മമ്മൂട്ടി അച്ഛനായാലും മുത്തച്ഛനായാലും സ്റ്റൈലായിരിക്കണം. അര്‍മാണി ജാക്കറ്റിട്ട്, കൂളിങ് ഗ്ലാസ് വച്ച് സ്ലോ മോഷനില്‍ തോളും ചെരിച്ചുപോണം. ബാക്ഗ്രൗണ്ടില്‍ ഏതു ഭാഷയാണൊന്നുപോലും മനസിലാകാത്ത റാപ്പ് മുഴങ്ങണം. അതിപ്പോള്‍ കൊച്ചിന്റെ സ്കൂള്‍ ബസ് തടഞ്ഞുനിര്ത്താനെണങ്കിലും മാര്‍ക്കറ്റില്‍ മീന്‍ വാങ്ങാന്‍ പോകാനാണെങ്കിലും. ഇതിനെ അമല്‍ നീരദ് സ്കൂള്‍ ഓഫ് ഫിലിം മേക്കിങ് എന്നു പറയും. ഇരിപ്പിലും കിടപ്പിലും ഒന്നുമല്ല കാര്യം, നടപ്പിലാണ്. ഫുള്‍ ടൈം നടപ്പാണ്. അതും ഗോപീസുന്ദര്‍ ആശാനും സുശീന്‍ ഷാമും താളമിടുന്ന നല്ല ഡോള്‍ബി അറ്റ്മോസ് തായമ്പകയില്‍, സ്ലോ മോഷനില്‍. 'ദി ഗ്രേറ്റ്ഫാദറും' ഇതേ സ്കൂള്‍ സൃഷ്ടിയാണ്. പക്ഷേ അമല്‍ നീരദിന്റെ പടത്തില്‍ നിന്നൊരു വ്യത്യാസമുണ്ട് സംഭവം മൊത്തത്തില്‍ 'സ്ലോ'ആണ്. മോഷന്‍ ഒട്ടുമേ ഇല്ല. പക്ഷേ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ സമകാലീന സാമൂഹിക പ്രാധാന്യം കൊണ്ട് ഈ 'വലിയച്ഛന്' ശ്രദ്ധിക്കാവുന്ന ചിത്രമാണ്, ഒപ്പം എത്ര വേഷം കെട്ടിയാലും എത്ര ആടിത്തീര്ന്നാലും അടച്ചൊതുക്കിവയ്ക്കാനാവാത്ത മമ്മൂട്ടി എന്ന മഹാനടന്റെ സൂക്ഷ്മാഭിനയം കൊണ്ടും. അല്ലാത്തപക്ഷം ഗ്രേറ്റ്ഫാദര്‍ രണ്ടരമണിക്കൂറുള്ള വെറും വേഷം കെട്ടലുകളാണ്. നവാഗതനായ ഹനീഫ് അദേനി രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ഗ്രേറ്റ്ഫാദര്‍ മാസ്ഘടകങ്ങള് ഉള്ള മമ്മൂട്ടി ഷോയാണു ലക്ഷ്യമിട്ടതെങ്കിലും അടിമുടി ആശയക്കുഴപ്പങ്ങളുള്ള സൃഷ്ടിയായാണ് അനുഭവപ്പെട്ടത്.
സമകാലീനകേരളം ചര്‍ച്ച ചെയ്യുന്ന ഏറ്റവും വലിയ ഒരു സാമൂഹികപ്രശ്നമാണ് ഗ്രേറ്റ്ഫാദര്‍ അടിസ്ഥാനപ്രമേയമാക്കുന്നത്. എന്നാല്‍ ആ വിഷയത്തിന്റെ തീവ്രതയും അതിലെ പ്രതികാരബുദ്ധിയുടെ വൈകാരികതയും സൂപ്പര്‍ഹീറോ സിനിമയാക്കി മാറ്റിയതോടെ സത്ത ചോര്‍ന്നുപോയി. ചിത്രസംയോജകനായ ഡോണ്‍ മാക്സ് സംവിധാനം ചെയ്ത 'പത്തു കല്പനകള്' തിയറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോയ സൈക്കോപ്പാത്ത് കൊലപാതകികളെക്കുറിച്ചുള്ള സമീപകാല മലയാളചിത്രമാണ്. ഏറെക്കാലത്തിനുശേഷം തിയറ്ററുകളില്‍ ആവേശത്തോടെ സ്വീകരിച്ചാനയിച്ച മമ്മൂട്ടിചിത്രം 'ഗ്രേറ്റ്ഫാദറും' അതേ കാറ്റഗറിയില്പെടുത്താവുന്നതാണ്. സൈക്കോപാത്തായ ഒരു ബാലപീഡകനെത്തേടിയുള്ള ഒരു റിവഞ്ച് ഡ്രാമ. പക്ഷേ തിരക്കഥയിലെ ശുഷ്കതയും സ്റ്റൈലിഷ് ആക്കാന്വേണ്ടിയുള്ള സിങ്ക് ചെയ്തുപോകാത്ത അവതരണവും കൂടിയായപ്പോള്‍ ആകെത്തുകയില്‍ ഗ്രേറ്റ്ഫാദര്‍ ആശയക്കുഴപ്പമാണ്. ഇതിനു മുമ്പിറങ്ങിയ മമ്മൂട്ടിയുടെ ത്രില്ലര്‍ സിനിമ പുതിയ നിയമത്തിന്റെ പ്രമേയ-ആഖ്യാന പരിസരങ്ങളേയും ഗ്രേറ്റ്ഫാദര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
സാറ, ഡേവിഡ്; ഈ രണ്ടുകഥാപാത്രങ്ങളും അവര്‍ക്കിടയില്‍ വന്നു ഭവിക്കുന്ന ഒരു വേട്ടക്കാരനും ആ വേട്ടക്കാരനായുള്ള വേട്ടയുമാണ് ഗ്രേറ്റ്ഫാദര്‍. ബേബി അനിഖ അവതരിപ്പിക്കുന്ന സാറ എന്ന 'സ്മാര്ട്ട്ഗേളി'ന്റെ സ്റ്റൈലിഷ് പപ്പയാണ് ഡേവിഡ് നൈാനന്. ഡേവിഡിനെക്കുറിച്ച് സാറ നല്കുന്ന വിവരണത്തില്‍ ആള് 'എക്സ് മുംബൈ അധോലോകനാ'ണെന്നു നാം തെറ്റിദ്ധരിക്കാനിടയുണ്ട്. എന്നാല്‍ അങ്ങനെയല്ല കറുത്ത കാറെടുത്താല്‍ വില്ലനും, വെളുത്തകാറും കുട്ടിയുമുണ്ടെങ്കില്‍ കുടുംബസ്ഥനായ ബിസിനിസ്കാരനും മാത്രമാണ് ഡേവിഡ് നൈനാന് എന്നേ തല്ക്കാലം മനസിലാക്കുക തരമുള്ളു.
സൈക്കോപാത്തായ സീരിയല്‍ കില്ലറെ തുടക്കത്തില്‍തന്നെ അവതരിപ്പിച്ചുകൊണ്ടാണു സസ്പെന്സിനു ഗ്രേറ്റ്ഫാദര്‍ തുടക്കമിടുന്നത്. ഏറെ പ്രതീക്ഷ നല്കുന്ന തുടക്കം. എന്നാല്‍ പെട്ടെന്നു സാറയുടെ സ്കൂളിലേയ്ക്കെത്തുമ്പോള് സിനിമ ഏറെക്കുറെ കുട്ടിക്കളിയാകുന്നു. നാടകീയമായ സംഭാഷണങ്ങളും കുട്ടികളുടെ വായില്‍ക്കൊള്ളാത്ത വര്‍ത്തമാനങ്ങളും