Thursday, November 23, 2017 Last Updated 53 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 02 Apr 2017 01.54 AM

ഫലിക്കാത്ത പ്രാര്‍ഥന

uploads/news/2017/04/95748/re6.jpg

അറിയപ്പെടുന്ന സൂഫിഗുരു സഹായിദ്‌ ബിസ്‌തമിയെ കാണാന്‍ ധനികനായ ഒരു വ്യക്‌തി അദ്ദേഹത്തിന്റെ ആശ്രമത്തില്‍ ചെന്നു.
അയാള്‍ പറഞ്ഞു: ആരാധ്യനായ ഗുരൂ, താങ്കളുടെ അനുഗ്രഹത്തിനും പ്രാര്‍ഥനയ്‌ക്കും വേണ്ടിയാണ്‌ ഞാന്‍ വന്നത്‌. ഗുരു ചോദിച്ചു : താങ്കള്‍ക്ക്‌ എന്താണ്‌ വേണ്ടത്‌? പറയൂ. ധനാഢ്യന്‍ പറഞ്ഞു:
എന്റെ ഇപ്പോഴത്തെ നിലയില്‍ നിന്ന്‌ ഒരു താഴ്‌ചയും എനിക്കു സംഭവിക്കരുത്‌. ഇതേപോലെ തുടരണം. അതിനായി അങ്ങ്‌ പ്രാര്‍ഥിക്കണം. ഞാന്‍ പ്രാര്‍ഥിക്കാം. ബാക്കിയെല്ലാം ദൈവഹിതം.
വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു. പതിവുപോലെ തനിക്കു ലഭിച്ച പണവും സമ്മാനങ്ങളും ഭക്ഷണസാധനങ്ങളും ഭിക്ഷക്കാര്‍ക്കു വിതരണം ചെയ്യാനായി ഗുരു ആ വ്യാഴാഴ്‌ച രാത്രിയും ആശ്രമത്തിന്റെ പുറത്തിറങ്ങി. നിരവധി യാചകര്‍ അദ്ദേഹത്തെയും കാത്തു നില്‍പുണ്ടായിരുന്നു. ഗുരു എല്ലാവര്‍ക്കും ഭക്ഷണം വിതരണം ചെയ്യാന്‍ തുടങ്ങി. അപ്പോഴാണ്‌ കൂട്ടത്തിലുണ്ടായിരുന്ന ഒരു യാചകന്‍ എഴുന്നേറ്റു നിന്ന്‌ ഇങ്ങനെ ഉറക്കെപ്പറഞ്ഞു:
താങ്കള്‍ ഒരു വ്യാജഗുരുവാണ്‌. നിങ്ങള്‍ എന്നെ ചതിച്ചു.
എല്ലാവരും അയാളെനോക്കി.ഉടന്‍ ഗുരു ചോദിച്ചു: ആരാണു നിങ്ങള്‍? എന്തു ചതിവാണ്‌ ഞാന്‍ നിങ്ങളോട്‌ കാണിച്ചത്‌?
വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഞാന്‍ താങ്കളുടെ അടുക്കല്‍ വന്നിരുന്നു. അന്നു ഞാന്‍ ധനാഢ്യനായിരുന്നു. അന്നത്തെ നില തുടരാനായി പ്രാര്‍ഥിക്കാന്‍ താങ്കളോട്‌ പറഞ്ഞു. താങ്കളന്ന്‌ പ്രാര്‍ഥിക്കുകയും ചെയ്‌തു. ഇന്നു ഞാനിതാ ഭിക്ഷക്കാരനായി. താങ്കള്‍ യഥാര്‍ഥ ഗുരുവാണെങ്കില്‍ ഞാനീ നിലയില്‍ എത്തുമായിരുന്നോ? ഭിക്ഷക്കാരന്‍ പരിതപിച്ചു.
ഗുരുവിന്‌ അയാളെ മനസ്സിലായി.
ശരിയാണ്‌ ഇദ്ദേഹം എന്റെ അടുക്കല്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ വന്നിരുന്നു. ഇദ്ദേഹത്തിന്റെ ആവശ്യം ദൈവം സ്വീകരിച്ചതായി ഇപ്പോള്‍ എനിക്കു മനസിലായി. അന്നത്തെ അതേ അവസ്‌ഥയില്‍ തന്നെയാണ്‌ ഇദ്ദേഹം ഇപ്പോഴും. അഹന്തയും അത്യാസക്‌തിയും അരക്ഷിതബോധവും അന്നുണ്ടായിരുന്നത്‌ ഇന്നും ഉണ്ട്‌. അതൊന്നും അല്‌പംപോലും താണിട്ടില്ലിതു വരെ. അയാളുടെ ധനം നഷ്‌ടമാവരുത്‌ എന്നു ഞാന്‍ ഒരിക്കലും പ്രാര്‍ഥിച്ചിട്ടില്ല. മാനസിക നില തുടരാനാണ്‌ പ്രാര്‍ഥിച്ചത്‌. ആ പ്രാര്‍ഥന ഫലിച്ചു എന്നര്‍ഥം. ഞാന്‍ ആര്‍ക്കുവേണ്ടിയും ധനം ലഭിക്കാന്‍ പ്രാര്‍ഥിക്കാറില്ല. ഗുരു പറഞ്ഞു.
ഗുരു കൊടുത്ത ഭിക്ഷ സ്വീകരിച്ച്‌ അയാള്‍ നടന്നുപോയി.
ഗുരു മറ്റുള്ളവരോടായി പറഞ്ഞു.
എത്ര തന്നെ ഒരാള്‍ മറ്റൊരാള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചാലും സ്വയം നന്നാവാന്‍ അവരവര്‍ ശ്രമിച്ചില്ലെങ്കില്‍ ആര്‍ക്കും ആരെയും രക്ഷിക്കാനാവില്ല.
വിശുദ്ധ ഗ്രന്ഥത്തിലെ യെശയ്യാവിന്റെ പ്രവാചക ഗ്രന്ഥത്തില്‍ ഇങ്ങനെ കാണുന്നു: ദുഷ്‌ടന്‍ തന്റെ വഴിയെയും നീതികെട്ടവന്‍ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ച്‌ യഹോവയിങ്കലേക്കു തിരിയട്ടെ; അവന്‍ അവനോട്‌ കരുണകാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവന്‍ ധാരാളം ക്ഷമിക്കും. എന്റെ വിചാരങ്ങള്‍ നിങ്ങളുടെ വിചാരങ്ങള്‍ അല്ല; നിങ്ങളുടെ വഴികള്‍ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
നമ്മുടെ വിജയത്തിന്‌ എതിരായി പ്രവര്‍ത്തിക്കുന്ന സ്വാഭാവികചിന്തകളെ കീഴ്‌പ്പെടുത്തി അവയെ അതിജീവിക്കുന്നതാണ്‌ നമ്മുടെ നവീകരണത്തില്‍ പ്രധാനം. പഴയ യിസ്രായേല്‍ ദേശത്ത്‌ എലീശാ ദൈവത്തിന്റെ പ്രവാചകനായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത്‌ അരാം രാജാവിന്റെ സേനാപതിയായിരുന്ന നയമാന്‍ തന്റെ കുഷ്‌ഠം സൗഖ്യമാകുന്നതിന്‌ എലീശയെ കാണുവാന്‍ വന്നു.
നീ ചെന്ന്‌ യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം കുളിക്ക; അപ്പോള്‍ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു. ഇതുകേട്ടപ്പോള്‍ നയമാന്‌ കോപം വന്നു.
എന്തിനാണ്‌ നയമാന്‍ ഇത്രയും കോപിച്ചത്‌? നയമാന്‍ ചിന്തിച്ചത്‌ എലീശാ ഇറങ്ങി വന്നു പ്രാര്‍ഥിച്ചു കുഷ്‌ഠത്തെ സൗഖ്യമാക്കുമെന്നാണ്‌. ചുരുക്കം പറഞ്ഞാല്‍ ദൈവം ആവശ്യപ്പെടുന്നതിന്‌ വിപരീതമായേ നമ്മുടെ ബുദ്ധി പ്രവര്‍ത്തിക്കുകയുള്ളൂ.
പ്രാര്‍ഥനയും വിശ്വാസവും ഉണ്ടെങ്കില്‍ പിന്നെ നമ്മുടെ എല്ലാ ചുമതലകളും തീര്‍ന്നു എന്നു കരുതരുത്‌. ഓരോ ദിവസവും നാം പുതുക്കത്തില്‍ ജീവിക്കണം, അനുസരണവും സമര്‍പ്പണവും ഉണ്ടാകണം.
സ്വയചിന്തയില്‍ നമുക്കു നല്ലതെന്നു തോന്നുന്ന പലതും നാം ചെയ്യും. വളരെയധികം പ്രാര്‍ഥിക്കുകയും ഉപവസിക്കുകയും എല്ലാം ത്യജിക്കുകയും ഒക്കെ ചെയ്‌തുവെന്നിരിക്കും. എന്നാല്‍ ഇതിനെപ്പറ്റി തിരുവചനത്തില്‍ ഇങ്ങനെ കാണുന്നു: എനിക്കുള്ളതെല്ലാം ദാനം ചെയ്‌താലും എന്റെ ശരീരം ചുടുവാന്‍ ഏല്‌പിച്ചാലും സ്‌നേഹം ഇല്ല എങ്കില്‍ എനിക്ക്‌ ഒരു പ്രയോജനവും ഇല്ല.
സ്‌നേഹത്താല്‍ നിറഞ്ഞല്ലാതെയുള്ള സ്വാര്‍ത്ഥതയുള്ള ഏതു ബാഹ്യപ്രകടനങ്ങളും യാതൊരു ഗുണവും ചെയ്യുകയില്ല. നമ്മുടെ ചിന്തകള്‍ക്കുപരി, ഈശ്വരന്റെ ചിന്തകള്‍ക്ക്‌- അത്‌ നമ്മുടെ ചിന്തകള്‍ക്ക്‌ അനുകൂലമല്ലെങ്കില്‍ പോലും - പ്രഥമസ്‌ഥാനം നല്‍കി ജീവിതവിജയം കൈവരിക്കുവാന്‍ ശ്രമിക്കുക. നമുക്കു നാമേ പണിവതു നാകംനരകവുമതു പോലെ എന്നാണ്‌ ഉള്ളൂര്‍ പാടിയത്‌. സ്വയം നന്നാകാന്‍ ശ്രമമില്ലാതെ എന്തൊക്കെ ചെയ്‌താലും പ്രയോജനമില്ല. നമ്മുടെ സ്വര്‍ഗവും നരകവും നാം തന്നെയാണ്‌ സൃഷ്‌ടിക്കുന്നത്‌.

Ads by Google
Sunday 02 Apr 2017 01.54 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW