Saturday, March 18, 2017 Last Updated 14 Min 54 Sec ago English Edition
Todays E paper
ഡോ. ശരത് സുന്ദര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മന്ദിരം ഹോസ്പിറ്റല്‍, മാങ്ങാനം
ഡോ. ശരത് സുന്ദര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മന്ദിരം ഹോസ്പിറ്റല്‍, മാങ്ങാനം
Saturday 18 Mar 2017 03.04 PM

എനിക്കും ഭര്‍ത്താവിനും നല്ല വിദ്യാഭ്യാസവും ജോലിയുമുണ്ട്, എന്നിട്ടും ഞങ്ങളുടെ കുട്ടിയെന്താണ് ഇങ്ങനെയായത്? ഒരു അമ്മ പറഞ്ഞ കാര്യങ്ങള്‍

uploads/news/2017/03/91020/weeklyaskdr180317.jpg

ഡോക്ടര്‍,

ഒന്നാം ക്ലാസില്‍ പഠിക്കുന്ന എന്റെ മകനുവേണ്ടിയാണ് ഇതെഴുതുന്നത്. അവന് പണ്ടുതൊട്ടേ കുസൃതി അല്‍പ്പം കൂടുതലാണ്. യു.കെ.ജിയില്‍ വച്ചും നന്നായി വികൃതി കാട്ടിയിരുന്നു. ഇപ്പോള്‍ ടീച്ചര്‍മാര്‍ക്ക് അവനെപ്പറ്റി പറയാന്‍ പരാതികള്‍ മാത്രമേയുള്ളൂ. അടങ്ങിയൊതുങ്ങി ഇരിക്കില്ല, ശ്രദ്ധയില്ല, അനുസരണയില്ല, ക്ലാസില്‍നിന്ന് അനുവാദമില്ലാതെ പുറത്തുപോകുന്നു എന്നൊക്കെയാണു പറയുന്നത്. വീട്ടിലും അവന്‍ ശാന്തനായി ഇരിക്കാറില്ല. ഇടയ്ക്കിടക്ക് ജനലിലും മതിലിലുമൊക്കെ വലിഞ്ഞുകയറി മറിഞ്ഞു വീഴുകയും മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും. സ്‌കൂളില്‍ കൊണ്ടുപോകുന്ന പെന്‍സിലും റബറുമൊന്നും തിരിച്ചെത്തുമ്പോള്‍ കാണാറില്ല. ബുക്കില്‍ നോട്ട്‌സ് എഴുതി പൂര്‍ത്തിയാക്കുന്നതും പതിവല്ല. എനിക്കും ഭര്‍ത്താവിനും നല്ല വിദ്യാഭ്യാസവും ജോലിയുമുണ്ട്. എന്നിട്ടും ഞങ്ങളുടെ കുട്ടിയെന്താണു ഡോക്ടര്‍ ഇങ്ങനെയായത്? ടി.വിയിലെ ചില കാര്‍ട്ടൂണ്‍ പ്രോഗ്രാം കാണുമ്പോള്‍ മാത്രമേ അവന്‍ അടങ്ങിയിരിക്കാറുള്ളൂ. അവനെ നന്നാക്കിയെടുക്കാന്‍ ഞങ്ങളെന്തു ചെയ്യണം?

മക്കളുടെ വിദ്യാഭ്യാസം എക്കാലത്തും മാതാപിതാക്കള്‍ക്ക് പരമപ്രധാനമാണ്. എന്നാല്‍ പഠിക്കാന്‍ ബുദ്ധിമുട്ട് കാണിക്കുമ്പോഴോ പിന്നാക്കം പോകുമ്പോഴോ മാത്രമേ മിക്കപ്പോഴും നമ്മള്‍ കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത കാണിക്കാറുള്ളൂ.

തരക്കേടില്ലാതെ പഠിക്കുകയും അദ്ധ്യാപകരില്‍നിന്ന് പരാതികളൊന്നും ഇല്ലാതിരിക്കുകയും ചെയ്താല്‍ കുഞ്ഞുങ്ങളുടെ എല്ലാ പ്രയാസങ്ങളും യുവതലമുറയിലെ മാതാപിതാക്കള്‍ അവഗണിക്കുകയാണു പതിവ്. പ്രകടമായ പല സ്വഭാവവൈകല്യങ്ങളെയും കുസൃതിയെന്നോ വികൃതിയെന്നോ ഒക്കെ പറഞ്ഞ് ന്യായീകരിക്കുന്നവര്‍ ധാരാളമുണ്ട്.

കത്തില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രശ്‌നങ്ങളെല്ലാംതന്നെ സൂചിപ്പിക്കുന്നത് അറ്റന്‍ഷന്‍ ഡെബിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡറി (ADHD) ന്റെ ലക്ഷണങ്ങളാണ്. കിന്റര്‍ഗാര്‍ട്ടന്‍ കാലഘട്ടത്തിലേ കുട്ടിയില്‍ ഇതു പ്രകടമായിട്ടും വിദ്യാസമ്പന്നരായ അച്ഛനമ്മമാര്‍ അതിനെ ഗൗരവമായി കണ്ടില്ല എന്നത് വാസ്തവത്തില്‍ അത്ഭുതപ്പെടുത്തുന്നു.

എന്തായാലും എത്രയും പെട്ടെന്നുതന്നെ നിങ്ങളുടെ മകനെ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ കാണിക്കണം. വേണ്ട രീതിയിലുള്ള പരിശോധനകള്‍ക്കും പഠനത്തിനും ശേഷമായിരിക്കും ഇത് ADHD ആണോ എന്ന് സ്ഥിരീകരിക്കുക.

അനുയോജ്യമായ റേറ്റിങ് സ്‌കെയിലുകള്‍ ഉപയോഗിച്ച് പ്രശ്‌നത്തിന്റെ തീവ്രതഅളക്കാനും സാധിക്കുന്നതാണ്. ADHD മൂന്നു തരത്തില്‍ കാണാം. 1. ശ്രദ്ധയില്ലായ്മ (ഇന്‍ അറ്റന്റീവ്) 2. പിരുപിരുപ്പ് അഥവാ എടുത്തുചാട്ടം (ഹൈപ്പര്‍ ആക്ടിവിറ്റി) 3. ഇവ രണ്ടും ചേര്‍ന്നത്.

ADHD യുള്ള കുട്ടികള്‍ക്ക് പല കാര്യങ്ങളും ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഒരിടത്തും ഇവര്‍ക്ക് ശാന്തരായി ഇരിക്കാന്‍ കഴിയില്ല. പിരിപിരുപ്പും എടുത്തുചാട്ടവുമൊക്കെ കൂടുതലായി കാണിക്കുകയും ചെയ്യും. അശ്രദ്ധ കാരണം ഈ കുട്ടികള്‍ക്ക് നിരവധി തെറ്റുകള്‍ സംഭവിക്കാമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇവര്‍ക്കുള്ള മനശാസ്ത്ര ചികിത്‌സകള്‍ കൂടുതലും സ്വഭാവരൂപീകരണത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇതിനെ ബിഹേവിയറല്‍ തെറാപ്പി അഥവാ ബിഹേവിയറല്‍ മോഡിഫിക്കേഷന്‍ എന്നാണു പറയുന്നത്. ഈ ചികിത്സകളുടെ സഹായത്താല്‍ കുട്ടികളുടെ പിരുപിരുപ്പ് കുറയ്ക്കാനും ശ്രദ്ധ കൂട്ടാനും ശാന്തത വര്‍ദ്ധിപ്പിക്കാനും സാധിക്കും.

ബിഹേവിയറല്‍ തെറാപ്പിയിലെ റീ ഇന്‍ഫോഴ്‌സ്‌മെന്റ് തത്വങ്ങള്‍ പിന്തുടര്‍ന്നാണ് ഇത്തരം കഴിവുകള്‍ മെച്ചപ്പെടുത്തുന്നത്. മനശാസ്ത്രജ്ഞനോടൊപ്പം മാതാപിതാക്കളും ഇവ മനസിലാക്കി പ്രവര്‍ത്തിക്കേണ്ടതാണ്.

ഇതിനു പുറമേ, അദ്ധ്യാപകര്‍ക്കും ഇത്തരം കുട്ടികളുടെ പരിശീലനത്തില്‍ സുപ്രധാന പങ്ക് വഹിക്കാനുണ്ട്. മനശാസ്ത്ര ചികിത്സകരുടെ നിര്‍ദ്ദേശപ്രകാരം ക്ലാസ്‌റൂം ബിഹേവിയര്‍ മാനേജ്‌മെന്റ് നടപ്പാക്കുകയാണ് അവര്‍ ചെയ്യേണ്ടത്.

ക്രമാനുഗതവും ശാസ്ത്രീയവുമായി ചികിത്സിപ്പിച്ചാല്‍ നിങ്ങളുടെ മകന്റെ പ്രശ്‌നങ്ങള്‍ തീര്‍ച്ചയായും പരിഹരിക്കാന്‍ സാധിക്കും. ....യുടെ തീവ്രത വളരെ കൂടുതലാണെങ്കില്‍ മനോരോഗവിദഗ്ധന്റെ സഹായത്തോടെ ചെറിയൊരു കാലയളവി ല്‍ മരുന്നുകള്‍ കഴിക്കേണ്ടി വന്നേക്കാം. ഇതോടൊപ്പം ബിഹേവിയറല്‍ തെറാപ്പികൂടി ചെയ്യുന്നതോടെ നല്ല ഫലം ലഭിക്കും.

Ads by Google
ഡോ. ശരത് സുന്ദര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മന്ദിരം ഹോസ്പിറ്റല്‍, മാങ്ങാനം
ഡോ. ശരത് സുന്ദര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മന്ദിരം ഹോസ്പിറ്റല്‍, മാങ്ങാനം
Saturday 18 Mar 2017 03.04 PM
TRENDING NOW