എഡിറ്ററെ കാണിക്കാത്ത രംഗങ്ങളും കൂടിയാകുമ്പോള്‍ 'വലിയച്ഛന്' ഒരാവശ്യവുമില്ലാതെ ഇഴഞ്ഞുനീളുന്നു. മമ്മൂട്ടി -ആഷിക് അബു ടീമിന്റെ ഡാഡി കൂളിനെ ഓര്മിപ്പിക്കുന്നപോലുള്ള ഡാഡിത്തുടക്കം. ബില്‍ഡറായ ഡേവിഡ് നൈനാനെക്കുറിച്ചുള്ള ബില്‍ഡപ്പ് മകള്‍ സാറ സദാ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഏതുനിമിഷവും ഗ്രേറ്റ്ഫാദര്‍ ബാഷയോ രാജാധിരാജയോ ആയിമാറാം എന്ന ആശങ്കയില്‍ നമ്മളും പെടും. എന്നാല്‍ പൊടുന്നനെ സിനിമയുടെ ഗതിക്കു വിപരീതമായി വളരെ ക്രൂരമായ ഒരു ആക്രമണത്തിന് നൈനാന്റെ കുടുംബം ഇരയാകുകയും തുടര്‍ന്ന് അത്തരത്തിലുള്ള സംഭവങ്ങളുടെ പരമ്പരകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതോടെ ഫീല്‍ ഗുഡ് ഫാമിലി ട്രാക്കില്‍നിന്ന് സിനിമ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിലേക്ക് ഗിയര്‍ മാറ്റുന്നു. ആന്‍ഡ്രൂസ് ഈപ്പന് എന്ന പോലീസുകാരനായി ആര്യയും സഹായിയായി മാളവികയും എത്തുന്നു. മസിലുപെരുപ്പിച്ച് നാക്കിനിടയില്‍ പോയും പേശീമുറുക്കമുള്ള ആന്‍ഡ്രൂസ് ഈപ്പനും ഡേവിഡ് നൈനാനും തമ്മിലുള്ള ക്യാറ്റ് ആന്‍ഡ് മൗസ് ഗെയിമാണ് പിന്നീട്. എന്തിനെന്നുപോലുമറിയാതെ റഫ് ആന്‍ഡ് ടഫ് ആകുന്ന ആന്‍ഡ്രൂസ് നൈനാന്റെ വേഷം കുറച്ചൊന്നുമല്ല ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.
അജ്ഞാതനായ, മൊബൈല്‍ ഫോണിലൂടെ മാത്രം മുഖ്യകഥാപാത്രങ്ങള്ക്കുമുന്നില് ശബ്ദമായി വെളിവാകുന്ന ദുരൂഹനായ പ്രതിനായകനെത്തേടിയാണ് ഡേവിഡ് നൈനാനും ആന്‍ഡ്രൂസും പോകുന്നത്. ഇടവേളയ്ക്കുശേഷം സിനിമയുടെ മൂഡും ഈ തേടല്‍ സൃഷ്ടിക്കുന്ന ത്രില്ലര്‍ മൂഡാണ്. സുശീന്‍ ശ്യാമിന്റെ പശ്ചാത്തലസംഗീതവും റോബി വര്‍ഗീസ് രാജിന്റെ ഗ്രാന്‍ഡ് വിഷ്വലുകളും ഒഴുക്കും സ്വഭാവികതയും ഗാംഭീര്യവും നല്കുന്നു. ഒന്നാംപകുതിയിലെ ഇഴച്ചിലിനുശേഷമെത്തുന്നതുകൊണ്ടാവാം ഈ രംഗങ്ങള്‍ക്കു ചടുലതയുമുണ്ട്. ഒരുപക്ഷേ മുഴുവന്‍ ട്രീറ്റ്മെന്റില്‍ ഈ ഒരു പഞ്ച് കൊണ്ടുവരാന്‍ കൊണ്ടുവരാന്‍ പറ്റിയിരുന്നെങ്കില്‍ മുഴുവന്‍ പാക്കേജും മാറിയേനെ. പകരം സാറയെയും ഡേവിഡിനെയും കൊണ്ടുള്ള അനാവശ്യ ബില്‍ഡ് അപ്പുകളിലേയ്ക്കുപോയി വലിച്ചുനീട്ടി ആദ്യപകുതി മുഷിപ്പിച്ചു.
10 വര്‍ഷം മുമ്പുളള ഏപ്രിലില്‍ ഇറങ്ങിയ അമല്‍ നീരദിന്റെ ബിഗ് ബിയുമായിട്ടുള്ള താരതമ്യമായിരുന്നു ഗ്രേറ്റ്ഫാദറിന് റിലീസിനുമുമ്പുള്ള അസാധാരണമായ ഹൈപ്പ് സൃഷ്ടിച്ചത്. ടീസറും ട്രെയ്ലറും ഡിസൈനര്‍ വേഷങ്ങളിലുള്ള മമ്മൂട്ടിയുടെ ഗെറ്റ്അപ്പുകളും മറ്റും ആരാധകരെ കുറച്ചൊന്നുമല്ല ആവേശിപ്പിച്ചത്. എന്നാല്‍ സിനിമയുടെ അടിസ്ഥാനപ്രമേയം ആവശ്യപ്പെടുന്നത് അത്തരത്തിലൊരു സ്റ്റൈലിഷ് മൂവിയല്ല, മറിച്ച് വളരെ തീവ്രമായ ഒരു പ്രതികാരകഥയാണ്. എന്നാല്‍ ആ തീവ്രതയെ സ്ലോ മോഷനും പഞ്ച് തേടിയുള്ള ക്യാമറ ആംഗിളുകളും കറുത്ത ചില്ലുകൊണ്ടു മറച്ച കണ്ണടകളും ചോര്‍ത്തിക്കളഞ്ഞു. 'അച്ഛനല്ല, അധോലോകനായക'നാണ് വേട്ടക്കാരനെ വേട്ടയാടാനിറങ്ങുന്ന ഗ്രേറ്റ്ഫാദര്‍. അതുകൊണ്ടുതന്നെ വിഷയം തീവ്രമായിട്ടും അച്ഛനൊപ്പം നില്ക്കാന് കെട്ടുകാഴ്ചകള്‍ പ്രചോദനമാകുന്നില്ല.
ശിശുപീഡനത്തെ ന്യായീകരിച്ചു സമീപകാലത്ത് സമൂഹമാധ്യമങ്ങളിലുയര്‍ന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണോ എന്നറിയില്ല, അത്തരത്തിലൊരു രംഗവും സിനിമയില്‍ തിരുകിക്കയറ്റിയിട്ടുണ്ട്. എന്താണ് ആ രംഗം കൊണ്ട് ഉദ്ദേശിച്ചതെന്നും വ്യക്തമല്ല. പോക്സോ കേസ് അന്വേഷിക്കാന്‍ ഇറങ്ങുന്ന ആന്‍ഡ്രൂസ് എന്ന ഇടിയന് പോലീസ് ഇരയായ പെണ്‍കുട്ടിയെ മൊഴിയെടുക്കാന്‍ ഭീഷണിപ്പെടുത്തുന്നത്, ശിശുക്ഷേമ സമിതി ചെറിയ പെണ്‍കുട്ടികളില്‍ നിന്ന് ഭീഷണിപ്പെടുത്തി മൊഴിയെടുക്കുന്നത് തുടങ്ങിയ പോലുള്ള അസംബന്ധ രംഗങ്ങള്‍ സിനിമയിലുണ്ട്. ഇത്തരം കേസുകളില്‍ മൊഴിയെടുക്കല്‍ ഇങ്ങനെയാണ് എന്ന് സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തിയാണിത്.
ഡാഡി കൂളിലെ ആന്റണി സൈമണിനെപ്പോലെ കൂളാണ് ഡേവിഡ് നൈനാന് ആദ്യരംഗങ്ങളില്‍. എന്നാല്‍ കഥാഗതിയിലെ പൊടുന്നനെയുണ്ടാകുന്ന മാറ്റത്തോടെ ഡേവിഡ് നൈനാന് മമ്മൂട്ടി എന്ന തഴക്കം വന്ന താരത്തിനുമാത്രം സാധ്യമാകുന്ന സൂക്ഷ്മാഭിനയത്തിന്റെ ഘട്ടത്തിലെത്തുന്നു. മറ്റു താരങ്ങളില്‍ ആര്യയുടെ ക്യാരക്ടറൈസേഷന് വല്ലാതെ കൃത്രിമമായിപ്പോയി. ഒപ്പമെത്തുന്ന പോലീസ് ഓഫീസറായുള്ള മാളവിക മോഹനന്റെ പ്രകടനത്തിലും വല്ലാത്ത യാന്ത്രികത നിഴലിച്ചു. ഏതോ ദേശീയ പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ കം റിപ്പോര്‍ട്ടറായ, വനിതാ പോലീസ് ഓഫീസറോട് ചൂണ്ടുവഴറ്റി അശ്ളീലം പറയാന്‍ കെല്‍പ്പുള്ള, വിടനായ, ശിശുപീഡകനില്നിന്ന് എക്സ്ക്ലൂസീവുകള്‍ ചുരണ്ടുന്ന പത്രപ്രവര്‍ത്തകനായി കലാഭവന്‍ ഷാജോണ്‍ വ്യത്യസ്തമായ വേഷമാണു കൈാര്യം ചെയ്യുന്നത്. അഞ്ചുസുന്ദരികളിലെ സേതുലക്ഷ്മിയായി സിനിമയിലേക്കു ശ്രദ്ധേയമായ രംഗപ്രവേശം നടത്തിയ ബേബി അനിഖ സാറയായി ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. എന്നാല്‍ ആ കഥാപാത്രത്തിന് എഴുതിച്ചേര്‍ത്ത നാടകസംഭാഷണങ്ങള്‍ സ്വഭാവികത ചോര്‍ത്തിക്കളഞ്ഞു. സ്നേഹയാണു പേരിനുള്ള നായിക. ഒന്നുരണ്ട് അമ്മ സീനുകളില്‍ സ്നേഹ ഒതുങ്ങി. മിയ ജോര്‍ജ്, ഐ.എം. വിജയന്, ബാലാജി, സന്തോഷ് കീഴാറ്റുര്‍ എന്നിവരാണു മറ്റുവേഷങ്ങളില്‍. ആദിമദ്യാന്തം പൊരുത്തക്കേടുകളുടെ ഒരു ശൃംഖലയുണ്ട് സിനിമയില്‍. അവസാനസെക്കന്ഡില് വില്ലനെ വെളിപ്പെടുത്ത പഴയ ആ ശീലില് നിന്നു മുക്തമാകാന്‍ ശ്രമിക്കാത്ത ആ ആഖ്യാന പാളിച്ച ഉത്തരങ്ങളേക്കാളേറെ ചോദ്യങ്ങളാണു സിനിമ അവസാനിക്കുമ്പോള്‍ സൃഷ്ടിക്കുന്നത്.
സബ്സ്റ്റന്‍സുള്ള( കാതലുള്ള) സ്റ്റൈലിഷ് സിനിമ എന്ന ലക്ഷ്യം തീര്‍ച്ചയായും സിനിമയുടെ അണിയറക്കാര്ക്കുണ്ടായിരിക്കണം. സ്റ്റൈലും സബ്സ്റ്റന്‍സും സിനിമയ്ക്ക് ആവോളമുണ്ട്. പോരാത്തതിന് ഇതെല്ലാം ആവശ്യത്തില്‍ കൂടുതലുള്ള മെഗാസ്റ്റാറിന്റെ സാന്നിധ്യവും. എന്നാല്‍ ഇവയെല്ലാം കൂടിച്ചേര്‍ന്ന് മുഴുകിച്ചേര്ന്നിരിക്കാവുന്ന ഒരു സിനിമയാക്കാന്‍ ഹനീഫ് അദേനിക്കും കൂട്ടര്‍ക്കും സാധിച്ചിട്ടില്ല. എങ്കിലും കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ടുമാത്രമാണ് അതിന് സാദാ റിവഞ്ച് ഡ്രാമയ്ക്കു മുകളില്‍ മാര്‍ക്കിടാന്‍ തോന്നുന്നതും. അതുകൊണ്ടുതന്നെയാണ് സിനിമ കണ്ടിരിക്കാവുന്ന ഗണത്തില്‍പ്പെടുത്താം എന്ന് അവസാനവാക്കായി പറയാമെന്നു തോന്നുന്നതും.
evshibu1@gmail.com