Sunday, February 25, 2018 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 01 Apr 2017 04.32 PM

തുഗ്ലക്കുമാര്‍ ഉണ്ടാകുന്നതെങ്ങനെ?

uploads/news/2017/04/95607/munnamkannu.jpg

മുഹമ്മദ് ബിന്‍ തുഗ്ലക്കിന് ഇന്ത്യന്‍ ചരിത്രത്തില്‍ ഒരു പ്രത്യേക സ്ഥാനമാണുള്ളത്. നല്ലത് എന്ന് വിചാരിച്ച് ചെയ്‌തെതല്ലാം ശുദ്ധവിഡ്ഡിത്തമായിപ്പോയ ഒരു ഭരണാധികാരി. വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തികളിലൂടെ ചരിത്രത്തില്‍ എന്നും പരിഹാസപാത്രമായ ഭരണനേതാവ്, ഇത്തരത്തില്‍ ചില വിശേഷണങ്ങളാണ് എന്നും അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന വ്യക്തിയായിരുന്നെങ്കില്‍പ്പോലും അദ്ദേഹത്തിന്റെ ആത്മാവ് രാജ്യത്തെ ഓരോ ഭരണാധികാരിയേയും വിടാതെ പിന്തുടരുകയാണ് എന്നതാണ് സമീപകാല ചരിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

കേരളത്തിന്റെ സാമ്പത്തികസ്വപ്നത്തില്‍ ചിറകുകള്‍ വിരിച്ച് പറന്നുനടന്നിരുന്ന എസ്.ബി.ടി എന്ന ബാങ്കായാലും ശരി. കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികളുടെ ഭാവിതകര്‍ത്ത ചോദ്യപേപ്പര്‍ ചോര്‍ച്ചയായാലും ശരി, എല്ലായിടത്തും തെളിഞ്ഞുനില്‍ക്കുന്നത് മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്ന ഭരണാധികാരിയാണ്. വിഡ്ഡിത്തരത്തിന് കൈകാലുകള്‍ വച്ച ഭരണസംവിധാനമാണ് എങ്ങും എവിടെയും കാണാന്‍ കഴിയുന്നത്. മനുഷ്യനെക്കാളും മറ്റുപലതിനും പ്രാധാന്യം ലഭിക്കുന്ന ഭരണസംവിധാനം.

മുനഷ്യന്‍ കമ്പോളത്തിന്റെ അടിമയാകുകയാണ്. മനുഷ്യന്‍ എന്ന ജൈവ പ്രതിഭാസത്തിന് പകരം ഇന്ന് ഊന്നല്‍ കമ്പോളത്തിനാണ്. എസ്.ബി.ടി എന്ന കേരളത്തിന്റെ സ്വന്തം ബാങ്കിനെ എസ്.ബി.ഐയില്‍ ലയിപ്പിച്ച് കേരളത്തിലെ സാധാരണക്കാരന്റെ സ്വപ്നങ്ങളില്‍ കരിങ്കൊടി പാറിച്ച തീരുമാനത്തില്‍ തെളിയുന്നത് അതാണ്. ആഗോളതലത്തില്‍ മികച്ച സേവനം നല്‍കാനാണ് എസ്.ബി.ടിയെ എസ്.ബി.ഐയുമായി ലയിപ്പിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയുമൊക്കെ വിശദീകരണം. എന്നാല്‍ ആര്‍ക്കു വേണം ഈ ആഗോളസേവനം എന്നതിനെക്കുറിച്ചാണ് ചര്‍ച്ചചെയ്യേണ്ടത്.

രാജ്യത്തെ ജനങ്ങളില്‍ ഭൂരിഭാഗവും ദിവസം നൂറുരൂപപോലും കാണാന്‍ കഴിയാത്തവരാണെന്നാണ് സത്യം. അത്തരക്കാര്‍ക്കാണ് ആഗോളതലത്തിലെ മികച്ച സേവനം നല്‍കാന്‍ പോകുന്നത് എന്ന് പറയുമ്പോള്‍ അവരെ തുഗ്ലക്കിനോടല്ലാതെ എന്തിനോടാണ് ഉപമിക്കേണ്ടതെന്ന് മനസിലാകുന്നില്ല. ഇവിടെ ഒരു സാധാരണക്കാരന് വേണ്ടത് ഒരു പശുവാങ്ങാനോ, തന്റെ പറമ്പില്‍ കൃഷിയിറക്കാനോ, ഒരു വാഹനം വാങ്ങാനോ, അല്ലെങ്കില്‍ ഒരു വീട് പണിയാനോയൊക്കെ ഉള്ള വായ്പയായിരുന്നു. അതുപോലെ വിദ്യാഭ്യാസത്തിനും മറ്റുമുള്ള സഹായവും.

ഇനി അതിന്റെയൊക്കെ ഭാവി എന്തായിരിക്കുമെന്ന ആശങ്കയാണ് പലര്‍ക്കും. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്ക് പ്രകാരം കേരളത്തില്‍ കാര്‍ഷികമേഖലയിലും വിദ്യാഭ്യാസമേഖലയിലും ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയിരിക്കുന്നത് എസ്.ബി.ടിയായിരുന്നു. അത് ജനിച്ച മണ്ണിനോടുള്ള ബാങ്കിന്റെ കൂറായിരുന്നു. ഇനി സേവനങ്ങള്‍ക്കല്ല, അതിന്റെ നടപടിക്രമങ്ങള്‍ക്കാണ് പ്രാധാന്യം വരാന്‍ പോകുന്നത്.

അതുപോലെത്തന്നെ പ്രധാനമാണ് ബാങ്കിലെ മിനിമം ബാലന്‍സ് സംബന്ധിച്ച പുതിയ തീരുമാനവും. രാജ്യത്താകമാനമുള്ള ജനങ്ങളെ ബാങ്കിംഗ് ശൃംഖലയില്‍പെടുത്താനും ഇടപെടലുകളെല്ലാം തന്നെ ഡിജിറ്റലാക്കാനും കൊണ്ടുപിടച്ച ശ്രമം നടത്തുയാണ് തങ്ങളെന്നാണ് കേന്ദ്രസര്‍ക്കാര്‍ നാഴികയ്ക്ക് നാന്നൂറുവട്ടം പ്രസംഗിക്കുന്നത്. എന്നിട്ടാണ് എസ്.ബി.ഐയുടെ മിനിമം ബാലന്‍സ് ക്രമാതീതമായ വര്‍ദ്ധിപ്പിക്കുകയും ഇടപാടുകള്‍ക്ക് സാധാരണക്കാരന് താങ്ങാന്‍ പോലും കഴിയാത്ത ഫീസുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന തീരുമാനം തുഗ്ലക്കിന്റേതല്ലാതെ ആരുടേതെന്ന് പറയാന്‍ ചരിത്രം മാത്രമല്ല, മറ്റുപലതും ചികയേണ്ടിവരും.

നേരത്തെ പറഞ്ഞതുപോലെ നട്ടെല്ലുപൊട്ടെ പണിയെടുത്താല്‍പോലും ഒരുദിവസം നൂറുരൂപ തികച്ചുകാണാത്തവരാണ് ഇന്ത്യയിലെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും. അവര്‍ക്കാണ് അവരുടെ ഒരുമാസത്തെ വരുമാനം ബാങ്കിന്റെ മിനിമംബാലന്‍സായി സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതില്‍ നിന്നുതന്നെ കേന്ദ്രസര്‍ക്കാരിന്റെ ആത്മാര്‍ത്ഥത നമുക്ക് വ്യക്തമാകും. പ്രചരണം മാത്രമാണ് എല്ലാവരുടെയും ലക്ഷ്യം.

