Wednesday, January 10, 2018 Last Updated 29 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 20 Mar 2017 02.11 PM

സിദ്ധാര്‍ത്ഥ് ശിവയുടെ നിവിന്‍ പോളി 'സഖാവ്' ആയി

uploads/news/2017/03/91593/ciniLOCtSakhavu.jpg

ഇടതുപക്ഷ യുവജനപ്രസ്ഥാനത്തിന്റെ നേതാവായ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രമാണ് സഖാവ്. മലയാളസിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചുപോന്ന സിദ്ധാര്‍ത്ഥ് ശിവയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. പീരുമേട്ടിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

നിവിന്‍ പോളിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സഖാവ് കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പ്രേക്ഷകര്‍ക്കിടയില്‍ നല്ല സ്വാധീനമുള്ള ഈ നടന് അത് ഏറെ വര്‍ദ്ധിപ്പിക്കാന്‍ പോരും വിധത്തിലുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കാന്‍ സാധിച്ചിരിക്കുന്നത്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

നൂറ്റിയൊന്ന് ചോദ്യങ്ങള്‍, ഐന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തുകൊണ്ട് സിദ്ധാര്‍ത്ഥ് ശിവ, ഏറെ അംഗീകാരങ്ങള്‍ നേടി. ചിന്താശക്തിയിലെ പുതുമയും മനുഷ്യജീവിതവുമായി ഏറെ ഇണങ്ങിയ കഥകളും ഈ സംവിധായകനെ വേറിട്ടുനിര്‍ത്തി.

മലയാളത്തിലെ എക്കാലത്തെയും ബോക്‌സ് ഓഫീസ് ചിത്രങ്ങള്‍ നിര്‍മ്മിച്ചുപോന്ന ഉദയാ സ്റ്റുഡിയോസ് വീണ്ടുമെത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ് ശിവയായിരുന്നു സംവിധായകന്‍.

ചിത്രം 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' കലാപരമായും സാമ്പത്തികമായും ഏറെ വിജയം നേടിയ ചിത്രമായിരുന്നു ഇത്. അതോടെ മെയിന്‍ സ്ട്രീം സിനിമയിലും ശക്തനായി. അതിനുശേഷമെത്തുന്ന ഈ ചിത്രം വലിയ ക്യാന്‍വാസില്‍ വന്‍ താരനിരയുടെ അകമ്പടിയോടെയാണ്.

ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ രാഷ്ട്രീയ ജീവിതമല്ല ഈ ചിത്രം പറയുന്നത്. രാഷ്ട്രീയത്തെ സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കായി കണ്ട് കൗശലങ്ങളും തന്ത്രങ്ങളും മെനയുന്ന ഒരു സൂത്രക്കാരന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഇത് ഏറെ രസകരമായിട്ടാണ് അവതരിപ്പിക്കുന്നത്.

uploads/news/2017/03/91593/ciniLOCtSakhavu1.jpg

വിവിധ ഘട്ടങ്ങളിലൂടെയാണ്, ഈ ചിത്രത്തിന്റെ കഥാവികസനം. അതുകൊണ്ടുതന്നെ രൂപത്തിലും വേഷത്തിലും ഭാവത്തിലുമെല്ലാം ഏറെ വ്യതിയാനങ്ങളുമുണ്ട്. ഈ രൂപമാറ്റത്തിന് സമയം വേണ്ടിവന്നതിനാല്‍, പല ഷെഡ്യൂളുകളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നത്.

കോട്ടയത്തെ മാങ്ങാനം മന്ദിരം ഹോസ്പിറ്റലില്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നു. നിവിന്‍ പോളി, അപര്‍ണാ ഗോപിനാഥ്, ഗായത്രി സുരേഷ്, കെ.പി.ഏ.സി. ലളിത എന്നിവരൊക്കെ ഇവിടെയുണ്ട്. ഈ ചിത്രത്തില്‍ മൂന്നു നായികമാരാണുള്ളത്. അപര്‍ണാ ഗോപിനാഥിനും ഗായത്രി സുരേഷിനും പുറമെ ഐശ്വര്യാ രാജേഷുമാണ് നായികമാര്‍. അപര്‍ണ അവതരിപ്പിക്കുന്ന നിക്കി എന്ന കഥാപാത്രം.

ഗായത്രി സുരേഷ് അവതരിപ്പിക്കുന്ന ഐശ്വര്യ, കൃഷ്ണകുമാറിന്റെ ക്ലാസ്‌മേറ്റാണ്. ഈ ചിത്രത്തിലെ മര്‍മ്മപ്രധാനമായ ചില രംഗങ്ങളാണ് ആശുപത്രിയില്‍ ചിത്രീകരിക്കുന്നത്.

നേരം, പ്രേമം തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുകയും ഇപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ 'ഒരിടവേള' എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്യുന്ന അല്‍ത്താഫും ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു വേഷത്തില്‍ അഭിനയിക്കുന്നു.

തൃശൂര്‍, കോട്ടയം, പീരുമേട് എന്നീ വ്യത്യസ്തമായ ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നത്. നല്ലൊരു ശതമാനം അഭിനേതാക്കള്‍ പങ്കെടുക്കുന്ന ഭാഗമാണ് പീരുമേടിന്റേത്. ഹൈറേഞ്ചിലെ തോട്ടങ്ങളുടെ പശ്ചാത്തലമാണ് ഇവിടെ പ്രധാനമായും ചിത്രീകരിക്കുന്നത്.

uploads/news/2017/03/91593/ciniLOCtSakhavu2.jpg

രണ്‍ജി പണിക്കര്‍, സുധീഷ്, ബൈജു ബി.ടി., മണിയന്‍പിള്ള രാജു, പി. ബാലചന്ദ്രന്‍, പ്രേംകുമാര്‍, സംവിധായകന്‍ വി.കെ. പ്രകാശ്, സന്തോഷ് കീഴാറ്റൂര്‍, വി.കെ. ബൈജു, പ്രശസ്ത നടന്‍ കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പു, രാകേന്ദു, പ്രൊഫ. അലിയാര്‍, അരിസ്‌റ്റോ സുരേഷ്, പുന്നപ്ര അപ്പച്ചന്‍, രശ്മി ബോബന്‍, സീമാ ജി. നായര്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സന്തോഷ് വര്‍മ്മ, റഫീഖ് അഹമ്മദ്, ശബരീഷ് വര്‍മ്മ, സൂരജ് എസ്. കുറുപ്പ് എന്നിവരുടെ ഗാനങ്ങള്‍ക്ക് പ്രശാന്ത് പിള്ള ഈണം പകരുന്നു.

പ്രശസ്ത തമിഴ് ഛായാഗ്രാഹകനായ ജോര്‍ജ് വില്യംസാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- ബൈജു കുറുപ്പ്, കലാസംവിധാനം- സാബു മോഹന്‍, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, കോസ്റ്റിയൂം ഡിസൈന്‍- ധന്യാ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രദീപ് കുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ ജി. തിരുവല്ല, സഹസംവിധാനം-- അഖില്‍, അതുല്‍, നിസാം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സന്‍ പൊടുത്താസ്, പ്രൊഡക്്ഷന്‍ എക്‌സിക്യൂട്ടീവ്- ശ്രീകുമാര്‍ ചെന്നിത്തല, പ്രൊഡക്്ഷന്‍ മാനേജര്‍- കെ.ബി. ഗോകുല്‍ പിലാശ്ശേരി.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി പ്രദര്‍ശനത്തിന് എത്തിക്കുന്നു.

- വാഴൂര്‍ ജോസ്
ഫോട്ടോ: എം.കെ. മോഹന്‍ (മോമി)

Ads by Google
TRENDING NOW