Thursday, July 13, 2017 Last Updated 14 Min 17 Sec ago English Edition
Todays E paper
Friday 31 Mar 2017 02.57 PM

''ഞങ്ങളുടെ ഈ അവസ്ഥ ലോകമറിയാന്‍ എന്റെ മോള്‍ക്ക് മരിക്കേണ്ടിവന്നല്ലോ.'' ചിന്താ ജെറോമിനോട് ആ അമ്മ ചോദിച്ചത്‌

uploads/news/2017/03/95244/Weeklychinthjoiram.jpg

ആലപ്പുഴ കലക്‌ട്രേറ്റില്‍ ജില്ലാ അദാലത്ത് കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോഴാണ് അനസ് അലി ഒരു കാര്യം ഓര്‍മ്മിപ്പിച്ചത്.

''ഹരിപ്പാട്ട് ഒരു പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തിട്ടുണ്ട്. നമുക്ക് അവിടംവരെയൊന്ന് പോയാലോ?''

ഞാന്‍ സമ്മതിച്ചു. യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ലാ വോളണ്ടിയറാണ് അനസ് അലി. ഞങ്ങള്‍ ഹരിപ്പാട്ടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തുമ്പോള്‍ ജന നിബിഡമാണ് അവിടം. ആശുപത്രിയില്‍ നിന്നും ബോഡി കൊണ്ടുവന്നിട്ടില്ല.

ഓട്ടോതൊഴിലാളിയാണ് പെണ്‍കുട്ടിയുടെ അച്ഛന്‍. അമ്മയാവട്ടെ വീട്ടുജോലിക്കൊക്കെ പോകും. മൂന്നു മക്കളാണവര്‍ക്ക്. അക്കൂട്ടത്തില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന മൂത്ത കുട്ടിയാണ് മരിച്ചത്. ബാക്കി രണ്ടുപേര്‍ പത്താംക്ലാസിലും ഏഴിലും പഠിക്കുന്ന അനിയന്‍മാരാണ്.

''പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ബോഡി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പക്ഷേ വീട്ടിലേക്ക് കൊണ്ടുവന്നാല്‍ അടക്കാന്‍ സ്ഥലമില്ല.''

അവിടെ കൂടിയിരിക്കുന്നവരില്‍ ആരോ പറഞ്ഞു. കേട്ടപ്പോള്‍ ഞാനും വല്ലാതായി. നാട്ടുകാരെയും ബന്ധുക്കളെയും അലട്ടുന്ന പ്രശ്‌നവും അതാണ്.

നാല്‍പ്പത് കിലോമീറ്റര്‍ അകലെ ആലപ്പുഴയിലാണ് പൊതുശ്മശാനമുള്ളത്. അവിടേക്ക് ബോഡി കൊണ്ടുപോകുന്നത് പ്രായോഗികമല്ല. വര്‍ഷങ്ങളായി ഈ കുടുംബം താമസിക്കുന്നത് വാടകവീട്ടിലാണ്. അവിടെ സംസ്‌കരിക്കാനും പറ്റില്ല.

ഒടുവില്‍ മൃതദേഹം സംസ്‌കരിക്കാനായി വീടിനടുത്തുള്ള ഒരു സ്ഥലം വാങ്ങിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. നാലരലക്ഷം രൂപയാണ് ആ സ്ഥലത്തിന്റെ വില. മാത്രമല്ല, പണം ആദ്യം നല്‍കുകയും വേണം. ഒന്നോ രണ്ടോ മണിക്കൂര്‍ കൊണ്ട് പിരിച്ചെടുത്താല്‍പ്പോലും അത്രയും കാശ് കിട്ടില്ല.

ഞാന്‍ വീടിനകത്തേക്ക് ചെല്ലുമ്പോള്‍ പെണ്‍കുട്ടിയുടെ അമ്മ ആകെ അസ്വസ്ഥയായി ഇരിക്കുകയാണ്. മകള്‍ മരിച്ച സങ്കടത്തില്‍ ഒന്നുറക്കെ കരയാന്‍ പോലും ആ അമ്മയ്ക്ക് കഴിയുന്നില്ല.

ബോഡി വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ എന്തുചെയ്യും എന്ന ആശങ്കയിലാണവര്‍. അതിനുവേണ്ടി അവര്‍ ബന്ധുക്കളെയും പരിചയക്കാരെയുമൊക്കെ ഫോണില്‍ വിളിച്ചുകൊണ്ടിരിക്കുന്നു.

എനിക്ക് വല്ലാത്ത വിഷമം തോന്നി. ബീഹാര്‍ പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് മൃതദേഹം പോലും അടക്കംചെയ്യാന്‍ സ്ഥലമില്ലാത്ത ആളുകളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുള്ളത്. ഇപ്പോഴിതാ കേരളത്തിലുമെത്തിയിരിക്കുന്നു, സമാനസംഭവം.

ഇടയ്ക്ക് ഫോണ്‍ കട്ട് ചെയ്തശേഷം ആ അമ്മ വല്ലാതെ അസ്വസ്ഥപ്പെടുന്നുണ്ട്. നിലവിളിക്കുമ്പോള്‍ ശബ്ദമിടറുന്നു. രണ്ടു കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ ഏറ്റെടുക്കാമെന്ന് ഞാന്‍ ആ അമ്മയ്ക്ക് ഉറപ്പുനല്‍കി. ആ സമയം അമ്മ ചോദിച്ചു.

''ഞങ്ങളുടെ ഈ അവസ്ഥ ലോകമറിയാന്‍ എന്റെ മോള്‍ക്ക് മരിക്കേണ്ടിവന്നല്ലോ.''
ആ ചോദ്യം പൊള്ളിക്കുന്നതായിരുന്നു.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി സഖാവും മന്ത്രി ജി.സുധാകരന്‍ സഖാവും ആ സമയത്ത് അവിടെയുണ്ടായിരുന്നു. അവരും പൊതുപ്രവര്‍ത്തകരും തമ്മിലുള്ള കൂടിയാലോചനയ്‌ക്കൊടുവില്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ മൃതദേഹം സംസ്‌കരിക്കാമെന്ന് ഉറപ്പുനല്‍കി.

അപ്പോഴേ ആ അമ്മയ്ക്ക് സമാധാനമായുള്ളൂ. അതിനുശേഷമാണ് അവര്‍ പരിസരംപോലും മറന്ന് പൊട്ടിക്കരഞ്ഞത്. ആ വീട്ടില്‍ നിന്ന് ഇറങ്ങിവരുമ്പോഴും മനസ്സില്‍ മുഴങ്ങുന്നത് ആ അമ്മയുടെ ചോദ്യമാണ്.

''ഞങ്ങളുടെ അവസ്ഥ ലോകമറിയാന്‍ എന്റെ മോള്‍ക്ക് മരിക്കേണ്ടിവന്നല്ലോ.''

തയ്യാറാക്കിയത്: രമേഷ് പുതിയമഠം

Ads by Google
TRENDING NOW