Monday, March 20, 2017 Last Updated 12 Min 14 Sec ago English Edition
Todays E paper
വി.എ. ഗിരീഷ്
Monday 20 Mar 2017 07.40 AM

ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളില്‍ നിന്നു പണാപഹരണം; വ്യാജ രസീതുകള്‍ നല്‍കിയും ബാങ്കില്‍ പണമിടാതെയും ലക്ഷങ്ങളുടെ അടിച്ചുമാറ്റല്‍...!!

uploads/news/2017/03/91520/temple.jpg

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പരിശോധനാ സംവിധാനം നിലച്ചതോടെ ക്ഷേത്രങ്ങളില്‍ നിന്നു വന്‍തോതില്‍ പണാപഹരണം. വ്യാജ രസീതുകള്‍ നല്‍കിയും ബാങ്കില്‍ പണമടയ്ക്കാതെയുമാണ് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നത്. മിന്നല്‍ പരിശോധനയടക്കം നടത്താന്‍ ചുമതലപ്പെട്ടവരാകട്ടെ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിനു ലേലംവിളി നടത്തുന്ന തിരിക്കിലും. എട്ട് ലക്ഷം രൂപ മുതലാണു സ്ഥലംമാറ്റത്തിനുള്ള െകെക്കൂലി.

തിരുവനന്തപുരത്ത് അമ്പലമുക്കിലുള്ള ക്ഷേത്രത്തില്‍ ദേവസ്വം വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെത്തിയത് ഒന്നേകാല്‍ ലക്ഷം രൂപയുടെ തട്ടിപ്പാണ്. ഇതാകട്ടെ നാട്ടുകാരുടെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് കണ്ടെത്തിയത്. ആറു മാസത്തിനുള്ളിലാണ് ഇത്രയും തുക തട്ടിയെടുക്കപ്പെട്ടത്.

ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ വഴിപാടുകള്‍ക്കായി നല്‍കുന്ന തുകയാണ് അപഹരിക്കപ്പെടുന്നത്. വഴിപാട് തുക ബന്ധപ്പെട്ട അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍ ഓഫീസില്‍ രേഖപ്പെടുത്തണമെന്നാണു ചട്ടം. പിന്നീട് തുക ബാങ്കില്‍ നിക്ഷേപിക്കണം. എന്നാല്‍ ബാങ്കില്‍ പണം അടയ്ക്കാനെന്ന വ്യാജേന, അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസില്‍ നിന്നു ചെല്ലാന്‍ നമ്പരിട്ടു വാങ്ങും. ഇങ്ങനെ നമ്പറിടുമ്പോള്‍ത്തന്നെ അടയ്ക്കുന്ന തുക അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസിലെ കാഷ് ബുക്കില്‍ വരവായി രേഖപ്പെടുത്തും. എന്നാല്‍ പിന്നീട് തുക ബാങ്കില്‍ നിക്ഷേപിക്കാതെ തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസിലെ ഹെഡ് €ര്‍ക്കും ജൂനിയര്‍ സൂപ്രണ്ടും ബാങ്കില്‍ പണമടച്ച പാസ് ബുക്കും റവന്യൂ കാഷ് ബുക്കും തമ്മില്‍ താരതമ്യപ്പെടുത്തി ഉറപ്പാക്കണമെന്നു ചട്ടമുണ്ടെങ്കിലും മിക്ക ദേവസ്വം ഗ്രൂപ്പുകളിലും അതു ചെയ്യാറില്ല. തട്ടിപ്പിന്റ വ്യാപ്തി പോലും ഇതുമൂലം തിരിച്ചറിയാതെ പോകുന്നു.

ലക്ഷാര്‍ച്ചന, പായസം, തുലാഭാരം തുടങ്ങിയവയ്ക്ക് ഭക്തര്‍ പണമടയ്ക്കുമ്പോള്‍ ആറാം നമ്പര്‍ ബുക്കില്‍ നിന്നാണ് രസീത് നല്‍കുന്നത്. എത്ര വലിയ തുകയ്ക്കുള്ള രസീത് പോലും ഇതില്‍ നിന്ന് നല്‍കാമെന്നതാണു പ്രത്യേകത. ഇങ്ങനെ ലഭിക്കുന്ന തുക ക്ഷേത്രത്തിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ക്ഷേത്രത്തിലെ ഏഴാം നമ്പര്‍ രസീത് ബുക്കില്‍ പണമടച്ച തീയതി, വരവ്, ഭക്തനു നല്‍കിയ രസീതിന്റെ നമ്പര്‍ എന്നിവയെല്ലാം കൃത്യമായി രേഖപ്പെടുത്തണം. തുടര്‍ന്ന് റവന്യൂ കാഷ് ബുക്കില്‍ രേഖപ്പെടുത്തണം.

ഭക്തര്‍ക്ക് നല്‍കുന്ന രസീതിന്റെ ഒരു വിവരവും മറ്റു രേഖകളില്‍ ഉള്‍പ്പെടുത്താതെ അപഹരിക്കുന്നതാണ് തട്ടിപ്പിന്റെ മറ്റൊരു രീതി. ദേവസ്വം ഭൂമിയില്‍ നിന്നു ലഭിക്കുന്ന നാളികേരം ഉള്‍പ്പെടെയുള്ളവ വില്‍ക്കുന്നതിന്റെ വരുമാനവും ബാങ്കില്‍ നിക്ഷേപിക്കാതെ തട്ടിയെടുക്കുന്നുണ്ട്. ഓരോ ഗ്രൂപ്പിലെയും ജൂനിയര്‍ സൂപ്രണ്ടുമാര്‍ ക്ഷേത്രങ്ങളില്‍ നേരിട്ട് പരിശോധന നടത്തണമെന്നാണ് ദേവസ്വം ചട്ടം. ബോര്‍ഡിലുള്ള ഇന്‍സ്‌പെക്ഷന്‍ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ക്ക് ഏതു സമയവും ക്ഷേത്രങ്ങളിലെത്തി പരിശോധന നടത്താനുള്ള അധികാരമുണ്ട്. എന്നാല്‍ ബോര്‍ഡിലെ പരിശോധനാ സംവിധാനം നിലച്ചിട്ട് മാസങ്ങളായി. ക്ഷേത്രങ്ങളില്‍ പരിശോധന നടത്തേണ്ടവരാകട്ടെ ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിനു ലേലം വിളി നടത്തുന്ന തിരക്കിലാണ്.

ക്ഷേത്രത്തില്‍ പരിശോധന നടത്തേണ്ടവരെ ഇടനിലക്കാരാക്കിയാണ് സ്ഥലംമാറ്റത്തിനു ലേലം വിളിക്കുന്നത്. അതിനാല്‍ത്തന്നെ ക്ഷേത്രങ്ങളില്‍ പരിശോധന നടത്താന്‍ ഇവര്‍ തയാറാകുന്നതുമില്ല. ബോര്‍ഡിലെ രാഷ്ട്രീയക്കാരനായ ഒരു ഉന്നതന്റെ നേതൃത്വത്തിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സ്ഥലംമാറ്റത്തിനു ലേലംവിളി നടക്കുന്നത്.

അടുത്ത മാസമാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങുന്നത്. മഹാക്ഷേത്രത്തിലേക്ക് എട്ടു ലക്ഷം മുതല്‍ പത്തു ലക്ഷം രൂപ വരെയാണ് െകെക്കൂലി. ബോര്‍ഡ് ആസ്ഥാനത്തുള്ള ഒരു ഉദ്യോഗസ്ഥന് തൃക്കടവൂര്‍ ക്ഷേത്രത്തിലേക്കുള്ള മാറ്റത്തിന് അഞ്ചു ലക്ഷം രൂപയ്ക്കാണ് കരാര്‍ ഉറപ്പിച്ചത്.

Ads by Google
വി.എ. ഗിരീഷ്
Monday 20 Mar 2017 07.40 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW