Thursday, January 11, 2018 Last Updated 26 Min 56 Sec ago English Edition
Todays E paper
Ads by Google

സാദാ മലയാളി

RAJESH MULAKKULAM
RAJESH MULAKKULAM
Saturday 01 Apr 2017 01.55 AM

മലപ്പുറം, ലീഗ്‌ വളര്‍ത്തിയ സി.പി.എമ്മിന്റെ സ്വന്തം കുഞ്ഞ്‌

uploads/news/2017/04/95403/bft1.jpg

മൃഗീയ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ്‌. അധികാരത്തില്‍ വന്നതോടെ അടുത്ത അഞ്ചുവര്‍ഷത്തേക്കു ജനങ്ങള്‍ ഏറെ രാഷ്‌ട്രീയ നാടകങ്ങളൊന്നും പ്രതീക്ഷിച്ചിരുന്നില്ല. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അടി, ഭരണമില്ലെങ്കിലും കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുകളുടെ വിഴുപ്പലക്കല്‍, കേരളാ കോണ്‍ഗ്രസിന്റെ അവസരവാദ പരിഭവങ്ങള്‍ തുടങ്ങി ഏതാനും കൊച്ചുകാര്യങ്ങളെ കാര്യമായി പ്രതീക്ഷിച്ചുള്ളു. ഒരു വലിയ അഴിമതി വാര്‍ത്തയ്‌ക്കുപോലും ആരും സ്‌കോപ്പ്‌ കണ്ടില്ല. എന്നാല്‍, എല്ലാവരേയും ഞെട്ടിച്ച്‌ 10 മാസത്തിനുള്ളില്‍ രണ്ട്‌ മന്ത്രിമാര്‍ നാണംകെട്ട്‌ മന്ത്രിസഭയില്‍നിന്ന്‌ ഇറങ്ങിപ്പോകുന്ന തരത്തില്‍ രാഷ്‌ട്രീയസംഭവങ്ങള്‍ രൂപപ്പെട്ടു.
മുന്നോട്ടു നോക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ യാതൊന്നും കാണുന്നില്ലെങ്കിലും എന്തും എപ്പോഴും സംഭവിക്കാമെന്ന അവസ്‌ഥയുണ്ടായതോടെ കേരള രാഷ്‌ട്രീയം ഒന്നുകൂടി ഉഷാറായിട്ടുണ്ട്‌. എന്നാല്‍, ഈയൊരു പശ്‌ചാത്തലംപോലും മലപ്പുറം ഉപതെരഞ്ഞെടുപ്പിന്‌ ആവേശം പകരാന്‍ പര്യാപ്‌തമല്ല.
സ്‌ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന്‌ അറിഞ്ഞതോടെ ശേഷിച്ച കൗതുകവും തീര്‍ന്നു. പൊരിഞ്ഞപോരാട്ടം, കത്തുന്ന ചൂടിനെ തോല്‍പ്പിക്കുന്ന തെരഞ്ഞെടുപ്പ്‌ ചൂട്‌ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ തെരഞ്ഞെടുപ്പ്‌ റിപ്പോര്‍ട്ടര്‍മാരുടെ പതിവു ക്ലീഷേകള്‍ മാത്രം.
മുസ്ലിം ലീഗിന്റെ ഉറച്ചകോട്ടയില്‍ കുഞ്ഞാലിക്കുട്ടി സ്‌ഥാനാര്‍ഥിയായതോടെ, ലീഗിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഇനി എങ്ങനെയാവുമെന്ന താല്‍പ്പര്യത്തിനും വലിയൊരു ആകാംക്ഷയുടെ പരിവേഷവുമില്ല. കേന്ദ്രത്തില്‍ ബി.ജെ.പിക്ക്‌ എതിരായി ബദല്‍ശക്‌തികളെ ഒരുമിപ്പിക്കുകയാണ്‌ തന്റെ രാഷ്‌ട്രീയലക്ഷ്യമെന്ന്‌ കുഞ്ഞാലിക്കുട്ടി പറയുകയുണ്ടായി. അത്തരമൊരു പ്രതിജ്‌ഞയുമായാണ്‌ തെരഞ്ഞെടുപ്പ്‌ ഗോദായിലേക്ക്‌ പോയത്‌. രാഹുല്‍ ഗാന്ധിക്കു കഴിയാത്തത്‌ കുഞ്ഞാലിക്കുട്ടിക്കു കഴിയുമെന്ന്‌ കരുതിയതുകൊണ്ടാണോ എന്നറിയില്ല ആരും അദ്ദേഹത്തെ ഇതിന്റെ പേരില്‍ പരിഹസിക്കാനൊന്നും ഇതുവരെ തയാറായിട്ടില്ല. അങ്ങനെ നനഞ്ഞരീതിയില്‍ പോയിക്കൊണ്ടിരിക്കുമ്പോഴാണ്‌ ഒറ്റ ഡയലോഗിലൂടെ സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ മലപ്പുറത്തിനു ജീവനേകിയത്‌. തെരഞ്ഞെടുപ്പുഫലം സംസ്‌ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാണെന്നു പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റം കോടിയേരി കാട്ടി.
മലപ്പുറത്ത്‌ എല്‍.ഡി.എഫ്‌. ജയിക്കുമെന്നാണോ കോടിയേരി ഉദ്ദേശിച്ചത്‌? കഴിഞ്ഞതവണ ഇ. അഹമ്മദ്‌ 194,739 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയിച്ചത്‌. ഇത്രയും മറികടന്നൊരു ജയം മോഹിക്കാന്‍ കഴിയുന്ന ഒരു രാഷ്‌ട്രീയസാഹചര്യം നിലവിലുണ്ടെന്നു കോടിയേരി വിശ്വസിക്കുമെന്നു തോന്നുന്നില്ല. പിന്നെയുള്ളതു പരമാവധി വോട്ടുപിടിച്ച്‌ എതിരാളിയുടെ ഭൂരിപക്ഷത്തില്‍ കുറവുവരുത്തുക എന്നതാണ്‌.
മലപ്പുറത്തു ജയിക്കുന്ന ആളിന്റെ ഭൂരിപക്ഷം അറിയാനുള്ള താല്‍പ്പര്യം ജനത്തിനു നല്‍കാന്‍ ഏതായാലും കോടിയേരിക്കു കഴിഞ്ഞു. അങ്ങനെയിരിക്കുമ്പോഴാണ്‌ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെ രാജി. ഒഴിവുവന്ന മന്ത്രിസ്‌ഥാനം എന്‍.സി.പിയുടെ ശേഷിക്കുന്ന എം.എല്‍.എ: തോമസ്‌ ചാണ്ടിക്ക്‌ നല്‍കണമെന്നും/നല്‍കുമെന്നും യാതൊരു സന്ദേഹവുമില്ലാതെയാണ്‌ കോടിയേരി പറഞ്ഞത്‌. മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ച്‌ യാതൊരു താല്‍പ്പര്യവുമില്ലെന്നു പരസ്യമായകാര്യം കോടിയേരി ചാടിക്കയറിപ്പറഞ്ഞതോടെ മലപ്പുറത്തിന്റെ കാര്യത്തില്‍ കോടിയേരി പറഞ്ഞത്‌ അത്രനിഷ്‌കളങ്കമായിട്ടല്ല എന്ന വിലയിരുത്തലാണ്‌ പരക്കെ ഉണ്ടായത്‌.
കോടിയേരി ഇത്‌ എന്തുകണ്ടാണ്‌ എന്നൊരു ഒട്ടൊരു വിസ്‌മയത്തോടെയുള്ള ചോദ്യം രാഷ്‌ട്രീയവൃത്തങ്ങളില്‍ ഉയരുന്നുണ്ടെങ്കില്‍ വരാന്‍പോകുന്ന സംഘര്‍ഷങ്ങളുടെ തുടക്കമായിട്ടു അതിനെ കാണാനാവും എല്ലാവരും ഇഷ്‌ടപ്പെടുക. സംഘര്‍ഷങ്ങള്‍ ഇല്ലെങ്കില്‍ ഏത്‌ നാടകമാണ്‌, അതൊരു രാഷ്‌ട്രീയ നാടകമാണെങ്കിലും, ആസ്വാദ്യകരമാകുക?
മലപ്പുറത്തെക്കുറിച്ച്‌ ഓര്‍ക്കുമ്പോഴേ ഒരു കുഞ്ഞിന്റെ കരച്ചില്‍ സി.പി.എമ്മിന്റെ മനസില്‍ മുഴങ്ങാതിരിക്കില്ല. മലപ്പുറം ഞങ്ങളുടെ കുഞ്ഞാണെന്ന്‌ എല്ലാ കമ്യൂണിസ്‌റ്റുകാരും ദീര്‍ഘനിശ്വാസത്തോടെ പറയും. പക്ഷേ, ഈ കുഞ്ഞിനെ വളര്‍ത്തിയത്‌ മുസ്ലിം ലീഗാണെന്നു മാത്രം. ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗ്‌ ഉള്‍പ്പെടുന്ന സപ്‌തകക്ഷി മുന്നണി അധികാരത്തിലിരിക്കുമ്പോഴാണ്‌ 1969 ജൂണ്‍ 16 നു മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടത്‌.
മലപ്പുറം ജില്ലയെന്നത്‌ ലീഗിന്റെ ചിരകാലാഭിലാഷമായിരുന്നു. മുന്നണി രൂപീകരണവേളയില്‍ത്തന്നെ ജില്ല സംബന്ധിച്ച്‌ സി.പി.എമ്മും ലീഗും ധാരണയിലെത്തിയിരുന്നു. എന്നാല്‍, മലപ്പുറം എന്ന പാലം കടക്കുവോളം മാത്രമായിരുന്നു മുസ്ലിം ലീഗിനു സി.പി.എമ്മിനോടു ഭയഭക്‌തി ബഹുമാനം ഉണ്ടായിരുന്നതെന്ന ചെറിയാന്‍ ഫിലിപ്പിന്റെ വിലയിരുത്തലിനോടു യോജിക്കാം. ആ പ്രദേശത്തിന്റെ വികസനമല്ലാതെ മറ്റൊരു ഗൂഢോദ്ദേശ്യവുമില്ലെന്നാണ്‌ ജില്ലാ രൂപീകരണവേളയില്‍ ലീഗ്‌ നേതാക്കള്‍ പറഞ്ഞത്‌ . ഏതായാലും ലീഗിന്‌ ഒരു കോട്ടയുണ്ടെങ്കില്‍ അതു മലപ്പുറമാണ്‌.
മലപ്പുറം ജില്ലാ രൂപീകരണത്തെ ഏറ്റവും കൂടുതല്‍ ന്യായീകരിച്ചത്‌ സി.പി.എമ്മാണ്‌. ഇന്ത്യക്കകത്ത്‌ മുസ്ലിംകള്‍ക്കു സ്വാധീനമുള്ള പ്രദേശങ്ങളില്‍ അവരുടേതായ പോക്കറ്റുകള്‍ ശക്‌തിപ്പെടുത്തി രാഷ്‌ട്രീയമായ ശിഥിലീകരണത്തിനു വഴിയൊരുക്കുകയെന്ന ലീഗിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രഥമ കാല്‍വയ്‌പ്പാണിതെന്നാണ്‌ സര്‍വ്വോദയ നേതാവ്‌ കെ. കേളപ്പന്‍ നിലപാടെടുത്തത്‌. കമ്യൂണിസ്‌റ്റ്‌ നേതാക്കളായ കെ.പി.ആര്‍. ഗോപാലനും പി.സി. രാഘവന്‍ നായരും ജില്ലയ്‌ക്കുവേണ്ടിയുള്ള വാദത്തെ എതിര്‍ത്തതായി ചരിത്രം.
കോണ്‍ഗ്രസും ജനസംഘവും സി.പി.എമ്മിലെ ഒരു വിഭാഗവും എതിര്‍ത്തിട്ടും ലീഗിനോടുള്ള വാക്കു പാലിക്കാന്‍ സി.പി.എമ്മിനു കഴിഞ്ഞു. എന്നാല്‍, തുടര്‍ന്ന്‌ ഒരു വര്‍ഷത്തിനുള്ളില്‍ ലീഗ്‌ സി.പി.എമ്മിനെ ഉപേക്ഷിച്ചു. പിന്നീട്‌ ലീഗും മലപ്പുറം ജില്ലയും കോണ്‍ഗ്രസിനും യു.ഡി.എഫിനും എത്രമാത്രം രാഷ്‌ട്രീയപിന്തുണ നല്‍കിയെന്നത്‌ ചരിത്രം. നിലവില്‍ മലപ്പുറത്തെ 16 നിയമസഭാ മണ്ഡലങ്ങളില്‍ 12 എണ്ണവും യു.ഡി.എഫിനൊപ്പമാണ്‌.
രണ്ട്‌ ലോക്‌സഭാമണ്ഡലങ്ങളിലും (മലപ്പുറം , പൊന്നാനി ) യു.ഡി.എഫ്‌. തന്നെ. മലപ്പുറം, മഞ്ചേരി മണ്ഡലം ആയിരുന്നപ്പോഴും 2004 ല്‍ (ടി.കെ ഹംസ) ഒഴിച്ച്‌ സി.പി.എമ്മിന്‌ ആഹ്‌ളാദിക്കാന്‍ ഏറെ വകയൊന്നുമുണ്ടായില്ല. വീണ്ടുമൊരു തെരഞ്ഞെടുപ്പു വേളയിലും മലപ്പുറം തങ്ങളെ സ്‌നേഹിക്കുമെന്ന വിശ്വാസം സി.പി.എമ്മിന്‌ എങ്ങനെ ഉണ്ടാകാന്‍ ... മലപ്പുറം ആഹ്‌ളാദകരമാക്കാനുള്ള ചേരുവകള്‍ മറ്റുപാര്‍ട്ടികളെ സംബന്ധിച്ച്‌ തുലോം കുറവാണ്‌.
കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രികയിലെ അപാകം സംബന്ധിച്ച്‌ തുടക്കത്തില്‍ ഒച്ചപ്പാടുണ്ടായെങ്കിലും തീപടര്‍ത്താനുള്ള ശേഷിയോ ആഗ്രഹമോ ആര്‍ക്കും ഉണ്ടായില്ല. കോടിയേരി നല്‍കിയതുപോലുള്ള ഡയലോഗുകളിലാണ്‌ ഇനി പ്രതീക്ഷകള്‍ കുടിയിരിക്കുന്നത്‌. എങ്കിലും വളര്‍ന്നവഴിയെക്കുറിച്ച്‌ മലപ്പുറം മറക്കാനുള്ള മരുന്നുകളൊന്നും ആരുടേയും കൈയിലുണ്ടെന്നു തോന്നുന്നില്ല.

Ads by Google

സാദാ മലയാളി

RAJESH MULAKKULAM
RAJESH MULAKKULAM
Saturday 01 Apr 2017 01.55 AM
YOU MAY BE INTERESTED
TRENDING NOW