമസിച്ചെങ്കിലും കിട്ടിയില്ല. അപ്പോള്‍ ഡി.സി. പറഞ്ഞു.
''ഇനി വേറെങ്ങും നോക്കണ്ട. കല്‍ക്കത്തയിലെ നാഷനല്‍ ലൈബ്രറിയിലേക്ക്‌ പൊയ്‌ക്കോളു. ഇന്ത്യയിലെ ഏത്‌ ഭാഷയില്‍ പുസ്‌തകമിറങ്ങിയാലും അതിന്റെ ഒരു കോപ്പി അവിടെ കൊടുക്കണമെന്ന്‌ നിയമമുണ്ട്‌. ''
ലാറ്റിന്‍-മലയാളം ബുക്കാണ്‌. ഞാന്‍ അതിന്റെ ഡയറക്‌ടറെ വിളിച്ച്‌ വിവരം പറഞ്ഞു. അദ്ദേഹം മൂന്ന്‌ ദിവസം തിരഞ്ഞശേഷം എന്നെ വിളിച്ച്‌ അതിന്റെ ഫോട്ടോസ്‌റ്റാറ്റ്‌ അയക്കുന്നു എന്ന്‌ അറിയിച്ചു. അതു വച്ചാണ്‌ ഞാന്‍ ഈ വിവരം എഴുതിയത്‌. വലിയ എക്‌സൈറ്റ്‌മെന്റോടെ അച്യുതമേനോന്‍ പറഞ്ഞു.
''ഇതാണ്‌ റിസര്‍ച്ച്‌. എന്റെ സെലക്ഷന്‍ തെറ്റിയില്ലെന്ന്‌ അര്‍ജുനന്‍ തെളിയിച്ചു''
അതിനു ശേഷം ഞാന്‍ വിശ്വസാഹിത്യവിജ്‌ഞാനകോശം എന്ന പേരില്‍ ഒരു പദ്ധതിയുണ്ടാക്കി. വിശ്വസാഹിത്യത്തെക്കുറിച്ച്‌ പത്ത്‌ വാള്യം വരുന്ന ഒരു ആധികാരിക റഫറന്‍സ്‌ ഗ്രന്ഥസഞ്ചയമാണത്‌. ബൃഹത്തായ പഠന-മനന ഗവേഷണങ്ങള്‍ ആവശ്യമായി വന്ന എന്‍സൈക്ലോപീഡിയ സീരിസ്‌. ഇന്ത്യന്‍ ഭാഷകളില്‍ അത്തരമൊരു പദ്ധതി ഇതാദ്യമാണ്‌. ഇംഗ്ലീഷില്‍ പോലും കാസല്‍സ്‌ എന്‍സൈക്ലോപീഡിയ ഓഫ്‌ ലിറ്ററേച്ചര്‍ എന്ന പേരില്‍ ഒരു സീരീസ്‌ ഉളളതിന്‌ അഞ്ച്‌ വാള്യമേയുളളു.

അദ്ധ്യാപനം ജീവിതവൃത്തിയായി തെരഞ്ഞെടുത്തത്‌ ആലോചിച്ച്‌ ഉറപ്പിച്ച്‌ എടുത്ത
തീരുമാനമാണോ?

എം.എ. പാസായപ്പോള്‍ കോളജ്‌ ലക്‌ചററായി ജോലി കിട്ടി. ഒന്നരവര്‍ഷത്തോളം ശൂരനാട്‌ കഞ്ഞന്‍പിള്ള സാറിനൊപ്പം മലയാളം ലെക്‌സിക്കണ്‍ ഓഫീസറായി പ്രവര്‍ത്തിച്ചു. മലയാളം മഹാനിഘണ്ടു തയ്യാറാക്കി തുടങ്ങിയ കാലമായിരുന്നു അത്‌. അതില്‍ ഒരു സംഘം പണ്ഡിതര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. മലയാള വാക്കുകള്‍ക്ക്‌ സമാനപദങ്ങള്‍ കണ്ടെത്തുന്ന ഒരു പ്രക്രിയ വളരെ കൗതുകം നിറഞ്ഞതായിരുന്നു. ഓരോ വാക്കും എടുത്ത്‌ പരിശോധിച്ച ശേഷം തത്തുല്യമായ പദങ്ങള്‍ തിരയും.
ഉദാഹരണത്തിന്‌ പരവ എന്നൊരു വാക്കുണ്ട്‌. ഇന്ന്‌ അതൊരു മീനിന്റെ പേരാണ്‌. എന്നാല്‍, പരവയില്‍ തിരകള്‍ മാതിരി എന്ന്‌ രാമചരിതം എന്ന കൃതിയില്‍ പറയുന്നു. സമുദ്രം എന്ന്‌ അര്‍ത്ഥം. ഇതിനെ ട്രാന്‍സ്‌ഫറന്‍സ്‌ ഓഫ്‌ മീനിങ്‌അഥവാ അര്‍ത്ഥാദേശം എന്ന്‌ പറയും. ഒരര്‍ത്ഥം പോയി വേറൊരു അര്‍ത്ഥം വരിക.
തിരുനല്ലൂര്‍ കരുണാകരന്‍, എം.കെ.സാനു... ഇവരൊക്കെ എന്റെ സീനിയേഴ്‌സായി എസ്‌.എന്‍. കോളജില്‍ പഠിപ്പിച്ച്‌ പോയവരായിരുന്നു. അന്ന്‌ പണം കൊടുത്ത്‌ ലക്‌ചറര്‍ ആകാന്‍ പറ്റില്ല. യോഗ്യത മാത്രമാണ്‌ മാനദണ്ഡം.
രണ്ട്‌ കൊല്ലം കഴിഞ്ഞപ്പോള്‍ കേന്ദ്ര യൂണിവേഴ്‌സിറ്റിയായ അലിഗഡില്‍ ജോലി ലഭിച്ചു. ഇന്റവ്യൂവിന്‌ ക്ഷണിച്ചപ്പോള്‍ എനിക്ക്‌ പ്രതീക്ഷയുണ്ടായിരുന്നില്ല.
അവിടെ പ്രവേശനം ലഭിക്കുക ഒട്ടും എളുപ്പമല്ല. 1962 കാലം. അന്ന്‌ പ്രഫസര്‍മാര്‍ക്ക്‌ കേരളത്തില്‍ 250 രൂപ ശമ്പളമുളളപ്പോള്‍ അവിടെ 1400 രൂപയാണ്‌ ശമ്പളം. ധാരാളം പ്രഫസര്‍മാര്‍ നാട്ടില്‍ നിന്നും ഇന്റര്‍വ്യൂവിന്‌ എത്തിയിട്ടുണ്ട്‌.
മലയാള ഭാഷയുടെ ഉറവിടം, വികാസം, വളര്‍ച്ച എന്നിവയെക്കുറിച്ചാണ്‌ എന്നോട്‌ ചോദിച്ചത്‌. ഞാന്‍ വളരെ ആധികാരികമായി തന്നെ മറുപടി പറഞ്ഞു. താരതമ്യേന യുവാവായ എന്നില്‍ നിന്ന്‌ അവര്‍ അത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

ജലപാത്ര ഔഹസ്‌ഥിതി രവിമണ്ഡലം പോലെ സകലചരാചര ജന്തുക്കള്‍
ഉളളില്‍ വാഴും പരമന്‍ പരാപരന്‍

ഈശ്വരനെക്കുറിച്ചുളള നിര്‍വചനമാണ്‌. 16-ാം നൂറ്റാണ്ടില്‍ എഴുത്തച്‌ഛന്‍ ഉണ്ടാക്കിയ ഈ നിര്‍വചനത്തില്‍ 'പോലെ' ഒഴിച്ച്‌ മറ്റെല്ലാം സംസ്‌കൃത പദങ്ങളാണ്‌.
ഓക്‌സ്ഫഡിലും മറ്റും പഠിച്ച ഇംഗ്ലീഷ്‌ പ്രഫസര്‍മാരാണ്‌ ഇന്റര്‍വ്യൂ ചെയ്‌തത്‌. മറ്റുള്ളവര്‍ക്ക്‌ മൂന്നു മിനിറ്റ്‌ അനുവദിച്ചപ്പോള്‍ എന്നോട്‌ 35 മിനിറ്റ്‌ സംസാരിച്ചു. എനിക്കും അകവുര്‍ നാരായണനും മാത്രം നിയമനം ലഭിച്ചു.
ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ ഏറ്റവും വലിയ ലൈബ്രറികളുളളത്‌ അലഗഡിലാണ്‌. 14 നിലകളിലായി വ്യാപിച്ചു കിടക്കുന്ന ലൈബ്രറി. ഞാന്‍ രാത്രി പത്തുമണി വരെ ഇരുന്ന്‌ വായിക്കും. അറിവിന്റെ ചക്രവാളങ്ങള്‍ വികസിപ്പിക്കാന്‍ ഏറ്റവും സഹായിച്ചത്‌ ആ കാലഘട്ടമാണ്‌.

അക്കാദമിക്‌ രംഗത്തെ പ്രഗത്ഭര്‍ പൊതുവെ വ്യാപകമായി അറിയപ്പെടാറില്ല. ഈ പരിമിതിയെ എങ്ങനെ അതിജീവിച്ചു?

ഏത്‌ ഔദ്യോഗിക ചുമതലകളുടെ തിരക്കിനിടയിലും ഞാന്‍സാഹിത്യസപര്യ അനവരതം തുടര്‍ന്നു കൊണ്ടേയിരുന്നു. കൗമുദി, മലയാളരാജ്യം തുടങ്ങി അന്നത്തെ പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങളിലെല്ലാം നിരന്തരം എഴുതി. ഇതിനിടയില്‍ പ്രഭാഷകന്‍ എന്ന നിലയില്‍ ആയിരകണക്കിന്‌ വേദികളില്‍ പ്രത്യക്ഷപ്പെട്ടു. ഇതെല്ലാം കൂടുതല്‍ ജനപ്രിയനാക്കി.

വളരെ ചെറുപ്രായത്തില്‍ സമുന്നതമായ പദവികളില്‍ എത്താന്‍ ഭാഗ്യം ലഭിച്ച
ഒരാളാണ്‌ അങ്ങ്‌?

അത്‌ ശരിയാണ്‌. 40 വയസിനു മുന്‍പാണ്‌ ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടര്‍ സ്‌ഥാനത്ത്‌ എത്തുന്നത്‌. അത്‌ അച്യുതമേനോന്റെ വലിയ മനസ്‌ കൊണ്ട്‌ സംഭവിച്ചതാണ്‌. എന്നാല്‍, എല്ലായിടത്തു നിന്നും എനിക്ക്‌ നീതി ലഭിച്ചില്ല. അത്യുന്നതമായ ബിരുദങ്ങള്‍ നേടി, അസാധാരണമായ നിലയില്‍ അറിയപ്പെട്ടിട്ടും വൈസ്‌ ചാന്‍സലര്‍ പോലുളള പദവികളില്‍ അവസാന നിമിഷം തഴയപ്പെട്ടു. ജാതീയമായ വിവേചനമാണ്‌ അതിന്‌ കാരണമായത്‌. നമുക്കറിയാം അയോഗ്യരായ എത്രയോ പേര്‍ ഇത്തരം സ്‌ഥാനങ്ങളില്‍ എത്തിപ്പെട്ടു. വളരെ ചെറുപ്രായത്തിലേ അതിനുളള യോഗ്യതകള്‍ സമ്പാദിച്ചിട്ടും ഞാന്‍ അവഗണിക്കപ്പെട്ടു.

ആരുടെ ഭാഗത്തു നിന്നാണ്‌ ഇത്തരം സമീപനങ്ങള്‍ ഉണ്ടായിട്ടുളളത്‌?