വന്‍കിടക്കാര്‍ക്ക് വേണ്ടി ബാങ്കുകളെ മാറ്റിയെടുക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. ഇതിലൂടെ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ഇടത്തരം വര്‍ഗ്ഗങ്ങളെ ഇല്ലായ്മചെയ്യുകയും കാപ്പിറ്റലിസ്റ്റ് രാജ്യങ്ങളിലേതുപോലെ എല്ലാ അവകാശങ്ങളും അധികാരങ്ങളുമുള്ള സമ്പന്നന്നും അവയൊന്നുമില്ലാത്ത ദരിദ്രനും എന്ന നില സൃഷ്ടിക്കാനാണ് ശ്രമം എന്ന് ആരെങ്കിലും സംശയിച്ചാല്‍ അതില്‍ അതിശയിക്കപ്പെടേണ്ടതില്ല.

ഇത്തരത്തില്‍ ഒരു നൂറു തീരുമാനങ്ങളിലൂടെ തുഗ്ലക്ക് കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുമ്പോള്‍, ഇവിടെ എല്ലാം ശരിയാക്കാന്‍ വന്ന പിണറായി സര്‍ക്കാരിന്റെയും മുഖ മുദ്ര തുഗ്ലക്കിന്റെ നടപടികള്‍ സ്വീകരിക്കുന്നത് തന്നെയാണ്. ഇന്നു ശരിയാകും നാളെ ശരിയാകും എന്ന് വോട്ട് ചെയ്ത ജനങ്ങള്‍ കഴിഞ്ഞ പത്തുമാസമായി കാത്തിരുന്നിട്ടും വോട്ടുകൊടുത്തവരെ ശരിയാക്കുകയല്ലാതെ ഈ സര്‍ക്കാരിന് മറ്റൊന്നും കഴിഞ്ഞിട്ടില്ലെന്നത് ദുഃഖസത്യം. രണ്ടുവയസായ പിഞ്ചുകുഞ്ഞിന് പോലും രക്ഷയില്ലാത്ത സാമൂഹികാവസ്ഥ. അദ്ധ്വാനിക്കുന്ന പണം കൊണ്ട് ഒരുനേരത്തെ ഭക്ഷണം പോലും വാങ്ങിത്തിന്നാന്‍ കഴിയാത്ത സ്ഥിതി.

അങ്ങനെ അനവധി നിരവധി പ്രശ്‌നങ്ങള്‍.ഇവയെല്ലാം സഹിച്ചാലും കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹത്തിന് ഈ സര്‍ക്കാരിനോട് ക്ഷമിക്കാന്‍ കഴിയില്ല. ഒന്നാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസ്‌വരെയുളള ചോദ്യപേപ്പറുകളിലെ പ്രശ്‌നങ്ങളാണ് ഇതിന് കാരണം. ഏകദേശം 13 ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ ഭാവിയെ തുലാസിലാക്കിയാണ് സര്‍ക്കാര്‍ എല്ലാം ശരിയാക്കിയത്.

മറ്റുള്ളവരെ അടച്ചാക്ഷേപിച്ച് അവരില്‍ എല്ലാ പാപഭാരവും കയറ്റിവച്ചിരുന്നവര്‍ക്ക് സ്വന്തം കഴിവുകേട് സംബന്ധിച്ച് ഒരു വിശദീകരണവുമില്ല. ചരിത്രത്തിലാദ്യമാണ് അവസാനിച്ചതിന് ശേഷം എസ്.എസ്.എല്‍.സിയുടെ ഒരു വിഷയത്തില്‍ പരീക്ഷനടത്തിയത്. അതിന് തെരഞ്ഞെടുത്തതാണെങ്കില്‍ വാഹനപണിമുടക്ക് നിശ്ചയിച്ചിരുന്ന ദിവസവും. പണിമുടക്കിന് ആഹ്വാനം ചെയ്തവര്‍ കാരുണ്യം കാണിച്ചതുകൊണ്ടുമാത്രമാണ് പരീക്ഷനടത്താന്‍ കഴിഞ്ഞത്. ആ തീരുമാനം സര്‍ക്കാരിനെ കൊണ്ട് എടുപ്പി
ച്ചതും തുഗ്ലക്കിന്റെ പേതമായിരിക്കും.

എല്ലാം കുളമായിട്ട്, അടുത്ത ആറുമാസത്തിനുള്ളില്‍ എല്ലാം വീണ്ടും ശരിയാക്കി തരാമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനയും. ഭരണത്തിന്റെ സുഖശീതളിമയില്‍ എത്തപ്പെടുമ്പോള്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വക്താക്കള്‍ എന്ന് അവകാശപ്പെടുന്നവര്‍ക്കുപോലും ജനങ്ങളുടെ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ താല്‍പര്യമില്ലെന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. വല്യേട്ടനും ചെറിയേട്ടനും തമ്മിലുള്ള തര്‍ക്കത്തിനല്ലാതെ അവര്‍ക്ക് മറ്റ് ഒരുകാര്യത്തിനും സമയമില്ല.

എന്തായാലും മംഗളം ചാനലില്‍ വന്ന ഒരു വാര്‍ത്തയുടെ പേരില്‍ പാര്‍ട്ടിയുടെ സൈബര്‍ സഖാക്കള്‍ ബുദ്ധിപൂര്‍വ്വം ഇടപെട്ട്, സര്‍ക്കാരിന്റെ പിടിപ്പുകേടും ജനവിരുദ്ധനയങ്ങളും ചര്‍ച്ചയാക്കുന്നതില്‍ നിന്ന് തടഞ്ഞ് ഒരു പുതുജീവന്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെയുള്ള സുപ്രധാനകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതില്‍ നിന്ന് പൊതുസമൂഹത്തിന്റെ ശ്രദ്ധ മാറ്റിക്കൊണ്ടുപോകാനും അവര്‍ക്ക് കഴിഞ്ഞു. കൂട്ടിന് മറ്റ് നാവ് കൂലിക്ക് കൊടുക്കുന്നവര്‍കൂടി എത്തിയതോടെ ദൗത്യം വിജയിച്ചു.

എന്നാല്‍ സ്ത്രീകളെ കണ്ടാല്‍ ദഹിപ്പിച്ച് കളയുന്ന ലോമപാദരായ മന്ത്രിയുടെ മഹനീയതയെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. സ്‌കൂളില്‍പോയിട്ടില്ലാത്ത സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള ഒരു വ്യക്തിയുടെ രീതിയിലാണ് പൊതുസമൂഹത്തിന്റെ സ്വത്തായ ഒരു മന്ത്രി സംസാരിച്ചത്. അത് മഹദ്‌വചനങ്ങളായിരുന്നുവെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഇത് ഭാവിയില്‍ മറ്റ് മന്ത്രിമാര്‍ക്ക് പിന്തുടരാവുന്ന പാതയുമാണ്. എന്തായാലും മന്ത്രിക്കും സ്വകാര്യതയുണ്ടെന്നും അദ്ദേഹവും ഒന്നു വ്യഭിചരിച്ചാല്‍ പ്രശ്‌നമില്ലെന്നുമുളള ഒരു തീര്‍പ്പില്‍ കേരളം സമൂഹം എത്തിയത് എന്തായാലും നന്നായി.

ഇത്തരത്തില്‍ നമ്മുടെ സമൂഹത്തിലെ വിടാശാപമായി തുഗ്ലക്കുകള്‍ മദിക്കുകയാണ്. ജനങ്ങള്‍ ഇവിടെ വിഡ്ഡികളാക്കപ്പെടുകയും മറ്റുപലരും വിജയികളാകുകയും ചെയ്യുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. സാധാരണക്കാരന്റെ സ്വപ്നങ്ങളുംജീവിതവും ചവിട്ടുമെതിച്ച് മുന്നോട്ടുപോകുന്ന ഭരണവര്‍ഗ്ഗങ്ങള്‍ക്കെതിരെ കേരളത്തിന്റെ പൊതുസമൂഹം ജാഗരൂകരാകേണ്ട കാലം സജീവമായി.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 01 Apr 2017 04.32 PM
YOU MAY BE INTERESTED
TRENDING NOW