Thursday, April 19, 2018 Last Updated 13 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 19 Mar 2017 01.39 AM

ആള്‍ക്കൂട്ടത്തില്‍ തനിയെ

uploads/news/2017/03/91118/sun2.jpg

തുടര്‍രചനകളില്‍ സ്വയം അനുകരിക്കാതിരിക്കുകയും ഒപ്പം പ്രമേയപരിസരങ്ങളിലും ഭാഷയിലും മറ്റുള്ളവരെ പിന്തുടരാതിരിക്കുകയും ചെയ്യുമ്പോഴാണ്‌ ഒരു എഴുത്തുകാരന്‌ സാഹിത്യത്തില്‍ സവിശേഷമായ സ്‌ഥാനം ലഭിക്കുന്നത്‌. കുലപതികളും മഹാരഥന്‍മാരും പ്രതിഭാശാലികളും വാഴുന്ന മലയാള സാഹിത്യത്തിന്റെ പൂന്തോട്ടത്തില്‍ ഇത്തരം വിശിഷ്‌ഠമായ സ്‌ഥാനവും അലങ്കരിച്ച്‌ സൗരഭ്യം പരത്തി, വഴിമാറി നില്‍ക്കുന്ന എഴുത്തുകാരനാണ്‌ ടി.ഡി രാമകൃഷ്‌ണന്‍.
എല്ലാവരും കാണുന്ന പ്രമേയപരിസരങ്ങളെ ഈ എഴുത്തുകാരന്‍ ഗൗനിക്കാറില്ല. സ്‌ഥിരമായി കൈയടി കിട്ടുമെന്നുറപ്പുള്ള നാട്യങ്ങളെ ഇദ്ദേഹം പാടെ അവഗണിക്കുകയാണ്‌ പതിവ്‌. പാരമ്പര്യങ്ങളെയും മാമ്മൂലുകളെയും ഈ തൂലിക എന്നും എഴുത്തിന്‌ പുറത്തുനിര്‍ത്തുന്നു. ഇത്തരം ഗുണങ്ങളാല്‍ സമ്പന്നമായ ശൈലിയും അന്വേഷണത്വരയും വേണ്ടുവോളമുള്ള എഴുത്തുകാരനായ ടി.ഡി. രാമകൃഷ്‌ണന്‍ മൂന്നേമൂന്ന്‌ നോവലുകളേ എഴുതിയിട്ടുള്ളൂവെങ്കിലും അത്‌ മൂന്നും മലയാള നോവല്‍ സാഹിത്യത്തിന്റെ നിധിശേഖരത്തിലാണ്‌ അടയാളപ്പെടുത്തപ്പെട്ടത്‌. ആല്‍ഫ, ഫ്രാന്‍സിസ്‌ ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്നീ ഈ മൂന്നു നോവലുകളും ടി.ഡി. രാമകൃഷ്‌ണന്‌ നല്‍കിയ സ്വീകാര്യത വളരെ വലുതാണ്‌.
റെയില്‍വേയില്‍ വിവിധ വകുപ്പുകളില്‍ ഔദ്യോഗിക ജീവിതത്തിന്റെ ഏറിയഭാഗവും തമിഴ്‌നാട്ടില്‍ ജീവിച്ച ഇദ്ദേഹം തമിഴ്‌ സാഹിത്യവുമായി ഗാഢബന്ധം പുലര്‍ത്തുന്നു. നോവല്‍ അടക്കമുള്ള അനവധി തമിഴ്‌ രചനകളും, ചാരുനിവേദിത അടക്കമുള്ള നിരവധി തമിഴ്‌ എഴുത്തുകാരുടെ അഭിമുഖങ്ങളും ഇദ്ദേഹം മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്‌തു. ഈ തമിഴ്‌ ഭാഷാ സ്വാധീനം ടി.ഡി. രാമകൃഷ്‌ണന്റെ തൂലികയ്‌ക്ക് എന്നും മുതല്‍ക്കൂട്ടാണ്‌. ഇതിന്‌ തെളിവാണ്‌ ഇദ്ദേഹത്തിന്‌ ഏറെ ആരാധകരെ സൃഷ്‌ടിച്ച സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവല്‍. കേരളത്തിന്‌ വളരെ സമീപത്തായ ശ്രീലങ്കയില്‍ നടന്ന വളരെ പൈശാചികമായ വംശഹത്യയുടെയും ആഭ്യന്തരസംഘര്‍ഷങ്ങളുടെയും ഇടയില്‍പെട്ട്‌ ഇരകളാകേണ്ടിവരുന്ന സ്‌ത്രീകളുടെ ജീവിതമാണ്‌ നോവല്‍ വരച്ചുകാട്ടുന്നത്‌.

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ പിറവി

മലയാള സാഹിത്യഭൂമികയ്‌ക്ക് അത്ര പരിചയമല്ലാത്ത ശ്രീലങ്കന്‍ രാഷ്‌ട്രീയ പശ്‌ചാത്തലമാണ്‌ ഈ നോവലിന്റെ ഭൂമിക. 1989 ല്‍ എല്‍.ടി.ടി.ഇയാല്‍ കൊല്ലപ്പെട്ട ശ്രീലങ്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയായ രജനി തിരണഗാമയെക്കുറിച്ചുള്ള സിനിമയെടുക്കാന്‍ കഥാനായകന്‍ പീറ്റര്‍ ജീവാനന്ദവും സംഘവും കൊളംമ്പോയില്‍ എത്തുന്നതോടെയാണ്‌ കഥ തുടങ്ങുന്നത്‌. ജഫ്‌നയിലെ മെഡിക്കല്‍ കോളജിലെ ഡോക്‌ടറായിരുന്നു രജനി തിരണഗാമ. എല്‍.ടി.ടി.ഇ യോട്‌ ഇവര്‍ക്ക്‌ അനുഭാവമുണ്ടായിരുന്നു.
എന്നാല്‍ സംഘടനയ്‌ക്കുള്ളിലെ പ്രവര്‍ത്തനം ജനാധിപത്യപരമല്ലെന്ന്‌ അവര്‍ തിരിച്ചറിഞ്ഞതോടെ സംഘടനയിലുള്ള വിശ്വാസം അവര്‍ക്ക്‌ നഷ്‌ടമാവുകയും ഒരു സ്വതന്ത്ര മനുഷ്യാവകാശ പ്രവര്‍ത്തകയായി അവര്‍ മാറുകയുമായിരുന്നു. തുടര്‍ന്ന്‌ അവര്‍ പുലികളുടെയും, സിംഹളപട്ടാളക്കാരുടെയും മനുഷ്യാവകാശ ലംഘനങ്ങളെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരുന്നു. ഇരകള്‍ക്കുവേണ്ടി സംസാരിച്ചതിന്റെ ഫലമായി ഒടുവില്‍ അവര്‍ക്ക്‌ ജീവന്‍ നഷ്‌ടമാകുന്നു.
'ദേവനായകി' ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന തമിഴ്‌ തട്ടകത്തിലെ ഒരു മിത്താണ്‌. ഇവര്‍ പന്ത്രണ്ടാം വയസില്‍ ജ്‌ഞാനസരസ്വതിയായി വിഷ്‌ണുവില്‍ ലയിച്ചതായാണ്‌ കരുതപ്പെടുന്നത്‌. ശ്രീലങ്കന്‍ വര്‍ത്തമാനകാല രാഷ്‌ട്രീയവും ആണ്ടാള്‍ ദേവനായികി എന്ന ഭൂതകാലമിത്തും വേര്‍തിരിച്ചുമാറ്റാനാകാത്തവിധം നോവലില്‍ ഇഴചേര്‍ന്നു കിടക്കുന്നു.
നോവലില്‍ എഴുത്തുകാരന്‍ 'ഭാവനയില്‍' നിന്നും രൂപംകൊടുത്ത കഥാനായികയായ സുഗന്ധിയുടെ ബാല്യകാലം വളരെ ദുരിത പൂര്‍ണമായിരുന്നു. മാതാപിതാക്കള്‍ നഷ്‌ടപ്പെടുന്നിടത്താണ്‌ അവളുടെ ഓര്‍മകള്‍ തുടങ്ങുന്നത്‌. തുടര്‍ന്നുള്ള അവളുടെ ജീവിതം ഈ കഷ്‌ടതകളും പേറിയാണ്‌ മുന്നോട്ടു നീങ്ങുന്നത്‌. അവരും എല്‍.ടി.ടി.ഇയില്‍ ചേര്‍ന്ന്‌ കുറച്ച്‌ നാളുകള്‍ക്കുള്ളില്‍ അത്‌ പ്രതീക്ഷയ്‌ക്കും സ്വപ്‌നങ്ങള്‍ക്കും അനുസരിച്ചുള്ള സംഘടനയല്ലെന്ന്‌ മനസിലാക്കുന്നു.
ഒടുവില്‍ ശ്രീലങ്കന്‍ ഭരണകൂടം മുഖം ആസിഡുകൊണ്ട്‌ വികൃതമാക്കുകയും കൈകള്‍ മുട്ടിനുതാഴെ മുറിച്ചു മാറ്റുകയും ചെയ്‌ത സുഗന്ധി ഒടുവില്‍ ഒരു ചാവേറായി പൊട്ടിത്തെറിച്ച്‌ ജ്‌ഞാന സരസ്വതിയായി ആകാശത്തേക്കു ഉയരുകയാണ്‌. രജനി തിരണഗാമയും സുഗന്ധിയും യുദ്ധത്തിന്റെ മനുഷ്യത്വരഹിതമായ പോരാട്ടങ്ങള്‍ക്കു മുന്‍പില്‍ തോറ്റുപോകുന്നു. ശ്രീലങ്കന്‍ ഭരണകൂടത്തിന്റെ ഭീകരമായ ഏകാധിപത്യമുഖവും അവയ്‌ക്ക് തടയിടാനായി ഉയര്‍ന്നുവന്ന എല്‍.ടി.ടി.ഇ പോലുള്ള സംഘടനകളും എങ്ങനെയാണ്‌ ഫാസിസ്‌റ്റ് നടപടികളിലേയ്‌ക്ക് നീങ്ങുന്നതെന്നും നോവല്‍ കാണിച്ചുതരുന്നു. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ രചനാരഹസ്യങ്ങളെക്കുറിച്ച്‌ എഴുത്തുകാരന്‍ സംസാരിക്കുന്നു.

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവലിന്റെ സഞ്ചാരവഴികളെക്കുറിച്ച്‌ പറയാമോ?

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന ഈ നോവല്‍ വളരെ അപ്രതീക്ഷിതമായി എഴുതിയതാണ്‌. അല്ലാതെ മുന്‍കൂട്ടി പ്ലാന്‍ ചെയ്‌ത് എഴുതിയതല്ല. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തൃശൂരിലെ ഒരു സാഹിത്യചടങ്ങില്‍ ഞാന്‍ പ്രസംഗിക്കാന്‍ പോയി, അവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചാണ്‌ സംസാരിക്കേണ്ടിവന്നത്‌. അപ്പോള്‍ ഞാന്‍ ശ്രീലങ്കന്‍ തമിഴ്‌ എഴുത്തുകാരെക്കുറിച്ച്‌ പറഞ്ഞു. 2009 ല്‍ പ്രഭാകരന്‍ മരിച്ചശേഷം എനിക്ക്‌ അവരുമായുള്ള കോണ്‍ടാക്‌റ്റ് നഷ്‌ടപ്പെട്ടിരുന്നു. ഞാന്‍ ഇമെയിലുകള്‍ അയച്ചാല്‍ മറുപടി വരാതെയായി. എന്നില്‍ ആകാംക്ഷയേറി. അവരിനി കൊല്ലപ്പെട്ടോ, അതോ പലായനം ചെയ്‌തുപോയോ?. ഞാന്‍ ഈ കാര്യങ്ങളെക്കുറിച്ച്‌ പ്രസംഗത്തില്‍ വിഷമത്തോടെ പറഞ്ഞു. അന്ന്‌ ആ വേദിയില്‍ സിവിക്‌ ചന്ദ്രനുണ്ടായിരുന്നു. അദ്ദേഹം ഞാന്‍ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ 'പാഠഭേദം' മാസികയ്‌ക്കായി എഴുതി തരാമോയെന്നു ചോദിച്ചു. ശരിയെന്ന്‌ പറഞ്ഞെങ്കിലും ഞാനത്‌ മറന്നുപോയി. സിവിക്‌ ചന്ദ്രന്‍ പിന്നെയും നിര്‍ബന്ധിച്ചപ്പോള്‍ ഞാനത്‌ എഴുതിക്കൊടുത്തു. ചെറിയൊരു കുറിപ്പായിരുന്നു അത്‌. എഴുതി അയച്ചുകഴിഞ്ഞപ്പോള്‍ അതിന്‌ ഫിക്ഷന്‌ ഒരുസാധ്യതയുണ്ടല്ലോയെന്ന്‌ തോന്നി.
അങ്ങനെ ചിന്തകള്‍ മുന്നോട്ടുപോകുമ്പോഴാണ്‌ എന്‍.എസ്‌. മാധവനുമായി ഫോണില്‍ സംസാരിക്കുന്നത്‌. സംസാരിക്കുന്ന കൂട്ടത്തില്‍ പുതിയ എഴുത്തിനെക്കുറിച്ച്‌ അദ്ദേഹം ചോദിച്ചു. ഞാന്‍ ശ്രീലങ്കന്‍ വിഷയത്തില്‍ നോവലെഴുതുന്ന കാര്യം പറഞ്ഞു. അപ്പോള്‍ ഔട്ട്‌ലുക്ക്‌ മലയാളത്തില്‍ ഒരു ഓണപ്പതിപ്പ്‌ ഇറക്കാന്‍ തീരുമാനിച്ച സമയമാണ്‌.
എന്‍.എസ്‌.മാധവനായിരുന്നു അതിന്റെ എഡിറ്റര്‍. അദ്ദേഹം നോവലിന്റെ ആദ്യ അധ്യായം ഓണപ്പതിപ്പിന്‌ നല്‍കാമോയെന്നു ചോദിച്ചു. ഞാന്‍ സമ്മതിച്ചു. അപ്പോള്‍ നോവലിന്റെ ബാക്കി കാര്യങ്ങളും അധ്യായങ്ങളുമെല്ലാം മനസില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അങ്ങനെ ഔട്ട്‌ലുക്കിന്റ ഓണപ്പതിപ്പിലാണ്‌ ആദ്യ അധ്യായം പ്രസിദ്ധീകരിച്ചുവരുന്നത്‌. പുസ്‌തകമായി പുറത്തിറങ്ങിയപ്പോഴുള്ള ആദ്യ അധ്യായത്തിന്റെ പകുതിയാണ്‌ ഔട്ട്‌ ലുക്കില്‍ പ്രസിദ്ധീകരിച്ചത്‌.
ആ സമയമാണ്‌ മാധ്യമം വീക്ക്‌ലിയില്‍നിന്ന്‌ നോവലെറ്റ്‌ എന്തെങ്കിലുമുണ്ടോയെന്നു ചോദിച്ച്‌ വിളിവരുന്നത്‌. നോവലെറ്റായി അത്‌ എഴുതാന്‍ കഴിയില്ലെന്നും അത്‌ നോവലെറ്റിന്റെ ക്യാന്‍വാസിനേക്കാള്‍ വലുതാണെന്നും അതിനായി ശ്രീലങ്കയില്‍ ഒരിക്കല്‍കൂടി പോകണമെന്നും ഞാന്‍ പറഞ്ഞു. ശ്രീലങ്കയുടെ ചരിത്രം പരിശോധിക്കണം. സിംഹള ചരിത്രം പഠിക്കണം. അതിലൂടെ കഥ പറാനുള്ള സാഹചര്യം വേണം. ആ സമയത്ത്‌
രജനി തിരണഗാമയുടെ ജീവിതം പറയുന്ന ഡോക്ക്യുമെന്ററി കണ്ടിരുന്നു. അത്‌ എന്റെ മനസില്‍ മുറിവേല്‍പ്പിച്ചു. പിന്നീടും ശ്രീലങ്ക പ്രശ്‌നം പറയുന്ന ഡോക്യൂമെന്ററികള്‍ അനവധി കണ്ടു. വിഷയത്തെ സംബന്ധിച്ച്‌ കിട്ടാവുന്ന എല്ലാ വിവരങ്ങളും ഞാന്‍ ശേഖരിച്ചു. മഹീന്ദ്രരാജപഷെ പ്രസിഡന്റായ കാലത്തെ വയലന്‍സിന്റെ അവസാന സ്‌റ്റേജിലാണ്‌ ശ്രീലങ്ക അപ്പോള്‍. പക്ഷേ നോവലില്‍ അത്രമാത്രം പോരെന്നും തോന്നലുണ്ടായി.
അപ്പോഴും വായനകളും അന്വേഷണങ്ങളും സമാന്തരമായി നടന്നുകൊണ്ടിരുന്നു. അങ്ങനെയാണ്‌ ആണ്ടാള്‍ ദേവനായകി എന്ന മിത്തിലേക്ക്‌ എത്തുന്നത്‌. അത്തരം മിത്തുകള്‍ മനസില്‍ വളര്‍ന്നു. സച്ചിദാനന്ദന്‍ എഴുതിയ 'ആണ്ടാള്‍ പ്രണയത്തെകുറിച്ച്‌ സംസാരിക്കുന്നു' വെന്ന കവിത ആ കാലത്ത്‌ വായിച്ചത്‌ എനിക്കോര്‍മ്മവന്നു. അത്‌ എനിക്കിഷ്‌ടപ്പെട്ട ഒരു കവിതയാണ്‌. അങ്ങനെ...അങ്ങനെയാണ്‌ ആണ്ടാള്‍ ദേവനായകി കഥ വളര്‍ന്ന്‌ നോവലാകുന്നത്‌.

വായനക്കാരില്‍ നിന്നും കിട്ടിയ പ്രതികരണങ്ങള്‍?

വായനക്കാരില്‍ നിന്നും കിട്ടിയത്‌ വളരെ നല്ല പ്രതികരണങ്ങളായിരുന്നു. അതിന്‌ തെളിവാണ്‌ രണ്ട്‌ വര്‍ഷത്തിനുള്ളില്‍ എട്ട്‌ എഡിഷന്‍ വന്നത്‌. പ്രതീക്ഷിക്കാത്ത കോണുകളില്‍ നിന്നും വരെ അഭിനന്ദങ്ങള്‍ കിട്ടി. സക്കറിയയെ പോലുള്ളവര്‍ നോവലിന്റെ നിലവാരത്തെകുറിച്ച്‌ എടുത്തു പറഞ്ഞു. സച്ചിതാനന്ദനും അഭിനന്ദിച്ചു. രാഷ്‌ട്രീയ മേഖലയില്‍ നിന്നുംകിട്ടി നല്ല വാക്കുകള്‍. എം.എ.ബേബിയും, രമേശ്‌ ചെന്നിത്തലയും നോവലിഷ്‌ടമായെന്നു പറഞ്ഞു. മാധ്യമം ആഴ്‌ചപതിപ്പില്‍ നോവല്‍ പ്രസിദ്ധീകരിച്ച കാലം മുതല്‍ ദിനംപ്രതി ആരെങ്കിലുമൊക്കെ വിളിക്കാറുണ്ട്‌. പിന്നെ നോവല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന്റെയും വയലാര്‍ അവാര്‍ഡിന്റെയുമെല്ലാം ഫൈനല്‍ റൗണ്ടില്‍പ്പെട്ടതായി അറിയാന്‍ കഴിഞ്ഞു. ഇതെല്ലാം വലിയകാര്യങ്ങളല്ലേ?.
ഇംഗ്ലീഷ്‌ വിവര്‍ത്തനം ഈ വര്‍ഷമിറങ്ങും. ഇംഗ്ലീഷിലെ പ്രമുഖ പ്രസാധകരായ ഹാര്‍ബര്‍ കോളിന്‍സാണ്‌ പുസ്‌തകമിറക്കുന്നത്‌. എറണാകുളം സെന്റ്‌ തെരേസസ്‌ കോളജിലെ അധ്യാപികയായ ഡോ. പ്രിയ നായരാണ്‌ ഇത്‌ ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്യുന്നത്‌. അപ്പോള്‍ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്നാണ്‌ പ്രതീക്ഷ. തമിഴിലും വൈകാതെ ഇറങ്ങും. കൊറിഞ്ചുവേലനാണ്‌ തമിഴിലേക്കു മാറ്റുന്നത്‌. മലയാളത്തിലെ മുപ്പത്തിയേഴോളം നോവലുകള്‍ തമിഴിലേക്ക്‌ മൊഴിമാറ്റിയിട്ടുണ്ട്‌ അദ്ദേഹം. തകഴിയുടെയും പൊറ്റക്കാടിന്റെയും, സേതുവിന്റെയും അങ്ങനെ പലരുടെയും.

ശ്രീലങ്കയിലെ എഴുത്തുകാര്‍ ഇങ്ങനെയൊരു നോവല്‍ ഇറങ്ങിയ കാര്യം
അറിഞ്ഞുവോ?

ശ്രീലങ്കയിലെ തമിഴ്‌ എഴുത്തുകാര്‍ക്ക്‌ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയെക്കുറിച്ചറിയാം. അവരില്‍ പലരും പലതരത്തില്‍ എന്നെ സഹായിച്ചിട്ടുണ്ട്‌. ഇംഗ്ലീഷിലും തമിഴിലും പുസ്‌തകമിറങ്ങുന്നതിനായി അവരും കാത്തിരിക്കുകയാണ്‌. കന്നഡയില്‍ താമസിക്കുന്ന തമിഴ്‌ എഴുത്തുകാരന്‍ ചേരന്‍ രുദ്രമൂര്‍ത്തിയുമെല്ലാം എന്നെ സഹായിച്ചവരുടെ കൂട്ടത്തില്‍പെടുന്നു.
സാധാരണക്കാരുടെ

ദുരിതങ്ങള്‍ പറയാനുള്ള ശ്രമം ബോധപൂര്‍വ്വമായിരുന്നോ?

അതെ.. അത്‌ ബോധപൂര്‍വം തന്നെയായിരുന്നു. എല്‍.ടി.ടി.ഇ പുലികള്‍ ഒരു ഭാഗത്ത്‌ പട്ടാളക്കാര്‍, മറുഭാഗത്ത്‌ ഇവര്‍ക്കിടയിലായിരുന്നു എന്നും സാധാരണ ജനങ്ങള്‍. അവര്‍ ഈ രണ്ടു വിഭാഗങ്ങളുടെ അക്രമങ്ങള്‍ക്ക്‌ ഇരകളാവുകയായിരുന്നു.. സത്യത്തില്‍ സമാധാനത്തിനു ശ്രമിക്കുന്നതാര്‌ എന്ന ചിന്തയാണ്‌ അവിടെ ഉയര്‍ന്നുവന്നത്‌. ഇവര്‍ക്കിടയില്‍പ്പെട്ട സാധാരണക്കാരുടെ ദുരിതങ്ങള്‍ പറയാനുള്ള ശ്രമംതന്നെയായിരുന്നു നോവലെഴുത്ത്‌.

എഴുത്തില്‍ നേരിട്ട വെല്ലുവിളികള്‍? വേണ്ടരീതിയിലുള്ള സ്‌ത്രീപക്ഷവായന
നോവലിന്‌ കിട്ടിയോ?

ഇന്ന്‌ മലായാളികള്‍ ലോകത്ത്‌ എല്ലായിടത്തുമുണ്ട്‌. അതുകൊണ്ട്‌ കേരളത്തിലോ, ഇന്ത്യയിലെ സാഹിത്യത്തെ ഒതുക്കി നിര്‍ത്താനാകില്ല. മലയാളികള്‍ ലോകത്ത്‌ മുഴുവന്‍ അവരുടെ സ്വാധീനം ബോധ്യപ്പെടുത്തുന്ന കാലമാണ്‌ ഇത്‌. എഴുത്തില്‍ വെല്ലുവിളികളുണ്ടായിരുന്നു. പക്ഷേ എനിക്കത്‌ നേരിടാനായി. ശ്രീലങ്കയിലെ അനവധി കൃതികള്‍ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്‌തതുകൊണ്ട്‌ ശ്രീലങ്കന്‍ തമിഴ്‌വംശജരുടെ പ്രശ്‌നങ്ങള്‍ എനിക്കറിയാമായിരുന്നു. ഞാനതിനെക്കുറിച്ച്‌ കൃത്യമായ പഠനങ്ങളും നടത്തിയിരുന്നു. ശ്രീലങ്കന്‍ എഴുത്തുകാരുടെ കവിതകളും അഭിമുഖങ്ങളുമാണ്‌ കൂടുതല്‍ വിവര്‍ത്തനം ചെയ്‌തിരിക്കുന്നത്‌. ക്ഷോഭാശക്‌തിയുടെ 'മ്‌' എന്ന നോവലും വിവര്‍ത്തനം ചെയ്‌തിരുന്നു. അത്‌ അല്‍പ്പം വലിയ നോവലായിരുന്നു.
പിന്നെ സ്‌ത്രീപക്ഷ വായനയുടെ കാര്യം പറഞ്ഞാല്‍, മലയാളത്തില്‍ സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ എഴുതുന്ന മികച്ച നിലവാരമുള്ള എഴുത്തുകാരികള്‍ നമുക്കുണ്ട്‌. ഗ്രേസിയും, സാറാജോസഫും, ചന്ദ്രമതിയും മറ്റും. സ്‌ത്രീകള്‍ വളരെ ദുരിതങ്ങള്‍ സഹിച്ചും പോരാട്ടങ്ങള്‍ നടത്തിയും കടന്നുപോകുന്ന കാലമാണ്‌ ഇത്‌. എല്ലാ പ്രശ്‌നങ്ങളുടെയും ദുരിതം അനുഭവിക്കുന്നവര്‍ സ്‌ത്രീകളാണ്‌.
ശ്രീലങ്കന്‍ വംശീയ പ്രശ്‌നങ്ങളില്‍ സ്‌ത്രീകള്‍ അനുഭവിച്ച ദുരിതങ്ങളാണ്‌ ഞാനും എഴുതിയതെങ്കിലും അത്‌ ഒരു സ്‌ത്രീപക്ഷ വായനമാത്രം മുന്നില്‍ കണ്ടല്ല. നമ്മുടെ മലയാളത്തിന്‌ ഏറ്റവും അടുത്തുള്ള സ്‌ഥലമാണ്‌ ശ്രീലങ്ക. സംസ്‌കാരത്തിലും ആഹാരത്തിലും വസ്‌ത്രധാരണത്തിലും നമ്മോട്‌ അവര്‍ക്ക്‌ സാദൃശ്യവുമുണ്ട്‌. ഗള്‍ഫ്‌ എന്നത്‌ നമ്മുടെ ഡ്രീം വേള്‍ഡാകുന്നതിനു മുമ്പ്‌ ശ്രീലങ്കയായിരുന്നു നമ്മുടെ സ്വപ്‌നഭൂമി. പിന്നീട്‌ അവിടത്തെ പ്രശ്‌നങ്ങളൊന്നും നമ്മളെ ബാധിക്കാതെയായി.
അതും ഈ നോവിലെഴുത്തിന്‌ ഒരു കാരണമായിട്ടുണ്ട്‌. കാരണം നമുക്കിടയിലൊരു കടലുണ്ട്‌. അവിടെ എന്തു നടന്നാലും നമുക്കൊന്നുമില്ല. ഈ നിസംഗത എന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്‌. ആ വേദനയാണ്‌ ഈ നോവലെഴുതാനുള്ള പ്രേരണ. എന്നുവച്ച്‌ ഈ നോവല്‍ ശ്രീലങ്കയിലെ തമിഴ്‌ വിമോചനപോരാട്ടത്തിന്റെ ചരിത്രമൊന്നുമല്ല. എനിക്ക്‌ പ്രിയപ്പെട്ട ആണ്ടാള്‍ ദേവനായകിയുടെ കഥയാണ്‌. ശ്രീലങ്കയിലെ തമിഴ്‌ വിമോചനപ്പോരാട്ടം അതിനു പശ്‌ചാത്തലമാകുന്നുവെന്നുമാത്രം.

എം.എ. ബൈജു

Ads by Google
Sunday 19 Mar 2017 01.39 AM
YOU MAY BE INTERESTED
TRENDING NOW