Saturday, June 24, 2017 Last Updated 0 Min 22 Sec ago English Edition
Todays E paper
Saturday 01 Apr 2017 04.13 PM

നാടന്‍ രുചിക്കൂട്ട്...

വായനക്കാരുടെ പാചകം
uploads/news/2017/04/95606/redrscokry010417a.jpg

ചിക്കന്റെ സ്വാദ് ഇഷ്ടപ്പെടാത്തവരില്ല. പുതിയ സ്വാദുകളിലുള്ള ചില ചിക്കന്‍ വിഭവങ്ങള്‍....

വറുത്തരച്ച കോഴിക്കറി


ചേരുവകള്‍
1. കോഴിയിറച്ചിക്കഷണങ്ങള്‍ - 1 കിലോ
2. മുളകുപൊടി - 3 ടീസ്പൂണ്‍
3.മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
4. മല്ലിപ്പൊടി- 1 ടീസ്പൂണ്‍
5. പെരുംജീരകം - 1/2 ടീസ്പൂണ്‍
6. കറുവാപ്പട്ട - 1 കഷണം
7. ഏലക്ക - 5 എണ്ണം
8. ഗ്രാമ്പൂ - 3 എണ്ണം
9. തേങ്ങാ ചിരകിയത് - 1
10. ഇഞ്ചി അരിഞ്ഞത് - 1 കഷണം
11. ചുവന്നുള്ളി അരിഞ്ഞത് -5 എണ്ണം
12. പച്ചമുളക് കീറിയത് - 6 എണ്ണം
13. തക്കാളി കഷണങ്ങളാക്കിയത് - 2 എണ്ണം
14. കടുക് - 1 ടീസ്പൂണ്‍
15. കറിവേപ്പില - 2 തണ്ട്

തയാറാക്കുന്നവിധം


കോഴിക്കഷണങ്ങള്‍ ചുവന്നുള്ളി, ഇഞ്ചി, ഒരു ടീസ്പൂണ്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, തക്കാളി, പച്ചമുളക്, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഇവ ചേര്‍ത്ത് വേവിക്കുക.ചീനച്ചട്ടിയില്‍ അല്പം വെളിച്ചെണ്ണയൊഴിച്ച് തേങ്ങചിരകിയത്, ഗ്രാമ്പൂ, ഏലക്ക, പട്ട, പെരുംജീരകം, മല്ലിപ്പൊടി ബാക്കിയുള്ള മുളകുപൊടി എന്നിവ ചുവക്കെ വറുത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. ഈ അരപ്പ് കോഴിയിറച്ചി കഷണങ്ങളില്‍ ചേര്‍ത്ത് തിളപ്പിക്കുക. അല്പം വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ച്, ചുവന്നുള്ളി അരിഞ്ഞതും കറിവേപ്പിലയും മൂപ്പിച്ച് മുകളില്‍ വിതറുക.

നാടന്‍ കോഴിക്കറി


ചേരുവകള്‍
1. കോഴിയിറച്ചി - 1 കിലോ
2. മല്ലിപ്പൊടി - 1 1/2 ടീസ്പൂണ്‍
3. മുളകുപൊടി - 2 ടീസ്പൂണ്‍
4. മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
5. കുരുമുളകുപൊടി - 1/4 ടീസ്പൂണ്‍
6. വെളിച്ചെണ്ണ - 50 മില്ലി
7. കടുക് - 1 ടീസ്പൂണ്‍
8. സവോള കനംകുറച്ചരിഞ്ഞത് - 3 എണ്ണം
9. വെളുത്തുള്ളിയല്ലി - 15 എണ്ണം
10. പച്ചമുളക് പിളര്‍ന്നത് - 4 എണ്ണം
11. ഇഞ്ചി കനംകുറച്ച് നീളത്തില്‍ അരിഞ്ഞത് - 1 വലിയ കഷണം
12. കറിവേപ്പില - 2 തണ്ട്
13. ഉപ്പ് - പാകത്തിന്
14. രണ്ട് കപ്പ് തിരുമ്മിയ തേങ്ങയില്‍നിന്ന് എടുത്ത തലപ്പാല്‍ - 1/2 അല്ലെങ്കില്‍
3/4 കപ്പ്
15. രണ്ടാം പാല്‍ - 2 കപ്പ്
16. ഉരുളക്കിഴങ്ങ് നാലായിമുറിച്ചത് - 3 എണ്ണം

തയാറാക്കുന്നവിധം


മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നീ ചേരുവകള്‍ അല്പം വെള്ളത്തില്‍ കുഴയ്ക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചതിലേക്ക് സവോള, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ഉപ്പ് എന്നിവയും ചേര്‍ത്ത് മൂപ്പിക്കുക. കുഴച്ചുവച്ചിരിക്കുന്ന മസാലപ്പൊടികള്‍ ചേര്‍ത്ത് വഴറ്റുക. പച്ചമണം മാറുന്നതുവരെ മൂപ്പിക്കണം. കോഴിക്കഷണങ്ങള്‍ ഇട്ടിളക്കുക. രണ്ടാംപാല്‍ ഒഴിക്കുക. പകുതി വേവാകുമ്പോള്‍ കഷണങ്ങളാക്കിയ ഉരുളക്കിഴങ്ങ് ചേര്‍ക്കുക. നല്ലതുപോലെ വെന്തുകഴിഞ്ഞ് തീ കുറച്ച് തലപ്പാല്‍ ചേര്‍ത്ത് കുറുകുമ്പോള്‍ വാങ്ങുക.
uploads/news/2017/04/95606/redrscokry010417.jpg

ബ്രൗണ്‍ കുറുമ ചിക്കന്‍


ചേരുവകള്‍
1. കോഴിക്കഷണങ്ങള്‍ - 2 കിലോ
2. മല്ലിപ്പൊടി - 2 ടീസ്പൂണ്‍
3. മുളകുപൊടി - 1 1/2 ടീസ്പൂണ്‍
4. മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
5. ഉപ്പ് - പാകത്തിന്
6. സവോള കനംകുറച്ച് നീളത്തില്‍ അരിഞ്ഞത് - 10 എണ്ണം
7. കറിവേപ്പില - 3 കതിര്‍പ്പ്
8. തക്കാളി - 4 എണ്ണം
9. പച്ചമുളക് -12 എണ്ണം
10. ഇഞ്ചി നീളത്തില്‍ അരിഞ്ഞത് - 1 1/2 ടീസ്പൂണ്‍
11. വെളിച്ചെണ്ണ - ആവശ്യത്തിന്

തയാറാക്കുന്നവിധം


പകുതി സവോള എണ്ണയില്‍ വറുത്തുകോരി മിക്‌സിയില്‍ അടിച്ചുവയ്ക്കുക. പൊടികള്‍ ചീനച്ചട്ടിയില്‍ ചൂടാക്കി അരച്ചുവയ്ക്കുക. ബാക്കിയുള്ള സവോള, പച്ചമുളക്, ഇഞ്ചി ഇവ നീളത്തിലരിഞ്ഞ് വളരെക്കുറച്ച് വെളിച്ചെണ്ണ ചീനച്ചട്ടിയിലൊഴിച്ച് ചൂടാകുമ്പോള്‍ വഴറ്റുക. വഴന്നുകഴിയുമ്പോള്‍ വറുത്തരച്ച സവാളയും അരച്ചുവച്ചിരിക്കുന്ന പൊടികളും ചേര്‍ക്കുക. തക്കാളി പൊടിയായി അരിഞ്ഞോ മിക്‌സിയിലടിച്ചോ ഇതിലേക്കൊഴിച്ച് പറ്റിച്ച് വഴറ്റുക. കോഴിക്കഷണങ്ങളിട്ട് ചേര്‍ത്തിളക്കി പാത്രം മൂടിവച്ച് വേവിക്കുക. കഷണം വെന്ത് ചാറ് കുറുകുമ്പോള്‍ കറി വാങ്ങുക.

ട്വിങ്കിള്‍ ചിക്കന്‍


ചേരുവകള്‍
1. കോഴി വൃത്തിയാക്കി കഷണമാക്കിയത് - 1 കിലോ
2. കാശ്മീരി മുളക് അരച്ചത് - 30 എണ്ണം
3. വെളുത്തുള്ളി ചതച്ചത- 20 അല്ലി
4. എണ്ണ - ഒരു കപ്പ്
5. കറുവാപ്പട്ട - 1 കഷണം
6. ഗ്രാമ്പൂ - 6 എണ്ണം
7. ഉപ്പ് - പാകത്തിന്
8. ഉരുളക്കിഴങ്ങ് വറുത്തത്, കിസ്മിസ്, അണ്ടിപ്പരിപ്പ് വറുത്തത് - അലങ്കാരിക്കാന്‍

തയാറാക്കുന്നവിധം


ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അരച്ചുവച്ച മുളക് മൂപ്പിക്കുക. തീ ചെറുതാക്കി വെളുത്തുള്ളി അരച്ചതും ചേര്‍ക്കുക. കറുവാപ്പട്ടയും ഗ്രാമ്പുവും ചതച്ചിട്ട് വറക്കുക. ഇതിലേക്ക് കോഴിക്കഷണങ്ങള്‍ ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ക്കുക. പാത്രം മൂടിവച്ച് വേവിക്കുക. (വേണമെങ്കില്‍ കുറച്ച് വെള്ളം ചേര്‍ക്കാം) കോഴി വെന്തു കഴിയുമ്പോള്‍ വാങ്ങി. വറുത്ത ഉരുളക്കിഴങ്ങും അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്ത് വിളമ്പാം.

ആന്‍സമ്മ ഐസക്ക് വെട്ടൂര്‍

Ads by Google
TRENDING NOW