കേരളാ യൂണിവേഴ്‌സിറ്റിയുടെ വൈസ്‌ ചാന്‍സലര്‍ സ്‌ഥാനത്തേക്ക്‌ ഒഴിവ്‌ വന്നപ്പോള്‍ ഞാന്‍ എന്റെ ബയോഡേറ്റ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്ക്‌ സമര്‍പ്പിച്ചു. അദ്ദേഹം അത്‌ വായിച്ചിട്ട്‌ പറഞ്ഞു.
''വലിയ യോഗ്യതകളാണല്ലോ ഉളളത്‌. കണ്ണുമടച്ച്‌ തരാന്‍ സാധിക്കും''
ഞാന്‍ ചിരിച്ചു.
''ഇ.എം.എസല്ലേ പാര്‍ട്ടി സെക്രട്ടറി. അദ്ദേഹത്തെ ഒന്ന്‌ കണ്ടോളു''
ഞങ്ങള്‍ അപരിചിതരല്ല. പല വേദികളിലും ഒരുമിച്ച്‌ പ്രസംഗിച്ചിട്ടുണ്ട്‌. എന്റെ കഴിവുകളെക്കുറിച്ചും യോഗ്യതകളെക്കുറിച്ചും അദ്ദേഹത്തിന്‌ ഉത്തമബോധ്യമുണ്ട്‌. എന്തും തുറന്നു പറയാനുളള അടുപ്പമുണ്ട്‌. ഞാന്‍ ഇ.എം.എസിനെ ഫോണില്‍ വിളിച്ചു. കാലത്ത്‌ 8.30 ന്‌ വീട്ടില്‍ വരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഞാന്‍ കൃത്യസമയത്ത്‌ ചെന്നു. ഞാന്‍ എഡിറ്റ്‌ ചെയ്‌ത എന്‍സൈക്ലോപീഡിയയുടെ വാള്യങ്ങളും കൂടെ കരുതിയിരുന്നു. പേജുകള്‍ മറിച്ചു നോക്കിയിട്ട്‌ അദ്ദേഹം പറഞ്ഞു.
''കണ്ടാല്‍ എന്‍സൈക്ലോപീഡീയ ബ്രിട്ടാനിക്ക പോലിരിക്കും. ഞാന്‍ മുഴുവന്‍ വായിക്കും കേട്ടോ...''
ഞാന്‍ ആഗമനോദ്ദേശം അറിയിച്ചു.
''എത്ര വയസായി?''
അദ്ദേഹം ചോദിച്ചു. ഞാന്‍ പറഞ്ഞു.
''നാല്‍പ്പത്തഞ്ച്‌ കഴിഞ്ഞു''
''സാധാരണ വയസന്‍മാരല്ലേ ആ സ്‌ഥാനത്ത്‌ എത്തുന്നത്‌. കുറെക്കൂടി പക്വതയൊക്കെ വരട്ടെ''
''അതിനുളള പക്വതയുണ്ടെന്നാണ്‌ എന്റെ വിശ്വാസം.''
ഞാന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.
അദ്ദേഹം എന്റെ കുടുംബപശ്‌ചാത്തലം അന്വേഷിച്ചു.
''ഞാനൊരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നാണ്‌ വരുന്നത്‌. കഠിനാദ്ധ്വാനം കൊണ്ട്‌ വിദ്യാഭ്യാസം നേടി ഈ യോഗ്യതകള്‍ സമ്പാദിച്ചയാളാണ്‌.അതുകൊണ്ടാവാം ഈ സ്‌ഥാനത്ത്‌ എത്തിയാല്‍ കൊള്ളാമെന്ന്‌ വലിയ ആഗ്രഹം''
എന്റെ എല്ലാ കാര്യങ്ങളും കേട്ട്‌ കഴിഞ്ഞപ്പോള്‍ അദ്ദേഹം നിശബ്‌ദനായി. നമ്മള്‍ ഒന്നും ഈ സ്‌ഥാനത്ത്‌ എത്താന്‍ പാടില്ല എന്ന ധ്വനിയുണ്ടായിരുന്നു ആ മൗനത്തിന്‌.
യൂണിവേഴ്‌സിറ്റി പാഠ്യപദ്ധതിയിലേക്ക്‌ പുസ്‌തകങ്ങള്‍ തെരഞ്ഞെടുക്കുന്ന സന്ദര്‍ഭത്തിലും ഞാന്‍ അദ്ദേഹത്തെ പോയി കണ്ടു.
''എനിക്ക്‌ സാമ്പത്തികമായി ചില ബുദ്ധിമുട്ടുകളുണ്ട്‌. ഞാനെഴുതിയ ഒരു പുസ്‌തകം ഡിഗ്രി സിലബസില്‍ വന്നാല്‍ കുറച്ച്‌ പണം കിട്ടും. അതൊരു അംഗീകാരവുമാകും''
അദ്ദേഹം അത്‌ ചെവിക്കൊണ്ടില്ല. അതേസമയം അദ്ദേഹത്തിന്‌ അഭിമതരായ ചിലരുടെ പുസ്‌തകങ്ങള്‍ക്ക്‌ ശുപാര്‍ശ ചെയ്‌തതും അറിഞ്ഞു.
എന്നാല്‍, കാലം എന്നെ കൈവിട്ടില്ല. കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ വന്നപ്പോള്‍ എന്റെ ഉദയകാന്തി എന്ന കൃതി ഡിഗ്രി തലത്തില്‍ സിലബസില്‍ പെടുത്തി.

കമ്മ്യൂണിസ്‌റ്റുകാര്‍ നീതി പുലര്‍ത്തിയില്ല എന്നാണോ?

അങ്ങനെ പറയാന്‍ പറ്റില്ല. എന്നെ ആദ്യമായി വലിയ സ്‌ഥാനത്തേക്ക്‌ ഉയര്‍ത്തിയ അച്യുതമേനോന്‍ കമ്മ്യൂണിസ്‌റ്റല്ലേ? നായനാര്‍ക്കും എന്റെ ജാതിയേക്കാള്‍ യോഗ്യതകളിലായിരുന്നു വിശ്വാസം.
അടുത്തിടെ പത്മഭൂഷണ്‌ കേരളത്തില്‍ നിന്ന്‌ ശുപാര്‍ശ ചെയ്യപ്പെട്ട ഒരേ ഒരാള്‍ ഞാനാണ്‌. ഡല്‍ഹിയില്‍ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ എന്റെ പേരില്ല. അതിന്റെ കാരണം ഞാന്‍ അന്വേഷിച്ചു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. എന്നെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ രണ്ട്‌ അയോഗ്യതകള്‍ അവര്‍ കണ്ടു. ഒന്ന്‌ ഞാനൊരു ബി.ജെ.പിക്കാരനല്ല. രണ്ട്‌ ഈഴവ സമുദായത്തില്‍ പെട്ടയാളാണ്‌.

ബി.ജെ.പി സമീപകാലത്തായി കാണിക്കുന്ന പിന്നാക്കപ്രേമം
കപടമാണെന്നാണോ അങ്ങ്‌ പറയുന്നത്‌?

അതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല. വോട്ടുബാങ്ക്‌ എന്ന നിലയില്‍ അവര്‍ പിന്നാക്കക്കാരെ വല വീശാന്‍ നോക്കുകയാണ്‌. എന്നാല്‍, ഒ.രാജഗോപാലിനെ പോലെ മാന്യന്‍മാരായ നേതാക്കളും ആ പാര്‍ട്ടിയിലുണ്ട്‌. ഇലക്ഷന്‍ കാലത്ത്‌ അദ്ദേഹത്തിനു വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
കഴിഞ്ഞ ബി.ജെ.പി. സര്‍ക്കാരിന്റെ കാലം. മുരളിമനോഹര്‍ജോഷിയാണ്‌ വിദ്യാഭ്യാസമന്ത്രി. വേള്‍ഡ്‌ മലയാളി അസോസിയേഷന്റെ മീറ്റിങ്ങില്‍ ഞങ്ങള്‍ ഒരുമിച്ച്‌ സംബന്ധിച്ചു. അവിടെ ഞാന്‍ നടത്തിയ പ്രഭാഷണം അദ്ദേഹത്തിന്‌ ഇഷ്‌ടമായി. ജോഷി അദ്ദേഹം താമസിച്ചിരുന്ന താജ്‌ഹോട്ടലിലേക്ക്‌ എന്നെ ക്ഷണിച്ചു. അവിടെ വച്ച്‌ ഞാന്‍ ഒരു നിര്‍ദ്ദേശം മുന്നോട്ട്‌ വച്ചു.
ശ്രീനാരായണഗുരുവിന്റെ പേരില്‍ ശിവഗിരിയിലോ ചെമ്പഴന്തിയിലോ ഒരു യൂണിവേഴ്‌സിറ്റി സ്‌ഥാപിക്കണം. ജോഷി അത്‌ അംഗീകരിച്ചു. ഇത്‌ കേട്ടു നിന്ന അഭിഭാഷകനായ ബി.ജെ.പി. നേതാവ്‌ ഉടനടി പറഞ്ഞു.
''സര്‍ അത്‌ അനുവദിച്ചാല്‍ മുന്നോക്ക ഹിന്ദുക്കള്‍ ചട്ടമ്പി സ്വാമികളുടെ പേരില്‍ യൂണിവേഴ്‌സിറ്റി സ്‌ഥാപിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും''
ബഹുഗുണയുടെ പേരില്‍ വരെ യുണിവേഴ്‌സിറ്റിയുള്ള ഈ രാജ്യത്ത്‌ ശ്രീനാരായണഗുരുവിനെ പോലെ വിശ്വമാനവികയുടെ സന്ദേശം ഉയര്‍ത്തിപിടിച്ച ഒരു മഹത്‌ വ്യക്‌തിയുടെ പേരില്‍ അത്‌ പാടില്ലെന്ന്‌ പറയുന്നവരാണ്‌ പല ബി.ജെ.പിക്കാരും.

അവഗണിക്കപ്പെട്ടു എന്ന്‌ പറയുമ്പോഴും മറ്റ്‌ പലര്‍ക്കും അചിന്ത്യമായ നിരവധി ബഹുമതികളും അങ്ങയെ തേടിയെത്തി?

തീര്‍ച്ചയായും. പത്മശ്രീ ലഭിച്ചു. ഞാന്‍ എഡിറ്റു ചെയ്‌ത സര്‍വവിജ്‌ഞാനകോശത്തിന്‌ ഇന്ത്യന്‍ ലിങ്ങ്വിസ്‌റ്റിക്ക്‌ അസോസിയേഷന്റെ ദേശീയ പുരസ്‌കാരം ലഭിച്ചു. ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും മികച്ച വിജ്‌ഞാനകോശത്തിനുളള ദേശീയപുരസ്‌കാരം 1981 ല്‍ അന്നത്തെ രാഷ്‌ട്രപതി നീലംസഞ്‌ജീവറെഡ്‌ഡിയില്‍ നിന്ന്‌ ഏറ്റുവാങ്ങാന്‍ സാധിച്ചു.

എണ്ണിയാലൊടുങ്ങാത്ത നിരവധി അംഗീകാരങ്ങള്‍ വേറെയുമുണ്ട്‌.നാലു ഡീലിറ്റ്‌, ഒരു
അപൂര്‍വ റെക്കോഡാണല്ലോ?

എന്റെ അറിവില്‍ ഇന്ത്യയില്‍ മറ്റാര്‍ക്കും നാല്‌ ഡീലിറ്റ്‌ ലഭിച്ചിട്ടില്ല.
ഏറ്റവും ഒടുവില്‍ ലഭിച്ച ഡിലിറ്റ്‌ ഗവേഷണ പ്രബന്ധം ശ്രീനാരായണ ഗുരുപ്രഭാവം മലയാള കവിതയില്‍ എന്നതായിരുന്നു. 36 അദ്ധ്യായങ്ങളിലായി 1500 പേജുകളില്‍ വ്യാപിച്ചു കിടക്കുന്ന അതിബൃഹത്തായ ഒന്നാണ്‌ അത്‌. ആരൊക്കെ എതിര്‍ത്താലും അവഗണിച്ചാലും വിദ്യയെയും അക്ഷരങ്ങളെയും തടഞ്ഞു നിര്‍ത്താന്‍ ഒരു ശക്‌തിക്കും സാധിക്കില്ല എന്നാണ്‌ ജീവിതം എന്നെ പഠിപ്പിച്ചത്‌.

നാലു പുതിയ പുസ്‌തകങ്ങള്‍ ഒരേ സമയം പ്രകാശനം ചെയ്യാന്‍ ഒരുങ്ങുന്നു?

അച്ചടി പൂര്‍ത്തിയായി കഴിഞ്ഞു. മുഖ്യമന്ത്രിയുടെ സമയത്തിനായി കാത്തിരിക്കുകയാണ്‌. ഒന്ന്‌ എന്റെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണ്‌. മറ്റ്‌ പുസ്‌തകങ്ങള്‍ യഥാക്രമം ആശാന്‍, വള്ളത്തോള്‍, ശ്രീനാരായണഗുരു എന്നിവരെക്കുറിച്ചുളള പഠനങ്ങളാണ്‌.
ഔദ്യോഗിക തിരക്കുകള്‍ കുറഞ്ഞപ്പോള്‍ എഴുത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞു. ജീവിതത്തിന്റെ തുടക്കം മുതല്‍ ഞാന്‍ ആഗ്രഹിച്ചത്‌ എഴുത്തുകാരനാവാനാണ്‌. ബാക്കിയെല്ലാം മാര്‍ഗമധ്യേ വീണു കിട്ടിയ വരങ്ങളാണ്‌.

സജില്‍ ശ്രീധര്‍

Ads by Google
Sunday 02 Apr 2017 02.03 AM
YOU MAY BE INTERESTED
TRENDING NOW