Monday, March 20, 2017 Last Updated 19 Min 33 Sec ago English Edition
Todays E paper
Monday 20 Mar 2017 01.24 PM

ജ്യോതിഷം സത്യമാണ്

ഒരു വ്യക്തിയുടെ പൂര്‍വ്വ ജന്മാര്‍ജിത കര്‍മ്മഫലങ്ങള്‍ നല്ലതോ, ചീത്തയോ ആയാലും ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹങ്ങളുടെ സ്ഥാനം നോക്കി വ്യക്തിയുടെ ഏതു പ്രതിസന്ധിയേയും തടസ്സങ്ങളെയും മാറ്റി മുന്നോട്ട് നയിക്കാന്‍ കഴിയും., അമേരിക്കയും റഷ്യയും പല പരീക്ഷണ യന്ത്രങ്ങളും അവിടെ സ്ഥാപിച്ചിട്ടും ആംസ്‌ട്രോങ്ങും ആല്‍ഡ്രിനും അവിടെ ഇറങ്ങിയിട്ടും ചന്ദ്രന്‍ മൂലമുള്ള വേലിയേറ്റത്തിനും വേലിയിറക്കത്തിനും വ്യത്യാസമില്ല.
uploads/news/2017/03/91591/jyothi200317.jpg

ആര്‍ഷഭാരതം ലോകത്തിന് നല്‍കിയ മഹത്തായ സംഭാവനകളില്‍ ഒന്നാണ് ജ്യോതിഷശാസ്ത്രം. വേദകാലം മുതല്‍ നിലനിന്നുവരുന്ന ജ്യോതിഷത്തിന്റെ അടിസ്ഥാനശിലകള്‍ എന്നു വിശേഷിപ്പിക്കാവുന്നത് നവഗ്രഹങ്ങളാണ്.

1. സൂര്യന്‍, 2. ചന്ദ്രന്‍, 3. കുജന്‍, 4. ബുധന്‍, 5. വ്യാഴം, 6. ശുക്രന്‍, 7. ശനി, 8. രാഹു, 9. കേതു ഇവകളാണ് നവഗ്രഹങ്ങള്‍ ഗുളികന്‍ (മാന്ദി) എന്ന ഉപഗ്രഹത്തിനും ജ്യോതിഷത്തില്‍ സുപ്രധാന പങ്കുണ്ട്. ഈ ഗ്രഹങ്ങളുടെ സ്ഥാനവും പ്രയാണവുമാണ് ഒരു വ്യക്തിയുടെ ഭൂത-വര്‍ത്തമാന-ഭാവിഫലങ്ങള്‍ കുറിക്കുന്നത്.

ഈ ഗ്രഹങ്ങള്‍ എല്ലാം തന്നെ അന്തരീക്ഷത്തില്‍ അദൃശ്യമായ ഒരു ദീര്‍ഘവൃത്തവലയത്തില്‍ സ്ഥിതി ചെയ്യുന്നു. ജ്യോതിഷത്തില്‍ ഇതിനെ രാശിചക്രമെന്ന് പറയുന്നു. ചന്ദ്രഗോളത്തില്‍ മനുഷ്യന്‍ ഇറങ്ങി അതിന്റെ യാഥാര്‍ത്ഥ്യം കണ്ടറിഞ്ഞതുകൊണ്ട് ഇനി ജ്യോത്സ്യം എങ്ങനെ വിശ്വസിക്കും എന്നും ചിലര്‍ പരിഹാസരൂപേണ ചോദിക്കുന്നു.

വ്യോമസഞ്ചരികളായ ആംസ്‌ട്രോങ്ങ്, പ്രഭൃതികള്‍ ചന്ദ്രഗോളത്തില്‍ ഇറങ്ങിസഞ്ചരിച്ച് അവിടുത്തെ പാറക്കല്ലും മണ്ണും ഭൂമിയില്‍കൊണ്ടുവന്നു. റഷ്യന്‍ യന്ത്രപേടകങ്ങള്‍ അതിലിറങ്ങി പലതും സംഭരിക്കുന്നു.

ശരിതന്നെ പക്ഷേ, ചന്ദ്രഗോളത്തിലോ, കുജഗോളത്തിലേ, ശുക്രഗോളത്തിലോ, മറ്റുവല്ല ഗ്രഹാന്തരങ്ങളിലോ എത്ര സഞ്ചാരികള്‍ ഇറങ്ങിയാലും ഏതെല്ലാം പരീക്ഷണങ്ങള്‍ അവിടെ നടത്തിയാലും ആ ഗോളങ്ങളുടെ നൈസര്‍ഗ്ഗികമായ ആകര്‍ഷണങ്ങള്‍ക്കോ, നിലനില്‍പ്പിനോ യാതൊരുമാറ്റവും ഹാനിയും സംഭവിക്കുന്നില്ല. ആ നിലയില്‍ ചന്ദ്രനെക്കൊണ്ടുള്ള ജ്യോതിഷഫലത്തിന് മാത്രം എങ്ങനെ ഹാനി സംഭവിക്കും?

അമേരിക്കയും റഷ്യയും പല പരീക്ഷണ യന്ത്രങ്ങളും അവിടെ സ്ഥാപിച്ചിട്ടും ആംസ്‌ട്രോങ്ങും ആല്‍ഡ്രിനും അവിടെ ഇറങ്ങിയിട്ടും ചന്ദ്രന്‍ മൂലമുള്ള വേലിയേറ്റത്തിനും വേലിയിറക്കത്തിനും വ്യത്യാസമില്ല.

കറുത്തപക്ഷവും വെളുത്തപക്ഷവും യാതൊരു കാലനീക്കവും കൂടാതെ പഴയപടി സംഭവിച്ചുകൊണ്ടിരിക്കുന്നു. ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്റെ പ്രദക്ഷിണം മുറപോലെ നടക്കുന്നുമുണ്ട്. ചന്ദ്രനെ സംബന്ധിച്ചിടത്തോളം പ്രധാനമായും ജ്യോതിഷം ആശ്രയിക്കുന്ന കാര്യങ്ങള്‍ ഇതൊക്കെ തന്നെയാണ്.

ഈ ഭൂമിയുടെ ഉപരിതലത്തില്‍, അന്തരീക്ഷത്തില്‍പ്പോലും മനുഷ്യന്‍ എന്തെല്ലാം പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. കുന്ന് കുഴിയാക്കുന്നു, കുഴി മലയാക്കുന്നു, സമുദ്രം കരയാക്കുന്നു.

ആറ്റംബോംബു പൊട്ടിച്ച് ഭൂമിയെ കിടിലം കൊള്ളിക്കുന്നു. എന്നിട്ടും ഭൂമിയുടെ ആകര്‍ഷണത്തിനോ, ഭ്രമണത്തിനോ, സഞ്ചാരത്തിനോ യാതൊരു മാറ്റവും സംഭവിക്കുന്നില്ല. ഉദായസ്തമയങ്ങള്‍ക്കും സമയ വ്യത്യാസമില്ല.

അയനങ്ങളും ഋതുക്കളും കാലാകാലം വന്നുപെയ്‌ക്കൊണ്ടിരിക്കുന്നു. ഇതുപോലെതന്നെയാണ് മറ്റ് ഗോളാന്തരങ്ങളിലും മനുഷ്യന്‍ പ്രവേശിച്ച് എന്തെല്ലാം ചെയ്താലുമുള്ള സ്ഥിതി. ജ്യോതിഷഫലത്തെ അതു ബാധിക്കുന്നില്ല.

മനുഷ്യന് പ്രകൃതിയില്‍നിന്നല്ലാതെ ഒന്നും തുടങ്ങാനാവില്ല. എല്ലാം കണ്ടെടുത്തതും ഉപയോഗിക്കുന്നതും ആശ്രയിക്കുന്നതും പ്രകൃതിയെതന്നെ.

ഒരു വ്യക്തിയുടെ പൂര്‍വ്വ ജന്മാര്‍ജിത കര്‍മ്മഫലങ്ങള്‍ നല്ലതോ, ചീത്തയോ ആയാലും ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹങ്ങളുടെ സ്ഥാനം നോക്കി ആ വ്യക്തിയുടെ ഏതു പ്രതിസന്ധിയേയും തടസ്സങ്ങളെയും മാറ്റി മുന്നോട്ട് നയിക്കാന്‍ കഴിയും. അവിടെ കുടുംബമോ, സാമ്പത്തികമോ, വിദ്യാഭ്യാസമോ ഒന്നും തടസ്സമല്ല.

പക്ഷേ, ഒരാളുടെ ഫലം പറയുമ്പോള്‍ അയാളുടെ ഗ്രഹങ്ങളുടെ ഭാവങ്ങള്‍, ക്ഷേത്രബലം, ഗ്രഹങ്ങളുടെ മിത്രം, രാശികളുടെ ആധിപത്യം, ജനനസമയത്തെ നക്ഷത്രസ്ഥിതി, യോഗഫലങ്ങള്‍, ഗ്രഹത്തിന്റെ അവസ്ഥ, ദൃഷ്ടിബലം, കാരകത്വം, ഗ്രഹദൃഷ്ടി ഇവയൊക്കെക്കൂടി ചിന്തിച്ചതിനുശേഷം ഫലം പറയുന്നതാവും ശരി.

ഒരധ്യാപകനായ എന്റെ ജീവിതത്തിലെ തീക്ഷ്ണാനുഭവങ്ങള്‍ വിവരിക്കാന്‍ കഴിയുന്ന ഒന്നല്ല. ഒരു വ്യക്തിയുടെ ജീവിതത്തിലെ അനുഭവങ്ങളും അത്ഭുതങ്ങളും പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ് ഒരു മനുഷ്യനെ തികച്ചും ദൈവവിശ്വാസം ഉള്ളവനും പ്രതിസന്ധികളില്‍ തളരാതെ നില്‍ക്കുവാന്‍ കഴിവുള്ളവനുമാക്കിത്തീര്‍ക്കുന്നത്.

ജന്മനാ നമ്മളില്‍ നിക്ഷിപ്തമായിരിക്കുന്നതെന്തോ അതില്‍നിന്നും നമ്മള്‍ എത്ര അകലത്തില്‍ മാറിയാലും അവിടെത്തന്നെ തിരിച്ചുവരേണ്ടിവരും. ഇത് ഒരാളുടെ മാത്രം അനുഭവമല്ല. നമ്മള്‍ ചുറ്റുപാടും അന്വേഷിച്ചാല്‍ കണ്ടെത്താന്‍ കഴിയുന്ന ഒന്നുമാത്രം.

ടി. സന്തോഷ് കുമാര്‍
ജ്യോതിഷാചാര്യ

Ads by Google
TRENDING NOW