Saturday, October 21, 2017 Last Updated 9 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 19 Mar 2017 01.39 AM

പവിഴം പോല്‍ , പവിഴാധരം പോല്‍.....

uploads/news/2017/03/91121/sun1.jpg

കാലം കണ്ണാടി നോക്കുകയാണ്‌ ലക്ഷദ്വീപ്‌ കടലില്‍. കവി പാടിയതു പോലെ മുത്തുമണി പളുങ്കുവെള്ളം. ആകാശം ചുംബിക്കുമ്പോള്‍ അത്‌ സ്‌ഫടിക സമാനം. സൂര്യന്‍ തിളയ്‌ക്കുമ്പോള്‍ ഉപരിതലത്തിലേക്ക്‌ വെറുതേ നോക്കിയാല്‍ മതി, അപ്പോള്‍ കാണാം പ്രകൃതി ചമച്ച ശില്‍പങ്ങള്‍ പോലെ പവിഴപ്പുറ്റുകള്‍... പല ആകൃതിയിലുംവലിപ്പത്തിലും വട്ടം ചുറ്റി അങ്ങനെ കിടക്കുന്നു.
ലക്ഷദ്വീപിന്‌ കിട്ടിയ സ്‌ത്രീധനമാണ്‌ പവിഴപ്പുറ്റുകള്‍. ലക്ഷക്കണക്കിന്‌ വര്‍ഷത്തെ രാസപ്രവര്‍ത്തനം കൊണ്ട്‌ കടലിന്റെ അടിത്തട്ടില്‍ രൂപം കൊണ്ടവ. ഈ ദ്വീപുകള്‍ക്കും കടലിനും സൗന്ദര്യത്തിന്റെ നിറച്ചാര്‍ത്തണയിക്കുന്നത്‌ പവിഴപ്പുറ്റുകളാണ്‌. പല തരത്തിലും വലിപ്പത്തിലുമുള്ള പവിഴപ്പുറ്റുകള്‍ തന്നെയാണ്‌ ലക്ഷദ്വീപിന്റെ മുഖ്യ ആകര്‍ഷണം.
പിന്നെ അവയുടെ തണലില്‍ തീര്‍ന്ന മനോഹരമായ കടല്‍ത്തീരങ്ങളും. തീരത്തോട്‌ ചേര്‍ന്ന കടലിന്‌ നീല നിറമല്ല. ഇളം പച്ച നിറത്തില്‍, പുറമേ നിന്ന്‌ നോക്കുന്നവര്‍ക്ക്‌ ഉള്ളിലെ രഹസ്യങ്ങളെല്ലാം തുറന്നു കാട്ടി അതങ്ങനെ കിടക്കുന്നു. കൂറ്റന്‍ തിരമാലകളില്ല. കാരണം, തിരയുടെ രൗദ്രത പവിഴപ്പുറ്റുകള്‍ അലിയിച്ചു കളഞ്ഞിരിക്കുന്നു.
പൊടിഞ്ഞു തീര്‍ന്ന പവിഴപ്പുറ്റുകള്‍ തീരത്തടിയുന്ന മണലിന്‌ കളിമണ്ണിന്റെ ആര്‍ദ്രത നല്‍കുന്നു. ഒപ്പം ആനക്കൊമ്പിന്റെ വെണ്‍മയും. ലക്ഷദ്വീപിലേത്‌ കന്യാദ്വീപുകളാണ്‌. മനുഷ്യന്‍ അലോസരപ്പെടുത്താത്തതിന്റെ ഗുണം ദ്വീപുകളിലെത്തിയാല്‍ അനുഭവിച്ച്‌ അറിയാന്‍ കഴിയും. ഈ കടല്‍ വെള്ളം രോഗശമനിയായ ഔഷധം കൂടിയാകുന്നു.
അറബിക്കടലിന്റെ
മണവാട്ടി...

കേരളത്തിന്‌ പടിഞ്ഞാറ്‌, മാലിദ്വീപുകള്‍ക്ക്‌ വടക്കായി അറബിക്കടലിലാണ്‌ ദ്വീപുകളുടെ സ്‌ഥാനം. തെക്കുപടിഞ്ഞാറന്‍ തീരത്തു നിന്നും 200 മുതല്‍ 440 കി.മീ വരെഅകലത്തിലാണ്‌ ഈ ദ്വീപസമൂഹം നിലകൊള്ളുന്നത്‌. 32 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്‌തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഏറ്റവും ചെറുതാണ്‌.
1956 നവംബര്‍ ഒന്നിനാണ്‌ രൂപം കൊണ്ടതെങ്കിലും 1973 ലാണ്‌ ലക്ഷദ്വീപെന്ന്‌ നാമകരണം ചെയ്യപ്പെട്ടത്‌. ജനവാസമുള്ളതും അല്ലാത്തതുമായ അനേകം പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണിത്‌. പതിനൊന്നു ദ്വീപുകളിലാണ്‌ പ്രധാനമായും ജനവാസമുള്ളത്‌. ഔദ്യോഗിക പക്ഷി കാരിഫെട്ടു എന്നു പ്രാദേശികമായി അറിയപ്പെടുന്ന ക്കഗ്മന്ഥ ന്ധഗ്നദ്ധഗ്മ്രന്ഥ. കടപ്ലാവാണ്‌ ഔദ്യോഗിക വൃക്ഷം. പൂമ്പാറ്റ മത്സ്യമാണ്‌ ഔദ്യോഗിക മത്സ്യം. കേരളത്തിലെ ജനങ്ങളുമായി വംശീയ സാദൃശ്യമുണ്ട്‌ ലക്ഷദ്വീപുകാര്‍ക്ക്‌.
ഇന്ത്യന്‍-അറബി സങ്കരവംശമാണ്‌ ദ്വീപ്‌ നിവാസികളെന്നും അഭിപ്രായമുണ്ട്‌. മലയാളമാണ്‌ ദ്വീപിന്റെ ഔദ്യോഗിക ഭാഷ(ജസരി എന്നും അറിയപ്പെടുന്നു). എന്നാല്‍ മിനിക്കോയി ദ്വീപില്‍ മാത്രം സമീപ രാജ്യമായ മാലിദ്വീപിലെ ഭാഷകളുമായി സാമ്യമുള്ള മഹല്‍ ഭാഷയാണു സംസാരിക്കുന്നത്‌.
മിനിക്കോയി ദ്വീപിന്‌ സാംസ്‌കാരികമായി ലക്ഷ്‌ദ്വീപിനേക്കാള്‍ മാലിദ്വീപിനോടാണ്‌ സാമ്യം. നയന്‍ ഡിഗ്രി ചാനലാണ്‌ മിനിക്കോയി ദ്വീപിനെ മറ്റുള്ളവയില്‍ നിന്ന്‌ വേര്‍തിരിക്കുന്നത്‌. തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും ഇസ്ലാംമത വിശ്വാസികളായ പട്ടിക വര്‍ഗക്കാരാണ്‌. മറ്റു പത്തു ശതമാനം, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജോലിക്കായി എത്തിയിട്ടുള്ള വിവിധ മതസ്‌ഥര്‍ ആണ്‌. 2011 ലെ കണക്കെടുപ്പ്‌ പ്രകാരം ദ്വീപിലെ ജനസംഖ്യ 65,000.

കന്യാദ്വീപുകള്‍ വിളിക്കുന്നു, സഞ്ചാരികളെ ഇതിലെ...

ആള്‍ത്താമസമില്ലാത്ത ദ്വീപുകളില്‍ വിനോദസഞ്ചാരം വളര്‍ത്താനാണ്‌ ലക്ഷദ്വീപ്‌ ഭരണകൂടം ലക്ഷ്യമിടുന്നത്‌. ഇതില്‍ പ്രധാനം ബംഗാരമാണ്‌. കപ്പലും വിമാനവുമെത്തുന്ന അഗത്തി ദ്വീപില്‍ നിന്ന്‌ പവിഴപ്പുറ്റുകളെ വകഞ്ഞു മാറ്റി ഒരു മണിക്കൂര്‍ ബോട്ടില്‍ യാത്ര ചെയ്‌താല്‍ ബംഗാരത്ത്‌ എത്താം. പരിചയസമ്പത്തില്ലാത്തയാളാണ്‌ ബോട്ട്‌ ഓടിക്കുന്നതെങ്കില്‍ പവിഴപ്പുറ്റില്‍ ഇടിച്ച്‌ അപകടം ഉറപ്പ്‌. അത്രയ്‌ക്ക് കാഠിന്യമാണ്‌ ഇവയ്‌ക്ക്.
നൂറേക്കറിലായിട്ടാണ്‌ ബംഗാരം പരന്നു കിടക്കുന്നത്‌. കണ്ടല്‍ വനങ്ങളും തെങ്ങും തൊങ്ങല്‍ ചാര്‍ത്തും. പവിഴപ്പുറ്റു തകര്‍ത്തു വരുന്ന തിരകള്‍ അവയെ തീരത്തെ മണ്ണിലേക്ക്‌ നിക്ഷേപിക്കുന്നു. ലക്ഷദ്വീപില്‍ എവിടേക്ക്‌ നോക്കിയാലും കരയിലെ മണലിന്‌ ആനക്കൊമ്പിന്റെ വെണ്മയാണ്‌. തീരത്തോട്‌ ചേര്‍ന്ന കടല്‍ സ്‌ഫടിക സമാനവും. ഇതിന്‌ കാരണമുണ്ട്‌. ആഴക്കടലില്‍ അരഞ്ഞാണം കെട്ടിയവണ്ണം നിരന്നു നില്‍ക്കുന്ന പവിഴപ്പുറ്റുകള്‍ ദ്വീപിനെ പ്രകൃതി കെട്ടിയ കോട്ട പോലെ സംരക്ഷിക്കുന്നു. സുനാമിത്തിര വന്നാല്‍പ്പോലും ഈ കോട്ടയില്‍ തട്ടിച്ചിതറും. ഇതു കാരണം കാലവര്‍ഷ സമയങ്ങളില്‍ പോലും ഇവിടെ കടലാക്രമണ സാധ്യത കുറവാണ്‌. കഷ്‌ടിച്ച്‌ ഒരു കി.മീറ്റര്‍ മാത്രം വീതിയുള്ള പല ദ്വീപുകളും കടലെടുക്കാത്തതും പവിഴപ്പുറ്റുകളുടെ സംരക്ഷണയാലാണ്‌. 21 വര്‍ഷം മുമ്പ്‌ കാസിനോ ഹോട്ടല്‍ ശൃംഖലയാണ്‌ ബംഗാരം ദ്വീപ്‌ വ്യക്‌തികളില്‍ നിന്ന്‌ വിനോദസഞ്ചാരത്തിന്‌ പാട്ടത്തിന്‌ എടുത്തത്‌. ആറു വര്‍ഷം മുമ്പ്‌ പാട്ടം റദ്ദാക്കി മറ്റൊരു ഗ്രൂപ്പിന്‌ ഇവിടം കൈമാറാന്‍ നീക്കം നടന്നു. കാസിനോ ഗ്രൂപ്പ്‌ കോടതിയെ സമീപിച്ചതോടെ ഇവിടുത്തെ ടൂറിസവും അവസാനിച്ചു. ഒടുവില്‍ ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേഷന്‍ നേരിട്ട്‌ ഇവിടെ വിനോദസഞ്ചാരം നടത്താന്‍ തീരുമാനിച്ചു.
ആറു മാസം മുന്‍പ്‌ ദ്വീപ്‌ വീണ്ടും സജീവമായി. ഇന്നിപ്പോള്‍ ഇവിടെ 30 ഹട്ടുകളുണ്ട്‌. ഓല മേഞ്ഞവയാണ്‌ കുടിലുകള്‍. തെങ്ങിന്‍ തടി കൊണ്ട്‌ ഭിത്തികള്‍ തീര്‍ത്തിരിക്കുന്നു. മുറികളില്‍ എ.സി, ടി.വി, ബ്രോഡ്‌ ബാന്‍ഡ്‌ കണക്ഷന്‍ എന്നിവയില്ല. ബംഗാര ദ്വീപിന്റെ മുഖ്യ ആകര്‍ഷണം സ്‌കൂബ ഡൈവിങ്ങ്‌ ഉള്‍പ്പെടെയുള്ള ജലകായിക വിനോദങ്ങളും പവിഴപ്പുറ്റുകളുമാണ്‌. ഒന്നര കിലോമീറ്റര്‍ വരെ കടലിനുള്ളിലേക്ക്‌ പോയി സ്‌കൂബ ഉപകരണങ്ങള്‍ ഘടിപ്പിച്ച്‌ 10-20 മീറ്റര്‍ ആഴത്തില്‍ വരെ അടിത്തട്ടിലെ കാഴ്‌ചകള്‍ കാണാം. പായ്‌ക്കല്‍പ്പല്‍ യാത്ര, വാട്ടര്‍ സ്‌കൂട്ടര്‍, ഗ്ലാസ്‌ ബോട്ട്‌ എന്നിവയാണ്‌ ഇവിടുത്തെ മറ്റു പ്രത്യേകത. അഗത്തിയില്‍ കപ്പലിറങ്ങിയ ശേഷം ഇവിടെ നിന്ന്‌ തിന്നക്കര, പറളി ഒന്ന്‌, പറളി രണ്ട്‌ എന്നീ ദ്വീപുകളിലേക്കും ടൂറിസം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി തിന്നക്കരയില്‍ 10 ഹട്ടുകള്‍ ഒരുക്കി കഴിഞ്ഞു. തിന്നക്കരയ്‌ക്കും പറളിയ്‌ക്കുമിടയില്‍ കടലാമകള്‍ നിരനിരയായി ദ്വീപ്‌ മുറിച്ചു കടന്ന്‌ മറുവശത്തെ കടലിലേക്ക്‌ പോകുന്നതാണ്‌ ഇവിടുത്തെ പ്രധാന കാഴ്‌ച.
കടലാമകള്‍ മുട്ടയിടാന്‍ കരയില്‍ കയറുന്നതും സഞ്ചാരികള്‍ക്ക്‌ നേരിട്ട്‌ ആസ്വദിക്കാന്‍ കഴിയും. അഗത്തിയില്‍ നിന്ന്‌ ബോട്ടിന്‌ പുറമേ ഹെലികോപ്‌ടറിലും ആളെ എത്തിക്കും. പറളി ഒന്ന്‌, രണ്ട്‌ ദ്വീപുകളില്‍ ഹൈടെക്‌ ടെന്റ്‌ നിര്‍മിച്ചു കൊണ്ടിരിക്കുകയാണെന്ന്‌ ബംഗാരം ടൂറിസത്തിന്റെ ജനറല്‍ മാനേജര്‍ യൂസഫ്‌, ലക്ഷദ്വീപ്‌ കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ കമ്മിറ്റിയംഗം ബദറുദ്ദീന്‍ എന്നിവര്‍ പറയുന്നു. മദ്യം നിഷിദ്ധമാണ്‌ ലക്ഷദ്വീപില്‍. ഇവിടേക്ക്‌ മദ്യം കൊണ്ടുവരാനോ കുടിക്കുന്നതിനോ ഉള്ള അനുമതിയില്ല. ഇതു കാരണം ടൂറിസത്തിന്‌ തടസം നേരിടാതിരിക്കാന്‍ ബംഗാരത്തെ കുടിലുകളില്‍ മദ്യം വിളമ്പുന്നതിനുള്ള അനുമതിയായിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.
ബംഗാരത്ത്‌ ഒരാഴ്‌ച താമസിച്ച്‌ സ്‌കൂബ ഡൈവിങ്‌ കോഴ്‌സ് ചെയ്യുന്നവരുമുണ്ട്‌. പുറംകടലിലാണ്‌ ഏഴു ദിവസത്തെ പരിശീലനം. ഇത്‌ പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ പാഡി സര്‍ട്ടഫിക്കറ്റ്‌ നല്‍കും. ഇവിടെ എത്തുന്നതില്‍ 40 ശതമാനം യൂറോപ്യന്‍മാരാണ്‌. ആതിഥ്യമര്യാദ തന്നെയാണ്‌ ഏറ്റവും പ്രധാന ആകര്‍ഷണം. ഭക്ഷണമൊരുക്കാന്‍ തെങ്ങില്‍ നിന്നു കിട്ടുന്ന വിറകാണ്‌ ഉപയോഗിക്കുന്നത്‌.കടല്‍വിഭവങ്ങള്‍ തന്നെ ഭക്ഷണമാക്കും. ഒരു റൂമിന്‌ ഒരു ദിവസം 16,500 രൂപയാണ്‌ ഭക്ഷണം ഉള്‍പ്പെടെ പാക്കേജ്‌. രണ്ട്‌ മുതിര്‍ന്നവര്‍ക്കും രണ്ടു കുട്ടികള്‍ക്കും താമസിക്കാം. അഗത്തിയില്‍ നിന്നുള്ള ബോട്ടിന്റെ ചാര്‍ജും ഉള്‍പ്പെടും.
തിന്നക്കര പാക്കേജ്‌ 10,000 രൂപയാണ്‌. അഞ്ചു വയസിന്‌ താഴെയുള്ള കുട്ടികള്‍ക്ക്‌ ചാര്‍ജില്ല.
ബംഗാരത്തിന്‌ പുറമേ കവരത്തി, കല്‍പ്പേനി, കടമത്ത്‌, മിനിക്കോയി എന്നിവിടങ്ങളിലും ടൂറിസ്‌റ്റുകള്‍ക്കായുള്ള കുടിലുകള്‍ സജ്‌ജീകരിച്ചിരിക്കുന്നു. സമുദ്രം പാക്കേജ്‌ എന്ന പേരില്‍ കപ്പലില്‍ താമസിച്ചും ദ്വീപുകള്‍ സന്ദര്‍ശിക്കാം. പുറംകടലില്‍ നങ്കൂരമിടുന്ന കപ്പലുകളില്‍ നിന്ന്‌ പകല്‍ മിനിക്കോയി, കല്‍പ്പേനി, കവരത്തി എന്നീ ദ്വീപുകളിലേക്ക്‌ പോകാം. വൈകിട്ട്‌ മടങ്ങി വന്ന കപ്പലില്‍ താമസിക്കാം. നാലു ദിവസം കപ്പലിലും കരയിലുമായി താമസിക്കുന്നതിന്‌ ഒരാള്‍ക്ക്‌ 26,000 രൂപയാണ്‌ ചെലവ്‌. കപ്പലില്‍ സെക്കന്‍ഡ്‌ ക്ലാസാണെങ്കില്‍ 22,000 രൂപ നല്‍കിയാല്‍ മതിയാകും.
കടല്‍വെള്ളം ശുദ്ധീകരിക്കന്‍ എല്‍ടിടിഡി പ്ലാന്റ്‌

കടല്‍ ജലത്തില്‍ നിന്ന്‌ ഉപ്പുവേര്‍തിരിച്ച്‌ പാനീയ യോഗ്യമാക്കുന്ന പ്ലാന്റ്‌ അഗത്തി ദ്വീപില്‍ പ്രവര്‍ത്തിക്കുന്നു. ന്തസ്സസ്സ (lowtemparature thermal edsalination) എന്നാണ്‌ ഈ പ്രക്രിയയുടെ പേര്‌. കരയില്‍ നിന്ന്‌ ഒരു കിലോമീറ്ററോളം ഉള്ളില്‍ ചെന്ന്‌ കടലിന്റെ ആഴങ്ങളില്‍ നിന്ന്‌ ശേഖരിക്കുന്ന തണുത്ത ജലവും ഉപരിതലത്തില്‍ നിന്നുമെടുക്കുന്ന ചൂടുളള ജലവും രണ്ടു കുഴലുകള്‍ വഴി കരയോട്‌ ചേര്‍ന്ന്‌ സ്‌ഥാപിച്ചിരിക്കുന്ന പ്ലാന്റില്‍ എത്തിച്ചാണ്‌ ഉപ്പുരസം നീക്കുന്നത്‌. ഒരു തരത്തിലുള്ള രാസവസ്‌തുവും ഇതിന്‌ ഉപയോഗിക്കുന്നില്ല. 22 കോടി രൂപ ചെലവില്‍ കേന്ദ്രസര്‍ക്കാരാണ്‌ പ്ലാന്റ്‌ സ്‌ഥാപിച്ചിട്ടുള്ളത്‌. 30 ലക്ഷം ലിറ്റര്‍ വെള്ളമാണ്‌ ഒരു മാസം ഇവിടെ ശുദ്ധീകരിക്കുന്നത്‌. 7.58 ലക്ഷം രൂപയാണ്‌ ചെലവ്‌ വരുന്നത്‌. 2011 ജൂലൈയിലാണ്‌ പ്ലാന്റ്‌ കമ്മിഷന്‍ ചെയ്‌തത്‌.

കുലീനം ഈ ആതിഥേയത്വം...

ലക്ഷദ്വീപുകാരുടെ ആതിഥ്യമര്യാദ പ്രശംസനീയമാണ്‌. വഴിയില്‍ വച്ചു കണ്ടാല്‍ വീട്ടിലേക്ക്‌ ക്ഷണിക്കും. സ്വീകരിച്ച്‌ അകത്ത്‌ ഇരുത്തും. ചായയോ ചൂടുവെള്ളമോ പലഹാരമോ നല്‍കിയേ യാത്രയാക്കൂ. ആരും നമ്മെ സംശയത്തോടെ നോക്കില്ല. ചിരിച്ചു കൊണ്ടു മാത്രമാണ്‌ സംസാരം.
ലക്ഷദ്വീപിന്റെ പരമാധികാരി അഡ്‌മിനിസ്‌ട്രേറ്ററാണ്‌. പഞ്ചായത്തും ജില്ലാ പഞ്ചായത്തുമുണ്ട്‌. പ്രത്യേക അനുമതി ലഭിക്കാതെ ലക്ഷദ്വീപില്‍ കാലു കുത്താന്‍ സാധ്യമല്ല. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ്‌ ഇവിടുള്ളത്‌ എന്നതിനാല്‍ നിരവധി ആനുകൂല്യങ്ങളുമുണ്ട്‌. കൊച്ചിയിലേക്ക്‌ കപ്പല്‍യാത്രയ്‌ക്ക് പകുതി പണം നല്‍കിയാല്‍ മതി. കോയ, മേനച്ചേരി എന്നീ രണ്ട്‌ വിഭാഗങ്ങളാണുള്ളത്‌. മേനച്ചേരി താണ വിഭാഗവും കോയമാരുടെ കുടികിടപ്പുമാരുമാണ്‌. ഭൂസ്വത്തുക്കള്‍ കോയമാരുടെ പേരിലാണ്‌.
ഇവിടെയുള്ള പെണ്‍കുട്ടികളെ പുറത്തു നിന്നുള്ളവര്‍ക്ക്‌ വിവാഹം കഴിക്കണമെങ്കില്‍ മതം മാറണം. നിശ്‌ചിത കാലം കഴിയുമ്പോള്‍ ഇയാള്‍ക്കും ദ്വീപുകാരനാകാം. ലക്ഷദ്വീപില്‍ വിദ്യാഭ്യാസവും ചികിത്സയും സൗജന്യമാണ്‌. കാലാവസ്‌ഥയുടെ പ്രത്യേകതയാകാം രോഗങ്ങള്‍ കുറവാണ്‌. എം.ബി.ബി.എസ്‌, എന്‍ജിനീയറിങ്‌ തുടങ്ങിയ ഉന്നത വിദ്യാഭ്യാസത്തിന്‌ ഇവിടുള്ളവര്‍ പുറത്തു പോകും.
വൈദ്യുതിയ്‌ക്കായി ഡീസല്‍ ഉപയോഗിക്കുന്ന തെര്‍മല്‍ പവര്‍ സ്‌റ്റേഷനാണുള്ളത്‌. കുറച്ചു ഭാഗങ്ങളില്‍ സൗരോര്‍ജ പാനലില്‍ നിന്നുള്ള വൈദ്യുതിയും ഉപയോഗിക്കുന്നു. എ.സി ഉപയോഗിക്കുന്നതിന്‌ പ്രത്യേക അനുമതി വേണം. അധിക ചാര്‍ജും ഈടാക്കും. ലക്ഷദ്വീപില്‍ വളരെ കുറച്ചു റോഡുകളേയുളളു.
എല്ലാം കോണ്‍ക്രീറ്റ്‌ ചെയ്‌തവ. ഒരു ഓട്ടോറിക്ഷയ്‌ക്ക് സഞ്ചരിക്കാം. ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളുമാണ്‌ കൂടുതലായുമുള്ളത്‌. നാലുചക്ര വാഹനങ്ങള്‍ അപൂര്‍വമാണ്‌. 150 രൂപക്ക്‌ ബൈക്ക്‌ വാടകയ്‌ക്ക് ലഭിക്കും. പെട്രോള്‍ ലിറ്ററിന്‌ 100 രൂപയാണ്‌. ലക്ഷദ്വീപിലെ ആളുകളുടെ മുഖ്യതൊഴില്‍ മത്സ്യ ബന്ധനവും കളള്‌ ചെത്തുമാണ്‌. കള്ളിന്‌ മീര എന്ന്‌ പറയും. സ്‌ത്രീകള്‍ മീര ചൂടാക്കി പാനിയാക്കി ശര്‍ക്കര ഉണ്ടാക്കും. അതില്‍ തേങ്ങ ചുരണ്ടിയിട്ട്‌ ഒരു പലഹാരവും ദ്വീപ്‌ ഹല്‍വയെന്ന്‌ പേര്‌. ചൂരയാണ്‌ പ്രധാനമായും പിടിക്കുന്ന മത്സ്യം. മത്തി, അയല തുടങ്ങിയ മറ്റ്‌ മത്സ്യങ്ങള്‍ ഇല്ല. ചൂര മീന്‍ അച്ചാറും ഉണ്ടാക്കി വില്‍ക്കും. കുറെ പേര്‍ക്ക്‌ കേന്ദ്ര ഗവ. ജോലിയുണ്ട്‌.
ലക്ഷദ്വീപില്‍ ഇപ്പോഴും മരുമക്കത്തായമാണ്‌. വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവ്‌ ഭാര്യയുടെ വീട്ടില്‍ താമസിക്കണം.

ചതിക്കാത്ത തെങ്ങും കടലമ്മയും

കടല്‍ വിഭവങ്ങളും കരയിലെ തെങ്ങുകളുമാണ്‌ ലക്ഷദ്വീപുകാരുടെ ഉപജീവന മാര്‍ഗം. ഇവര്‍ പിടിക്കുന്ന ചൂര മീന്‍ വീട്ടാവശ്യത്തിനെടുത്തു കഴിഞ്ഞാല്‍ ബാക്കിയുള്ളത്‌ പാളികളാക്കി മുറിച്ച്‌ നീളത്തിലുള്ള കഷണമാക്കി ഉപ്പ്‌ വെള്ളത്തില്‍ പുഴുങ്ങും. എട്ടു ദിവസം കടപ്പുറത്തെ വെയിലില്‍ ഇട്ട്‌ ഉണക്കും. എട്ടാം ദിവസം ഇത്‌ പൂര്‍ണമായും ഉണങ്ങി പരുവപ്പെടും. ഇതിനെ മാസ്‌ എന്നു വിളിക്കുന്നു. ഇത്‌ ചാക്കില്‍ നിറച്ചു വിവിധ സ്‌ഥലങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യും. ഒരു കിലോ മാസിന്‌ കിട്ടുന്നത്‌ 400 രൂപ തൊട്ടു മുകളിലേക്കാണ്‌.
ചാക്കില്‍ നിറയ്‌ക്കുമ്പോള്‍ കുറച്ചു പൊടി ബാക്കി വരും. അത്‌ വീണ്ടും പൊടിച്ചു പാക്കറ്റിലാക്കും. ഇത്‌ കറികളില്‍ ചേര്‍ത്താല്‍ രുചി കൂടും. ചൂര പുഴുങ്ങുമ്പോള്‍ അവശേഷിക്കുന്ന വെള്ളത്തില്‍ കാണുന്ന മാംസ ശകലങ്ങളും ഇവര്‍ സോസ്‌ പോലെ ഉപയോഗിക്കും.തേങ്ങയാണ്‌ ദ്വീപുകളിലെ പ്രധാന കാര്‍ഷികോല്‌പന്നം. 2598 ഹെക്‌ടറില്‍ തെങ്ങുകൃഷിയുണ്ട്‌, പ്രതി ഹെക്‌ടറില്‍ നിന്നും 22,310 തേങ്ങ ലഭിക്കുന്നു.

ബുദ്ധമത പാരമ്പര്യം

എ.ഡി. ആറാം നൂറ്റാണ്ടില്‍ ബുദ്ധ മതക്കാര്‍ ഇവിടെ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. ഇതിനുള്ള തെളിവുകളായി ബുദ്ധപ്രതിമ, ശിലാശാസനം എന്നിവയുടെ ഭാഗങ്ങള്‍ ദ്വീപില്‍ നിന്ന്‌ കണ്ടു കിട്ടിയിട്ടുണ്ട്‌. അഗത്തിയിലെ സുവര്‍ണജൂബിലി മ്യൂസിയത്തില്‍ ഇത്‌ പ്രദര്‍ശനത്തിന്‌ വച്ചിരിക്കുന്നു. എട്ടാം നൂറ്റാണ്ടില്‍ ദ്വീപ്‌ മുസ്ലിം സ്വാധീനത്തിലായി.
പോര്‍ച്ചുഗീസുകാര്‍ 1498 ല്‍ ഇവിടെ ഒരു കോട്ട സ്‌ഥാപിച്ചു. പക്ഷേ നാട്ടുകാര്‍ അവരെ ഒഴിപ്പിച്ചു. 1787ല്‍ അമിന്‍ദിവി ദ്വീപുകള്‍(അമിനി, കടമത്ത്‌, കില്‍ത്താന്‍, ചെത്തിലാത്‌, ബിത്ര) ടിപ്പു സുല്‍ത്താന്റെ ആധിപത്യത്തിന്‍ കീഴിലായി. മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തിനു ശേഷം ടിപ്പു സുല്‍ത്താന്റെ ഭരണം അവസാനിച്ചു. പതിനാറാം നൂറ്റാണ്ടില്‍ ദ്വീപുകാര്‍ പോര്‍ട്ടുഗീസുകാരുടെ ആധിപത്യം തടയാന്‍ ചിറക്കല്‍ രാജായെ (കണ്ണൂര്‍) സമീപിച്ചുവെന്നും ചരിത്ര രേഖകളില്‍ പറയുന്നു.

ഡോലിപ്പാട്ട്‌

അമിനിയിലും അടുത്തുള്ള ദ്വീപുകളിലും പ്രചാരമുള്ള ഒരു സംഗീത കലാരൂപമാണ്‌ ഡോലിപ്പാട്ട്‌. മദ്രാസിലെ പ്രമുഖ മുസ്ലിം സാംസ്‌കാരിക കേന്ദ്രമായ കായല്‍ പട്ടണത്തില്‍ നിന്നും വന്ന ചില സൂഫി പണ്ഡിതന്മാരാണ്‌ ഇത്‌ പ്രചരിപ്പിച്ചത്‌. അറബിക്കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപസമൂഹം പായ്‌കപ്പലുകളില്‍ ഗുജറാത്തിലും തമിഴ്‌നാടിന്റെ തീരങ്ങളിലും സഞ്ചരിച്ചു അവിടങ്ങളിലെ നാടോടി സംസ്‌കാരങ്ങള്‍ സ്വീകരിച്ചു. അത്തരത്തില്‍ ദ്വീപിലെത്തിയ ഒന്നാണ്‌ ഡോലി പാട്ട്‌. പ്രവാചക സ്‌തുതിയും (മദ്‌ഹുനബി) മറ്റു ഇസ്ലാമിക വിശ്വാസ കാര്യങ്ങളുമാണ്‌ പാട്ടിന്റെ പ്രമേയം. ആത്മാവിന്റെ രഹസ്യങ്ങള്‍ അന്വേഷിക്കുന്ന പാട്ടുകള്‍ ആണിവ. വട്ടത്തില്‍ ഇരുന്ന്‌ കൈകൊട്ടി പാടുകയും ഏറ്റുചൊല്ലുകയും ചെയുന്ന രീതിയാണിതിന്‌. സൂഫി പശ്‌ചാത്തലം ഉള്ള അബ്‌ദുള്‍ ഖാദര്‍, ഈസ മസ്‌താന്റെയും വരികള്‍ ഒക്കെ ആണിതില്‍ ഉള്ളത്‌.

ദ്വീപുകള്‍

ജനവാസമുള്ളവ: അഗത്തി, അമിനി, ആന്ത്രോത്ത്‌, ബംഗാരം, ബിത്ര, ചെത്‌ലാത്‌, കടമത്ത്‌, കവരത്തി, കല്‍പേനി, കില്‍ത്താന്‍, മിനിക്കോയ്‌.
ജനവാസമില്ലാത്തവ: കല്‍പ്പിട്ടി, തിന്നക്കര, ചെറിയ പരളി, വലിയ പരളി, പക്ഷിപ്പിട്ടി(പക്ഷി സങ്കേതം), സുഹേലി വലിയ കര, സുഹേലി ചെറിയ കര, തിലാക്കം, കോടിത്തല, ചെറിയ പിട്ടി, വലിയ പിട്ടി, ചെറിയം, വിരിംഗിലി, വലിയ പാണി, ചെറിയ പാണി.

(വിവരങ്ങള്‍ക്ക്‌ കടപ്പാട്‌: വിക്കിപീഡിയ)

Ads by Google
Advertisement
Sunday 19 Mar 2017 01.39 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW