Tuesday, June 12, 2018 Last Updated 12 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 20 Mar 2017 03.20 PM

കഥ തുടരുന്നു; മദ്രാസിലും

uploads/news/2017/03/91604/weeklysathyanadikadINW.jpg

പേരിനൊപ്പം സത്യന്‍ കൊണ്ടുനടക്കുന്നത് ഒരു ഗ്രാമത്തെയാണ്. വയല്‍വരമ്പുകളും കുളങ്ങളും ഉത്സവങ്ങളും സര്‍ക്കാര്‍ സ്‌കൂളും നിഷ്‌കളങ്കരായ മനുഷ്യരുമുള്ള അന്തിക്കാട് ഗ്രാമം.

എത്ര ദൂരേക്ക് പോയാലും ഈ പച്ചപ്പ് സത്യനെ പിടിച്ചുവലിച്ചുകൊണ്ടേയിരിക്കും. ഗ്രാമം ഒരു വികാരമായി മാറുമ്പോള്‍ സിനിമകളിലേക്കും കടന്നുവരുന്നത് സ്വാഭാവികം. അതുകൊണ്ടാണ് തൃശൂരും കൊച്ചിയും പോലുള്ള നഗരങ്ങള്‍ അടുത്തുണ്ടായിട്ടും താമസം അന്തിക്കാട്ടുതന്നെയാക്കിയത്.

എങ്കിലും നഗരത്തെ തള്ളിപ്പറയാന്‍ അദ്ദേഹം തയ്യാറാവുന്നുമില്ല. നഗരം ഈ സംവിധായകന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ചും മദ്രാസ് നഗരം. അവിടെ നിന്നാണ് സിനിമയുടെ പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്നത്. സത്യനെ സംവിധാനം പഠിപ്പിച്ച നഗരത്തിലേക്ക്.

ഒരുകാലത്ത് മോഹിപ്പിച്ച നഗരമായിരുന്നു മദ്രാസ് എന്നു പറഞ്ഞാല്‍?


സമ്മതിക്കും. കാരണം അന്ന് സിനിമയുടെ ഈറ്റില്ലമാണവിടം. പ്രേംനസീറിനെയും അടൂര്‍ഭാസിയെയും പോലുള്ള നടന്‍മാര്‍. കെ.എസ്.സേതുമാധവനെയും ഹരിഹരനെയും പോലുള്ള സംവിധായകര്‍.

ഇവരൊക്കെ താമസിക്കുന്നത് അവിടെയാണ്. മദ്രാസ് നഗരത്തില്‍ ഇഷ്ടംപോലെ തിയറ്ററുകളുണ്ടായിരുന്നു. അവിടെപ്പോയി സിനിമകള്‍ കാണാം. സംവിധായകരെയും നടന്‍മാരെയും കാണാം. സ്റ്റുഡിയോയില്‍ പോകാം. അന്നത്തെ അഭിനിവേശം ഇപ്പോഴുമുണ്ട്, മദ്രാസിനോട്.

അതുകൊണ്ടാണ് എന്റെ എല്ലാ സിനിമകളുടെയും ഫൈനല്‍ എഡിറ്റിംഗ് മദ്രാസിലാക്കുന്നത്. എഡിറ്റര്‍ രാജഗോപാല്‍ മദ്രാസിലാണ് താമസം. സാങ്കേതികവിദ്യ പുരോഗമിച്ചതിനാല്‍ ഒരു കമ്പ്യൂട്ടറുണ്ടെങ്കില്‍ എവിടെ വച്ചും എഡിറ്റ് ചെയ്യാം.

എങ്കിലും മദ്രാസില്‍ വച്ചേ ഞാനത് ചെയ്യാറുള്ളൂ. മിക്‌സിംഗ് പ്രിയന്റെ സ്റ്റുഡിയോയിലും. മദ്രാസില്‍ പോയി തിരിച്ചുവരുമ്പോഴാണ് ഒരു വര്‍ക്ക് തീര്‍ത്തു എന്ന ഫീലുണ്ടാവുന്നത്.

ശശികലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നപ്പോഴാണ് ചെന്നൈ നഗരത്തോട് ദേഷ്യം തോന്നിയത്. ഇത്രയും വിഡ്ഢികളായിപ്പോകുമോ ജനങ്ങള്‍? ഒരു ഗ്രൂപ്പ് തമിഴ്‌നാട് പിടിച്ചടക്കുന്നു എന്ന തോന്നലാണ് എനിക്കുണ്ടായത്.

തികച്ചും ഗ്രാമീണനായ പത്തൊമ്പതുകാരന്‍, മദ്രാസ് എന്ന വലിയ നഗരത്തെ എങ്ങനെ ഉള്‍ക്കൊണ്ടു?


മദ്രാസിലേക്ക് വണ്ടി കയറുമ്പോള്‍ വീട്ടുകാര്‍ക്കായിരുന്നു ടെന്‍ഷന്‍. അന്ന് സിനിമാരംഗത്തെക്കുറിച്ച് നല്ല അഭിപ്രായമല്ല. മദ്യപാനവും വ്യഭിചാരവുമൊക്കെ നടക്കുന്ന ഒരിടം. ഞാന്‍ ട്രെയിനിലിരുന്ന് ആലോചിച്ചു. വീട്ടുകാര്‍ ഭയപ്പെടുന്ന ഒന്നിലും ഞാന്‍ പെട്ടുപോകില്ല.

ഉറച്ച തീരുമാനമായതിനാല്‍ ഇന്നുവരെ തെറ്റിക്കേണ്ടിവന്നിട്ടില്ല. മദ്രാസിലെ വലിയ വലിയ ഹോട്ടലുകളിലെ പാര്‍ട്ടികളും മദ്യപാനസദസ്സുകളും എന്നെ ആകര്‍ഷിച്ചിട്ടേയില്ല. അതെക്കുറിച്ച് ആലോചിച്ച് ഒരു നഷ്ടബോധവും തോന്നിയിട്ടില്ല. അതിലും വലിയ ലഹരിയായിരുന്നു സിനിമ.

അറിയപ്പെടുന്ന തിരക്കഥാകൃത്തായ ഡോ.ബാലകൃഷ്ണന്റെ കത്തിന്റെ പിന്‍ബലത്തിലാണ് മദ്രാസ് നഗരത്തില്‍ ആദ്യം ചെന്നുപെടുന്നത്. എഗ്‌മോര്‍ ഹൈറോഡിലെ പാലസ് ലോഡ്ജിലെ ഒരു കുടുസ്സുമുറിയിലായിരുന്നു താമസം.

അന്തിക്കാട്ടെ വിശാലമായ ലോകത്തുനിന്നും ഒരു കുഞ്ഞുമുറിയിലേക്ക് ജീവിതം ഒതുങ്ങിയപ്പോള്‍ വല്ലാത്ത അസ്വസ്ഥത തോന്നി. വാടക കൂടുതലാണെന്ന് തോന്നിയപ്പോള്‍ അതിലും ചെറിയ മുറിയിലേക്ക് താമസം മാറി. റോഡിനരികിലായതിനാല്‍ രാത്രികാലങ്ങളില്‍ മിക്കപ്പോഴും വാഹനങ്ങളുണ്ടാവും. ലോറികള്‍ ഇരമ്പിയോടുകയും ഹോണടിക്കുകയും ചെയ്യുമ്പോള്‍ ഞെട്ടിയുണരും.

അപ്പോഴാണ് ഗ്രാമം സ്വര്‍ഗ്ഗമാണെന്ന് തോന്നിപ്പോയത്. സന്ധ്യയ്ക്ക് ജപമാലയും നാമജപവും കഴിഞ്ഞാല്‍ അന്തിക്കാട് ഗ്രാമം ശാന്തമാവും. ഒരു കുഞ്ഞുശബ്ദം പോലും പുറത്തുകേള്‍ക്കില്ല. മദ്രാസിലെ കൊച്ചുമുറിയില്‍ എത്തുന്നത് ഉറങ്ങാന്‍ വേണ്ടി മാത്രമാണ് എന്നതാണ് ഏക ആശ്വാസം.

ബാക്കിയുള്ള സമയം മുഴുവനും സിനിമയുമായി ബന്ധപ്പെട്ട ജോലിയാണ്. നഗരത്തിലാണ് എത്തിയതെങ്കിലും അവിടത്തെ ആഡംബര ജീവിതം എന്നെ സ്വാധീനിച്ചിട്ടേയില്ല. നഗരത്തില്‍ എല്ലാവരും കോട്ടുംസ്യൂട്ടും ഇട്ട് നടക്കുന്നവരല്ലല്ലോ. ചെറിയ ചായക്കട, പെട്ടിക്കട ഇതൊക്കെ ഗ്രാമത്തിന്റെ മറ്റൊരു പതിപ്പാണ്.

അത്തരം ആളുകളുമായിട്ടാണ് ഞാന്‍ ഇടപഴകിയിരുന്നത്. എഗ്‌മോര്‍ ഹൈറോഡില്‍ത്തന്നെയാണ് ഡോ.ബാലകൃഷ്ണന്റെ ഓഫീസ്. ആയൂര്‍വേദ ഡോക്ടറായ അദ്ദേഹം ചികിത്സിക്കുന്ന നഴ്‌സിംഗ് ഹോമാണത്. തൊട്ടുമുമ്പില്‍ സുലൈമാനിക്കയുടെ ചായക്കടയുണ്ട്. അവിടെയുള്ള ജോലിക്കാരും മലയാളികളാണ്. രാവിലെ പുട്ടുംകടലയും കഴിക്കുമ്പോള്‍ നമ്മുടെ മനസ്സ് ഗ്രാമത്തിലേക്ക് പോകും.

Ads by Google
Loading...
TRENDING NOW