Friday, June 01, 2018 Last Updated 3 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Mar 2017 01.55 AM

നെഹ്‌റു കോളജ്‌ ചെയര്‍മാന്‍ പി. കൃഷ്‌ണദാസ്‌ റിമാന്‍ഡില്‍

uploads/news/2017/03/91759/k11.jpg

തൃശൂര്‍/ എരുമപ്പെട്ടി/ വടക്കാഞ്ചേരി: വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതിയില്‍ അറസ്‌റ്റിലായ നെഹ്‌റു ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍സ്‌റ്റിറ്റ്യൂഷന്‍സ്‌ ചെയര്‍മാന്‍ കൃഷ്‌ണദാസിനെ വടക്കാഞ്ചേരി ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ ശ്രീദേവി റിമാന്‍ഡ്‌ ചെയ്‌തു. ഇന്നലെ രാത്രി ഒന്‍പതരയോടെയാണു വടക്കാഞ്ചേരി ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്‌. നെഹ്‌റു ഗ്രൂപ്പ്‌ ചെയര്‍മാന്‍ കൃഷ്‌ണദാസ്‌(44), നെഹ്‌റു കോളജിലെ നിയമോപദേശക സുചിത്ര (40), പി.ആര്‍.ഒ. വത്സലകുമാര്‍, പാമ്പാടി കോളജ്‌ കായികാധ്യാപകന്‍ ഗോവിന്ദന്‍കുട്ടി, അഡ്‌മിനിസ്‌ട്രേറ്റീവ്‌ മാനേജര്‍ സുകുമാരന്‍ എന്നിവരെയാണ്‌ വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തിനെ മര്‍ദിച്ചെന്ന കേസില്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. പ്രതികളുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും.
ഒറ്റപ്പാലം ലക്കിടിയിലെ ജവഹര്‍ലാല്‍ കോളേജിലെ അനധികൃത പണപ്പിരിവിനെക്കുറിച്ച്‌ പരാതിപ്പെട്ടതിന്റെ പേരില്‍ കൃഷ്‌ണദാസ്‌ മര്‍ദിച്ചെന്നും നിര്‍ബന്ധിച്ച്‌ പരാതി പിന്‍വലിപ്പിച്ചെന്നും കാര്യമന്വേഷിക്കാനെത്തിയ രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും കാട്ടി എല്‍.എല്‍.ബി. വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയാണു കഴിഞ്ഞ മാസം പരാതി നല്‍കിയത്‌. ജനുവരി മൂന്നിനായിരുന്നു കേസിനാസ്‌പദമായ സംഭവം.
തൃശൂര്‍ റൂറല്‍ എസ്‌പിയുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്. ഇവരെ എരുമപ്പെട്ടി പോലീസ്‌ സ്‌റ്റേഷനില്‍ ചോദ്യം ചെയ്‌തതിനു ശേഷമാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി. ഫ്രാന്‍സിസ്‌ ഷെല്‍ബിക്കാണ്‌ അന്വേഷണച്ചുമതല. തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെ ജാമ്യമില്ലാ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്‌.
തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ എന്‍ജിനീയറിങ്‌ വിദ്യാര്‍ഥി ജിഷ്‌ണു പ്രണോയിയുടെ മരണത്തിന്‌ മൂന്നു ദിവസം മുമ്പ്‌ ഷഹീര്‍ ഷൗക്കത്തലിയെ പി. കൃഷ്‌ണദാസ്‌ ക്രൂരമായി മര്‍ദിച്ചെന്നാണു പരാതി. മാനസികമായി തളര്‍ന്ന താന്‍ ആത്മഹത്യയെപ്പറ്റിപ്പോലും ചിന്തിച്ചിരുന്നെന്നു വ്യക്‌തമാക്കി ഷഹീര്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. പേടിച്ചാണു പരാതിപ്പെടാന്‍ വൈകിയതെന്നും കോളജില്‍നിന്ന്‌ ടി.സി. വാങ്ങിയ ശേഷമാണു പരാതിപ്പെടുന്നതെന്നും ഷഹീര്‍ വ്യക്‌തമാക്കിയിരുന്നു.
ക്രിസ്‌മസ്‌ അവധിനാളില്‍ വിളിച്ച്‌ കൃഷ്‌ണദാസിനെ കാണാന്‍ ആവശ്യപ്പെട്ടിരുന്നു. അവധിയായതിനാല്‍ പോയില്ല. കോളജ്‌ തുറന്ന ദിവസം പാമ്പാടി കോളജിലെ ജീവനക്കാരന്‍ ഓട്ടോറിക്ഷയിലെത്തി ലക്കിടി കോളജില്‍ നിന്ന്‌ കൃഷ്‌ണദാസിന്റെ ഓഫീസിലേക്കു കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. പരാതി പിന്‍വലിക്കുന്നതായി നിര്‍ബന്ധിച്ച്‌ എഴുതിവാങ്ങി. റാഗിങ്ങിനു ക്ഷമ ചോദിക്കുന്നു എന്നു കൂടി എഴുതിനല്‍കണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ്‌ മര്‍ദനം തുടങ്ങി. പലതവണ ചെകിടത്തടിച്ചു, മുട്ടുകാലു കൊണ്ട്‌ വയറ്റത്ത്‌ ഇടിച്ചു, നിലത്തുവീണപ്പോള്‍ ഷൂസിട്ട കാലുകൊണ്ട്‌ തലയില്‍ ചവിട്ടി. ജീവനോടെ പുറത്തുപോകാന്‍ കഴിയില്ലെന്ന്‌ ഉറപ്പായതോടെ എല്ലാ പേപ്പറിലും ഒപ്പിട്ടുനല്‍കേണ്ടി വന്നതായി ഷഹീര്‍ പറയുന്നു.
തെറ്റിദ്ധാരണ മൂലമാണ്‌ പരാതി അയച്ചതെന്ന്‌ എഴുതിയ പേപ്പറുകളില്‍ ഒപ്പിട്ടു കൊടുത്തു. ടി.സി. വാങ്ങിപ്പോകുന്നതായി കാണിച്ച്‌ മറ്റൊരു അപേക്ഷ എഴുതിവാങ്ങി. വിദ്യാര്‍ഥികളെ റാഗ്‌ ചെയ്‌തെന്നു കാണിക്കുന്ന പരാതിയായിരുന്നു അത്‌. രാവിലെ 9.30 മുതല്‍ വൈകിട്ട്‌ അഞ്ചര വരെ തടഞ്ഞുവച്ചെന്നും ഷഹീറിന്റെ പരാതിയില്‍ പറയുന്നു.
എരുമപ്പെട്ടി പോലീസ്‌ സ്‌റ്റേഷനില്‍ രാത്രി ഭക്ഷണം നല്‍കിയശേഷം ഓട്ടുപാറ ഗവ. ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കു വിധേയരാക്കിയശേഷമാണു മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്‌. പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ സി.എന്‍. ബാലഗോപാലന്‍, പി.എസ്‌. ഈശ്വരന്‍, എം. ഹരിഹരന്‍, ഇ.കെ. മഹേഷ്‌, എന്നിവര്‍ ഹാജരായി.

Ads by Google
Tuesday 21 Mar 2017 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW