Wednesday, August 23, 2017 Last Updated 4 Min 26 Sec ago English Edition
Todays E paper
ഡോ. ശരത് സുന്ദര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മന്ദിരം ഹോസ്പിറ്റല്‍, മാങ്ങാനം
ഡോ. ശരത് സുന്ദര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മന്ദിരം ഹോസ്പിറ്റല്‍, മാങ്ങാനം
Saturday 01 Apr 2017 03.01 PM

അഞ്ചു മൊബൈല്‍ ഫോണുകള്‍ എറിഞ്ഞു തകര്‍ത്തു, പത്തോ പതിനഞ്ചോ മിനുട്ട് കഴിഞ്ഞാല്‍ വല്ലാത്ത കുറ്റബോധവും ഉണ്ടാകും: ഒരു യുവാവിന്റെ വെളിപ്പെടുത്തല്‍

uploads/news/2017/04/95586/Weeklyaskdr010417.jpg

ഡോക്ടര്‍,

ഞാന്‍ മുപ്പത്തഞ്ചു വയസുള്ള ബിസിനസുകാരനാണ്. വിവാഹം കഴിഞ്ഞിട്ട് ആറു വര്‍ഷമായി. രണ്ടു കുട്ടികളുമുണ്ട്. ദേഷ്യമാണ് എന്റെ പ്രധാന പ്രശ്‌നം. ദേഷ്യം എന്നതിനേക്കാള്‍ ക്രോധം എന്ന വാക്കായിരിക്കും എനിക്കു ചേരുക. നിസാര കാര്യങ്ങള്‍ക്കുപോലും വല്ലാതെ കോപിക്കും. കുറച്ചുനേരത്തേക്കു മാത്രമേ ഉണ്ടാകാറുള്ളൂവെങ്കിലും അതിന്റെ ശക്തിയും തീവ്രതയും വളരെ വലുതാണ്. ആരാണെന്നോ എവിടെയാണെന്നോ നോക്കാതെയുള്ള ദേഷ്യപ്രകടനം വലിയ ഭവിഷ്യത്തുകളും സൃഷ്ടിക്കുന്നുണ്ട്. കോപം വരുമ്പോള്‍ എന്താണു പറയുന്നതെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല. ചിലപ്പോള്‍ അസഭ്യമായ രീതിയില്‍ പൊട്ടിത്തെറിച്ചെന്നുപോലും വരും. ചിലപ്പോള്‍ കൈയില്‍ കിട്ടുന്നതു വലിച്ചെറിയും. വിലപിടിപ്പുള്ള അഞ്ചു മൊബൈല്‍ ഫോണ്‍ ഇതിനോടകം എറിഞ്ഞു തകര്‍ത്തിട്ടുണ്ട്. ഭാര്യയോടും അവളുടെ വീട്ടുകാരോടും എന്റെ സ്റ്റാഫുകളോടുമാണ് ഞാന്‍ കൂടുതലായി ദേഷ്യപ്പെടുക. പത്തോ പതിനഞ്ചോ മിനുട്ട് കഴിഞ്ഞാല്‍ വല്ലാത്ത കുറ്റബോധവും ഉണ്ടാകാറുണ്ട്. ഇനി ദേഷ്യപ്പെടില്ലെന്നു തീരുമാനിച്ചാലും ഇരച്ചുവരുന്ന ദേഷ്യത്തെ എനിക്കു നിയന്ത്രിക്കാന്‍ കഴിയില്ല. ഇതു മാറ്റിയെടുക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ ഡോക്ടര്‍?

സന്തോഷം, ദുഃഖം, ഭയം, ഉത്കണ്ഠ തുടങ്ങിയവ പോലെ ഒരു വികാരം മാത്രമാണ് ദേഷ്യവും. ചെറിയ പ്രകോപനമായി തുടങ്ങി ഘോരമായ ക്രോധമായി വരെ വളരാവുന്ന ഈ വികാരത്തിന്റെ തലം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും.

ആവശ്യങ്ങളോ ആഗ്രഹങ്ങളോ ലക്ഷ്യങ്ങളോ സാധിക്കാതെ വരുമ്പോഴുണ്ടാകുന്ന നിരാശയില്‍ നിന്നാണ് സാധാരണ ഗതിയില്‍ ദേഷ്യം രൂപം കൊള്ളുന്നത്. ഈ സമയത്ത് ക്ഷമ നഷ്ടപ്പെട്ട്, എടുത്തുചാടി, നാം ചിലപ്പോള്‍ അക്രമാസക്തമായ രീതി പ്രകടിപ്പിച്ചെന്നു വരാം.

ദേഷ്യമെന്ന സ്വാഭാവിക-മാനുഷിക വികാരം ഒരു പ്രശ്‌നമാകുന്നത് അതിന്റെ തീവ്രതയുടെയും അതു സൃഷ്ടിക്കുന്ന ഭവിഷ്യത്തുകളുടെയും അടിസ്ഥാനത്തിലാണ്.

ഇവിടെ, കത്തെഴുതിയിരിക്കുന്ന വ്യക്തിയുടെ ജീവിതബന്ധങ്ങളെപ്പോലും കോപം ദോഷകരമായി ബാധിച്ചിരിക്കുന്നു. ആലോചനയില്ലാതെ സംസാരിക്കുന്നതും പെരുമാറുന്നതുമൊക്കെ ദേഷ്യത്തിന്റെ തീവ്രതയെ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.

കോപം നിയന്ത്രിക്കണമെന്നു തീക്ഷ്ണമായി ആഗ്രഹിച്ചാല്‍പ്പോലും ചില വ്യക്തികള്‍ക്ക് പലപ്പോഴും അതിനു കഴിയാറില്ല. ദേഷ്യം ഒരു ശീലമായും സ്വഭാവരീതിയായും മാറിയ ആളുകളില്‍ ആത്മനിയന്ത്രണം അത്ര എളുപ്പമല്ല എന്നതാണു കാരണം.

ദേഷ്യനിയന്ത്രണം ഒരു നിപുണതയാണ്. ഈ കഴിവുള്ളവര്‍ക്ക് പ്രകോപനമുണ്ടാകുന്ന സാഹചര്യങ്ങളിലും ക്ഷമയോടെ, പക്വതയോടെ, സാഹചര്യങ്ങളെ മനസിലാക്കി പ്രതികരിക്കാന്‍ കഴിയും.

ദേഷ്യം ഇല്ലാതാക്കുക എന്നത് അത്ര പ്രായോഗികമായ കാര്യമല്ല. പകരം അത് നിയന്ത്രിക്കാനും ആരോഗ്യകരമായി പ്രകടിപ്പിക്കാനുമാണു പഠിക്കേണ്ടത്. അപക്വവും അനുചിതവുമായ വികാരപ്രകടനം മാറ്റിയെടുത്ത് ഭവിഷ്യത്തുകളില്‍നിന്ന് രക്ഷപ്പെടാന്‍ മനശാസ്ത്രത്തില്‍ മാര്‍ഗങ്ങളുണ്ട്.

ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ വിജയകരമെന്നു തെളിയിക്കപ്പെട്ട കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി(ങ്കങ്ങസ്സ) യാണ് പ്രധാനമായും ഇതിന് ഉപയോഗിക്കുന്നത്.

ദേഷ്യത്തെ നിയന്ത്രണവിധേയമാക്കണമെന്ന ആഗ്രഹവും അതിനുവേണ്ടിയുള്ള പരിശ്രമവും വ്യക്തിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുക കൂടി ചെയ്യുമ്പോള്‍ ചികിത്സ ഫലപ്രദമാകുന്നു.

താങ്കളുടെ കാര്യത്തില്‍ ഈ സഹകരണം തീര്‍ച്ചയായും ഉണ്ടാകുമെന്നു വ്യക്തമാണ്. അതുകൊണ്ട് ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ തീര്‍ച്ചയായും ചികിത്സ നടത്താവുന്നതാണ്.

ദേഷ്യം എന്ന വികാരത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, അതിനെ സ്വയം അളക്കാന്‍ പഠിക്കുക, അതിന്റെ അനിയന്ത്രിതമായ വളര്‍ച്ച തടയുന്നതിനുള്ള ഉപായങ്ങള്‍ പരിശീലിക്കുക തുടങ്ങിയവയാണ് ങ്കങ്ങസ്സ യുടെ ഘടനയിലുള്ളത്.

ശാസ്ത്രീയവും വ്യക്തികേന്ദ്രീകൃതവുമായ ഇത്തരം ചികിത്സയിലൂടെ കോപം നിയന്ത്രിച്ച് ഊഷ്മളമായ വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്താന്‍ താങ്കള്‍ക്കു കഴിയും.

Ads by Google
TRENDING NOW