Wednesday, May 23, 2018 Last Updated 43 Min 13 Sec ago English Edition
Todays E paper
Ads by Google
ഇ. പി. ഷാജുദീന്‍
ഇ. പി. ഷാജുദീന്‍
Saturday 18 Mar 2017 08.22 PM

ചോപ്തയിലെ പച്ചപ്പും ഹരിതാഭയും

മഴക്കോട്ടുമിട്ട് മുറിയിലേക്ക് നടന്നു. കാട്ടിനുള്ളില്‍ രൗദ്രഭാവത്തില്‍ മഴ തകര്‍ക്കുകയാണ്. മഴയുടെ ശബദമല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല. വഴി തികച്ചും വിജനം. ചോപ്ത അങ്ങാടി പോലും ആരുമില്ലാതെ വിജനമായി കിടക്കുന്നു. എല്ലാവരും ആഴിക്കു ചുറ്റുമായിരിക്കും. മുറിയിലെത്തി കമ്പിളിപ്പുതപ്പുകള്‍ക്കുള്ളില്‍ നൂഴ്ന്നു കയറിക്കിടന്നപ്പോള്‍ തണുപ്പിനു ശമനം തോന്നി. ശരീരക്ഷീണം കൊണ്ട് അതിവേഗം ഉറക്കത്തിലേക്കു വീണു. മൂന്നു മണിക്കൂര്‍ കഴിഞ്ഞ് കഞ്ഞികുടിക്കാമെന്ന പ്രതീക്ഷയില്‍ ഉണരുമ്പോഴും പുറത്ത് മഴ ആഞ്ഞടിക്കുകയായിരുന്നു.
travelogue -Tungnath

ചന്ദ്രശിലയുടെ മേലേ- 4

മുറിയില്‍ അല്‍പം വിശ്രമിച്ച ശേഷം ചോപ്തയുടെ പച്ചപ്പിലേക്കിറങ്ങി. സജീവമെങ്കിലും ശാന്തമായ ഗ്രാമം. ഹിമാലയത്തിലെ ഒരു വനപ്രദേശത്ത് കൊച്ചു ഗ്രാമത്തില്‍ കാണാന്‍ ഇടയില്ലാത്തതിലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. ചന്ദ്രശിലയും തുംഗനാഥും കാണാന്‍ വന്നവരുടെ വാഹനങ്ങളാണ്. രാവിലെ ഇവിടെയെത്തി മലകയറിയ ശേഷം തിരിച്ചെത്തി വാഹനത്തില്‍ മടങ്ങുന്നവരാണ് അധികവും. മുകളിലേക്ക് പോയവര്‍ തിരിച്ചെത്തുമ്പോഴേ അങ്ങാടി തിരക്കുള്ളതാവൂ.

travelogue -Tungnath

മൂന്നുമണി കഴിഞ്ഞപ്പോഴേ കനത്ത മൂടല്‍മഞ്ഞ് ഉയര്‍ന്നുകഴിഞ്ഞു. ഗ്രാമത്തിനു നാലു ചുറ്റും മലനിരകളാണ്. ഇടതൂര്‍ന്ന വനങ്ങളും ഇടയ്ക്കിടയ്ക്ക് പുല്‍മേടുകളും കാണാം. ദൂരേക്കുള്ളതൊന്നും കാണാന്‍ സാധിക്കുന്നില്ല. മൂടല്‍മഞ്ഞ് എല്ലാം മറയ്ക്കുകയാണ്.

റോഡിന്റെ ഇരുവശത്തും ചെറിയ ചായക്കടകളാണ്. നേരേ വിക്രമിന്റെ കടയിലേക്ക് കയറി. പത്തു പേര്‍ക്കെങ്കിലും ഇരുന്നു ഭക്ഷണം കഴിക്കാവുന്ന വലിപ്പമുണ്ട്. അതിന്റെ ഒരു ഭാഗത്ത് കടയാണ്. അടുപ്പിന്റെ മൂലയില്‍ ചൂടു കാഞ്ഞ് ഒരു വൃദ്ധ കൂനിക്കൂടിയിരിക്കുന്നു. സീതമ്മ വിക്രമിന്റെ അമ്മയാണ്. മുഖമാകെ ചുളിവുകള്‍ വീണെങ്കിലും നല്ല ഭംഗിയുള്ള ചിരി അവര്‍ സമ്മാനിച്ചു. കേരളത്തില്‍ നിന്നുള്ള പലരും മുന്‍പ് വന്നിട്ടുള്ളതിനാല്‍ നമ്മുടെ നാടിനേക്കുറിച്ച് അവര്‍ കേട്ടിട്ടുണ്ട്.

travelogue -Tungnath

വിക്രമും സീതമ്മയും പിന്നെ ഇവിടെ കച്ചവടം ചെയ്യുന്നവരുമൊക്കെ ഇവിടുത്തുകാരല്ല. അങ്ങു താഴ്‌വരയില്‍ നിന്നുള്ളവരാണ്. മഞ്ഞുകാലം കഴിയുമ്പോള്‍ കച്ചവടത്തിനായി ഇവിടേക്കു വരും. സീസണ്‍ തീരുവോളം ഇവിടെത്തന്നെ. മഞ്ഞുവീഴുമ്പോള്‍ നാട്ടിലേക്കു പോകും. അവിടെ കൃഷിയാണ് പിന്നീടുള്ള വരുമാനമാര്‍ഗം. സമുദ്രനിരപ്പില്‍ നിന്ന് 8790 അടി ഉയരത്തിലുള്ള ചോപ്തയില്‍ മഞ്ഞുകാലം എന്നാല്‍ ദുരിതകാലമെന്നാണ് അര്‍ഥം. നവംബര്‍ ആകുമ്പോഴേക്കും മഞ്ഞുവീഴ്ച തുടങ്ങും. ജനുവരിയില്‍ പ്രദേശമാകെ മഞ്ഞില്‍ മുങ്ങും. ചിലയിടങ്ങളില്‍ നാലടി മുതല്‍ ഏഴടി വരെ കനത്തില്‍ മഞ്ഞായിരിക്കും. മഞ്ഞുകാലമാകുമ്പോഴേക്കും ചോപ്തയിലേക്കുള്ള പ്രധാന റോഡ് പലയിടത്തും അടയ്ക്കും. ഇവിടുത്തെ മഞ്ഞുകാലവും ശുഭ്രപരവതാനിയില്‍ മൂടിക്കിടക്കുന്ന തുംഗനാഥ് മലയും കാണാന്‍ ഈ സീസണില്‍ സാഹസികരായ യാത്രികര്‍ എത്താറുണ്ട്. ഇവിടേക്കുള്ള യാത്രാവഴിക്കുള്ള സാരി ഗ്രാമത്തില്‍ നിന്ന് ദേവ്‌റിയതാള്‍ തടാകം വഴി 12 കിലോമീറ്റര്‍ മലകയറിയാണ് ആ സമയത്ത് ഇവിടെയെത്തുക.നല്ല മഞ്ഞുകാലത്ത് തെളിഞ്ഞ ആകാശമായിരിക്കും. ചുറ്റുപാടുമുള്ള മലകള്‍ വ്യക്തമായി കാണുന്നത് ഈ സമയത്താണ്. ഏപ്രിലാകുമ്പോള്‍ മഞ്ഞുരുകിത്തുടങ്ങും. പിന്നെ നവംബര്‍ വരെ സീസണാണ്.

travelogue -Tungnath

ലൈംടീ കഴിച്ച് ഉള്ളം ചൂടാക്കിയ ശേഷം മുന്നോട്ടു നടന്നു. നടക്കുമ്പോള്‍ സന്തോഷിന്റെ ഭാവനയുണര്‍ന്നു. ഈ സീതമ്മയെയാണോ പണ്ട് ഹിമാലയം നടന്നു കയറിയപ്പോള്‍ രാജന്‍ കാക്കനാടന്‍ കണ്ടത്? ഗ്രാമത്തില്‍ ഒരു രാത്രി തങ്ങി പിറ്റേന്നു നടപ്പു തുടര്‍ന്നപ്പോള്‍ തന്റെ പിന്നാലെയോടിയെത്തി ഡല്‍ഹിയിലുള്ള സഹോദരനു കൊടുക്കാന്‍ സമ്മാനം നല്‍കിയ സുന്ദരിയായ നിഷ്‌കളങ്ക ബാലികയെക്കുറിച്ച് അദ്ദേഹം ഹിമവാന്റെ മുകള്‍ത്തട്ടില്‍ എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. സമ്മാനപ്പൊതി തുറന്നു നോക്കിയപ്പോള്‍ അതു ഗ്രാമത്തിലെ ഒരു കൊച്ചു കല്ലായിരുന്നു. പര്‍വത നിവാസികള്‍ അത്രയ്ക്ക് നിഷ്‌കളങ്കരാണെന്ന് അനുഭവത്തില്‍ നിന്ന് അദ്ദേഹം വിവരിക്കുന്നു. സീതമ്മയുടെ നിഷ്‌കളങ്കമായ ചിരിയും ചെറുപ്പത്തില്‍ നല്ല സുന്ദരിയായിരുന്നു എന്നു തോന്നിപ്പിക്കുന്ന രുപവും കാണുമ്പോള്‍ ഭാവന ഉണര്‍ന്നതില്‍ അത്ഭുതമില്ല. കാലഗണന വച്ചു നോക്കിയാലും ഈ ഭാവനയില്‍ തെറ്റില്ല. വൃദ്ധഭാവം തോന്നിക്കുമെന്നതേയുള്ളൂ, സീതമ്മയ്ക്ക് അത്രവലിയ പ്രായമൊന്നുമില്ല. ഹിമാലയത്തില്‍ ഇടപഴകിയ പലരെയും ഒറ്റനോട്ടത്തില്‍ വൃദ്ധരെന്നു തോന്നിയിരുന്നെങ്കിലും അവര്‍ അത്ര പ്രായമുള്ളവരൊന്നുമായിരുന്നില്ല.

travelogue -Tungnath

ഇരു വശത്തെയും മരക്കോട്ടകളുടെ ഇടയിലൂടെ അല്‍പം മുന്നോട്ടു നടക്കുമ്പോള്‍ മുന്നില്‍ വലിയൊരു പുല്‍മേട് തെളിഞ്ഞുവരുന്നു. പൈനും ദേവദാരുവും റോഡോഡെന്‍ഡ്രോണുമൊക്കെയാണ് ഈ നിത്യഹരിതവനത്തിലുള്ളത്. അപൂര്‍വങ്ങളായ ധാരാളം പക്ഷികളും കസ്തൂരിമാനും ഒക്കെയുള്ള വനമാണിത്. ഇവിടെയും റോഡരികില്‍ ചായക്കടകളുണ്ട്. റോഡിനിരുവശവും കുന്നിന്‍ ചെരുവില്‍ ചെറിയ ലോഡ്ജുകള്‍ കാണാം. തുംഗനാഥ് ഇറങ്ങി വന്നവരും ഗോപേശ്വറിലേക്കുള്ള യാത്രയ്ക്കിടയില്‍ ഇറങ്ങിയവരുമായ ധാരാളം പേര്‍ പുല്‍മേടിനരികിലുണ്ട്. കൂടുതലും കുടുംബങ്ങള്‍. ഒറ്റ നോട്ടത്തില്‍ തന്നെ തീര്‍ഥയാത്രാ സംഘങ്ങളാണെന്നു മനസ്സിലാക്കാവുന്നവരുമുണ്ട്. വിനോദയാത്രികരാണെങ്കിലും തീര്‍ഥയാത്രികരാണെങ്കിലും സെല്‍ഫിയെടുപ്പിന്റെ ബഹളമാണ്; ആരാണെങ്കിലും ഫോട്ടോയെടുത്തു പോകും അത്രയ്ക്ക് ഭംഗിയാണ് എവിടെ നോക്കിയാലും.

കുതിരകളും കോവര്‍ കഴുതകളും മേഞ്ഞു നടക്കുന്നു. കുന്നിന്‍ ചെരുവില്‍ നിന്നു നോക്കുമ്പോള്‍ കയറിവന്ന വഴി വളഞ്ഞുപുളഞ്ഞു കിടക്കുന്നു. താഴെ റോഡരികിലായി പുല്‍മേട്ടില്‍ ക്യാമ്പിങ്ങ് ടെന്റുകള്‍ കാണാം. രാത്രിയാകുമ്പോള്‍ ഇവയിലേക്ക് സഞ്ചാരികളെത്തും.

ഞങ്ങള്‍ നില്‍ക്കുന്ന ചെറിയകുന്നിന്റെ ചുവട്ടില്‍ കണ്ട ഒരു നിര്‍മിതി കൗതുകം തോന്നിപ്പിക്കുന്നതായിരുന്നു. കാമറയില്‍ സൂം ചെയ്തു നോക്കിയപ്പോള്‍ അതൊരു കൃഷിക്കുള്ള ഏര്‍പ്പാടാണെന്നു മനസ്സിലായി. കരിങ്കല്ലുകൊണ്ട് അതിരുകെട്ടിയിരിക്കുന്നു. അതിനുള്ളില്‍ കൃഷിക്കായി മണ്ണൊരുക്കിയിട്ടുണ്ട്. പുല്ലുമേഞ്ഞ നീളത്തിലുള്ള കുടിലുകളും കാണാം. സൂക്ഷിച്ചു നോക്കുമ്പോള്‍ അതിനുള്ളില്‍ നിന്ന് പശുക്കളും മനുഷ്യരും കയറുകയും ഇറങ്ങുകയും ചെയ്യുന്നു. ഈ കല്‍കെട്ടിനുള്ളില്‍ കാളകളെയുപയോഗിച്ച് നിലമുഴുന്നവരെ കണ്ടു. മണ്ണില്‍ ആഞ്ഞു കൊത്തുന്നവരെ കണ്ടു.

travelogue -Tungnath

സ്വെറ്ററിനുള്ളിലൂടെ തുളച്ചു കയറി വരുന്ന തണുപ്പിനെയും തെളിഞ്ഞ ആകാശമെങ്കിലും ആകെ മൂടുന്ന മഞ്ഞിനെയും അവഗണിച്ച് താഴേക്കിറങ്ങാന്‍ തീരുമാനിച്ചു. സവിശേഷതരത്തിലുള്ള കൃഷി രീതി കാണുക എന്നതായിരുന്നു ലക്ഷ്യം. വിചാരിച്ചതുപോലെ അത്ര എളുപ്പമല്ല ഇറക്കം എന്നതു മനസ്സിലായി. കുന്നിനു പല മടക്കുകളുണ്ട്. മാത്രമല്ല, പുല്ല് മഞ്ഞില്‍ കുതിര്‍ന്നിരിക്കുകയാണ്. സൂക്ഷിച്ചിറങ്ങണം. തെന്നിവീണ് പരുക്കുപറ്റിയാല്‍ യാത്രാപദ്ധതി ആകെക്കുഴയും. കുറേ താഴേക്ക് ഇറങ്ങിയപ്പോള്‍ പ്രകൃതി പെട്ടെന്നു മാറി. മഴത്തുള്ളികള്‍ പതിയെ വീണുതുടങ്ങി. ഇവിടുത്തെ മഴയെക്കുറിച്ച് ഒരു നിശ്ചയവുമില്ല. വേഗം തീരുമോ അതോ നിന്നു പെയ്യുമോ ഒന്നുമറിയില്ല. മഴക്കോട്ട് എടുത്തിട്ടുമില്ല. മഴതുടര്‍ന്നാല്‍ മുന്നോട്ടു പോകുന്നത് അബദ്ധമാകും. തിരികെക്കയറാന്‍ തീരുമാനിച്ചു.

കുത്തനെയുള്ള കയറ്റം, ഓരോ ചുവടുവയ്ക്കുമ്പോഴും തെന്നുന്നു, ചാറ്റല്‍ മഴതുടരുന്നുമുണ്ട്. ആയാസപ്പെട്ട് മുകളിലേക്ക് കയറുമ്പോള്‍ അതാ ശരീരം പ്രതികരിക്കുന്നു. മനംമറിഞ്ഞുവരുന്നതുപോലെ തോന്നി. ശരീരത്തിനാകെ ഭാരക്കുറവുപോലെ, പനിയുടെ ലക്ഷണം; പിന്നെ ആ മനോഹരമായ പുല്‍മേടിന്റെ ഇടയിലെ ഒരു പാറയുടെ പരിസരം മലീമസമാക്കിക്കൊണ്ട് ഛര്‍ദ്ദിക്കേണ്ടിവന്നു. ഹിമാലയ യാത്രക്കാരെ ബാധിക്കുന്ന ഓള്‍ട്ടിട്യൂഡ് സിക്ക്‌നെസ്സ് ഇതാ എന്നെയും ബാധിച്ചിരിക്കുന്നു. ഓക്‌സിജന്‍ കുറവുള്ള മേഖലകളില്‍ ആദ്യമെത്തുന്ന പലര്‍ക്കും ഇങ്ങനെയുണ്ടാകാറുണ്ട്. നടക്കാനാവുന്നില്ല. മുകളില്‍ റോഡരികിലെ ചായക്കടയിലെത്തണമെങ്കില്‍ ഇനിയും കുറേക്കയറണം. ഏന്തിവലിഞ്ഞ് കയറി ആദ്യം കണ്ട ചായക്കടയിലെത്തിയതും ആകാശത്തെ അണക്കെട്ട് പൊട്ടിയതുപോലെ അതിശക്തമായ മഴ ആ പ്രദേശമാകെ മൂടി.

travelogue -Tungnath

വാരിപ്പൊതിയുന്ന തണുപ്പിനെ മറികടക്കാന്‍ ചൂടുള്ള ചായ പര്യാപ്തമായിരുന്നില്ല. കടയ്ക്കുള്ളില്‍ ഉടമകള്‍ തീകാഞ്ഞിരിപ്പുണ്ട്. അവര്‍ക്കരികിലേക്ക് ഞാനും കയറിയിരുന്ന് പതിയെ ശരീരം ചൂടാക്കി. വൈകുന്നേരം അഞ്ചുമണിയാകുന്നതേയുണ്ടായിരുന്നുള്ളുവെങ്കിലും പ്രദേശമാകെ ഇരുട്ടു മൂടിയിരുന്നു. കുറേനേരം കാത്തിരുന്നിട്ടും മഴ തീരുന്നില്ല. എനിക്കാണെങ്കില്‍ അടുപ്പിനരികിലെ ഇരിപ്പു പോലും സഹിക്കാനാവുന്നില്ല. മുറിയില്‍ ചെന്ന് അടച്ചിരുന്നാല്‍ അല്‍പം ആശ്വാസം കിട്ടുമെന്നു തോന്നി. കുറച്ചു ദൂരം നടക്കേണ്ടതുണ്ട്. കടയില്‍ നിന്ന് ഒരു റെയിന്‍ കോട്ട് വാങ്ങി. സാദാ പ്ലാസ്റ്റിക് വെറുതേ തയ്ച്ച് എടുത്ത കോട്ടാണിത്, വില 40 രൂപ. ഒരു തവണയിട്ട് ഊരുമ്പോഴേക്കും അതു കീറിപ്പോയിരിക്കും. പക്ഷേ, മഴയെ ചെറുക്കാന്‍ കൊള്ളാം.

മഴക്കോട്ടുമിട്ട് മുറിയിലേക്ക് നടന്നു. കാട്ടിനുള്ളില്‍ രൗദ്രഭാവത്തില്‍ മഴ തകര്‍ക്കുകയാണ്. മഴയുടെ ശബദമല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല. വഴി തികച്ചും വിജനം. ചോപ്ത അങ്ങാടി പോലും ആരുമില്ലാതെ വിജനമായി കിടക്കുന്നു. എല്ലാവരും ആഴിക്കു ചുറ്റുമായിരിക്കും.
മുറിയിലെത്തി കമ്പിളിപ്പുതപ്പുകള്‍ക്കുള്ളില്‍ നൂഴ്ന്നു കയറിക്കിടന്നപ്പോള്‍ തണുപ്പിനു ശമനം തോന്നി. ശരീരക്ഷീണം കൊണ്ട് അതിവേഗം ഉറക്കത്തിലേക്കു വീണു. മൂന്നു മണിക്കൂര്‍ കഴിഞ്ഞ് കഞ്ഞികുടിക്കാമെന്ന പ്രതീക്ഷയില്‍ ഉണരുമ്പോഴും പുറത്ത് മഴ ആഞ്ഞടിക്കുകയായിരുന്നു.

(തുടരും)

ഫോട്ടോ: ജോര്‍ഡി ജോര്‍ജ്, ജീവന്‍ ചാണ്ടി

Ads by Google
Ads by Google
Loading...
TRENDING NOW