Wednesday, June 20, 2018 Last Updated 10 Min 3 Sec ago English Edition
Todays E paper
Ads by Google

ഒാരം

Azad
Azad
Monday 20 Mar 2017 01.21 AM

മലപ്പുറത്തു വിജയിക്കേണ്ടത്‌ പ്രതിരോധമോ വിലപേശലോ?

uploads/news/2017/03/91438/bft1.jpg

മലപ്പുറം ലോക്‌സഭാ മണ്‌ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനു വലിയ രാഷ്‌ട്രീയ പ്രാധാന്യം കൈവന്നിട്ടുണ്ട്‌. ഉത്തര്‍പ്രദേശ്‌ ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ വിജയം ബി.ജെ.പിക്കു നല്‍കുന്ന ആത്മവിശ്വാസവും ന്യൂനപക്ഷ പ്രാന്തീയ മതേതര വിഭാഗങ്ങളിലാകെ പടരുന്ന ആശങ്കയും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഇടതുപക്ഷ മതേതര രാഷ്‌ട്രീയത്തിനും നിര്‍ണായക സ്വാധീനമുള്ള ഒരു തെക്കന്‍ നിയോജകമണ്‌ഡലം എങ്ങനെ ചിന്തിക്കുന്നെന്നു രാജ്യം ഉറ്റുനോക്കുന്നു.

ബി.ജെ.പിക്കോ സംഘപരിവാര രാഷ്‌ട്രീയ ധാരകള്‍ക്കോ വലിയ സ്വാധീനമൊന്നുമില്ലാത്ത പ്രദേശമായാണ്‌ അറിയപ്പെടുന്നതെങ്കിലും 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നു ശതമാനത്തോളം വോട്ടുകളുടെ വര്‍ധനയാണു ബി.ജെ.പി. നേടിയത്‌. 2009ല്‍ നേടിയ 36,016 വോട്ടുകള്‍ 64,705 വോട്ടുകളായി വര്‍ധിച്ചു. മുസ്ലിംലീഗിന്‌ 2009ല്‍ ലഭിച്ച 54.78 ശതമാനം വോട്ട്‌ 2014ല്‍ 51.29 ആയും സി.പി.എമ്മിന്‌ 2009ല്‍ ലഭിച്ച 40 ശതമാനം വോട്ട്‌ 28.47 ശതമാനമായും കുറയുകയാണുണ്ടായത്‌. വോട്ടുകളുടെ എണ്ണം നോക്കിയാല്‍ എല്‍.ഡി.എഫിന്‌ എഴുപതിനായിരത്തോളം വോട്ടുകളുടെ കുറവുണ്ടായി. യു.ഡി.എഫിനാകട്ടെ, പതിനായിരത്തോളം വോട്ടിന്റെ വര്‍ധനയും.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കു വരുമ്പോള്‍ എല്‍.ഡി.എഫ്‌. കൂടുതല്‍ മെച്ചമുണ്ടാക്കിയതായി കാണാം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ 1,30,895 വോട്ടുകളാണ്‌ അധികം ലഭിച്ചത്‌. മുസ്ലിംലീഗിന്‌ 54,852, ബി.ജെ.പിക്ക്‌ 8,742 വോട്ടും വര്‍ധിച്ചു. കേന്ദ്രഭരണത്തിലേക്കു ബി.ജെ.പി. ഉയര്‍ത്തപ്പെട്ടതിനുശേഷമുള്ള സാഹചര്യം മലപ്പുറത്തു പൊതുവേ ഇടതുപക്ഷ മതേതര ശക്‌തികള്‍ക്ക്‌ അനുകൂലമായാണ്‌ കാണുന്നത്‌. 2004ല്‍ മഞ്ചേരിയില്‍ സംഭവിച്ചതുപോലെയുള്ള ഒരു രാഷ്‌ട്രീയ അട്ടിമറി വിജയം എല്‍.ഡി.എഫിനുണ്ടാകുമെന്നു പക്ഷേ, ഇപ്പോള്‍ അവരാരും കണക്കുകൂട്ടുന്നില്ല.
2004ല്‍ അഖിലേന്ത്യാ തലത്തില്‍ വലിയ പ്രതീക്ഷയുയര്‍ത്തിയാണ്‌ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. രാജ്യത്താകെ നില മെച്ചപ്പെടുത്തിയ ഫലമാണുണ്ടായത്‌.
ഇടതുപക്ഷത്ത്‌ അറുപതു എം.പിമാരുണ്ടായി. ടി.കെ. ഹംസയുടെ വിജയം ആ രാഷ്‌ട്രീയാന്തരീക്ഷത്തിന്റെകൂടി പ്രതിഫലനമായിരുന്നു. സി.പി.എമ്മിനും ഇടതുപക്ഷത്തിനും ആ രാഷ്‌ട്രീയ വിജയവും ജനങ്ങളുടെ പ്രതീക്ഷയും നിലനിര്‍ത്താന്‍ സാധിച്ചില്ല. കോണ്‍ഗ്രസ്‌ നേതൃത്വത്തിലുണ്ടായിരുന്ന യു.പി.എ. സര്‍ക്കാരും ഇതര വലതുപക്ഷ സര്‍ക്കാരുകളും പിന്തുടര്‍ന്ന സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്കു പിറകേപോയത്‌ സി.പി.എമ്മിന്റെ വിശ്വാസ്യത തകര്‍ത്തു.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സര്‍ക്കാരിന്റെ നയസമീപനങ്ങള്‍ ദുര്‍ബല ജനവിഭാഗങ്ങളില്‍ കടുത്ത അശാന്തിയാണു സൃഷ്‌ടിച്ചിരിക്കുന്നത്‌. അക്രമോത്സുക വര്‍ഗീയത നവമുതലാളിത്തത്തിന്റെ പിന്തുണയോടെ ഫാഷിസമായി രൂപാന്തരപ്പെട്ടിരിക്കുന്നു. കടുത്ത വിവേചനവും കണ്ണില്ലാത്ത കടന്നുകയറ്റവും വലിയൊരു ജനസമൂഹത്തെ ജീവിതത്തില്‍നിന്നു പുറന്തള്ളുകയാണ്‌. സാമ്പത്തിക സമീപനത്തിന്റെയും സാമൂഹിക രാഷ്‌ട്രീയ സമരമുന്നേറ്റങ്ങളുടെയും ബദലുകളില്ലാതെ അതിജീവിക്കാനാകില്ലെന്നു വന്നിരിക്കുന്നു. അത്തരമൊരു ബദല്‍ മുന്നോട്ടുവയ്‌ക്കാന്‍ വ്യവസ്‌ഥാപിത ഇടതുപക്ഷത്തിനു സാധിക്കുന്നുണ്ടോ?

ബംഗാളിലെ നന്ദിഗ്രാം അനുഭവത്തില്‍നിന്ന്‌ അല്‍പ്പമെങ്കിലും പഠിക്കാന്‍ സി.പി.എം. സന്നദ്ധമായിട്ടില്ല. പുറന്തള്ളല്‍ വികസനത്തിന്റെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്താണു കേരളത്തിലെ പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്‌. ബദലുകള്‍ ഉയര്‍ത്തുകയും കോര്‍പറേറ്റ്‌ വികസനത്തെ എതിര്‍ക്കുകയും ചെയ്യുന്നവരെ വികസനം മുടക്കികള്‍ എന്നധിക്ഷേപിക്കാനാണു മുഖ്യമന്ത്രി ധൈര്യപ്പെടുന്നത്‌. നേരത്തേയുണ്ടായിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ച മുഖ്യഘടകം സര്‍ക്കാര്‍ പിന്തുടര്‍ന്ന നവലിബറല്‍ ജനവിരുദ്ധ സമീപനങ്ങളായിരുന്നു. ഭരണത്തിലെത്തുന്നവര്‍ തമ്മില്‍ വികസന കാഴ്‌ചപ്പാടില്‍ അടിസ്‌ഥാനപരമായ വ്യത്യാസം പ്രകടമല്ല.

