Tuesday, April 04, 2017 Last Updated 22 Min 27 Sec ago English Edition
Todays E paper
Tuesday 21 Mar 2017 01.28 AM

ബാഴ്‌സ രണ്ടടി മാത്രം പിന്നില്‍

uploads/news/2017/03/91644/s4.jpg

മാഡ്രിഡ്‌: സ്‌പാനിഷ്‌ ഫുട്‌ബോള്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍ ബാഴ്‌സലോണയ്‌ക്കു തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകമായ ന്യൂക്യാമ്പില്‍ നടന്ന മത്സരത്തില്‍ വലന്‍സിയയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണു ബാഴ്‌സ തോല്‍പ്പിച്ചത്‌.
ബാഴ്‌സയ്‌ക്കു വേണ്ടി സൂപ്പര്‍ താരം ലയണല്‍ മെസി രണ്ട്‌ ഗോളും ലൂയിസ്‌ സുവാരസ്‌, ആന്ദ്രെ ഗോമസ്‌ എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു. എലിക്വിം മംഗല, മുനീര്‍ എല്‍ ഹദാദി എന്നിവരിലൂടെയാണ്‌ വലന്‍സിയ രണ്ട്‌ ഗോള്‍ തിരിച്ചടിച്ചത്‌. ഒന്നാംസ്‌ഥാനത്തുള്ള റയാല്‍ മാഡ്രിഡും ബാഴ്‌സയും തമ്മിലുള്ള അന്തരം രണ്ട്‌ പോയിന്റ്‌ മാത്രമായി. 27 കളികളില്‍നിന്ന്‌ 65 പോയിന്റാണു റയാല്‍ സ്വന്തമാക്കിയത്‌. ബാഴ്‌സലോണ 28 കളികളില്‍നിന്ന്‌ 63 പോയിന്റ്‌ നേടി. അത്രയും കളികളില്‍ 57 പോയിന്റ്‌ നേടിയ സെവിയ മൂന്നാംസ്‌ഥാനത്തു തുടരുകയാണ്‌. 29-ാം മിനിട്ടില്‍ എവര്‍ മംഗലയിലൂടെ വലന്‍സിയ മുന്നിലെത്തി. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ സിറ്റിയില്‍നിന്ന്‌ വായ്‌പ അടിസ്‌ഥാനത്തില്‍ വന്ന മംഗല തകര്‍പ്പന്‍ ഹെഡറിലൂടെയാണ്‌ ബാഴ്‌സ വലകുലുക്കിയത്‌. 35-ാം മിനിട്ടില്‍ ലൂയിസ്‌ സുവാരസ്‌ സമനില പിടിച്ചു. ആദ്യ പകുതിയുടെ അവസാന മിനിട്ടില്‍ വലന്‍സിയ ബോക്‌സില്‍ സുവാരസിനെ വീഴ്‌ത്തിയതിന്‌ മംഗലയ്‌ക്കു ചുവപ്പ്‌ കാര്‍ഡ്‌ ലഭിച്ചു. ഫൗളിനു ലഭിച്ച പെനാല്‍റ്റി മെസി ലക്ഷ്യത്തിലെത്തിച്ചു. ബാഴ്‌സയുടെ ലീഡിന്‌ ഒരു മിനിട്ട്‌ മാത്രമായിരുന്നു ആയുസ്‌.
എല്‍ ഹദാദി സമനില ഗോളടിച്ചതോടെ മത്സരം ആവേശകരമായി. 52-ാം മിനിട്ടില്‍ മെസി രണ്ടാം ഗോളടിച്ചതോടെ ബാഴ്‌സ മത്സരത്തില്‍ ആധിപത്യം സ്‌ഥാപിച്ചു. കളി തീരാന്‍ ഒരു മിനിട്ട്‌ ബാക്കി നില്‍ക്കേ ആന്ദ്രെ ഗോമസ്‌ വിജയമുറപ്പാക്കിയ ഗോളടിച്ചു. കഴിഞ്ഞ സീസണ്‍ വരെ വലന്‍സിയയുടെ താരമായിരുന്നു ആന്ദ്രെ ഗോമസ്‌. മെസി-സുവാരസ്‌- നെയ്‌മര്‍ ത്രയത്തെ മുന്നില്‍ നിര്‍ത്തിയ 3-4-3 ഫോര്‍മേഷനിലായിരുന്നു ബാഴ്‌സ കോച്ച്‌ ലൂയിസ്‌ എന്റികെ്വ താല്‍പര്യപ്പെട്ടത്‌. നാലു പേരെ മുന്നില്‍നിര്‍ത്തിയ 4-3-3 ഫോര്‍മേഷനായിരുന്നു വലന്‍സിയ കോച്ച്‌ വോറോ കരുതിവച്ചത്‌. കളിയുടെ തുടക്കത്തില്‍ സുവാരസിന്റെ മികച്ച മുന്നേറ്റങ്ങള്‍ വലന്‍സിയ ഗോള്‍ മുഖത്തെ വിറപ്പിച്ചിരുന്നു. സുവാരസിന്റെ ഗോളെന്നുറച്ച ഒന്നിലധികം ഷോട്ടുകള്‍ ഗോള്‍ കീപ്പര്‍ ഡീഗോ ആല്‍വ്‌സ് ശ്രമപ്പെട്ടു തടുത്തു. കളിയുടെ ഗതിക്കു വിപരീതമായാണ്‌ ആദ്യ ഗോള്‍ വീണത്‌. ഡാനിയേല്‍ പജേറോ ബാഴ്‌സ ഗോള്‍മുഖത്തേക്കു മറിച്ചു നല്‍കിയ പന്ത്‌ മംഗല തകര്‍പ്പന്‍ ഹെഡറിലൂടെ വലയിലാക്കിയപ്പോള്‍ ബാഴ്‌സ ആരാധകര്‍ ഞെട്ടി. മംഗലയെ നിഴല്‍ പോലെ പിന്തുടര്‍ന്ന ഐവാന്‍ റാകിറ്റികിന്‌ ഒരു നിമിഷം പിഴച്ചതാണു ഗോളില്‍ കലാശിച്ചത്‌.
മംഗലയുടെ ഹെഡര്‍ ബാഴ്‌സ ഗോള്‍ കീപ്പര്‍ ടെര്‍ സീറ്റഗനെ മറികടന്ന്‌ പോസ്‌റ്റിന്റെ വലതു മൂലയില്‍ പതിച്ചു. ഗോളടിച്ച്‌ പത്ത്‌ മിനിട്ട്‌ തികയും മുമ്പ്‌ മംഗല മെസിയെ കൈമുട്ടിന്‌ ഇടിച്ച്‌ മഞ്ഞക്കാര്‍ഡ്‌ വാങ്ങി. 44-ാം മിനിട്ടിലാണ്‌ അദ്ദേഹം സുവാരസിനെ വീഴ്‌ത്തി ചുവപ്പ്‌ കാര്‍ഡ്‌ വാങ്ങുകയും ബാഴ്‌സയ്‌ക്കു പെനാല്‍റ്റി സമ്മാനിക്കുകയും ചെയ്‌തത്‌. മെസിയെടുത്ത സ്‌പോട്ട്‌ കിക്ക്‌ ഡീഗോ ആല്‍വ്‌സിന്റെ കണക്കു കൂട്ടല്‍ തെറ്റിച്ച്‌ വലയില്‍ കയറി. 52-ാം മിനിട്ടിലാണു ബാഴ്‌സ ലീഡ്‌ നേടിയത്‌. ഷാവിയര്‍ മഷ്രാനോയുടെ ബുദ്ധിപരമായ മുന്നേറ്റം ഗോളിനു വഴിയായി. മെസിയുടെ ഇടംകാലനടി വലന്‍സിയ വലയില്‍ പതിച്ചതോടെ ബാഴ്‌സ ആരാധകര്‍ ജയം ഉറപ്പിച്ചു. ശനിയാഴ്‌ച വൈകി നടന്ന മത്സരത്തില്‍ റയാല്‍ മാഡ്രിഡ്‌ അത്‌ലറ്റിക്കോ ബില്‍ബാവോയെ 2-1 നു തോല്‍പ്പിച്ചിരുന്നു. റയാലിനു വേണ്ടി കാരിം ബെന്‍സൈമയും കാസ്‌മിറോയും ഗോളടിച്ചു. അറിറ്റ്‌സ് അഡുറിസ്‌ ബില്‍ബാവോയ്‌ക്കു വേണ്ടി ഒരു ഗോള്‍ മടക്കി.

Ads by Google
Tuesday 21 Mar 2017 01.28 AM
YOU MAY BE INTERESTED
TRENDING NOW