കാണാതായ നാട്ടുകാരന് വേണ്ടി ഗ്രാമീണര്‍ നടത്തിയ തെരച്ചില്‍ അവസാനിച്ചത് പെരുമ്പാമ്പിന്റെ വയറ്റിനുള്ളില്‍. കൂറ്റന്‍ പെരുമ്പാമ്പ് വിഴുങ്ങിയ ആളുടെ മൃതദേഹം നാട്ടുകാര്‍ പാമ്പിന്റെ വയറുകീറി പുറത്തെടുത്തു. 18 ഇഞ്ച് വലിപ്പമുള്ള വേട്ടക്കത്തി കൊണ്ട് പാമ്പിനെ കീറിമുറിച്ച് തോലിനുള്ളില്‍ നിന്നും മൃതദേഹം പുറത്തെടുക്കുമ്പോള്‍ ബൂട്ടും ഷോര്‍ട്ടും ടീ ഷര്‍ട്ടും ധരിച്ച നിലയിലായിരുന്നു.
ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ സുലാവേസിയില്‍ ഞായറാഴ്ച രാത്രി പാമോയില്‍ കര്‍ഷകനായ അക്ബര്‍ സാലുബിറോ എന്ന 25 കാരനെ കാണാതാകുകയായിരുന്നു. സാധാരണഗതിയില്‍ സ്വന്തം വീട്ടില്‍ നിന്നും പിന്നിലെ പനങ്കാടുകളിലേക്ക് പതിവായി പോകുകയും വൈകിട്ട് തിരിച്ചെത്തുകയും ചെയ്തിരുന്ന അക്ബറിനെ തിങ്കളാഴ്ച രാത്രി ആയിട്ടും കാണാതെ വന്നതോടെയാണ് നാട്ടുകാര്‍ തെരച്ചില്‍ നടത്തിയത്. ഇതിനിടയില്‍ പനങ്കാട്ടില് പെരുമ്പാമ്പിനെ കണ്ടെത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ വൈറലായി മാറിയിട്ടുണ്ട്.
അക്ബറിനെ പാമ്പ് വിഴുങ്ങിയോ എന്ന സംശയം നാട്ടുകാര്‍ക്ക് തോന്നിയതാണ് വഴിത്തിരിവായത്. പിടികൂടുമ്പോള്‍ വയറ് വീര്‍ത്തിരിക്കുന്നതു സംശയം ബലപ്പെട്ടു. അക്ബറിനെ വീടിന് പിന്നിലെ തോട്ടത്തില്‍ കണ്ടെത്തിയതായി ഫഅയല്ക്കാരന് സട്രിയാവാന് നല്കിയ വിവരമാണ് നിര്‍ണ്ണായകമായ വിവരമായത്. പാമ്പിനെ പിടിക്കുമ്പോള്‍ തന്നെ വയറിലൂടെ അക്ബറിന്റെ ബൂട്ടുകള്‍ പുറത്തു കാണാവുന്ന നിലയിലായിരുന്നു.
വാര്‍ത്തയുടെ വീഡിയോ കണ്ടപ്പോഴാണ് അക്ബറിന്റെ ഭാര്യ പോലും വിവരമറിഞ്ഞത്. ഒരാളുടെ കരച്ചില് ഞായറാഴ്ച രാത്രി കേട്ടിരുന്നതായി ഗ്രാമത്തലവന് സാലുബിറോ ജുനൈദി വ്യക്തമാക്കിയിരുന്നു. പാമ്പിന് ഏഴു മീറ്റര്‍ നീളമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.