Monday, September 25, 2017 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 02 Apr 2017 02.03 AM

വൈക്കം സമരത്തിലെ വൈദിക സാന്നിധ്യം : വെട്ടിക്കാപ്പള്ളി അച്ചന്റെ ഓര്‍മകള്‍ക്ക്‌ ഏഴുപതിറ്റാണ്ട്‌

uploads/news/2017/04/95776/sun5.jpg

വൈക്കം സത്യഗ്രഹ സമരത്തിന്റെ മുന്‍നിരയില്‍ ഒരു വൈദികനും ഉണ്ടായിരുന്നു... വായിക്കുമ്പോള്‍ വിശ്വസിക്കാന്‍ രണ്ടാമതൊന്നു കൂടി പലര്‍ക്കും ആലോചിക്കേണ്ടിവന്നേക്കാം.
പക്ഷേ, കാര്യം സത്യമാണ്‌. ഫാ. സിറിയക്‌ വെട്ടിക്കാപ്പള്ളിയാണ്‌ ആ വൈദികന്‍, ജനാധിപത്യ രീതിയില്‍ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വൈദികനുമാണു കുറുവച്ചന്‍ എന്ന വിളിപ്പേരുകനായിരുന്ന ഫാ. സിറിയക്‌ (കുര്യാക്കോസ്‌) വെട്ടിയ്‌ക്കാപ്പള്ളി. ഒരു നാടിനെ ഒന്നാകെ പുരോഗതിയിലേക്കു കൈപ്പിടിച്ചു നടത്തിയ അദ്ദേഹത്തിന്റെ എഴുപതാം ചരമവാര്‍ഷികം ഏപ്രില്‍ എട്ടിനു വൈക്കത്ത്‌ ആചരിക്കുകയാണ്‌.
മഹാത്മാഗാന്ധിയുടെ അനുഗ്രഹാശിസുകളോടെ ആരംഭിച്ച വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്ത ഏക ക്രൈസ്‌തവ പുരോഹിതനാണു ഫാ. സിറിയക്‌. വിദ്യാഭ്യാസമായാലും സാമൂഹ്യ പ്രവര്‍ത്തനമായാലും വ്യവഹരിച്ച മണ്ഡലങ്ങളിലെല്ലാം വ്യക്‌തിമുദ്ര പതിപ്പിച്ചു കടന്നുപോയ ഫാ. സിറിയകിനെ അറിയാത്ത പഴമക്കാര്‍ ഇല്ലെന്നു വൈക്കം നിവാസികള്‍ പറയും.
വൈക്കം വെട്ടിയ്‌ക്കാപ്പള്ളില്‍ കുരുവിള - മറിയം ദമ്പതികളുടെ മകനായി 1878ല്‍ ജനിച്ച കുര്യാക്കോസച്ചന്‍ എറണാകുളം മൈനര്‍ സെമിനാരി, ശ്രീലങ്കയിലെ കാന്‍ഡി പേപ്പല്‍ സെമിനാരി എന്നിവിടങ്ങളില്‍ നിന്നായി വൈദിക പഠനം പൂര്‍ത്തിയാക്കി 1902ല്‍ വൈദിക പട്ടം സ്വീകരിച്ചു. പഠനകാലത്തു തന്നെ സാമൂഹ്യപ്രവര്‍ത്തനത്തില്‍ തത്‌പരനായിരുന്ന ഫാ. സിറിയക്‌ വൈക്കം ക്ഷേത്രത്തില്‍ ചുറ്റുമുള്ള വഴികള്‍ അവര്‍ണര്‍ക്ക്‌ തുറന്നുകൊടുക്കുന്നതിനായി നടന്ന സത്യഗ്രഹത്തിന്റെ മുന്നണി പ്രവര്‍ത്തകനായി.
വൈക്കം സത്യഗ്രഹ സമരത്തില്‍ പങ്കെടുത്ത ഏക പുരോഹിതനുമായിരുന്നു അദ്ദേഹം സാമൂഹ്യ രംഗത്തു മാത്രമല്ല, വിദ്യാഭ്യാസ രംഗത്തും മുന്നില്‍ നിന്നു നയിക്കാന്‍ ഫാ. സിറിയക്‌ മുന്‍നിരയിലുണ്ടായിരുന്നുവെന്നു പഴമക്കാര്‍ ഓര്‍മിക്കുന്നു. ആലുവ ഇംഗ്ലീഷ്‌ സ്‌കൂള്‍ നിര്‍മാതാവായ ഫാ. സിറിയക്‌ തുടര്‍ന്നും വിദ്യാഭ്യാസ രംഗത്തു നിര്‍ണായക സംഭാവനകള്‍ കേരളത്തിനു നല്‍കി.
പള്ളികളില്‍ സേവനമനുഷ്‌ഠിച്ചു വരുന്നതിനിടെയാണ്‌ 1922ല്‍ തൊടുപുഴ - കുന്നത്തുനാട്‌ താലൂക്കുകളുടെ പ്രതിനിധിയായി ഫാ. സിറിയക്‌ പ്രജാസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്‌. പ്രസിദ്ധനായ ശിവരാമമേനോനെയാണ്‌ അദ്ദേഹം പരാജയപ്പെടുത്തിയത്‌. വൈക്കം ക്ഷേത്രപരിസരണത്തുള്ള റോഡുകളിലൂടെ അവര്‍ണര്‍ക്കും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ എന്‍. കുമാരന്‍ പ്രജാസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആദ്യം അനുകൂലിച്ചു സംസാരിച്ചത്‌ വെട്ടിയ്‌ക്കാപ്പള്ളി അച്ചനായിരുന്നു. സഞ്ചാരസ്വാതന്ത്ര്യത്തിനായുള്ള അച്ചന്റെ സഭയിലെ സംസാരം ഏറെക്കാലം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
എറണാകുളം മേഖലയിലെ സേവനത്തിനു ശേഷം തിരുവനന്തപുരത്തെത്തിയ വെട്ടിക്കാപ്പള്ളില്‍ അച്ചന്‍ പ്രജാസഭാ തലത്തിലും ഭരണ, ഉദ്യോഗസ്‌ഥതലത്തിനും സുഹൃദ്‌്ബന്ധം സൃഷ്‌ടിച്ചു. ഈ സുഹൃദ്‌ബന്ധങ്ങളെ പിന്നീട്‌ നാടിന്റെ പുരോഗതിക്കായി അദ്ദേഹം വിനിയോഗിക്കുകയും ചെയ്‌തു.
വീണ്ടും വൈക്കത്തു മടങ്ങിയെത്തിയ അച്ചനെ അവസാന കാലയളവില്‍ രോഗങ്ങള്‍ ഏറെ വലച്ചു. വാതരോഗത്തെത്തുടര്‍ന്നു വലഞ്ഞ അച്ചന്‍ ഏറെ നാളത്തെ ചികിത്സകള്‍ക്കൊടുവില്‍ 1947 ഫെബ്രുവരി 26നു നിത്യനിദ്രപ്രാപിച്ചു. ഫാ. കുരുവിള പഞ്ഞിക്കാരന്‍ അച്ചന്റെ കുര്‍ബാന മധ്യേയായിരുന്നു മരണം.
മരണശേഷവും വെട്ടിയ്‌ക്കാപ്പള്ളി അച്ചന്റെ ഓര്‍മകള്‍ ദീപ്‌തമായിുന്നു. 1997ല്‍ അദ്ദേഹത്തിന്റെ അമ്പതാം ചരമവാര്‍ഷികം വൈക്കത്തു വിപുലമായ ചടങ്ങുകളോടെ ആചരിച്ചിരുന്നു.2008 സെപ്‌റ്റംബര്‍ ഏഴിനു വൈക്കം സത്യഗ്രഹ സ്‌മാരക മന്ദിരം രാഷ്‌ട്രത്തിനു സമര്‍പ്പിച്ചപ്പോള്‍ മറ്റു നേതാക്കളുടെ ചിത്രത്തിനൊപ്പം ഫാ.വെട്ടിയ്‌ക്കാപ്പള്ളില്‍ അച്ചന്റെ ഫോട്ടോയും അനാച്‌ഛാദനം ചെയ്‌തിരുന്നു.

Ads by Google
Advertisement
Sunday 02 Apr 2017 02.03 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW