Tuesday, May 22, 2018 Last Updated 47 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 26 Mar 2017 01.50 AM

പ്രകാശംപരത്തുന്ന അന്ധകാരനഴി

uploads/news/2017/03/93476/sun2.jpg

ചില എഴുത്തുകാര്‍ പ്രത്യയശാസ്‌ത്രങ്ങളുടെ പിടിയിലാണെന്നാണ്‌ ആക്ഷേപം. ചിലര്‍ കോക്കസുകളുടെ തടവറയില്‍. മറ്റുചിലര്‍ സോഷ്യല്‍ മീഡിയകളില്‍ സ്വയം പ്രദര്‍ശന ശാലകളാകുന്നു. വേറെ ചിലര്‍ വിവാദാത്മകമായ പ്രസ്‌താവനകളിലൂടെ നിറസാന്നിധ്യമായി സാഹിത്യമണ്ഡലത്തില്‍ എന്നും ഉദിച്ചു നില്‍ക്കുന്നു. ആളോഹരി ലാഭമെന്ന അച്ചുതണ്ടില്‍ കിടന്ന്‌ കറങ്ങുന്ന ഇത്തരം എഴുത്തുകാര്‍ എന്നും ആഘോഷിക്കപ്പെടുമ്പോള്‍ അതിനുമപ്പുറം എഴുത്ത്‌ നിയോഗമായിക്കണ്ട്‌, രചനകളിലൂടെ അത്‌ സാക്ഷ്യപ്പെടുത്തി, വളഞ്ഞവഴി കിട്ടുന്ന ലാഭങ്ങള്‍ക്കുവേണ്ടി ഒന്നിനും കീഴ്‌പ്പെടാതെ കൃതികളിലൂടെ മാത്രം വായനക്കാരുമായി സംവാദിക്കുന്ന അപൂര്‍വ്വം ചില എഴുത്തുകാരുണ്ട്‌.
വിവാദങ്ങളുടെ കറപുരളാത്ത, കാലപഴക്കത്തില്‍ ശോഭകെടാതെ, ഇത്തരം നല്ല നാണയത്തുട്ടുകളിലൊരാളാണ്‌ ഇ.സന്തോഷ്‌കുമാര്‍. എഴുതുന്ന രചനകളില്‍ ഹൃദയസ്‌പര്‍ശിയായ ഒരു കഥയുണ്ടാവുകയും, അത്‌ ആകാംക്ഷനിറഞ്ഞ പരിണാമഗുപ്‌തിയോടെ അവതരിപ്പിക്കാന്‍ കഴിയുകയും, എഴുത്തില്‍ തന്റേതായ ശൈലിയും, രൂപ-ഭാവങ്ങളും, ഭാഷയും സൃഷ്‌ടിക്കുകയും ചെയ്‌ത സന്തോഷ്‌ കുമാറിനെ അതുകൊണ്ട്‌ തന്നെ അനാവശ്യമായി ആഘോഷിക്കപ്പെടുന്ന ഒരു വേദികളിലും വായനകാര്‍ക്ക്‌ കണ്ടെത്താനാകില്ല.
ആധുനികതയ്‌ക്കുശേഷം മലയാള സാഹിത്യത്തില്‍ ഇരുട്ടാണെന്നുപറയുന്നവര്‍ക്കു മുന്നില്‍ അഭിമാനത്തോടെ കാണിക്കാന്‍ പ്രകാശംപരത്തുന്ന അനവധി കൃതികള്‍ ഈ എഴുത്തുകാരന്റെ തൂലികയില്‍ നിന്നും പിറവിയെടുത്തിട്ടുണ്ട്‌. ചാവുകളി എന്ന കൃതിയിലൂടെ കഥയ്‌ക്കും, അന്ധകാരനഴി എന്ന രചനയിലൂടെ നോവലിനുമുള്ള കേരള സാഹിത്യ അക്കാദാമി അവാര്‍ഡ്‌ സ്വന്തമാക്കിയത്‌ വഴി അറുപതുവയസ്‌ പൂര്‍ത്തിയായ മലയാള നാടിന്റെ സാഹിത്യ ചരിത്രത്തിന്റെ തങ്കലിപികളിലാണ്‌ ഈ എഴുത്തുകാരന്റെ പേര്‌ കൊത്തിവച്ചിട്ടുള്ളത്‌ . കേരളത്തിലെ ഒരു കാലഘട്ടത്തിലെ തീവ്രമായ ഇടതുപക്ഷ രാഷ്‌ട്രീയവും അതില്‍പ്പെട്ട്‌ ഉലയുന്ന ജീവിതങ്ങളെയും ആസ്‌പാദമാക്കിയാണ്‌ യുവതലമുറയിലെ അത്യപൂര്‍വ പ്രതിഭശാലികളിലൊരാളായ സന്തോഷ്‌കുമാര്‍ അന്ധകാരനഴി എന്ന നോവല്‍ രചിച്ചിരിക്കുന്നത്‌. തൊട്ട്‌ പിന്നില്‍ ആരോ ഒരാള്‍ തന്നെ പിന്തുടരുന്നുവെന്ന ഭീതിയില്‍ ജീവിക്കേണ്ടിവരുന്ന ഒരു വിപ്ലവകാരിയുടെ ജീവിതം പറയുന്ന അന്ധകാരനഴിയുടെ രചനാ രഹസ്യങ്ങളെ കുറിച്ച്‌ എഴുത്തുകാരന്‍ സംസാരിക്കുന്നു.

അന്ധകാരനഴി എന്ന നോവലിന്റെ രചനാവഴികള്‍ എന്തൊക്കെയായിരുന്നു?

അന്ധകാരനഴി എഴുതിയിട്ട്‌ ഒമ്പതു വര്‍ഷമായി. മനുഷ്യജീവിതത്തില്‍ ഒമ്പതു കൊല്ലം വലിയൊരു കാലയളവാണല്ലോ. അന്ധകാരനഴി ഇപ്പോള്‍ക്കാണുന്ന രൂപത്തിലല്ല ആദ്യം എഴുതിയത്‌. അത്‌ ഒരുപാടു മാറ്റങ്ങള്‍ക്കു വിധേയമായിട്ടുണ്ട്‌. എഴുത്തിനിടയിലും എഴുതിത്തീര്‍ന്നതിനു ശേഷവും. പല അധ്യായങ്ങളും ഉപേക്ഷിച്ചു. മാറ്റിയെഴുതി. മുഖ്യമായും ശ്രീനിവാസന്‍ എന്ന കഥാപാത്രത്തെയാണ്‌ നിലനിര്‍ത്തിയത്‌. ഒരാളെ കാണാതാവുന്നു. അയാള്‍ക്ക്‌ എന്തു സംഭവിച്ചുവെന്നുള്ള ഉല്‍ക്കണ്‌ഠ അവസാനിക്കുന്നില്ല. മരിച്ചുപോകുന്നതുപോലെയല്ല അത്‌. മരിച്ചുപോകുമ്പോള്‍ അതിനൊരു തീര്‍ച്ചയുണ്ട്‌. അയാള്‍ ഇനി തിരിച്ചുവരില്ല എന്നത്‌ ഉറപ്പാക്കാം. കാലം ചെല്ലുന്തോറും ആ സത്യത്തോടു പൊരുത്തപ്പെടാന്‍ സാധിക്കും. ദു:ഖത്തിന്റെ തീവ്രത കുറയും. അങ്ങനെയാണല്ലോ മനുഷ്യര്‍ മുന്നോട്ടു പോകുന്നത്‌. നേരേ മറിച്ച്‌ കാണാതെ പോകുന്ന മനുഷ്യര്‍ തിരിച്ചു വന്നേക്കാം എന്ന പ്രതീക്ഷയുണ്ട്‌. നല്ല ഭക്ഷണം കഴിക്കുമ്പോഴും നല്ല വസ്‌ത്രം ധരിക്കുമ്പോഴും വല്ലാത്തൊരു കുറ്റബോധം അയാളുടെ ഉറ്റവരില്‍ ബാക്കിനില്‌ക്കും. നമ്മുടെയെല്ലാം ഗ്രാമങ്ങളില്‍ അന്വേഷിച്ചാല്‍ അങ്ങനെ നാടുവിട്ടുപോയിട്ടുള്ളവരെക്കുറിച്ച്‌ ധാരാളം കഥകള്‍ കേള്‍ക്കാം. അവരുടെ തിരോധാനത്തെക്കുറിച്ചുള്ള മഹാസങ്കടങ്ങളുമായിട്ടാണ്‌ ഓരോ അമ്മയും ഭാര്യയും സ്വന്തം ജീവിതം ജീവിച്ചു തീര്‍ക്കുക. ശ്രീനിവാസന്‍ അങ്ങനെയുള്ള ഒരാളായിരുന്നു. പക്ഷേ, അയാളുടെ കാണാതാവലിന്‌ രാഷ്ര്‌ടീയമാനങ്ങളുണ്ട്‌. കേരളചരിത്രത്തിലെ ചില സംഭവങ്ങളുമായി തീര്‍ച്ചയായും സമാനതകളുണ്ട്‌. അതു നിഷേധിക്കുന്നില്ല. അയാളെ ഭരണകൂടം തന്നെയാണ്‌ ഇല്ലാതാക്കുന്നത്‌, അല്ലെങ്കില്‍ മറച്ചുനിര്‍ത്തിയിരിക്കുന്നത്‌. അതേസമയം അയാള്‍ ത്യജിച്ച ജീവിതത്തിന്റെ ബലത്തില്‍ മുന്നോട്ടുപോയ ആളുകള്‍ക്കോ പ്രസ്‌ഥാനങ്ങള്‍ക്കോ എന്തുസംഭവിച്ചു? ആ ചോദ്യവും പ്രധാനമാണെന്നു ഞാന്‍ വിചാരിക്കുന്നു.
ചെറിയ കുട്ടിയായിരുന്ന കാലം മുതല്‌ക്കേ രാഷ്ര്‌ടീയത്തില്‍ താല്‌പര്യമുള്ള ആളായിരുന്നു ഞാന്‍. കക്ഷിരാഷ്ര്‌ടീയം എന്നും പറയാം. അതൊക്കെയല്ലേ അന്നു മനസ്സിലാക്കാന്‍ സാധിക്കൂ. വീട്ടില്‍ രാഷ്ര്‌ടീയക്കാരുണ്ടായിട്ടൊന്നുമല്ല. മൂന്നാം ക്ലാസ്സ്‌ കഴിയുന്ന സമയത്താണ്‌ അടിയന്തരാവസ്‌ഥ കഴിഞ്ഞതിനുശേഷമുള്ള തെരഞ്ഞെടുപ്പു വരുന്നത്‌. അക്കാലമൊക്കെ നല്ല ഓര്‍മ്മയുണ്ട്‌. അതു സൂചിപ്പിച്ചെന്നേയുള്ളൂ. പക്ഷേ, ഇത്തരം അറിവുകളോ അനുഭവങ്ങളോ ഒന്നുമല്ല നോവലെഴുത്തിന്‌ ആവശ്യം. അതിന്‌ അതിന്റേതായ സന്ദര്‍ഭങ്ങളും രചനാരീതിയുമൊക്കെ കണ്ടെത്തേണ്ടതുണ്ട്‌. പി.കെ ബാലകൃഷ്‌ണന്‍ സൂചിപ്പിക്കുന്നതുപോലെ വലിയൊരു സാധന ആവശ്യമുള്ള തൊഴില്‍ തന്നെയാണത്‌. മഹത്തായ അനുഭവങ്ങള്‍ ഉള്ള ആളുകള്‍ അവയെ ഉപയോഗിച്ച്‌ നോവലുകള്‍ എഴുതുന്നില്ലല്ലോ. അധികാരം എന്ന വ്യവസ്‌ഥ, അതിന്റെ കെണിയില്‍പ്പെട്ടുപോകുന്ന മനുഷ്യര്‍: ഇതെല്ലാം എക്കാലവും സാഹിത്യകൃതികള്‍ക്കു പ്രമേയമായിരുന്നു. അത്തരം പല രചനകളും നമ്മള്‍ വായിച്ചിട്ടുണ്ട്‌, വായിക്കുന്നുണ്ട്‌. ഈ രചനകളുടെ സംസ്‌ക്കാരം - അനുകരണമല്ല - നമ്മുടെ അവബോധത്തിലുണ്ടാവുമല്ലോ. ഇങ്ങനെ പല പല കാരണങ്ങള്‍ കൊണ്ടാണ്‌ ഒരു നോവല്‍ എഴുതിപ്പൂര്‍ത്തിയാവുന്നത്‌. അവയൊക്കെ വിശദീകരിക്കുക എളുപ്പവുമല്ല. ഈ നിമിഷത്തില്‍ ഉള്ള നമ്മള്‍ അതുവരെയുള്ള ജീവിതത്തിന്റെ ആകത്തുകയാണല്ലോ. അതുപോലെ, ഇപ്പോള്‍ എഴുതുന്ന ഒരു വാക്ക്‌, വാക്യം എല്ലാം ഇതുവരെയുള്ള നമ്മുടെ ജീവിതവുമായി വളരെ സൂക്ഷ്‌മമായ തലത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു.
അനുഭവമെഴുത്തല്ല, സാഹിത്യം. നേരേ മറിച്ച്‌ സൂക്ഷ്‌മാനുഭവങ്ങളുടെ എഴുത്താണെന്നു പറയാം. അവ തമ്മില്‍ വലിയ വ്യത്യാസമുണ്ട്‌. കുട്ടികള്‍ ഭാഷ പഠിക്കുമ്പോള്‍ ഓരോ ജീവിതസന്ദര്‍ഭത്തിനും വേണ്ടിയുള്ള ഡയലോഗുകള്‍ കാണാപ്പാഠം പഠിക്കുകയല്ല ചെയ്യുക. അവര്‍ പല പദസംയോഗങ്ങളും പ്രയോഗങ്ങളും അറിയാതെ പഠിക്കുന്നു. വേണ്ടുന്ന ഘട്ടങ്ങളില്‍ അത്‌ ഉപയോഗിക്കുന്നു. അയ്യോ, ഇങ്ങനെയൊരു ജീവിതസന്ദര്‍ഭം ഞാന്‍ അഭിമുഖീകരിച്ചിട്ടില്ലല്ലോ, ഇവിടെ എന്തുപറയും എന്ന്‌ ഒരാളും പറയാറില്ലല്ലോ. അതുപോലെ അപരിചിതമെന്നു തോന്നിക്കുന്ന ഏതു ഘട്ടത്തേയും ആവിഷ്‌ക്കരിക്കാന്‍ പോന്ന സൂക്ഷ്‌മാനുഭവങ്ങള്‍ ഓരോരുത്തരും സ്വായത്തമാക്കിയിരിക്കുന്നു. സൂക്ഷിച്ചു നോക്കിയാല്‍ ഓരോ കഥാപാത്രത്തിനും ഓരോ കഥാസന്ദര്‍ഭത്തിനും എഴുത്തുകാരന്റെ /കാരിയുടെ സൂക്ഷ്‌മാനുഭവങ്ങളുമായി ബന്ധമുണ്ടെന്നു കാണാം. ഉപരിപ്ലവമായ വായനയില്‍ അതു തെളിഞ്ഞു കിട്ടണമെന്നില്ല.

നോവലിന്‌ 'അന്ധകാരനഴി' എന്ന മനോഹരമായ പേര്‌ കണ്ടെത്തുന്നത്‌
എങ്ങനെയാണ്‌?

അന്ധകാരനഴി എന്ന നോവലിന്റെ പേര്‌ എന്റെ സുഹൃത്ത്‌ നരേന്ദ്രന്‍ നിര്‍ദ്ദേശിച്ചതാണ്‌. ആ പേരിലൊരു സ്‌ഥലമുണ്ടല്ലോ, ചേര്‍ത്തലയ്‌ക്കടുത്ത്‌. നോവല്‍ എഴുതിക്കഴിഞ്ഞതിനു ശേഷം ഉചിതമായൊരു പേരു കിട്ടാതെ കുറേ വിഷമിച്ചിരുന്നു. എറണാകുളം ബസ്സ്‌സ്റ്റാന്റില്‍നിന്നും പുറപ്പെടുന്ന ഒരു ബസ്സില്‍ എഴുതിവച്ച സ്‌ഥലപ്പേരില്‍ നിന്നാണ്‌ നരേന്ദ്രന്‌ അതു കിട്ടുന്നത്‌. അതല്ലാതെ ആ സ്‌ഥലവുമായി നോവലിനു ബന്ധമൊന്നുമില്ല. കുറച്ചുകാലം മുമ്പ്‌ ഒരു ചാനലില്‍ നിന്നും വിളിച്ചിരുന്നു. അന്ധകാരനഴി എന്ന സ്‌ഥലത്ത്‌ എന്തോ ടൂറിസം വികസനം വരുന്നുണ്ടത്രേ. അതിനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചു. എന്തിനാണ്‌ എന്നോടു ചോദിക്കുന്നത്‌ എന്നു വിനയത്തോടെ തിരക്കിയപ്പോള്‍, നിങ്ങള്‍ അതിനെക്കുറിച്ചു നോവലെഴുതിയിട്ടുണ്ടല്ലോ എന്ന്‌ വിളിക്കാരന്‍ പറഞ്ഞു. എനിക്ക്‌ ഉല്‍ക്കണ്‌ഠയുണ്ട്‌, എങ്ങും തൊടാതെ ഞാന്‍ മറുപടി പറഞ്ഞു. നാളെ അയാള്‍ക്ക്‌ ഏതെങ്കിലും കോളേജില്‍ ഭാഷാധ്യാപകനായി ജോലി കിട്ടുമെന്നും, ആ ജോലിയില്‍ നില്‌ക്കേണ്ടുന്നതിന്റെ ആവശ്യത്തിനായി അയാള്‍ സാഹിത്യ നിരൂപണങ്ങള്‍ എഴുതാന്‍ തുടങ്ങും എന്നുമുള്ളതായിരുന്നു എന്റെ ഉല്‍ക്കണ്‌ഠയ്‌ക്കുള്ള യഥാര്‍ത്ഥകാരണം.

നോവലിലെ ശിവന്‍ എന്ന കഥാപാത്രത്തിന്റെ രൂപീകരണത്തെക്കുറിച്ച്‌ വിശദമാക്കാമോ?. കേരളത്തില്‍ ജീവിച്ച, ജീവിച്ചുകൊണ്ടിരിക്കുന്ന ചില
നേതാക്കളുമായി ശിവന്‌ സാമ്യമുണ്ടോ?

ശിവന്‍ അങ്ങനെ ഒരു വ്യക്‌തിയല്ല. ഏതു കഥാപാത്രവും പല കഥാപാത്രങ്ങളുടെ മിശ്രിതമായിരിക്കുമല്ലോ, സാഹിത്യത്തില്‍. അന്ധകാരനഴിയിലെ ശിവന്‍ നക്‌സല്‍ പ്രസ്‌ഥാനത്തിലേയോ അതല്ലെങ്കില്‍ മാര്‍ക്‌സിസ്‌റ്റുപാര്‍ട്ടിയിലേയോ ഒക്കെ ചില നേതാക്കളാണെന്നു ധരിച്ചുവശായി കഠിനമായി എന്നോടു പിണങ്ങിയ ചില നല്ല മനുഷ്യര്‍ ഉണ്ട്‌ എന്നെനിക്കറിയാം. തൃശ്ശൂരും പരിസരങ്ങളിലും ചിലപ്പോള്‍ അവരെ കണ്ടുമുട്ടാറുമുണ്ട്‌. ഭാഷയിലും വ്യാകരണത്തിലുമൊക്കെ അഗാധമായ അറിവുകളുള്ളവരാണെന്നു തോന്നുന്നു, പലരും. എനിക്ക്‌ അവരോടു വലിയ സ്‌നേഹമുണ്ട്‌. പക്ഷേ, നേരത്തേ സൂചിപ്പിച്ചതുപോലെ ഏതെങ്കിലും ഒറ്റവ്യക്‌തിയല്ല ശിവന്‍. നമ്മളിലെല്ലാവരിലും ശിവന്റെ അംശങ്ങള്‍ കാണും. അധികാരം മനുഷ്യരെ മാറ്റിവാര്‍ക്കുന്ന മൂശയാണ്‌. 'ഗോദോയെ കാത്ത്‌ ' എന്ന ബെക്കറ്റിന്റെ നാടകത്തിലെ ലക്കി തൊപ്പി അണിയുമ്പോള്‍ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നതു പോലെ, അധികാരത്തിന്റെ കുട ചൂടുമ്പോള്‍ മനുഷ്യര്‍ അപ്പാടെ മാറുന്നു. ആരുടേയും കുഴപ്പമല്ല. അതിന്റെ പരിണതിയാണ്‌ പ്രശ്‌നം. ഈ തൊപ്പിവച്ച മനുഷ്യര്‍ക്കിടയില്‍ വീണുപോവുന്നവരുടെ ജീവിതങ്ങള്‍ വളരെ പ്രധാനമാണ്‌.

നോവലിലെ തുരുത്തിന്റെയും അതിന്റെ ഇരുണ്ട പശ്‌ചാത്തലത്തെിന്റെയും ചിത്രികരണം വായനക്കാരെ വളരെ ആകര്‍ഷിപ്പിച്ചുവല്ലോ?

നോവലില്‍ യാഥാര്‍ത്ഥ്യത്തിന്റെയും അതീതയാഥാര്‍ത്ഥ്യത്തിന്റെയും രണ്ടു തലങ്ങളുണ്ട്‌ എന്നാണ്‌ എന്റെ വിചാരം. കഥകളിലും അത്തരം തലങ്ങള്‍ ഞാന്‍ പരീക്ഷിക്കുക പതിവുണ്ട്‌. തുരുത്തിനു പുറത്തുള്ള ലോകം വാസ്‌തവത്തില്‍ നമുക്കു പരിചയമുള്ളതാണ്‌. നമ്മുടെ നിത്യജീവിതവുമായി ബന്ധമുള്ള ലോകമാണത്‌. നേരേമറിച്ച്‌, അതിനുമപ്പുറത്ത്‌ എന്തു സംഭവിക്കുന്നു എന്നത്‌ തുരുത്തിലൂടെ്‌ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. ആ ലോകത്തില്‍ നിഗൂഢമായ എന്തൊക്കെയോ ചിലതുണ്ട്‌. അവിടുത്തെ വിചിത്രവൃക്ഷങ്ങളും മൃഗങ്ങളും വ്യത്യസ്‌തരായ മനുഷ്യരും എല്ലാം വേറൊരു ലോകത്തെ പ്രതിനിധാനം ചെയ്യുന്നു. അങ്ങനെ പറയുമ്പോഴും ബോധപൂര്‍വ്വമുള്ള നിര്‍മ്മിതിയല്ല, അതൊന്നും. ബാല്യത്തില്‍ ഞാന്‍ വളര്‍ന്ന നാട്ടിന്‍പുറവും അതിലെ ചില ആളുകളുമായുമമെല്ലാം തുരുത്തിനും അതിലെ മനുഷ്യര്‍ക്കും സൂക്ഷ്‌മതലത്തില്‍ സമാനതകള്‍ കാണാം.

അന്ധകാരനഴിയുടെ ഇംഗ്ലീഷ്‌ പരിഭാഷയുടെ വഴികളെകുറിച്ച്‌ പറയാമോ? പുസ്‌തകം
ക്രോസ്‌വേഡ്‌ പുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ വന്നല്ലോ?

അതൊരു വലിയൊരു സംഭവമൊന്നുമായിട്ടില്ല. ആവും എന്നു തെറ്റിദ്ധരിച്ചിട്ടുമില്ല. അങ്ങനെ വന്നു എന്നുമാത്രം. നോവല്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ സീരിയലൈസ്‌ ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ എന്റെ സുഹൃത്ത്‌ ശ്രീ പി.എന്‍ വേണുഗോപാല്‍ ചില അധ്യായങ്ങള്‍ വിവര്‍ത്തനം ചെയ്‌തിരുന്നു. മുമ്പ്‌ ചില കഥകളൊക്കെ അദ്ദേഹം തര്‍ജ്‌ജമ ചെയ്‌തിട്ടുണ്ട്‌. ഒരിക്കല്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ ഇന്‍ഡ്യന്‍ ലിറ്ററേച്ചര്‍ നടത്തിയ ഒരു വിവര്‍ത്തനമത്സരത്തില്‍ എന്റെ ചാവുകളി എന്ന കഥ വിവര്‍ത്തനം ചെയ്‌ത് അദ്ദേഹം സമ്മാനിതനായിട്ടുണ്ടായിരുന്നു. വെറുതേ ഒരു രസത്തിനാണ്‌ അദ്ദേഹം നോവല്‍ മൊഴിമാറ്റം ചെയ്‌തു തുടങ്ങിയത്‌.
ഞാന്‍ പറഞ്ഞിട്ടുപോലുമല്ല. പ്രസിദ്ധീകരിക്കാന്‍ കഴിയും എന്നൊന്നും ഒരു പ്രതീക്ഷയുമില്ലായിരുന്നു. അതു പൂര്‍ത്തിയായപ്പോള്‍ ഇത്രയും വലിയ മനുഷ്യാധ്വാനമല്ലേ, വെറുതേ പോകാന്‍ പാടില്ലല്ലോ എന്ന്‌ ആലോചിച്ചു. സുഹൃത്ത്‌ ബെന്യാമിന്‍ വഴിക്ക്‌ (ആടുജീവിതം ആയിടെ ഇംഗ്ലീഷില്‍ ഇറങ്ങിയിരുന്നു) പെന്‍ഗ്വിന്‌ അയച്ചുകൊടുത്തെങ്കിലും എന്തോ, അവരില്‍ നിന്നും പോസിറ്റീവ്‌ ആയ മറുപടി കിട്ടിയില്ല. എളുപ്പമല്ല, സംഗതി എന്നു മനസ്സിലായി. ഇംഗ്ലീഷ്‌ പ്രസാധനത്തിന്‌ വലിയ കടമ്പകളുണ്ട്‌, നല്ല ലിറ്റററി ഏജന്റോ, ബന്ധങ്ങളോ ഒക്കെ വേണം. ഞാന്‍ വിചാരിച്ചാല്‍ വലിയൊരു പ്രസാധകനിലൂടെ നോവല്‍ വരാന്‍ സാധിക്കില്ല എന്ന്‌ എനിക്കു മനസ്സിലായി. അങ്ങനെ വന്നപ്പോള്‍ രാമദാസ്‌ മുള്ളോത്ത്‌ എന്ന സുഹൃത്ത്‌ അത്ര വന്‍കിടക്കാരല്ലാത്ത പ്രസാധകരെ മാത്രം കേന്ദ്രീകരിച്ച്‌ അവരുടെ വിലാസത്തില്‍ എഴുതുകയായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ദില്ലിയില്‍ നിന്നും നിയോഗി ബുക്‌സുകാര്‍ വിളിച്ച്‌ പ്രസിദ്ധീകരണസന്നദ്ധത അറിയിച്ചു. അങ്ങനെയാണ്‌ ഇംഗ്ലീഷില്‍ വന്നത്‌. ചെറിയ തോതില്‍ ചില റിവ്യൂകളൊക്കെ കിട്ടി. ക്രോസ്‌വേഡ്‌ പുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ വന്നു. അത്രയൊക്കെ സംഭവിച്ചു എന്നുള്ള കാര്യത്തില്‍ സന്തോഷിക്കുന്നു. ഇപ്പോള്‍ മലയാളികളല്ലാത്ത സുഹൃത്തുക്കളെ കാണിക്കാന്‍ ഒരു പുസ്‌തകമായല്ലോ.

വായനക്കാരുടെ പ്രതികരണം എങ്ങനെയായിരുന്നു?

നോവല്‍ വായിച്ച്‌ സ്വാഭാവികമായും കുറേ ആളുകള്‍ വിളിക്കുകയും എഴുതുകയുമൊക്കെ ചെയ്‌തിട്ടുണ്ട്‌. എല്ലാ എഴുത്തുകാര്‍ക്കും അങ്ങനെയുള്ള അനുഭവങ്ങളുണ്ടാവും. സ്‌തുതികളെക്കുറിച്ചൊക്കെ ഇവിടെ എഴുതുന്നതില്‍ എനിക്കു വലിയ താല്‌പര്യമില്ല, കുറേശ്ശേ ലജ്‌ജയും ഉണ്ട്‌. സെല്‍ഫിയെടുക്കാന്‍ സാധിക്കാത്ത ഒരു ക്യാമറയാണ്‌ എനിക്കു പഥ്യം.
അടിയന്തരാവസ്‌ഥക്കാലത്ത്‌ നാടു വിട്ടുപോയി വിദേശത്തൊക്കെ ജോലി ചെയ്‌തു തിരിച്ചുവന്ന ഒരു കമ്മ്യൂണിസ്‌റ്റുകാരന്‍ ഈ നോവല്‍ കത്തിക്കണം എന്ന്‌ ഒരിക്കല്‍ എന്റെ ഒരു സുഹൃത്തിനോടു പറയുകയുണ്ടായി. (തുരുത്തിലേക്കു പോയത്‌ അദ്ദേഹമാണെന്നു തെറ്റിദ്ധരിച്ചോ എന്തോ!) വലിയ പ്രതീക്ഷകള്‍ തന്ന ഒരു പ്രസ്‌താവനയായിരുന്നു അത്‌. അങ്ങനെയൊന്നു കത്തിച്ചുകിട്ടിയാല്‍ വലിയ വിവാദം ഉണ്ടാകും. ധാരാളം പുസ്‌തകങ്ങള്‍ ചെലവാകും, ധനികനാവും എന്നൊക്കെ ഞാന്‍ സ്വപ്‌നം കണ്ടിരുന്നു. ആവുന്നത്ര പ്രകോപനങ്ങള്‍ക്കു ശ്രമിച്ചിട്ടും സഖാവ്‌ പക്ഷേ, മുന്നോട്ടു പോയില്ല. അതുകൊണ്ട്‌, പ്രതീക്ഷ കെട്ടുപോയ ഒരവസ്‌ഥയിലാണ്‌ ഞാനിപ്പോള്‍; ഈ ജന്മത്തില്‍ എനിക്കു പണക്കാരനാകാന്‍ സാധിക്കും എന്നു തോന്നുന്നില്ല.
എന്നാലും, തിരിഞ്ഞുനോക്കുമ്പോള്‍, മൊത്തത്തില്‍ നല്ല സ്വീകരണമായിരുന്നു എന്നു പറയാം. മാതൃഭൂമി വാരികയില്‍ വന്നു, അക്കാദമി പുരസ്‌ക്കാരം കിട്ടി. മലയാളത്തിലെ പ്രധാനപ്പെട്ട വിമര്‍ശകരില്‍ പലരും നിരൂപണങ്ങള്‍ എഴുതി. ചിലര്‍ എഴുതിയിട്ടില്ലെങ്കിലും അഭിപ്രായങ്ങള്‍ നേരിട്ടു പങ്കുവച്ചു. (ഭാവിയില്‍ എഴുതും എന്ന ഭീഷണിയും ഉണ്ട്‌.) തീര്‍ച്ചയായും കുറച്ചുപേര്‍ വിമര്‍ശിച്ചിട്ടുമുണ്ട്‌. അതൊക്കെയുണ്ടാവുമല്ലോ. എല്ലാവരേയും ആദരവോടെ ഓര്‍ക്കുന്നു. അര്‍ഹമായ എത്രയോ രചനകള്‍ പുറത്തുനില്‌ക്കുന്നുണ്ടാവാം എന്നാലോചിക്കുമ്പോള്‍ ഇതെല്ലാം വലിയ കാര്യമല്ലേ?
പതുക്കെപ്പതുക്കെ അത്‌ ആളുകള്‍ ഇനിയും വായിക്കും എന്നാണ്‌ എന്റെ പ്രതീക്ഷ. അങ്ങനെ നോക്കുമ്പോള്‍ നോവലുകള്‍ക്ക്‌ കൂടുതല്‍ ആയുസ്സുണ്ട്‌ എന്നു കരുതാം. ആ പ്രമേയത്തില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ ഒരു നോവല്‍ എഴുതാന്‍ കഴിയണം എന്നതാണ്‌ അടുത്ത ലക്ഷ്യം.

പുതിയ രചനകള്‍?

ഒന്നുരണ്ടു വര്‍ഷമായി കേരളത്തിനു വെളിയില്‍ ജോലി ചെയ്യുകയാണ്‌. എഴുത്തു കുറവായിരുന്നു. ചുറ്റുപാടുമുള്ള മനുഷ്യരും പരിസരങ്ങളും കാലാവസ്‌ഥയും ജീവിതവും എല്ലാം പൊടുന്നനെ മാറിപ്പോയിരിക്കുന്നു. സ്വന്തം ജീവിതത്തനെ കുറച്ചു മാറിനിന്നു വീക്ഷിക്കാന്‍ ശ്രമിക്കുകയാണ്‌ ഇപ്പോള്‍. മറ്റൊരാളുടെ ജീവിതത്തെ നിരീക്ഷിക്കുന്നതുപോലെ. ഇവിടെയിരുന്നു നോക്കുമ്പോള്‍ നമ്മുടെ ബാല്യകൗമാരങ്ങള്‍ക്ക്‌ അവാസ്‌തവികമായ ചില മാനങ്ങള്‍ കൈവരുന്നതുപോലെ തോന്നും. അങ്ങനെ നോക്കുമ്പോള്‍ ദൂരം ഒരു പരിമിതിയല്ല, ബലമാണ്‌. അത്തരം ചില പ്രമേയങ്ങള്‍ ഇപ്പോള്‍ കഥകളായി എഴുതാന്‍ ശ്രമിക്കുന്നുണ്ട്‌. കഥകളെഴുതുന്നതിലൂടെ നമ്മുടെത്തന്നെ പഴയ ജീവിതത്തിന്‌ ചില പുതിയ കുപ്പായങ്ങള്‍ തുന്നിക്കുവാനാണ്‌ ഓരോരുത്തരും ശ്രമിക്കുന്നത്‌ എന്നു തോന്നുന്നു.

എം.എ. ബൈജു

Ads by Google
Sunday 26 Mar 2017 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW