Thursday, December 14, 2017 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
ജി. അരുണ്‍
Tuesday 21 Mar 2017 01.55 AM

ആട്ടയും അട്ടിമറിച്ചു : നിഷേധിക്കപ്പെട്ടത്‌ 15 രൂപയ്‌ക്ക് ലഭിക്കേണ്ട ആട്ട

uploads/news/2017/03/91761/k1.jpg

തിരുവനന്തപുരം: റേഷന്‍കടകള്‍ വഴിയുള്ള ഫോട്ടിഫൈഡ്‌ ആട്ട പദ്ധതി സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന്‌ സര്‍ക്കാര്‍ അട്ടിമറിച്ചു. അരിവില വര്‍ധനയില്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്കു ഇതു മറ്റൊരു പ്രഹരമായി. പദ്ധതിക്കായി സിവില്‍ സപ്ലൈസ്‌ കത്തു നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇതേവരെ പദ്ധതിക്ക്‌ അനുവാദം നല്‍കിയില്ല.

സംസ്‌ഥാനത്തെ ലക്ഷക്കണക്കിനു പാവങ്ങള്‍ക്കു കിട്ടേണ്ടിയിരുന്ന ഗുണന്മേയുള്ള ആട്ടയാണ്‌ റേഷന്‍കടകളില്‍ നിന്ന്‌ അപ്രത്യക്ഷമായത്‌. പദ്ധതി നിലച്ചതോടെ ടണ്‍ കണക്കിന്‌ ഗോതമ്പ്‌ കരിഞ്ചന്തയിലേക്ക്‌ ഒഴുകുന്നു. എഫ്‌.സി.ഐ നല്‍കുന്ന ഗോതമ്പ്‌ പൊടിച്ച്‌ അതില്‍ അയണും ഫോളിക്‌ ആസിഡും ചേര്‍ത്തു പോഷകസമ്പന്നമാക്കി വിതരണം ചെയ്യുന്ന പദ്ധതിയാണ്‌ ഭക്ഷ്യ-സിവില്‍ സപ്ലൈസ്‌ ഡയറക്‌ടറേറ്റിലെയും കമ്മിഷണറേറ്റിലെയും ചില ഉദ്യോഗസ്‌ഥര്‍ സ്വകാര്യ ആട്ട കമ്പനികള്‍ക്ക്‌ വേണ്ടി അട്ടിമറിച്ചത്‌. മുന്‍ഗണനക്കാര്‍ക്ക്‌ സൗജന്യമായി ഗോതമ്പ്‌ ലഭിക്കുമ്പോള്‍ ടൈഡ്‌ ഓവറായി ലഭിക്കുന്ന നാലു ലക്ഷം ടണ്‍ ഗോതമ്പ്‌ സര്‍ക്കാരിന്‌ ഇഷ്‌ടമുള്ള രീതിയില്‍ വിനിയോഗിക്കാമായിരുന്നു. ഇങ്ങനെ ലഭിക്കുന്ന ഗോതമ്പാണ്‌ കരിഞ്ചന്തയിലേക്കു പോകാതെ ഫോട്ടിഫിക്കേഷന്‍ പദ്ധതി വഴി ആട്ടയാക്കി കാലങ്ങളായി കിലോയ്‌ക്ക്‌ 15 രൂപയ്‌ക്ക്‌ റേഷന്‍കടകള്‍ വഴി സിവില്‍ സപ്ലൈസ്‌ നല്‍കിക്കൊണ്ടിരുന്നത്‌.

പത്തു വര്‍ഷത്തിനു മുകളിലായി നടക്കുന്ന ജനകീയ പദ്ധതിയായിരുന്നു ഇത്‌. ഭക്ഷ്യഭദ്രതാ നിയമം സംസ്‌ഥാനത്ത്‌ നടപ്പാക്കിയ നവംബര്‍ മാസം വരെ മുന്‍ഗണനക്കാര്‍ക്ക്‌ നല്‍കാന്‍ 10.25 മെട്രിക്‌ ടണ്‍ ഭക്ഷ്യധാന്യമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സംസ്‌ഥാനത്തിന്‌ അനുവദിച്ചിരുന്നത്‌. ഇതില്‍ 20 ശതമാനം ഗോതമ്പും ബാക്കി 80 ശതമാനം അരിയുമായിരുന്നു. മുന്‍ഗണനേതര വിഭാഗത്തിന്‌ ഇത്‌ നാലു ലക്ഷം ടണ്ണുമായിരുന്നു. 6,000 ടണ്‍ ഗോതമ്പായിരുന്നു സംസ്‌ഥാനത്തെ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യാന്‍ സിവില്‍ സപ്ലൈസിനു ലഭിച്ചുകൊണ്ടിരുന്നത്‌.മുന്‍ഗണനേതിര വിഭാഗം ഗോതമ്പ്‌ കാര്യമായി വാങ്ങിയിരുന്നില്ല. ഇതു കരിഞ്ചന്തയിലേക്കായിരുന്നു പോയിക്കൊണ്ടിരുന്നത്‌.

സിവില്‍ സപ്ലൈസ്‌ ഒരു ക്വിന്റല്‍ ഗോതമ്പ്‌ (100 കിലോ) സ്വകാര്യ കമ്പനികള്‍ക്കു കൊടുത്താല്‍ 95 കിലോ ആട്ട മടക്കി നല്‍കണമെന്നായിരുന്നു വ്യവസ്‌ഥ. എഫ്‌.സി.ഐയില്‍ നിന്നും ഗോതമ്പ്‌ ഏറ്റെടുക്കുന്ന സ്വകാര്യ മില്ലുകാര്‍ ഇതുപൊടിച്ച്‌ ആട്ടയാക്കി ഫോട്ടിഫിക്കേഷന്‍ നടത്തി മടക്കി നല്‍കും. എഫ്‌.സി.ഐയില്‍ നിന്ന്‌ 6.90 രൂപയ്‌ക്ക്‌ ലഭിക്കുന്ന ഗോതമ്പ്‌ ഏറ്റെടുത്ത്‌ ഫോട്ടിഫിക്കേഷന്‍ നടത്തി റേഷന്‍കടകള്‍ക്ക്‌ നല്‍കാന്‍ നാലു രൂപ മാത്രമാണ്‌ സിവില്‍ സപ്ലൈസിന്‌ ചെലവായിരുന്നത്‌. അതുകൊണ്ടു തന്നെ (6.90 ഉം നാലും) 11-12 രൂപയ്‌ക്ക്‌ പോഷകസമ്പന്നമായ ആട്ട റേഷന്‍കടകള്‍ വഴി വിതരണം ചെയ്യാവുന്നതാണ്‌.

പൊതുവിപണിയില്‍ 45 രൂപയ്‌ക്ക്‌ മുകളിലാണ്‌ ആട്ടയുടെ ഇപ്പോഴത്തെ വില. എന്നാല്‍ ഭക്ഷ്യഭദ്രതാ നിയമവുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ക്കു ശേഷം കേന്ദ്രം സംസ്‌ഥാനത്തിനുള്ള ഗോതമ്പ്‌ വിഹിതം നിര്‍ത്തിയിരുന്നു. ഗോതമ്പിനു പകരം അരിയായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്‌. ഈ മാസം വരെ അരിയാണ്‌ ലഭിച്ചത്‌. വടക്കേന്ത്യയില്‍ ഗോതമ്പ്‌ വിളവെടുപ്പ്‌ നടക്കുകയും മന്ത്രി പി.തിലോത്തമന്റെ നിരന്തരമായ ഇടപെടലുകളെ തുടര്‍ന്നും ഏപ്രിലില്‍ വിതരണം ചെയ്യാനുള്ള ഗോതമ്പ്‌ കേന്ദ്രം സംസ്‌ഥാനത്തിന്‌ അനുവദിക്കുകയും ഇത്‌ സംസ്‌ഥാനത്തെ എഫ്‌.സി.ഐ ഗോഡൗണുകളില്‍ എത്തിക്കുകയും ചെയ്‌തു. തുടര്‍ന്നും ഫോട്ടിഫിക്കേഷന്‍ പദ്ധതിക്ക്‌ സര്‍ക്കാര്‍ അനുമതി നല്‍കാതെ വന്നതോടെയാണ്‌ ഗോതമ്പ്‌ കരിഞ്ചന്തയിലേക്ക്‌ ഒഴുകുന്ന പ്രവണതയുണ്ടായത്‌.

Ads by Google
ജി. അരുണ്‍
Tuesday 21 Mar 2017 01.55 AM
YOU MAY BE INTERESTED
TRENDING NOW