മലപ്പുറം ലോക്‌സഭാ മണ്‌ഡലം ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നടന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ എടുത്തുനോക്കിയാല്‍മതി, രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍ കൈക്കൊള്ളുന്ന ജനവിരുദ്ധനിലപാടുകള്‍ വ്യക്‌തമാകാന്‍. മലയോരങ്ങളിലെ ക്വാറി വിരുദ്ധ സമരങ്ങള്‍, വയല്‍നികത്തല്‍ വിരുദ്ധ സമരങ്ങള്‍, കാക്കഞ്ചേരിയിലെ മലിനീകരണ വിരുദ്ധ സമരം, ദേശീയപാതാ സ്വകാര്യവല്‍ക്കരണത്തിനെതിരായ സമരം, ഗെയില്‍ പൈപ്പ്‌ലൈന്‍ വിരുദ്ധ പ്രക്ഷോഭം, കരിപ്പൂരിലെ കുടിയിറക്കുവിരുദ്ധ പ്രക്ഷോഭം, ഭൂരഹിതരുടെയും ഭവനരഹിതരുടെയും പ്രക്ഷോഭങ്ങള്‍, ദേശീയ പാതയ്‌ക്കു അശാസ്‌ത്രീയവും അപ്രായോഗികവുമായ ബൈപ്പാസുകളുണ്ടാക്കുന്നതിനെതിരായ പ്രക്ഷോഭം, അതിവേഗ റെയില്‍പ്പാതയ്‌ക്കു സ്‌ഥലമെടുക്കുന്നതു സംബന്ധിച്ച അനിശ്‌ചിതത്വം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം, ജനസാന്ദ്രതയുള്ള പ്രദേശത്ത്‌ അനുവദനീയമായതില്‍ക്കവിഞ്ഞു പാചകവാതകം സംഭരിക്കുന്നതിനെതിരായ ചേളാരിയിലെ പ്രതിഷേധം, വഴിയോരത്തും നദികളിലും മാലിന്യം തള്ളുന്നതിനെതിരായ പ്രതിഷേധം എന്നിങ്ങനെ നീണ്ടുപോകുന്നുണ്ട്‌ ആ പട്ടിക. ഇക്കാര്യങ്ങളിലെല്ലാം അധികാരബദ്ധരാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍ക്ക്‌ ഒരേ മുഖവും നിലപാടുമാണ്‌. അധികാരത്തിലുള്ളവര്‍ക്കും പ്രതിപക്ഷത്തിരിക്കുന്നവര്‍ക്കും പരിഹരിക്കണമെന്നു തോന്നിയിട്ടില്ലാത്ത ജനകീയ പ്രശ്‌നങ്ങളാണവ.
തങ്ങളുടെ പ്രശ്‌നം പരിഹരിക്കൂ എന്നിട്ടാകാം വോട്ടുചെയ്യല്‍ എന്നു ശാഠ്യംപിടിക്കുന്നവരല്ല പ്രക്ഷോഭകരെന്നത്‌ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍ക്കു വലിയ ആശ്വാസംതന്നെയാണ്‌. അധികാരം ആര്‍ക്ക്‌ എന്തു കാര്യത്തിന്‌ എന്നു ജനങ്ങള്‍ ചോദിച്ചുതുടങ്ങിയാല്‍ തെരഞ്ഞെടുപ്പുകള്‍ അത്ര എളുപ്പമാകില്ല. ജനാധിപത്യത്തില്‍ അധികാരികള്‍ ജനങ്ങളാണെന്നും ജനപ്രതിനിധികള്‍ ജനങ്ങളുടെ അഭിപ്രായത്തെയും നിര്‍ബന്ധത്തെയും പിന്തുടരേണ്ടവരാണെന്നും ആരെങ്കിലും ഓര്‍മിപ്പിക്കേണ്ടതുണ്ട്‌. കോര്‍പറേറ്റ്‌ വികസനത്തിന്റെ ദല്ലാള്‍ രാഷ്‌ട്രീയം ഏര്‍പ്പെടുന്ന ഒരുതരം കണ്ണുകെട്ടിക്കളിയാണ്‌ ഇപ്പോഴത്തെ തെരഞ്ഞെടുപ്പുകള്‍... ജനങ്ങള്‍ സ്വയമറിയാതെ കരുക്കളാവുന്നു. മലപ്പുറം തെരഞ്ഞെടുപ്പിലും കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. ജനവിരുദ്ധ വികസനത്തില്‍ എങ്ങനെ കൂടുതല്‍ പങ്കുലഭിക്കും എന്നേ ലീഗിനു നോട്ടമുള്ളു. ക്ഷയോന്മുഖമായ കോണ്‍ഗ്രസില്‍നിന്നു അധികമൊന്നും പ്രതീക്ഷിക്കാനില്ലെന്നു ലീഗിനറിയാം. അതുകൊണ്ടു കുഞ്ഞാലിക്കുട്ടി തട്ടകം ഡല്‍ഹിക്കു മാറ്റുകയാണ്‌. ഇ അഹമ്മദിനു യോജിച്ച പകരക്കാരനില്ലെന്നു പറയാന്‍ ഡല്‍ഹിയില്‍ ഇ.ടി. മുഹമ്മദ്‌ ബഷീറുള്ള കാലം പ്രയാസമാണ്‌. മാത്രമല്ല, ഇ. അഹമ്മദ്‌ ശോഭിച്ച നയതന്ത്ര ഇടപെടലുകളില്‍ കുഞ്ഞാലിക്കുട്ടി ശോഭിക്കുമെന്നു കരുതാനാകില്ല.

ആരെ നിര്‍ത്തിയാലും ജയിക്കാനാകുമെന്നു ലീഗിനു ഉറപ്പുളള ഒരു സീറ്റ്‌ വരാനിരിക്കുന്ന ഡല്‍ഹിലീലകളുടെ അസുഖകരമായ ഭാവനകൊണ്ട്‌ അനിശ്‌ചിതത്വത്തിലേക്കു തള്ളിവിടുകയാണെന്നു പറയാതെവയ്യ. കോണിക്കു ചെയ്യുന്ന വോട്ടു താമരയില്‍ വളമാകരുത്‌ എന്നു ന്യൂനപക്ഷ സമൂഹങ്ങള്‍ക്കു നിര്‍ബന്ധം കാണുമല്ലോ.

പ്രതിരോധമോ വിലപേശലോ വേണ്ടത്‌ എന്ന ചോദ്യം വോട്ടര്‍മാരെ എവിടെയെത്തിക്കുമെന്നറിയില്ല. സാമ്രാജ്യത്വ വിരുദ്ധ യുദ്ധങ്ങളുടെ സ്‌മരണകളിരമ്പുന്ന മലപ്പുറം, ഒത്തുതീര്‍പ്പുകളുടെയും വിലപേശലിന്റെയും രാഷ്‌ട്രീയത്തെ അന്ധമായി പിന്തുണയ്‌ക്കാനിടയില്ല. അതിനാല്‍ തുടക്കത്തിലില്ലാത്ത പ്രാധാന്യവും പരിണതിയും ഈ തെരഞ്ഞെടുപ്പിനു കൈവന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല.

Ads by Google

ഒാരം

Azad
Azad
Monday 20 Mar 2017 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW