Thursday, November 23, 2017 Last Updated 16 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 20 Mar 2017 10.45 AM

മലപ്പുറത്ത് സി.പി.എമ്മിന്റെ കോണ്‍ഗ്രസ്-ബി.ജെ.പി പ്രചരണം തിരിച്ചടിയാകുമെന്ന് ആശങ്ക; ഭൂരിപക്ഷം കുറഞ്ഞാല്‍ തോല്‍വിക്ക് തുല്യമെന്ന് വിലയിരുത്തല്‍

uploads/news/2017/03/91542/kunhalikutty.jpg

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയം ഉറപ്പാക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ആശങ്ക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദ് 1.90 ലക്ഷത്തിന് മുകളില്‍ വോട്ടിന് ജയിച്ച മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് ഭൂരിപക്ഷം കുറഞ്ഞാല്‍ അത് യു.ഡി.എഫിന് മാത്രമല്ല, ലീഗിന് തന്നെ വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണുള്ളത്. പ്രത്യേകിച്ചും കോണ്‍ഗ്രസിന് സംസ്ഥാനത്ത് ബി.ജെ.പി അനുകൂല നിലപാടാണെന്ന പ്രചരണം സി.പി.എം. ശക്തമാക്കിയത് ലീഗിനെ വല്ലാതെ ആശങ്കപ്പെടുത്തുകയും ചെയ്യുന്നു.

ഈ ഉപതെരഞ്ഞെടുപ്പ് ലീഗിനും അതുപോലെ സി.പി.എമ്മിനും നിര്‍ണ്ണായകമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ നിന്നും അടര്‍ത്തിയെടുത്ത ന്യൂനപക്ഷ വോട്ടുകള്‍ പ്രത്യേകിച്ചും മുസ്ലീംസമുദായത്തിന്റേത് ഒപ്പം നിര്‍ത്തുകയെന്ന ദൗത്യമാണ് പ്രധാനമായും സി.പി.എമ്മിനുളളത്. അതിന്റെ ഭാഗമായാണ് അവര്‍ പ്രാദേശികമായി ഏറ്റവും സ്വീകാര്യനായ യുവ സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കുന്നത്. ഒപ്പം തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ കൂടി വിലയിരുത്തലാകുമെന്ന പ്രചരണവും നടത്തുന്നത്. അത് മുസ്ലീം സമുദായത്തെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിയെടുക്കുമെന്ന ചിന്തയാണ് സി.പി.എമ്മിനുള്ളത്. മലപ്പുറത്ത് അവര്‍ വിജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും കഴിഞ്ഞ തവണത്തെ ലീഗിന്റെ ഭൂരിപക്ഷത്തില്‍ കുറവുവരുത്തിയാല്‍ തന്നെ അത് വിജയമായി വ്യാഖ്യാനിക്കാനും കൂടുതല്‍ ശക്തമായി മുന്നോട്ടുപോകാനും സി.പി.എമ്മിനും പിണറായി വിജയനും കരുത്ത് നല്‍കും.

ഇതാണ് ലീഗിനെ വലയ്ക്കുന്നതും. കഴിഞ്ഞ തവണ അഹമ്മദിന് കിട്ടിയ വലിയ ഭൂരിപക്ഷമാണ് ഇപ്പോള്‍ അവര്‍ക്ക് ഭാരമായിരിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയാണെങ്കില്‍പ്പോലും അത് നിലനിര്‍ത്തുകയെന്നത് ബുദ്ധിമുട്ടാണെന്ന വിലയിരുത്തലാണ് യു.ഡി.എഫിനുള്ളിലുള്ളത്. അതേസമയം കുഞ്ഞാലിക്കുട്ടി മത്സരിച്ചിട്ട് ഭൂരിപക്ഷം കുറഞ്ഞുവെന്നുവന്നാല്‍ അത് ലീഗിനും അദ്ദേഹത്തിനുമുളള തിരിച്ചടിയുമാകും. ഇന്ന് ലീഗിന് മുമ്പുണ്ടായിരുന്നതുപോലുള്ള അപ്രമാദിത്വം മുസ്ലീം സമുദായങ്ങള്‍ക്കിടയിലില്ലാത്ത സാഹചര്യത്തില്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനായില്ലെങ്കിലും കഴിഞ്ഞ തവണത്തേതില്‍ നിര്‍ത്താനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്.

എന്നാല്‍ കോണ്‍ഗ്രസിനെതിരെ ശക്തിപ്പെടുന്ന പ്രചരണം അതിന് തിരിച്ചടിയാകുമോയെന്ന ആശങ്കയും ലീഗിനുണ്ട്. കെ.പി.സി.സി നിര്‍വാഹകസമിതിയില്‍ ആന്റണി നടത്തിയ ഒരു പ്രസ്താവനയെ വളച്ചൊടിച്ച് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാന്‍ സി.പി.എം. ശ്രമിക്കുന്നുവെന്നാണ് അവരുടെ പരാതി. ആന്റണി പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍.എസ്.എസുമായ നേതാക്കളെ കോണ്‍ഗ്രസിന് വേണ്ട എന്നുപറഞ്ഞുവെന്നാണ് പ്രചരണം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും ഇപ്പോഴും ചില കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഈ പ്രചരണം. ഇത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വല്ലാത്ത ആശങ്കയുണ്ടാക്കുന്നതുമാണ്. മാത്രമല്ല, മറ്റു സംസ്ഥാനങ്ങളില്‍ പ്രമുഖരായ നേതാക്കള്‍ തന്നെ അധികാരത്തിന്‌വേണ്ടി ബി.ജെ.പി പാളയത്തിലെത്തുന്നതും സി.പി.എം. പ്രചരണായുധമാക്കുന്നുണ്ട്. ഇവയൊക്കെ മുസ്ലീംസമുദായത്തിനിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ സഹായിക്കും. ആ നിലയില്‍ തിരിച്ചടിയുണ്ടാകുമോയെന്ന ആശങ്കയിലാണ് ലീഗ് നേതൃത്വം. അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട സഹതാപവും വിവാദങ്ങളും ഗുണം ചെയ്യുമെങ്കിലും സി.പി.എമ്മിന്റെ പ്രചരണത്തെ എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് യു.ഡി.എഫ്, പ്രത്യേകിച്ചും ലീഗ്.

എം.ആര്‍ കൃഷ്ണന്‍

Ads by Google
Ads by Google
LATEST NEWS
TRENDING NOW