Monday, June 26, 2017 Last Updated 23 Min 24 Sec ago English Edition
Todays E paper
Wednesday 29 Mar 2017 03.23 PM

ഷൈലയെക്കുറിച്ച് പറയാതെ വയ്യ

uploads/news/2017/03/94606/Weeklyjaferiduki.jpg

സംഗീതം പഠിച്ചിട്ടില്ലെങ്കിലും നന്നായി പാടുമായിരുന്നു, ഷൈല. പ്രത്യേകിച്ചും മാപ്പിളപ്പാട്ടുകളും ലളിതഗാനവും. സംസ്ഥാന യുവജനോത്സവത്തില്‍ വരെ മത്സരിച്ച് സമ്മാനങ്ങള്‍ നേടിയിട്ടുമുണ്ട്. എന്റെ ഇളയ സഹോദരിയാണ് ഷൈല. മുതിര്‍ന്നപ്പോള്‍ പെരുമ്പാവൂരിലേക്കാണ് അവളെ കെട്ടിച്ചയച്ചത്.

അതിനുശേഷവും അവള്‍ കലയെ കൈവിട്ടില്ല. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പഞ്ചായത്തുകള്‍ തോറും യുവജനമേളകള്‍ സംഘടിപ്പിക്കുമായിരുന്നു.

ആ സമയത്ത് ഒപ്പനയിലും മാപ്പിളപ്പാട്ടിലും തിരുവാതിരയിലും ഗ്രൂപ്പ് ഡാന്‍സിലുമൊക്കെ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ടവള്‍. രണ്ടുമക്കളാണവള്‍ക്ക്. അബിയും പൊന്നുവും.

പൊന്നു കൊച്ചുകുഞ്ഞായിരിക്കുന്ന സമയത്താണ് ഷൈലയുടെ മാറിടത്തില്‍ ചെറിയൊരു തടിപ്പുണ്ടായത്. സംശയം തോന്നിയ ഞങ്ങള്‍ ഡോക്ടറെ കാണിച്ചു. ബയോപ്‌സിക്കയച്ചപ്പോള്‍ റിസല്‍ട്ട് വന്നു.

''ചെറിയൊരു കാന്‍സറാണിത്. ഓപ്പറേറ്റ് ചെയ്ത് കളയണം.''
എറണാകുളം ജില്ലയിലെ ഒരാശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഡിസ്ചാര്‍ജാവുന്ന ദിവസം ഷൈലയെ ഡോക്ടര്‍ സമാധാനിപ്പിച്ചു.

''പ്ലാസ്റ്റിക് സര്‍ജറി നടത്തി ബ്രസ്റ്റ് ശരിയാക്കിയെടുക്കാം. ഒരുലക്ഷം രൂപയിലധികം ചെലവുവരും. കുഞ്ഞിന് പാല്‍ കൊടുക്കുന്നതിനാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടേ ഇക്കാര്യം ആലോചിക്കേണ്ടതുള്ളൂ.''

ഒരു വര്‍ഷം കൊണ്ട് ഒരുലക്ഷം രൂപ എങ്ങനെയെങ്കിലുമുണ്ടാക്കാമെന്ന് ഞാന്‍ ഷൈലയ്ക്ക് ഉറപ്പുനല്‍കി. പക്ഷേ ഒരു വര്‍ഷം തികയുന്നതിന് മുമ്പുതന്നെ സര്‍ജറി നടത്തിയ അതേ സ്ഥലത്ത് വീണ്ടും തടിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു.

അതോടെ ഷൈല വല്ലാതായി. ഉടന്‍ തന്നെ എറണാകുളം ജില്ലയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

''ക്യാന്‍സറാണിത്. ഫോര്‍ത്ത് സ്‌റ്റേജായതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല.''
തൊട്ടുമുമ്പ് സര്‍ജറി നടത്തിയപ്പോള്‍ ക്ലീന്‍ ചെയ്തത് ശരിയാവാത്തതുകൊണ്ടാണ് വീണ്ടും മുഴ പ്രത്യക്ഷപ്പെട്ടതെന്നായിരുന്നു ഡോക്ടറുടെ വിശദീകരണം. അതിനുശേഷം കുടുംബത്തിനാകെ സങ്കടമായിരുന്നു.

വേറെയും ആശുപത്രികളില്‍ എത്തിച്ചെങ്കിലും എല്ലായിടത്തുനിന്നും ഒരേ മറുപടിയാണ് ലഭിച്ചത്. ഇനി എന്തുചെയ്യും എന്നാലോചിച്ചപ്പോഴാണ് ചില മന്ത്രവാദികളുടെ കാര്യം ആരോ പറഞ്ഞത്.

എനിക്കതില്‍ വിശ്വാസമില്ലെങ്കിലും ഷൈലയുടെ ജീവനുവേണ്ടി എന്തും ചെയ്യാന്‍ ഒരുക്കമായിരുന്നു. വിവിധ മതവിഭാഗത്തില്‍പെട്ട മന്ത്രവാദികള്‍ കാശ് തരംപോലെ വാങ്ങിച്ചു എന്നല്ലാതെ ഒരു പുരോഗതിയും കണ്ടില്ല.

പെട്ടെന്നാണ് ഒരു ദിവസം വേദന കൂടിയത്. അതോടെ ഷൈലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആ സമയത്ത് ഞാന്‍ ലൊക്കേഷനിലായിരുന്നു.

ഒരു ദിവസം വൈകിട്ടാണ് അവളെ കാണാന്‍ ചെല്ലുന്നത്. ആശുപത്രിക്ക് പുറത്തുനിന്നും ഇടയ്ക്കിടക്ക് ആംബുലന്‍സിന്റെ ശബ്ദം കേള്‍ക്കാം. ഞാന്‍ അടുത്തേക്കുചെന്നപ്പോള്‍ അവള്‍ എന്റെ കൈ മുറുകെപ്പിടിച്ചു.

''ഇക്കാ, ആംബുലന്‍സിന്റെ ശബ്ദം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.''
ഞാന്‍ അവളെ സമാധാനിപ്പിച്ചു. പിന്നീട് മുഴുവന്‍ സമയവും ഷൈലയ്‌ക്കൊപ്പമുണ്ടായിരുന്നു.

പിറ്റേ ദിവസം അവളെ ബാത്ത്‌റൂമിലെത്തിക്കുമ്പോഴാണ് കൈയിലെ പാടുകള്‍ ശ്രദ്ധിച്ചത്. എന്തായിത് എന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടി. മൂന്നാംദിവസം രാവിലെ എന്നെ അടുത്തേക്കുവിളിച്ചു.

''ഇക്കാ, എന്റെ രണ്ടുമക്കളെയും നന്നായി നോക്കണം.''
പറയുമ്പോള്‍ ഷൈലയുടെ കണ്ണുനിറഞ്ഞു. അവളുടെ മുടിയിഴകളില്‍ തലോടി സമാശ്വസിപ്പിച്ചു.
''മോള്‍ അരുതാത്തതൊന്നും ചിന്തിക്കരുത്. ഒന്നും സംഭവിക്കില്ല.''

പൊട്ടിക്കരയണമെന്നുണ്ടായിരുന്നു എനിക്ക്. പക്ഷേ അവളുടെ മുമ്പില്‍ പതറിപ്പോകാന്‍ പാടില്ല. എല്ലാം സഹിച്ചുകൊണ്ട് അവിടെയിരുന്നു. ഇടയ്ക്ക് ദേഷ്യം കൊണ്ട് ഷൈല വിറയ്ക്കുന്നതും കണ്ടു.

''എന്നെ ചതിച്ച ആശുപത്രിക്കാരെ വെറുതെ വിടരുത്.''
പല്ലിറുമ്മിക്കൊണ്ടാണ് അത് പറഞ്ഞത്. അതിനുശേഷം മണിക്കൂറുകള്‍ മാത്രമേ ഷൈല ജീവിച്ചിരുന്നുള്ളൂ. ആശുപത്രിക്കാരുടെ തെറ്റിനാണ് എന്റെ മോള്‍ മുപ്പത്തിരണ്ടാം വയസ്സില്‍ ഞങ്ങളെയൊക്കെ ഉപേക്ഷിച്ച് യാത്രയായത്. അതിലും വലിയൊരു ദുഃഖം ജീവിതത്തിലുണ്ടായിട്ടില്ല.

തയ്യാറാക്കിയത്: രമേഷ് പുതിയമഠം

Ads by Google
TRENDING NOW