Friday, April 20, 2018 Last Updated 3 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 19 Mar 2017 01.39 AM

വോള്‍വറിന്‍ ജാക്ക്‌ മാന്‍

uploads/news/2017/03/91120/sun4.jpg

മാര്‍വെല്‍ കോമിക്‌സിന്റെ ചിത്രപുസ്‌തകത്തില്‍നിന്ന്‌ വോള്‍വറിന്‍ എന്ന 'മ്യൂട്ടന്റ്‌' ഹ്യൂ ജാക്ക്‌മാന്റെ ശില്‍പസുന്ദരമായ ശരീരത്തിലേക്ക്‌ പടര്‍ന്നുകയറി ലോകമെങ്ങുമുള്ള ആരാധകരെ ത്രസിപ്പിക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷം 17 ആയി. ഒടുവില്‍ 'ലോഗന്‍' എന്ന വൈകാരിക വിടപറയലിലൂടെ ഹ്യൂ ജാക്ക്‌മാന്‍ എന്ന ഓസ്‌ട്രേലിയക്കാരന്‍ ഹോളിവുഡ്‌ സൂപ്പര്‍സ്‌റ്റാര്‍ വോള്‍വറിനോട്‌ വിടപറയുകയാണ്‌, ഒപ്പം മനുഷ്യനാല്‍ അസാധ്യമെന്ന്‌ വിശ്വസിക്കേണ്ടിവരുന്ന അസാധാരണമായ ഭക്ഷണരീതിയോടും. ജെയിംസ്‌ മാന്‍ഗോള്‍ഡ്‌ സംവിധാനം ചെയ്‌ത 'ലോഗന്‍' ഒരു കോമിക്‌ ബുക്ക്‌ സൂപ്പര്‍ഹീറോ കാഴ്‌ചയല്ലാതെ വൈകാരികമായ ത്രില്ലറായാണ്‌ ഇപ്പോള്‍ ലോകമെങ്ങുമുള്ള തിയറ്ററുകളില്‍ തരംഗം സൃഷ്‌ടിക്കുന്നതും നിരൂപകപ്രശംസ നേടുന്നതും.

16 മണിക്കൂര്‍ ഉപവാസം, 17 വര്‍ഷം

ഏതാണ്ട്‌ 32000 കോടി രൂപ 17 വര്‍ഷം കൊണ്ടു ലോകവ്യാപകമായി വാരിക്കൂട്ടിയ സിനിമാ പരമ്പരയാണ്‌ എക്‌സ്മെന്‍. 2013ല്‍ തന്നെ നാല്‌ എക്‌സ്മെന്‍ സിനിമകളില്‍ കൂടി വോള്‍വറിനായി അവതരിക്കാന്‍ 10 കോടി ഡോളര്‍ അതായത്‌ ഏതാണ്ട്‌ 650 കോടി രൂപ ഹ്യൂ ജാക്ക്‌മാന്‌ ഫോക്‌ സ്‌റ്റാര്‍ സ്‌റ്റുഡിയോ വാഗ്‌ദാനം ചെയ്‌തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2013ലെ ദി വോള്‍വറിന്‍ എന്ന ചിത്രത്തിനു മാത്രം 130 കോടി രൂപയായിരുന്നു ഹ്യൂ ജാക്ക്‌മാന്റെ പ്രതിഫലം.
പക്ഷേ പറഞ്ഞിട്ടുകാര്യമില്ല, ഇത്രയും സമ്പന്നനായ സൂപ്പര്‍സ്‌റ്റാറിന്‌ വോള്‍വറിന്റെ അസാമാന്യമായ ശരീരരൂപത്തില്‍ നിലനില്‍ക്കാന്‍ അതികഠിനമായ വ്യായാമമുറകളും അസാധ്യമെന്നു വിശേഷിപ്പിക്കേണ്ട ഭക്ഷണക്രമവുമായിരുന്നു കഴിഞ്ഞ 17 വര്‍ഷമായി പാലിക്കേണ്ടിവന്നത്‌. പരമ്പരയില്‍ ഏറ്റവും ഒടുവിലിറങ്ങിയ 'ലോഗന്‍' എന്ന വോള്‍വറിന്റെ വിടവാങ്ങല്‍ സിനിമയുടെ പ്രചരണാര്‍ഥം എന്‍.ബി.സിയിലെ പ്രശസ്‌തമായ 'ടുനൈറ്റ്‌ ഷോ'യിലെ പരിപാടിയില്‍ പ്രശസ്‌ത ഇറ്റാലിയന്‍ പാചകവിദഗ്‌ധന്‍ മരിയോ ഫ്രാഞ്ചെസ്‌കോ ബാട്ടെല്ലി ഒരുക്കിയ പാസ്‌ത(സാധാരണമായ ഇറ്റാലിയന്‍ ഭക്ഷണം) കഴിച്ചാണ്‌ 17 വര്‍ഷം നീണ്ട ഈ കാര്‍ബോഹൈഡ്രേറ്റ്‌ നിയന്ത്രണം ജാക്ക്‌മാന്‍ അവസാനിപ്പിച്ചത്‌.

ഇന്റര്‍മിറ്റന്റ്‌ ഫാസ്‌റ്റിങ്ങും(ഇടവിട്ടുള്ള ഉപവാസം) കഠിനമായ വര്‍ക്ക്‌ഔട്ടും; അതാണ്‌ 48 വയസായിട്ടും യൗവനം ചോരാത്ത ശരീരവുമായി ജാക്ക്‌മാന്‍ നില്‍ക്കുന്നതിന്റെ രഹസ്യം. 16-8 എന്ന കോമ്പിനേഷനാണ്‌ താന്‍ പിന്തുടര്‍ന്നത്‌ എന്നാണു ജാക്ക്‌മാന്‍ തന്നെ വെളിപ്പെടുത്തിയത്‌. അതായത്‌ 16 മണിക്കൂര്‍ ഉപവാസവും പിന്നീടുള്ള എട്ടുമണിക്കൂറിനിടയില്‍ ഭക്ഷണം കഴിക്കലും എന്ന ശൈലി. രാവിലെ 10 മണിക്കും വൈകിട്ട്‌ ആറുമണിക്കും ഇടയിലാണ്‌ ജാക്ക്‌മാന്‍ ഭക്ഷണം കഴിക്കുന്നത്‌. 2000ല്‍ ഇറങ്ങിയ എക്‌സ്മെന്‍ മുതല്‍ ജാക്ക്‌മാന്റെ ശരീരം ശ്രദ്ധിച്ചാലറിയാം ഉണ്ടായിരിക്കുന്ന മാറ്റം. ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ താരത്തിന്‌ 48 വയസുണ്ട്‌. നാലുവര്‍ഷം മുമ്പ്‌ വോള്‍വറിന്‍ എന്ന എക്‌സ്മെന്‍ കഥാപാത്രം മുഖ്യവേഷമായി അവതരിപ്പിച്ചപ്പോഴാണു ജാക്ക്‌മാന്റെ ശരീരസമ്പുഷ്‌ടിയില്‍ കാര്യമായ മാറ്റമുണ്ടായത്‌.

ഈ പ്രായത്തില്‍ ദഹനപ്രക്രിയ അടക്കമുള്ളവ സാവധാനമാവുകയും വളര്‍ച്ചാ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്‌ അവസാനിക്കുകയും ചെയ്ുന്നതുകൊയണ്ട്‌ മസിലുകള്‍ വളരുക അത്ര എളുപ്പമല്ല. അതുകൊണ്ടാണ്‌ ഇടവിട്ടുള്ള ഉപവാസം എന്ന ശീലം ഉപകാരമാകുന്നത്‌. ഇടവിട്ടുള്ള ഉപവാസം വളര്‍ച്ചാ ഹോര്‍മോണുകളെ ഉദ്ദീപിക്കും. പേശികളെ കൂടുതല്‍ വളര്‍ത്തും. 18 മണിക്കൂര്‍ ഉപവാസത്തിനുശേഷമാണ്‌ ജാക്ക്‌മാന്‍ കഠിനമായി വര്‍ക്ക്‌ഔട്ട്‌ ചെയ്യുന്നത്‌. ഇത്തരത്തിലുള്ള ഫാസ്‌റ്റഡ്‌ (ഉപവാസശേഷമുള്ള) വര്‍ക്ക്‌ഔട്ട്‌ പഞ്ചസാരയുടെ ഘടകമായ ഗ്ലൈക്കോജന്‍(അന്നജം) വളരെ കുറച്ചേ എരിച്ചുകളയുള്ളുവെന്നും അതേസമയം കൂടുതല്‍ കൊഴുപ്പ്‌ എരിച്ചുകളയുമെന്നും ബെല്‍ജിയം ആസ്‌ഥാനമാക്കിയ ഒരു റിസര്‍ച്ച്‌ സെന്ററിന്റെ പഠനം പറയുന്നു.

അല്ലെങ്കില്‍ ഈ പ്രായത്തില്‍ ഇത്തരത്തിലുളള ശരീരം വേണമെങ്കില്‍ ശക്‌തമായ സ്‌റ്റിറോയിഡുകളെ കഠിനമായി ആശ്രയിക്കേണ്ടിവരും. അതു സാഹസവുമാണ്‌. പ്രോട്ടീന്‍ ഷേക്കുകളൊഴികെ കാര്യമായ മസില്‍ വളര്‍ത്തല്‍ എളുപ്പവഴികള്‍ ഉപയോഗിക്കാത്ത ആളാണ്‌ ജാക്ക്‌മാനെന്ന്‌ സ്‌പോര്‍ട്‌സ് ഡോക്‌ടര്‍മാരും ട്രെയിനര്‍മാരും സാക്ഷ്യപ്പെടുത്തുന്നു.

16 മണിക്കൂര്‍ ഉപവാസത്തിനും വര്‍ക്ക്‌ഔട്ടിനും ഉപവാസത്തിനുശേഷവും എന്തും കഴിക്കാമെന്നു ധരിക്കരുത്‌. കാര്‍ബോഹൈഡ്രേറ്റ്‌ കുറഞ്ഞ, പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണമാണ്‌ ജാക്ക്‌മാന്റെ ഡയറ്റ്‌. പ്രധാനമായും ചിക്കന്‍ ബ്രെസ്‌റ്റ്, കോളിഫ്‌ളവര്‍, അതേ കുടുംബത്തില്‍ ബ്രോക്കോളി എന്നിവ. മസാലയോ, ഉപ്പോ ചേര്‍ക്കാതെ ചിക്കന്‍ പുഴുങ്ങിക്കഴിക്കും. കാര്‍ബോഹൈഡ്രേറ്റ്‌ ലഭിക്കുന്നത്‌ ഏറെയും പച്ചക്കറികളില്‍നിന്ന്‌. തവിടുള്ള അരി കലര്‍ന്ന ഭക്ഷണം വല്ലപ്പോഴും മാത്രം. ഈ രൂപത്തില്‍ നില്‍ക്കണമെങ്കില്‍ ഒരുദിവസം ഏതാണ്ട്‌ 5000-6000 കലോറിയോളം ഭക്ഷണം ജാക്ക്‌മാന്‍ അകത്താക്കേണ്ടതുണ്ട്‌. പ്രോട്ടീന്‍(മാത്സ്യം) കൊണ്ടുമാത്രം 6000 കലോറി കിട്ടാന്‍ ദിവസം ആറു കിലോ ചിക്കന്‍ വേണ്ടിവരും. ഒരു സാധാരണ ചിക്കന്‍ ബ്രെസ്‌റ്റ് പീസ്‌ എന്നുവച്ചാല്‍ മൂന്ന്‌ ഔണ്‍സ്‌ കാണും. ഇത്തരത്തിലുള്ള 16 പീസ്‌ വേണ്ടിവരും ഈ 6000 കലോറിക്കുവേണ്ടി. അതായത്‌ ആറുമണിക്കൂറിനുള്ളില്‍ ഇത്രയും ചിക്കന്‍ പുഴുങ്ങിത്തിന്നണം. ഭക്ഷണം തന്നെയൊരു ശിക്ഷ.!

ആരോഗ്യമുള്ള ശരീരം നിലനിര്‍ത്താന്‍ ഒരു ശരാശരി പുരുഷന്‌ 2000 മുതല്‍ 3000 കലോറിവരെയാണ്‌ ദിവസവും ആവശ്യമായിവരിക. അതുകൊണ്ട്‌ ഹ്യൂ ജാക്ക്‌മാന്റെ ഭക്ഷണക്രമവും വ്യായാമമുറകളും സാധാരണക്കാരന്‍ പിന്തുടരുന്നത്‌ ആരോഗ്യത്തിനു ഹാനികരമാണ്‌. ആരോഗ്യത്തിനു മാത്രമല്ല, മനസിനും ഹാനികരണമാണെന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. ഭക്ഷണക്രമത്തില്‍നിന്ന്‌ കാര്‍ബോഹൈഡ്രേറ്റിനെ ഒഴിവാക്കുന്നത്‌ മാനസികമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. വിശപ്പ്‌ മറികടക്കുകയും ആളുകളെ സന്തോഷവാന്മാരാക്കുകയും ചെയ്യുന്ന രാസവസ്‌തു സെറോറ്റോണിന്റെ ഉല്‍പാദനം നിന്നുപോകും കാര്‍ബോഹൈഡ്രേറ്റ്‌ ഭക്ഷണത്തില്‍ വല്ലാതെ കുറഞ്ഞാല്‍. അന്നജം(സ്‌റ്റാര്‍ച്ച്‌) ഉള്ള കാര്‍ബോഹൈഡ്രേറ്റിനും, മധുരത്തിനുമേ തലച്ചോറില്‍ നിന്ന്‌ സെറോറ്റോണ്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയു. അതുകൊണ്ടാണ്‌ ഒരു പ്ലേറ്റ്‌ നിറച്ചു ചിക്കന്‍ കഴിച്ചാല്‍ നിങ്ങള്‍ക്കു വിശപ്പുപിന്നെയും തോന്നുന്നതും അതിന്റെ പകുതി ചോറും ചിക്കനും കഴിച്ചാല്‍ വയര്‍ നിറഞ്ഞതായി അനുഭവപ്പെടുന്നതും. അതായത്‌ വയറു നിറഞ്ഞെങ്കിലും അതുതോന്നണമെങ്കില്‍ സെറോറ്റോണ്‍ വേണമെന്നര്‍ഥം.

ലോഗന്റെ ഷൂട്ടിങ്ങിനായി ഇതിലേറെയാണ്‌ താന്‍ കഷ്‌ടപ്പെട്ടതെന്ന്‌ ജാക്ക്‌മാന്‍ എന്‍.ബി.സിയുടെ ഷോയില്‍ വെളിപ്പെടുത്തിയിരുന്നു. ക്ഷീണിതനും അമാനുഷികമായ ശേഷികള്‍ നഷ്‌ടപ്പെട്ടുതുടങ്ങുന്നവനുമായാണ്‌ ലോഗനില്‍ ജാക്ക്‌മാനെ അവതരിപ്പിക്കുന്നത്‌. തന്നോടുതന്നെ പൊരുതിത്തളര്‍ന്നവനായ വയസന്‍ ലോഗനെ അവതരിപ്പിക്കാന്‍ കൂടുതല്‍ മെലിയേണ്ടിവന്ന ജാക്ക്‌മാന്‍ ഷൂട്ടിങ്ങിന്‌ 30 മണിക്കൂറോളം മുമ്പു വെള്ളം കുടിക്കുന്നതുപോലും അവസാനിപ്പിച്ചിരുന്നു. ഷര്‍ട്ടില്ലാത്ത ലോഗന്റെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനാണ്‌ ഇത്തരത്തിലുള്ള കഠിനമാര്‍ഗങ്ങള്‍ അവലംബിച്ചിരുന്നത്‌.

30 മണിക്കൂറോളം വെള്ളം കുടിക്കാതിരിക്കുന്നതുവഴി 4.5 കിലോയോളം കുറയുമെന്നാണു ജാക്ക്‌മാന്‍ പറയുന്നത്‌. ( നിര്‍ജലീകരണം മൂലം മരിക്കാന്‍ 100 മണിക്കൂറോളം(താപനില അനുസരിച്ച്‌) വേണ്ടിവരും.) പക്ഷേ ഇത്തരത്തില്‍ ജലം കുടിക്കാതെ 30 മണിക്കൂര്‍ ചെലവഴിക്കുന്നതിനു മുമ്പ്‌ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്‌. ഏതാണ്ട്‌ മൂന്നു ഗ്യാലണ്‍(11 ലിറ്ററോളം ) വെള്ളം കുടിച്ചാണ്‌ വോള്‍വറിന്‍ തൂക്കം കുറയ്‌ക്കുന്നത്‌. എന്നാല്‍ ഇതു പരീക്ഷിക്കുന്നത്‌ അങ്ങേയറ്റം റിസ്‌കാണ്‌. തലവേദന പോലുള്ള പാര്‍ശ്വഫലങ്ങള്‍ മാത്രമല്ല, കിഡ്‌നി തരാറടക്കമുള്ളവ സംഭവിക്കാം.

വോള്‍വറിന്‍

ഓസ്‌ട്രേലിയന്‍ തിയറ്റര്‍ ആര്‍ടിസ്‌റ്റായിരുന്ന ഹ്യൂ ജാക്ക്‌മാന്‍ വിഖ്യാത സംവിധായകന്‍ ക്രിസ്‌റ്റഫര്‍ നോളാന്റെ 'ദി പ്രെസ്‌റ്റീജ്‌' എന്ന സിനിമയിലൂടെയാണ്‌ ഹോളിവുഡില്‍ ശ്രദ്ധേയനാകുന്നത്‌. പിന്നീട്‌ ഓസ്‌ട്രേലിയ, ലെസ്‌ മിസറബിള്‍സ്‌ എന്നീ ശ്രദ്ധേയ സിനിമകള്‍ക്കിടെ എക്‌സ്മെന്‍ പരമ്പരയിലേക്കു വിളിക്കപ്പെട്ടു. സ്‌കോട്ടിഷ്‌ താരമായ ദൂഗ്രേ സ്‌കോട്ടിനെ ആണ്‌ 1999ല്‍ ആദ്യം ലോഗന്‍ ആകാന്‍ ബ്രയാന്‍ സിങ്ങര്‍ കണ്ടെത്തിയിരുന്നതെങ്കിലും മിഷന്‍ ഇംപോസിബിള്‍ രണ്ടിന്റെ ചിത്രീകരണത്തിനിടെ സ്‌കോട്ടിനേറ്റ പരുക്കാണ്‌ ഹോളിവുഡ്‌ ചരിത്രത്തില്‍തന്നെ ഏറ്റവും ദീര്‍ഘകാലം ആരാധകര്‍ കൊണ്ടുനടന്ന സൂപ്പര്‍ഹീറോ വേഷത്തിലേക്ക്‌ ജാക്ക്‌മാനെ എത്തിച്ചത്‌.

അമേരിക്കന്‍ പ്രസാധകരായ മാര്‍വെല്‍ കോമിക്‌സിന്റെ എക്‌സ്മെന്‍ ചിത്രകഥയിലെ കഥാപാത്രമാണ്‌ ഹ്യൂ ജാക്ക്‌മാനിലൂടെ ലോകമെങ്ങുമെത്തിയ ലോഗന്‍ എന്നുവളിക്കുന്ന വോള്‍വറിന്‍. അമാനുഷികശേഷി കൈവരിക്കാനാവുന്ന ജനിതകശേഷിയുള്ള മനുഷ്യരാണ്‌ എക്‌സ്മെന്‍ പരമ്പരയിലെ സൂപ്പര്‍ഹീറോകളായ മ്യൂട്ടന്റുകള്‍. എക്‌സ്മെന്‍ സൂപ്പര്‍ഹീറോകളിലെ നിര്‍ണായകശക്‌തിയാണ്‌ വോള്‍വറിന്‍. മൃഗതുല്യമായ ഘ്രാണശക്‌തിയും മുറിവുണക്കാനുള്ള അസാധാരണശേഷിയും ഉള്ള വോള്‍വറിന്റെ ട്രേഡ്‌മാര്‍ക്ക്‌ ചിഹ്നം കൈവിരലുകള്‍ക്കിടയില്‍ നിന്ന്‌ ചാടിവരുന്ന ആ ഇരുമ്പുനഖങ്ങളാണ്‌.

ഇരുകൈകളിലും മൂന്നെണ്ണം വീതമുള്ള നീളമേറിയ കത്തിപോലുള്ള ആ നഖങ്ങളാണ്‌ വോള്‍വറിനെ ലോകമെങ്ങുമുള്ള ആരാധകര്‍ക്കു പ്രിയങ്കരനാക്കിയത്‌. ഒരുപാടു കഥാപാത്രങ്ങളുണ്ടെങ്കിലും എക്‌സ്മെന്‍ പരമ്പര സിനിമ ജനപ്രിയമായത്‌ വോള്‍വറിന്‍ തന്നെയാണ്‌. ഇതുവരെ പത്തുസിനിമകളാണ്‌ എക്‌സ്മെന്‍ പരമ്പരയില്‍ ഇറങ്ങിയത്‌. ബ്രയാന്‍ സിങ്ങര്‍ സംവിധാനം ചെയ്‌ത രണ്ടായിരത്തില്‍ ഇറങ്ങിയ എക്‌സ് മെന്‍ ആണ്‌ ആദ്യത്തേത്‌. പിന്നാലെ എക്‌സ് 2(2003), എക്‌സ്മെന്‍ ദി ലാസ്‌റ്റ് സ്‌റ്റാന്‍ഡ്‌(2006), എക്‌സ്മെന്‍ ഒറിജിന്‍: വോള്‍വറിന്‍(2009), എക്‌സ്മെന്‍ ഫസ്‌റ്റ് ക്ലാസ്‌(2011), ദി വോള്‍വറിന്‍(2013), എക്‌സ്മെന്‍: ഡെയ്‌സ് ഓഫ്‌ ഫ്യൂച്ചര്‍ പാസ്‌റ്റ്, ഡെഡ്‌പൂള്‍(2016) എക്‌സ്മെന്‍ അപ്പോകാലിപ്‌സ്(2016) എന്നിവയാണു ലോഗനു മുമ്പുള്ള എക്‌സ്മെന്‍ പരമ്പരകള്‍.

'ലോഗനോടെ ജാക്ക്‌മാനും വോള്‍വറിനും എക്‌സ്മെന്റെ സിനിമാറ്റിക്‌ പതിപ്പില്‍നിന്ന്‌ അവസാനിക്കും. ജാക്ക്‌മാനല്ലാതെ മറ്റാരെയെങ്കിലും വച്ച്‌ വോള്‍വറിന്‍ തുടരാന്‍ ഫോക്‌ സ്‌റ്റാര്‍ സ്‌റ്റുഡിയോയും താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. 17 വര്‍ഷം ലോകമെമ്പുമുള്ള ആരാധകര്‍ നെഞ്ചേറ്റിയ ഹ്യൂ ജാക്ക്‌മാന്റെ അഡമാന്റിയം( സാങ്കല്‍പ്പിക ലോഹക്കൂട്ട്‌) നിര്‍മിതമായ നഖങ്ങള്‍ക്കും ചെന്നായയെപ്പോലെ വെട്ടിയൊതുക്കിയ താടിരോമങ്ങള്‍ക്കും പകരക്കാരനെ കണ്ടെത്താനാവില്ല.

ഇ.വി. ഷിബു

Ads by Google
Sunday 19 Mar 2017 01.39 AM
YOU MAY BE INTERESTED
TRENDING NOW