Wednesday, April 25, 2018 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 19 Mar 2017 01.39 AM

ചിത്ര വഴിയിലെ നാരായണ പ്രതിഭ

uploads/news/2017/03/91119/sun3.jpg

ഹരിമംഗലം ക്ഷേത്രത്തിന്റെ ചുവരുകളില്‍ ആരോ വരച്ച ചിത്രം കണ്ടതില്‍ ഉണ്ടായ രോഷമാണ്‌ ഇപ്പോള്‍ പത്മശ്രീ കിട്ടിയ അക്കിത്തത്തെ കവിയാക്കിയത്‌. ഏട്ടന്റെ പാതയില്‍ അനുജന്‍ അല്‍പദൂരം നടന്നു. ഏട്ടന്‌ കുട്ടികാലത്ത്‌ ചിത്രമെഴുത്തിലായിരുന്നു കമ്പം. അനുജനോ കവിതയിലും. കാലമൊക്കെ കീഴ്‌മേല്‍ മറിഞ്ഞു. അറിവുകളുടെ ലോകത്തേക്ക്‌ കടന്നിരുന്നതോടെ അക്കിത്തം അച്യുതന്‍ നമ്പൂതിരി കവിയായി. അക്കിത്തം അദ്ദേഹത്തിന്റെ സഹോദരന്‍ നാരായണനോ, ലോകം കണ്ട വലിയ ചിത്രകാരനും.
ചിത്രകലയുടെ എക്കാലത്തേയും തമ്പുരാനായ രാജാ രവിവര്‍മ്മയുടെ പേരിലുളള പുരസ്‌കാരം അടുത്തിടെ ഇല്ലത്തെത്തി. വൈകാതെ വന്നു, കവിക്കുളള പത്മശ്രീയും. ലോകത്തെ പത്ത്‌ ചിത്രകാരന്‍മാര്‍ കൂടിയിരിക്കുമ്പോള്‍ അതിലൊന്ന്‌ ഇന്ന്‌ അക്കിത്തം നാരായണനാണ്‌. അക്കിത്തം നാരായണന്റെ ചിത്രങ്ങളിലൂടെ ലോകം ഇന്ത്യയിലേക്ക്‌ നോക്കുന്നു. ഭാഷയും ഭക്ഷണവും വേഷവും സംസ്‌കാരവും അത്യന്തം ഭിന്നമായ ഒരു രാജ്യത്തെ ജനതയുടെ ജീവിത ചിത്രങ്ങളാണ്‌ അക്കിത്തം നാരായണന്റേത്‌. രാജാ രവിവര്‍മ്മ പുരസ്‌കാരം വാങ്ങാന്‍ പാരീസില്‍ നിന്ന്‌ നാട്ടിലെത്തിയ അക്കിത്തം നാരായണന്‍ മനസ്‌ തുറക്കുന്നു.

രാജാ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ ഏറെ വാഴ്‌ത്തപ്പെട്ടിട്ടുണ്ട്‌. എന്നാല്‍, ഇന്നത്തെ
ചിത്രകാരന്‍മാര്‍ ആ വഴിയില്ല

രവിവര്‍മ്മയുടെ ചിത്രങ്ങള്‍ അനുകരിക്കാനാവാത്തവയാണ്‌. ഉജ്വലങ്ങളാണ്‌. വിളക്കേന്തിയ ഭാരതീയ സ്‌ത്രീയും കാലില്‍ ദര്‍ഭമുനകൊണ്ട ശകുന്തളയുമൊക്കെ. സാഹിത്യത്തില്‍ നിന്ന്‌ ഇറങ്ങി വന്ന്‌ രവിവര്‍മ്മച്ചിത്രങ്ങളില്‍ ജീവിക്കുന്നു. മനുഷ്യനിലേയും പ്രകൃതിയിലേയും പൂര്‍ണ്ണതയും തേടിയവയായിരുന്നു രവിവര്‍മ്മച്ചിത്രങ്ങള്‍. ആധൂനികര്‍ ആ വഴി മാറി നടന്നു. അവര്‍ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ ചിത്രമാക്കി. ചിത്രകലയില്‍ ഒരു പാട്‌ പരീക്ഷണങ്ങള്‍ നടന്ന നാടാണ്‌ കേരളം. സാല്‍വദോര്‍ ദാലിയും പിക്കാസോയും മൈക്കല്‍ ആഞ്ചലോയുമൊക്കെ കേരളത്തിന്‌ ഏറെ പരിചിതരായ ചിത്രകാരന്‍മാരാണ്‌.

താങ്കളുടെ താന്ത്രിക്ക്‌ ചിത്രങ്ങളെക്കുറിച്ച്‌

ഭാരതത്തിന്റെ ആത്മാവാണ്‌ പുരാണങ്ങളും ഇതിഹാസങ്ങളും ഇതിലൂടെയുളള യാത്രകളാണ്‌ ഏന്നെ താന്ത്രിക്ക്‌ ചിത്രങ്ങളിലേക്ക്‌ നയിച്ചത്‌. വൃത്തവും ചതുരവും മറ്റ്‌ രേഖീയ രൂപങ്ങളും എന്നെ വല്ലാതെ പ്രചോദിപ്പിച്ചിരുന്നു. കുട്ടിക്കാലത്ത്‌ ഉളളില്‍ പതിഞ്ഞ കളമെഴുത്തിന്റെ കാഴ്‌ച്ചകളാകാം എന്നെ ഈ വഴിയിലേക്ക്‌ ആകര്‍ഷിച്ചത്‌.
നമ്മുടെ ക്ഷേത്രങ്ങളുടെ ശില്‍പ ഘടനയും നാലുകെട്ട്‌ അടക്കമുളള വാസസ്‌ഥലങ്ങളുടെ ത്രിമാന-ദ്വിമാന കാഴ്‌ച്ചകളും എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്‌. മനുഷ്യ ജീവിത യാത്ര ഇത്തരം രേഖീയ രൂപങ്ങളില്‍ ബന്ധിതമാണന്ന്‌ എനിക്ക്‌ മനസിലാക്കാനായി. ജാമിതീയ രൂപങ്ങളാലുളള ചിത്രമെഴുത്ത്‌ അമൂര്‍ത്ത കലയാണ്‌.
അങ്ങയുടെ ചിത്രങ്ങള്‍

കാഴ്‌ച്ചക്കാരന്‌ ഏറെ സ്വാതന്ത്രം നല്‍കുന്നതാണോ?

ആസ്വാദകന്റെ കാഴ്‌ച്ചകള്‍ അഭിരുചികള്‍ക്ക്‌ അനുസരിച്ചുളളതായിരിക്കും. ഞാന്‍ വരയ്‌ക്കുന്ന ചിത്രങ്ങളില്‍ ഞാന്‍ ഉദ്ദേശിച്ച രീതിയിലേ കാണാന്‍ കഴിയു എന്ന പിടിവാശി എനിക്കില്ല. അവരുടെ അനുഭവങ്ങള്‍, വായനയൊക്കെ ചിത്രവായനയുടെ ഒരു പുതിയ തലത്തിലേക്ക്‌ അവരെ കൊണ്ടെത്തിക്കുന്നു.
നല്ലൊരു ചിത്രാസ്വാദകന്‍ പറയുമ്പോഴാണ്‌ ചിലപ്പോള്‍ നമ്മുടെ ചിത്രങ്ങളിലെ സാധ്യതകള്‍ നാം കൂടി തിരിച്ചറിയുന്നത്‌. നാമൊട്ടു വില കല്‍പ്പിക്കാത്ത ചിത്രങ്ങള്‍ പോലും വലിയ വിലയ്‌ക്ക് ആസ്വാദകര്‍ വാങ്ങുമ്പോള്‍ അത്‌ അവരുടെ മനസിനെ സംതൃപ്‌തിപ്പെടുത്തിയിട്ടുണ്ടന്നാണ്‌ അര്‍ത്ഥം.

കേരളത്തില്‍ നിന്നുള്ള ചിത്രകാരന്‍മാര്‍ പ്രവാസികളാകുന്നത്‌
എന്തുകൊണ്ടാണ്‌?

പ്രവാസ ജീവിതം ആരും ഇഷ്‌ടപ്പെടുന്നില്ല. എന്നാല്‍, തന്റെ കലാരൂപം ആസ്വദിക്കാനും അത്‌ വാങ്ങാനും ആളില്ലാതെ വരുമ്പോഴാണ്‌ പ്രവാസ ജിവീതത്തിന്‌ നിര്‍ബന്ധിതരാകുന്നത്‌.
ലോകോത്തര നിലവാരമുളള ആര്‍ട്ട്‌ ഗ്യാലറികള്‍ കേരളത്തില്‍ ഇല്ലെന്നും പറയാം. ചിത്രാസ്വാദകര്‍ കുറവാണന്ന്‌ ഞാന്‍ പറയില്ല. പക്ഷേ, അവര്‍ക്ക്‌ അതിനുളള അരങ്ങൊരുക്കാന്‍ നമുക്ക്‌ കഴിയുന്നില്ല.

ബാല്യം ചിത്രമെഴുത്തിനെ എത്രകണ്ട്‌ സഹായിച്ചു?

ചിത്രങ്ങള്‍ തന്നെയായിരുന്നു ഗ്രാമം എന്റെ കാഴ്‌ച്ചകളില്‍ നിറച്ചത്‌. കുന്നും പാടങ്ങളും പുഴയും തോടും തോട്ടുവരമ്പുകളിലെ കരിമ്പനകളും പൂത്തുനില്‍ക്കുന്ന മുവാണ്ടന്‍മാവും അമ്പലങ്ങളും ഉത്സവങ്ങളുമൊക്കെ എന്റെ കാഴ്‌ച്ചയിലെ നിശ്‌ചല ചിത്രങ്ങളായി. ഞാന്‍ അടിവച്ച വയല്‍ മണ്ണിന്റെ ഊര്‍ജം എന്റെ ചിത്രങ്ങള്‍ക്ക്‌ ചായമിടുന്നുണ്ട്‌. തിറയുടെ വര്‍ണ്ണയുടയാടകളും വെളിച്ചപ്പാടിന്റെ അരമണികിലുക്കവും കരിങ്കാളിയുടെ നൃത്തവുമൊക്കെ എന്റെ ചിത്രങ്ങള്‍ക്ക്‌ വര്‍ണ്ണം ചാലിച്ചു. ആ കാഴ്‌ച്ചകള്‍ അപ്പാടെ ചിത്രങ്ങളാക്കി പകര്‍ത്തുകയല്ല ചെയ്‌തത്‌. അത്‌ എന്റെ ചിത്രങ്ങളുടെ അന്തര്‍ധാരയായി.
ബാല്യ-കൗമാരങ്ങളുടെ
ചിത്ര രചന
എങ്ങനെയായിരുന്നു?

മറ്റ്‌ കുട്ടികളെ പോലെ കണ്ടതൊക്കെ വരച്ചു. കണ്ടതുകൊണ്ടല്ലാം വരച്ചു. ചിത്ര മാധ്യമമൊന്നും അന്ന്‌ പ്രശ്‌നമെയല്ലായിരുന്നു കാഴ്‌ചകളെ അതേപോലെ പകര്‍ത്തുകയായിരുന്നു ആദ്യകാല ചിത്രങ്ങളില്‍ ചെയ്‌തത്‌. ഏട്ടന്‌ ഒരുപാട്‌ മാസികകള്‍ വരുമായിരുന്നു. അതിലെ ചിത്രങ്ങള്‍ നോക്കി പകര്‍ത്തി. മാസികകളും വാരികകളുമൊക്കെ എനിക്ക്‌ ഏറെ ചിത്രങ്ങള്‍ തന്നിട്ടുണ്ട്‌. കൂട്ടുകാര്‍, കളികള്‍ ഇവയെല്ലാം ചിത്രങ്ങള്‍ക്ക്‌ വിഷയങ്ങളായി.

നിലവില്‍ നിലവിലെ ചിത്ര രചനാ രീതി എങ്ങിനെയാണ്‌?

പ്രഫണലിസത്തിന്‌ ഞാന്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്‌. ഉളളില്‍ തോന്നുന്നതെല്ലാം വരയ്‌ക്കാറുണ്ടങ്കിലും ആവശ്യക്കാരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചും ചിത്രങ്ങള്‍ വരച്ച്‌ നല്‍കുന്നുണ്ട്‌, വിദേശത്ത്‌ ചിത്ര പ്രദര്‍ശനങ്ങള്‍ നിരവധിയാണ്‌. അതുകൊണ്ടുതന്നെ ചിത്രങ്ങളുടെ പ്രദര്‍ശനത്തിനും വില്‍പ്പനയ്‌ക്കും സൗകര്യവുമാണ്‌. വിദേശരാജ്യങ്ങളില്‍ ചിത്രത്തിന്‌ ആസ്വാദകര്‍ ഏറെയാണ്‌. ചിത്രം വാങ്ങാന്‍ പണമുടക്കാന്‍ അവര്‍ക്ക്‌ മടിയില്ല.
നാം പുസ്‌തകങ്ങള്‍ വാങ്ങും പോലെ അവര്‍ ചിത്രങ്ങള്‍ വാങ്ങുന്നു. കണ്ട്‌ ആസ്വദിക്കുന്നു. അതിനെ നൂതന കാഴ്‌ച്ചകളിലൂടെ വിലയിരുത്തുന്നു. വൈകാതെ നമ്മുടെ നാട്ടിലും ചിത്രങ്ങളെ സ്‌നേഹിക്കുന്നവര്‍ ഉണ്ടാകും. ചിത്രകല ഏറെ ജനകീയമാകുമെന്ന്‌ തന്നെയാണ്‌ എന്റെ വിശ്വാസം.

കുടുംബത്തേക്കുറിച്ച്‌?

ഫ്രാന്‍സില്‍ താമസമാക്കിയിട്ട്‌ 50 വര്‍ഷം തികയുകയാണ്‌. ജപ്പാന്‍കാരിയായ ഭാര്യ സച്ചിക്കോ. മകന്‍ അഗ്നിശര്‍മ്മനും മരുമകളും ഫ്രഞ്ചുകാരിയുമായ ഫെലീസിയും ഇവരുടെ മകള്‍ സായിയും അടങ്ങുന്നതാണ്‌ കുടുംബം

സി.കെ. ശശി പച്ചാട്ടിരി,
എം.പി. സതീഷ്‌

Ads by Google
Sunday 19 Mar 2017 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW