Saturday, May 26, 2018 Last Updated 21 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Mar 2017 01.54 AM

സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ പ്രത്യേക നിയമനിര്‍മാണം വേണം: സര്‍വകക്ഷിയോഗം

uploads/news/2017/03/91738/pinarayi.jpg

തിരുവനന്തപുരം: സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ പ്രത്യേക നിയമനിര്‍മാണം വേണമെന്നു സര്‍വകക്ഷിയോഗത്തില്‍ പൊതുവികാരം. സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച്‌ സമഗ്രമായ നിയമനിര്‍മാണം കൊണ്ടുവരുമെന്ന്‌ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്‌.
നീറ്റ്‌ അടിസ്‌ഥാനമാക്കി ഇത്തവണത്തെ മെഡിക്കല്‍ പ്രവേശനം നടത്തുന്നതിനെക്കുറിച്ചു വിളിച്ച യോഗത്തില്‍നിന്നു കോണ്‍ഗ്രസും ലീഗും അടക്കം പ്രതിപക്ഷ കക്ഷികള്‍ വിട്ടുനിന്നു. പ്രതിപക്ഷത്തെ യോഗത്തിലേക്ക്‌ ക്ഷണിച്ചതാണെന്നു മുഖ്യമന്ത്രി വിശദീകരിച്ചപ്പോള്‍ പ്രതിപക്ഷത്തെ ക്ഷണിക്കാത്തതു ദൗര്‍ഭാഗ്യകരമാണെന്നു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പ്രതികരിച്ചു.

അടുത്ത അധ്യയന വര്‍ഷം എം.ബി.ബി.എസിനും മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്കും അഖിലേന്ത്യാ പ്രവേശന പരീക്ഷയായ "നീറ്റ്‌" നിര്‍ബന്ധമാക്കിയ പശ്‌ചാത്തലത്തിലായിരുന്നു സര്‍വകക്ഷിയോഗം. രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരിക്കും സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച്‌ സമഗ്രമായ നിയമനിര്‍മാണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നീറ്റ്‌ പരിഗണിക്കുമ്പോള്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക്‌ അവസരം നഷ്‌ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ മാനേജ്‌മെന്റുകളുമായി സംസ്‌ഥാന സര്‍ക്കാര്‍ സീറ്റ്‌ പങ്കിടലിലും ഫീസിലും ധാരണയുണ്ടാക്കി പ്രവേശനം നടത്തുന്ന രീതി ഇത്തവണ അനുവദിക്കില്ലെന്ന്‌ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്‌തമാക്കി. സുപ്രീം കോടതി നിര്‍ദേശാനുസരണം എന്‍.ആര്‍.ഐ. അടക്കം എല്ലാ സീറ്റുകളിലും അഖിലേന്ത്യാ പ്രവേശന പരീക്ഷ നിര്‍ബന്ധമാക്കുകയും സംവരണതത്വങ്ങള്‍ പാലിച്ച്‌ നീറ്റിലെ മെറിറ്റ്‌ അടിസ്‌ഥാനത്തില്‍ കേന്ദ്രീകൃത അലോട്ട്‌മെന്റ്‌ നിര്‍ബന്ധമാക്കുകയും ചെയ്‌തിട്ടുണ്ടെന്നു ശൈലജ പറഞ്ഞു.

സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ പുതിയ നിയമനിര്‍മാണം വേണമെന്ന അഭിപ്രായമാണ്‌ യോഗത്തില്‍ ഉയര്‍ന്നത്‌. വിഷയത്തില്‍ നിയമവിദഗ്‌ധരുമായി ആലോചിച്ചു തീരുമാനമെടുക്കാന്‍ വൈകരുതെന്നു സി.പി.ഐയും എന്‍.സി.പിയും ആവശ്യപ്പെട്ടു. സ്വാശ്രയ കോളജുകള്‍ നേരിട്ട്‌ വിദ്യാര്‍ഥികളില്‍നിന്നു ഫീസ്‌ ഈടാക്കുന്നത്‌ ഒഴിവാക്കി സര്‍ക്കാര്‍ മുഖേനയാക്കണമെന്ന ആവശ്യമാണ്‌ ബി.ജെ.പി. മുന്നോട്ടുവച്ചത്‌. ഈ തുക സ്വാശ്രയ കോളജുകള്‍ക്കു സര്‍ക്കാര്‍ കൈമാറുന്ന രീതിയിലാക്കാന്‍ നിയമഭേദഗതി വരുത്തണമെന്നു ബി.ജെ.പി. പ്രതിനിധി വി.വി. രാജേഷ്‌ ആവശ്യപ്പെട്ടു.

പ്രതിപക്ഷ പ്രതിനിധികള്‍ യോഗത്തിനെത്താത്തതിനാല്‍ ഫീസ്‌ഘടന സംബന്ധിച്ച വിശദ ചര്‍ച്ചകള്‍ നടന്നില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ ഇളവു പരിഗണിക്കണമെന്ന്‌ സി.പി.എമ്മിലെ എം. വിജയകുമാര്‍ ആവശ്യപ്പെട്ടു. സ്വാശ്രയകോളജുകള്‍ ആവശ്യമില്ലെന്ന നിലപാടായിരുന്നു പി.സി. ജോര്‍ജിന്റേത്‌. പാവപ്പെട്ടവര്‍ക്കും എസ്‌.സി /എസ്‌.ടി. വിഭാഗക്കാര്‍ക്കും മെറിറ്റിന്റെ ആനുകൂല്യം ലഭിക്കണം. അല്ലാതെ നിയമനിര്‍മാണം നടത്തിയിട്ടു കാര്യമില്ലെന്നു ജോര്‍ജ്‌ പറഞ്ഞു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, പി. രവീന്ദ്രനാഥ്‌, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കെ.എം. മാണിയുടെ സാന്നിധ്യവും ശ്രദ്ധേയമായി.

യോഗത്തിലേക്കു പ്രതിപക്ഷത്തെ ക്ഷണിക്കാത്തതു ദൗര്‍ഭാഗ്യകരവും അപമാനകരവുമാണെന്നു പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി ചര്‍ച്ച ചെയ്‌താണ്‌ സര്‍വകക്ഷി യോഗത്തിന്റെ തീയതി നിശ്‌ചയിക്കുന്നത്‌. രണ്ടു തവണയായി അതുണ്ടാകുന്നില്ല. ഇന്നലെ സര്‍വകക്ഷിയോഗം വിളിച്ച തീരുമാനം നേരത്തെ അറിയിച്ചിരുന്നില്ല.

മലപ്പുറം ഉപതെരഞ്ഞടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക നല്‍കുന്ന ചടങ്ങിലായിരുന്നു യു.ഡി.എഫ്‌. നേതാക്കളെല്ലാം. ഇന്നലെ ഉച്ചയോടെയാണ്‌ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക്‌ ഇക്കാര്യം വിളിച്ചറിയിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

Ads by Google
Tuesday 21 Mar 2017 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW