Monday, June 25, 2018 Last Updated 15 Min 27 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 25 Mar 2017 01.40 PM

ഈ മനോവൈകല്യങ്ങള്‍ക്ക് വേണ്ടത് സാമൂഹിക ചികിത്സ

uploads/news/2017/03/93243/opininon1.jpg

സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ കേരളം വീണ്ടുമൊരു ഭ്രാന്താലയമായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹിക അയിത്തവും ജാതിവ്യവസ്ഥയുടെ അനീതികളുമാണ് സ്വാമിയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചതെങ്കില്‍ ഇന്ന് കേരളം മാനസികവൈകൃതത്തിന്റെ ഭ്രാന്താലയമായി മാറിക്കൊണ്ടിരിക്കുകയാണ്. വൈദ്യശാസ്ത്രത്തിന് തിരുത്താന്‍ കഴിയാത്ത ഈ ഭ്രാന്തിന് ഏറ്റവും അനുയോജ്യം സാമൂഹികമായ ചികിത്സയാണ്.

ജീവിക്കാന്‍ അവകാശമില്ലാതെ വലയുന്ന ബാല്യങ്ങളും വിഭ്യാഭ്യാസമേഖലയിലെ ഇടിമുറി സംസ്‌ക്കാരവുമൊക്കെയായി കേരളം വീണ്ടുമൊരു ഇരുട്ടറയിലേക്ക് കൂപ്പുകുത്തുകയാണ്. പുരോഗമനത്തിന്റെ അപ്പോസ്തലന്മാര്‍ എന്ന് ധരിച്ചിരുന്ന നമ്മുടെ സമൂഹത്തിന് എന്ത് സംഭവിച്ചുവെന്നതിനെക്കുറിച്ച് ആഴത്തിലുള്ള പഠനവും അതിന് തൊലിപ്പുറത്തല്ലാതെ ഹൃദയം തുറന്നുള്ള ഒരു ശസ്ത്രക്രിയയും അനിവാര്യമാണ്.

പൂമ്പാറ്റകളെപ്പോലെ പാറിപ്പറന്ന് നടക്കേണ്ട നമ്മുടെ ബാല്യങ്ങളാണ് ഇന്ന് പിച്ചി ചീന്തിക്കപ്പെടുന്നത്. ഓരോ കുട്ടിയും ജനിച്ചുവീഴുമ്പോള്‍ അവരുടെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരിയിലാണ് ദൈവം കുടികൊള്ളുന്നതെന്ന് നിത്യ ചൈതന്യയതി തന്റെ ഗീതാവ്യാഖ്യാനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭാഷയുടെയോ അല്ലെങ്കില്‍ അതുപോലെ മറ്റെന്തെങ്കിലുമോ ബന്ധങ്ങളില്ലാതെ സ്വതന്ത്ര ലോകത്തെ നോക്കികാണുന്ന അവര്‍ക്ക് മാത്രമാണ് ദൈവത്തെ കാണാന്‍ കഴിയുന്നത്.

എന്നാല്‍ ഇന്ന് പിറന്നുവീഴുന്ന ഓരോ കുട്ടിയേയും ചില പൈശാചിക നേത്രങ്ങള്‍ നോക്കികൊണ്ടിരിക്കുന്നുവെന്നത് നമ്മില്‍ ഭീതിയുണര്‍ത്തുന്നതാണ്. ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ കേരളം പോലെ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും വിധേയമായ ഒരു സമൂഹത്തിന് ഭൂഷണവുമല്ല. എന്നാലും ഇവിടെ ഇങ്ങനെയൊക്കെ നടക്കുന്നുവെന്നതും നമ്മള്‍ അതുപോലും ചില്ലികാശുകള്‍ക്ക് വിറ്റ് പണം നേടുന്നുവെന്നതും സത്യമാണ്.

എന്താണ് ഇതിന് കാരണം, എന്നതിനെക്കുറിച്ച് ഇനിയെങ്കിലും സമൂഹം ഒന്നാകെ ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രപഞ്ചോല്‍പ്പത്തിമുതല്‍ തന്നെ ഇത്തരത്തിലുള്ള മാനസികവൈകല്യങ്ങളും അരാജകത്വങ്ങളും ഭൂമിയില്‍ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ ഇത്രയും കാലമായിട്ടും അതില്ലാതാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, അതിന്റെ തോത് വളരുകയുമാണ്. ആ സാഹചര്യത്തിലാണ് ഈ വിഷയത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ച അനിവാര്യമാകുന്നത്.

ഒറ്റപ്പെടല്‍ എന്ന അവസ്ഥയില്‍ പെട്ടുപോകുന്ന കുട്ടികളിലാണ് ഇത്തരം പീഡനങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്. അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും അമ്മാവന്മാരും ചിറ്റപ്പന്മാരും അവരുടെ കുട്ടികളും ഒക്കെ അടങ്ങുന്ന കുട്ടുകുടുംബം എന്നത് ഇന്ന് നമ്മുടെ മനസില്‍പോലും ഇല്ലാതായി. അത്തരത്തില്‍ കൂടിക്കഴിയുന്ന ഒരു സമൂഹത്തില്‍ ഇത്തരത്തിലുള്ള ദുരനുഭവങ്ങളുടെ തോതുകള്‍ കുറയും.

അതിന് പകരം ഇന്ന് അമ്മയൂം അച്ഛനും മക്കളും മാത്രമടങ്ങുന്ന അണുകുടുംബങ്ങളായി. അവിടെ അച്ഛനും അമ്മയ്ക്കും കുട്ടികളുടെ കാര്യം നോക്കാന്‍ സമയമില്ലാതായി, പണമുണ്ടാക്കുകയെന്ന വ്യഗ്രതയില്‍ മക്കള്‍ അവര്‍ക്ക് അന്യമാകുന്നു. അത്തരത്തില്‍ ഒറ്റപ്പെടുന്ന കുട്ടികളെയാണ് ഈ ക്രൂരദംഷ്ട്രങ്ങളുമായി നടക്കുന്ന മാനസികരോഗികള്‍ വലവീശിപ്പിടിക്കുന്നത്. ഒരു തലോടല്‍, ഒരു സ്‌നേഹപ്രകടനം ഒക്കെ കാണുമ്പോള്‍ കുട്ടികള്‍ ബാലസഹജമായ വാസനയോടെ അവരില്‍ ആകൃഷ്ടരാകുകയും അത് പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുന്നു.

അവിടെയാണ് അമ്മയും അച്ഛനും മക്കളെ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയുയരുന്നത്. ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുകതന്നെ വേണം. തങ്ങളുടെ സ്വാതന്ത്ര്യത്തിനായി ഇന്റര്‍നെറ്റും മൊബൈല്‍ഫോണും അവര്‍ ആവശ്യപ്പെടുന്ന മറ്റെന്തും വാങ്ങിക്കൊടുക്ക മാതാ-പിതാക്കള്‍ സൃഷ്ടിക്കുന്നത് ഇരകളുടെ സമുഹത്തെയാണെന്ന് അവര്‍ വ്യക്തമായി തിരിച്ചറിയേണ്ടിയിരിക്കുന്നു.

മാത്രമല്ല, സംഭവം ഉണ്ടായി കഴിഞ്ഞശേഷമാണ് നിയമപരമാ ഇടപെടലുകള്‍ ഉണ്ടാകുന്നത്. അതിനുശേഷം മാത്രമേ പോലീസിന് പ്രവര്‍ത്തിക്കാനും കഴിയുകയുള്ളു. നമ്മുടെ പോലീസ് ഇക്കാര്യത്തില്‍ കാടുന്ന ശുഷ്‌ക്കാന്തി സംബന്ധിച്ച് പലതരത്തിലുള്ള ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അത് പരിഹരിക്കപ്പെടേണ്ടതും കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുമുണ്ട്.

എന്നാല്‍ അതിനൊക്കെ ഉപരിയായി ഇക്കാര്യത്തില്‍ സാമൂഹിക ഇടപെടലുകളാണ് അനിവാര്യം. ഒന്നാമതായി സ്വന്തം മക്കളെ അവര്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ സംരക്ഷിച്ചുനിര്‍ത്താന്‍ ഓരോ മാതാപിതാക്കളും തയാറാകണം. അവരെ നിലവിലെസാമൂഹികസ്ഥിതിയെക്കുറിച്ചും സ്വന്തം കാര്യങ്ങളെക്കുറിച്ചും ബോധവാന്മാരും ബോധവതികളുമാക്കണം.

തങ്ങളുടെ ശരീരത്തില്‍ പാടില്ലാത്ത ഭാഗങ്ങളില്‍ ആരെങ്കിലും സ്പര്‍ശിക്കാന്‍ ശ്രമിച്ചാല്‍ അത് അനുവദിക്കരുതെന്ന് പഠിപ്പിക്കാനും തയാറാകണം. അതോടൊപ്പം അവരുടെ മനസില്‍ ഉടലെടുത്തിരിക്കുന്ന അരക്ഷിതബോധവും ഇല്ലാതാക്കണം. അത്തരത്തില്‍ കുട്ടികള്‍ക്ക് ആന്തരികമായി ഒരു കരുത്ത് നാം പ്രദാനംചെയ്യുമ്പോള്‍ തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ വല്ലാത്ത കുറവുണ്ടാകും. എന്നാലും ഇതിനെയൊക്കെ മറികടക്കുന്ന ചില മാനസികരോഗികളുണ്ട്. അവര്‍ക്ക് കര്‍ശനമായ ശിക്ഷതന്നെ നല്‍കുകയും വേണം.

ഇപ്പോഴത്തെ സംഭവങ്ങള്‍ സശ്രദ്ധം പരിശോധിച്ചാല്‍ ആക്രമണത്തിന്റെ വാര്‍ത്തകള്‍ പ്രധാനമായും വരുന്നത് സമൂഹത്തിലെ ഏറ്റവും താണവിഭാഗങ്ങളില്‍ നിന്നാണ്. കുടുംബം പുലര്‍ത്താന്‍ രാപ്പകല്‍ വിശ്രമമില്ലാതെ പണിയെടുക്കുന്ന ദുര്‍ബലവിഭാഗങ്ങളില്‍ നിന്നുമാണ് ഇത്തരം വാര്‍ത്തകള്‍ അധികമായി വരുന്നത്.

സമൂഹം സൃഷ്ടിച്ച അന്തുലിതാവസ്ഥയില്‍ വിഷമിച്ചിരിക്കുന്ന കുട്ടികളെ തെറ്റായ വഴികളില്‍ എത്തിക്കാന്‍ ചിലര്‍ക്കെങ്കിലും കഴിയുന്നുവെന്നതാണ് ഇതിന്റെ സൂചന. അതുകൊണ്ടുതന്നെ ആ വിഭാഗങ്ങള്‍ക്ക് സ്വയംപര്യാപ്തയുണ്ടാക്കാനുളള നടപടികള്‍ക്ക് ആക്കം കൂട്ടുന്നതിനോടൊപ്പം ശക്തമായ ബോധവല്‍ക്കരണവും അനിവാര്യമാണ്. അനിഷ്ടമായ ഒരു സംഭവം ഉണ്ടായാല്‍ അത് തുറന്നുപറയാന്‍ കുട്ടിക്ക് കഴിയുന്ന തരത്തില്‍ അവരുടെ സുഹൃത്തുക്കളാകണം മാതാപിതാക്കളും അദ്ധ്യാപകരും. അതാണ് ഈ വിഷവിത്തുകള്‍ സമൂഹത്തില്‍ നിന്നും പറിച്ചെറിയാനുള്ള മാര്‍ഗ്ഗം.

അതുപോലെ ഇത്തരം സംഭവങ്ങളെ മണിക്കൂറുകള്‍ ചര്‍ച്ചചെയ്ത് റേറ്റിംഗ് കൂട്ടാന്‍ മെനക്കെടുന്ന മാദ്ധ്യമങ്ങളും മിതത്വം പാലിക്കേണ്ടതുണ്ട്. കുപ്രസിദ്ധിയിലൂടെയാണെങ്കിലും പത്തുപേര്‍ അറിയപ്പെടുന്നവനാകുകയെന്നതാണ് ഇന്ന് ഓരോരുത്തരുടെയും മനശാസ്ത്രം. മാനം വിറ്റ് പണം നേടിയാല്‍ പണം കൊണ്ട് മാനം നേടാമെന്ന് പഴമക്കാര്‍ പറയുന്നതുപോലെ ഒരിക്കല്‍ കുപ്രസിദ്ധനായ ക്രിമിനലുകളും കുറേനാളുകള്‍ കഴിയുമ്പോള്‍ സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തികളാണ്് മാധ്യമങ്ങള്‍ അവരെ അത്തരത്തിലുയര്‍ത്തുകയാണ്.

കുറഞ്ഞപക്ഷം ഈ വിഷയങ്ങളിലെങ്കിലും ഇത്തരം ചര്‍ച്ചകളില്‍ മിതത്വം പാലിക്കണം. തിരുത്തല്‍ ശക്തിയായി മാധ്യമങ്ങള്‍ നിലകൊണ്ട് ഇവ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അല്ലാതെ ഈ വിഷയങ്ങളെ വാര്‍ത്താവില്‍പ്പനയ്ക്ക് ഉപയോഗിക്കുന്നതും അവസാനിപ്പിക്കേണ്ടതുണ്ട്. നെഗറ്റീവ് വാര്‍ത്തകള്‍ക്ക് പകരം ആ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്ന പോസിറ്റീവ് വാര്‍ത്തകള്‍ക്ക് ഊന്നല്‍ നല്‍കുകയാണ്‌വേണ്ടത്.

എന്തായാലും ഇത്തരം സംഭവങ്ങളെ നേരിടാന്‍ നിയമം മാത്രം പോര, ഇതൊന്നും നമ്മുടെ ബാദ്ധ്യതയല്ലെന്ന് പ്രസംഗിച്ച് മാറിനില്‍ക്കുന്ന സമൂഹത്തിന് പകരം വളരെ ഊര്‍ജ്ജസ്വലമായ കണ്ണുകള്‍ തുറന്നുവച്ച് സ്വന്തം മക്കളെ കാത്തുസൂക്ഷിക്കാന്‍ നിലകൊള്ളുന്ന ഒരു സമൂഹമാണ് വേണ്ടത്.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 25 Mar 2017 01.40 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW