Monday, December 18, 2017 Last Updated 17 Min 31 Sec ago English Edition
Todays E paper
Ads by Google
ഷാലു മാത്യു
Tuesday 21 Mar 2017 01.54 AM

ഭരണം പോയി; കെ.പി.സി.സി. സാമ്പത്തിക പ്രതിസന്ധിയില്‍, ശമ്പളം കൊടുക്കാനും പണമില്ല

uploads/news/2017/03/91739/kpcc.jpg

കോട്ടയം: അധ്യക്ഷസ്‌ഥാനത്ത്‌ വി.എം. സുധീരന്റെ പിന്‍ഗാമിയാര്‌ എന്ന തര്‍ക്കം മുറുകുന്നതിനിടെ കെ.പി.സി.സി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌. കെ.പി.സി.സി. ഓഫീസിലെ ജീവനക്കാരുടെ ശമ്പളവും മുടങ്ങുന്ന സ്‌ഥിതിയാണ്‌. പാര്‍ട്ടി ചാനലായ ജയ്‌ഹിന്ദും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്‌. അവിടെ രണ്ടു മാസമായി ശമ്പളം മുടങ്ങിയിരിക്കുകയാണ്‌.

കേന്ദ്രത്തിലും സംസ്‌ഥാനത്തും ഭരണം നഷ്‌ടമായതോടെ സംസ്‌ഥാന കോണ്‍ഗ്രസിലേക്കുള്ള സംഭാവനയുടെ ഒഴുക്ക്‌ നിലച്ചിരുന്നു. സംഭാവന സ്വീകരിക്കുന്നതിനു വി.എം. സുധീരന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായി. 2014 ഫെബ്രുവരിയില്‍ രമേശ്‌ ചെന്നിത്തല കെ.പി.സി.സി. അധ്യക്ഷപദവി സുവീരനു കൈമാറുമ്പോള്‍ അക്കൗണ്ടില്‍ ഒന്നരക്കോടിയോളം രൂപയുണ്ടായിരുന്നു. സുധീരന്‍ സ്‌ഥാനമൊഴിയുമ്പോള്‍ അക്കൗണ്ടില്‍ ശേഷിക്കുന്നത്‌ മൂന്നു ലക്ഷത്തില്‍ താഴെ. ജീവനക്കാരുടെ ഈ മാസത്തെ ശമ്പളത്തിനു മാത്രമേ ഇതു തികയൂ. മുപ്പതോളം ജീവനക്കാരാണ്‌ കെ.പി.സി.സി. ആസ്‌ഥാനത്തുള്ളത്‌. ഇതില്‍ അഞ്ചു പേര്‍ സുധീരന്‍ പ്രസിഡന്റായ ശേഷം നിയമിക്കപ്പെട്ടവരാണ്‌.

ഓരോ മാസവും ശരാശരി 60,000 രൂപ വൈദ്യുതി ചാര്‍ജ്‌ അടയ്‌ക്കണം. നേരത്തെ ഇത്‌ ഒന്നര ലക്ഷം രൂപയായിരുന്നു.ആര്യാടന്‍ മുഹമ്മദ്‌ വൈദ്യുതി മന്ത്രിയായിരിക്കേ അംഗീകൃത രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളുടെ വൈദ്യുതി നിരക്ക്‌ കുറച്ചിരുന്നു. ഇതോടെയാണ്‌ കെ.പി.സി.സി. ആസ്‌ഥാനത്തെയും വൈദ്യുതി നിരക്ക്‌ കുറഞ്ഞത്‌.

പുതുതായി നിയമിക്കപ്പെടുന്ന പ്രസിഡന്റ്‌ നേരിടുന്ന പ്രധാന വെല്ലുവിളി കെ.പി.സി.സി. ഓഫീസിന്റെ സാമ്പത്തിക പ്രതിസന്ധിയാകും. കെ. മുരളീധരനില്‍ നിന്നാണ്‌ രമേശ്‌ ചെന്നിത്തല പ്രസിഡന്റ്‌ സ്‌ഥാനം ഏറ്റെടുത്തത്‌. മുരളീധരന്റെ സമയത്തും കെ.പി.സി.സിക്ക്‌ കോടികളുടെ ബാങ്ക്‌ നിക്ഷേപം ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഫണ്ട്‌ പിരിവ്‌ നടത്താന്‍ ആലോചിച്ചിരുന്നെങ്കിലും നോട്ട്‌ നിരോധനമടക്കമുള്ള സാഹചര്യങ്ങളില്‍ പണപ്പിരിവ്‌ വിജയിക്കാന്‍ ഇടയില്ലെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തില്‍ അതു വേണ്ടെന്നുവയ്‌ക്കുകയായിരുന്നു. പാര്‍ട്ടിയുടെ സാമ്പത്തിക അടിത്തറ ശക്‌തമാക്കാന്‍ സി.പി.എം. മാതൃകയില്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികളില്‍ നിന്ന്‌ ലെവി പിരിക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ശക്‌തമാണ്‌.

Ads by Google
ഷാലു മാത്യു
Tuesday 21 Mar 2017 01.54 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW