Friday, September 22, 2017 Last Updated 17 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Mar 2017 01.28 AM

ഓസ്‌ട്രേലിയയുടെ തകര്‍ക്കാനാകാത്ത പത്മവ്യൂഹം

uploads/news/2017/03/91645/s1.jpg

റാഞ്ചി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന ക്രിക്കറ്റ്‌ ടെസ്‌റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരം സമനിലയില്‍ അവസാനിച്ചു.
അവസാന ദിവസം ഇന്നിങ്‌സ് ജയം സ്വന്തമാക്കാമെന്ന വിരാട്‌ കോഹ്ലിക്കും കൂട്ടരുടെയും സ്വപ്‌നത്തിന്‌ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ തീര്‍ത്ത പ്രതിരോധത്തിന്റെ പത്മവ്യൂഹം തകര്‍ക്കാനായില്ല. അവസാന നിമിഷം വരെ പിടിച്ചുനിന്ന പീറ്റര്‍ ഹാന്‍ഡ്‌സ്കോബിന്റെയും ഷോണ്‍ മാര്‍ഷിന്റെയും മികവാണ്‌ എം.എസ്‌. ധോണിയുടെ നാട്ടില്‍ സമനില നേടാന്‍ ഓസീസ്‌ താരങ്ങള്‍ക്കു കരുത്തായത്‌.
ഒരുഘട്ടത്തില്‍ ഇന്ത്യ വിജയത്തിന്‌ അടുത്തായെങ്കിലും അഞ്ചാം വിക്കറ്റില്‍ 124 റണ്‍ കൂട്ടുകെട്ട്‌ നേടിയ ഹാന്‍ഡ്‌സ്കോബും ഷോണ്‍ മാര്‍ഷും തടയായി. 200 പന്തുകളില്‍ വെറും ഏഴ്‌ ഫോറുകളുടെ അകമ്പടിയോടെ 72 റണ്ണെടുത്ത ഹാന്‍ഡ്‌സ്കോബ്‌ പുറത്താകാതെനിന്നു. 197 പന്തില്‍ ഏഴ്‌ ഫോറുകളുടെ അകമ്പടിയോടെ 53 റണ്ണെടുത്ത ഷോണ്‍ മാര്‍ഷിനെ രവീന്ദ്ര ജഡേജ പുറത്താക്കി. രണ്ട്‌ വിക്കറ്റിന്‌ 23 റണ്ണെന്ന നിലയില്‍ അഞ്ചാം ദിവസം കളി തുടങ്ങിയ ഓസീസിന്‌ രണ്ട്‌ വിക്കറ്റുകള്‍ പെട്ടെന്നു നഷ്‌ടപ്പെട്ടു. 15 റണ്ണെടുത്ത മാറ്റ്‌ റെന്‍ഷായെ ഇഷാന്ത്‌ ശര്‍മ വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ 21 റണ്ണെടുത്ത നായകന്‍ സ്‌റ്റീവന്‍ സ്‌മിത്തിനെ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. ജഡേജയുടെ കുത്തിതിരിഞ്ഞ പന്ത്‌ കളിക്കാതെ വിട്ടതാണു സ്‌മിത്തിനു വിനയായത്‌. പന്ത്‌ ഓഫ്‌ സ്‌റ്റമ്പ്‌ തെറുപ്പിച്ച ശേഷമാണ്‌ സ്‌മിത്ത്‌ വിവരമറിഞ്ഞത്‌. ഹാന്‍ഡ്‌സ്കോബ്‌- മാര്‍ഷ്‌ കൂട്ടുകെട്ട്‌ പിന്നീടാണു നിലയുറപ്പിച്ചത്‌. ഇഷാന്ത്‌ ശര്‍മയുടെ കുത്തിയുര്‍ന്ന പന്തുകളെയും ആര്‍. അശ്വിന്‍, ജഡേജ എന്നിവരുടെ കുഴപ്പിക്കുന്ന പന്തുകളെയും ഇരുവരും സമചിത്തതയോടെ നേരിട്ടു. 126 പന്തിലാണ്‌ ഹാന്‍ഡ്‌സ്കോബ്‌ അര്‍ധ സെഞ്ചുറി നേടിയത്‌. ക്ഷമയുടെ മറുവാക്കായ മാര്‍ഷ്‌ 190 പന്തുകളിലാണ്‌ അര്‍ധ സെഞ്ചുറി നേടിയത്‌.
മാര്‍ഷിനെ മുരളി വിജയുടെ കൈയിലെത്തിച്ച്‌ ജഡേജ കൂട്ടുകെട്ട്‌ പൊളിച്ചെങ്കിലും മത്സരം സമനിലയുടെ വഴിയിലായിരുന്നു. ഗ്ലെന്‍ മാക്‌സ്വെല്‍ രണ്ട്‌ റണ്ണുമായി പുറത്തായെങ്കിലും പിന്നാലെ വന്ന മാത്യു വേഡും (ഒന്‍പത്‌) ഹാന്‍ഡ്‌സ്കോബും ചേര്‍ന്ന്‌ കൂടുതല്‍ നഷ്‌ടങ്ങളുണ്ടാകുന്നതു തടഞ്ഞു.
ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയാണു മത്സരത്തിലെ താരം. കരിയറിലെ മൂന്നാം ഇരട്ട സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയും (202) മൂന്നാം ടെസ്‌റ്റ് സെഞ്ചുറി നേടിയ വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയുമാണ്‌ (117) ഇന്ത്യക്കു ലീഡ്‌ നേടിക്കൊടുത്തത്‌. ഇരുവരും ചേര്‍ന്ന്‌ ഏഴാം വിക്കറ്റില്‍ 199 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. പേസര്‍ ഇഷാന്ത്‌ ശര്‍മ ഓസീസ്‌ ബാറ്റ്‌സ്മാന്‍മാരെ വിഷമിപ്പിച്ചെങ്കിലും പ്രതീക്ഷയായിരുന്ന ഓഫ്‌ സ്‌പിന്നര്‍ ആര്‍. അശ്വിന്‍ തീര്‍ത്തും നിറംമങ്ങി. രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ്‌ മാത്രമാണ്‌ അശ്വിന്‍ നേടിയത്‌.
നാല്‌ ടെസ്‌റ്റുകളുടെ പരമ്പര 1-1 നു തുല്യനിലയിലാണ്‌. 25 ന്‌ ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ തുടങ്ങുന്ന അവസാന ടെസ്‌റ്റ് ഇതോടെ നിര്‍ണായകമായി. ഇരുകളിക്കാരും തമ്മില്‍ കളിക്കളത്തില്‍ ചൂടന്‍ രംഗങ്ങളുണ്ടായി. പേസര്‍ ഇഷാന്ത്‌ ശര്‍മയും റെന്‍ഷായും തമ്മിലായിരുന്നു ഇന്നലെ കോര്‍ത്തത്‌.
ഇഷാന്തിനെ പ്രകോപിപ്പിച്ച റെന്‍ഷായ്‌ക്ക് പക്ഷേ അദ്ദേഹത്തിന്റെ തന്നെ പന്തില്‍ പുറത്താകേണ്ടി വന്നു. ഇടംകൈയന്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജ ആകെ ഒന്‍പത്‌ വിക്കറ്റും ഒരു അര്‍ധ സെഞ്ചുറിയുമായി തിളങ്ങി. ഒന്നാം ഇന്നിങ്‌സില്‍ അഞ്ച്‌ വിക്കറ്റെടുത്ത ജഡേജ രണ്ടാം ഇന്നിങ്‌സില്‍ നാല്‌ വിക്കറ്റെടുത്തു.
സ്‌കോര്‍ ബോര്‍ഡ്‌:

ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 451. ഇന്ത്യ
ഒന്നാം ഇന്നിങ്‌സ് ഒന്‍പതിന്‌ 603 ഡിക്ലയേഡ്‌.
ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ്- ഡേവിഡ്‌ വാര്‍ണര്‍ ബി ജഡേജ 14, റെന്‍ഷോ എല്‍.ബി. ഇഷാന്ത്‌ ശര്‍മ എല്‍.ബി. 15, ലിയോണ്‍ ബി ജഡേജ 2, സ്‌റ്റീവന്‍ സ്‌മിത്ത്‌ ബി ജഡേജ 21, ഷോണ്‍ മാര്‍ഷ്‌ സി വിജയ്‌ ബി ജഡേജ 53, ഹാന്‍ഡ്‌സ്കോബ്‌ നോട്ടൗട്ട്‌ 72, ഗ്ലെന്‍ മാക്‌സ്വെല്‍ സി വിജയ്‌ ബി അശ്വിന്‍ 2, മാത്യു വേഡ്‌ നോട്ടൗട്ട്‌ 9. എക്‌സ്ട്രാസ്‌: 16. ആകെ (100 ഓവറില്‍) ആറിന്‌ 204. വിക്കറ്റ്‌ വീഴ്‌ച: 1-17, 2-23, 3-59, 4-63, 5-187, 6-190. ബൗളിങ്‌: ആര്‍. അശ്വിന്‍ 30-10-71-1, രവീന്ദ്ര ജഡേജ 44-18-54-4, ഉമേഷ്‌ യാദവ്‌ 15-2-36-0, ഇഷാന്ത്‌ ശര്‍മ 11-0-30-1.

Ads by Google
Advertisement
Tuesday 21 Mar 2017 01.28 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW