Monday, April 09, 2018 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 18 Mar 2017 12.46 PM

എന്റെ പ്രണയത്തിന്‍ താജ്മഹലില്‍...

ചമയങ്ങള്‍ക്കപ്പുറം രണ്ടാം ഭാവം
uploads/news/2017/03/90997/lenacolum4b.jpg

ഷില്ലോംഗില്‍ നിന്ന് കൊച്ചിയിലെത്തുമ്പോള്‍ എനിക്കു കൂട്ടായി കൊച്ചനുജത്തിയുമുണ്ടായിരുന്നു. കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചി എനിക്ക് തന്ന അറിവു വളരെ വലുതാണ്.

മൂന്നാം ക്ലാസിലെത്തും വരെ എന്റെ മനസ്സില്‍ ലവ് എന്ന വാക്കിന് സ്നേഹമെന്ന അര്‍ത്ഥം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ 'അതുക്കുംമേലെ'യാണ് ആ വാക്കിനുള്ള അര്‍ത്ഥമെന്ന് മനസ്സിലാക്കിത്തന്നത് കൊച്ചിയാണ്.

കൊച്ചി സെവന്‍ത് ഡേ അഡ്വന്ററിസ്റ്റ് സ്്കൂളില്‍ മൂന്നാം ക്ലാസില്‍ ചേര്‍ന്ന് ഏകദേശം ഒരു മാസം കഴിഞ്ഞപ്പോള്‍ വലിയൊരു സംഭവമുണ്ടായി. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി തോന്നുമെങ്കിലും എന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവമായിരുന്നു അത്.

പഠനം മാത്രമായി ഒതുങ്ങിക്കൂടിയ സമയത്ത് ക്ലാസിലുള്ള ഒരു കുട്ടി എന്റെ സമീപമെത്തി ഒരുപകാരം ചോദിച്ചു. വൃത്തിയുള്ള കൈയക്ഷരമല്ലേ, എനിക്കൊരു കത്തെഴുതിത്തരാമോ? എഴുതേണ്ടതെന്തെന്ന് ഞാന്‍ പറഞ്ഞു തരാം.. ഞാന്‍ സമ്മതിച്ചു.

ഐ ലവ് യൂ.. എന്നെഴുതാമോ എന്നാണയാള്‍ ചോദിച്ചത്. വളരെ വികാരങ്ങള്‍ നിറഞ്ഞ ഭംഗിയുള്ള ആ വാചകം ഞാനെഴുതിക്കൊടുത്തു. ആ കുട്ടിക്കത് എന്തിനാണെന്ന് എനിക്കറിയില്ലായിരുന്നു, ഞാന്‍ ചോദിച്ചതുമില്ല.

ഏതായാലും അന്നത്തെ ലഞ്ച് ബ്രേക്കിന് ആ കുട്ടിയത് കുറച്ച് മുല്ലപ്പൂക്കള്‍ക്കൊപ്പം ക്ലാസിലെ തന്നെ ഒരു ആണ്‍കുട്ടിയുടെ ബാഗില്‍ കൊണ്ടുപോയി വച്ചു. അവനത് കണ്ടതും തുറന്നു വായിച്ചു. എന്നിട്ട് ഉറക്കെയൊരു നിലവിളി. ക്ലാസ് മുഴുവന്‍ ഞെട്ടി നില്‍ക്കുമ്പോള്‍ അവന്‍ കരച്ചിലും തുടങ്ങി.

കുട്ടികള്‍ ക്ലാസ് ടീച്ചറെ സംഭവം അറിയിച്ചു. ടീച്ചറെത്തി അന്വേഷണം തുടങ്ങിയതോടെ സംഭവം കൈയില്‍ നിന്ന് പോയി. കത്തിലെ കൈയക്ഷരം കണ്ടു പ്രതി ഞാനാണെന്ന് ടീച്ചറിനു പിടികിട്ടി.

എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ സത്യം പറഞ്ഞു. എന്റെ കൈയക്ഷരം നല്ലതാണെന്നും ചോദിച്ചപ്പോള്‍ എഴുതിക്കൊടുത്തതാണെന്നും ഞാന്‍ തുറന്നു പറഞ്ഞു. കേസില്‍ നിന്ന് ഞാന്‍ ഔട്ടായി.

എങ്കിലും പിറ്റേന്ന് അവരുടെ മാതാപിതാക്കളെയൊക്കെ വിളിപ്പിച്ച് ഭയങ്കര പ്രശ്നമായി. അതോടെ എന്റെ മനസ്സില്‍ ലവ് എന്ന വാക്കിനുള്ള അര്‍ത്ഥം തന്നെ മാറിമറിയുകയായിരുന്നു.

കാഞ്ചനമൊയ്തീന്‍ പ്രണയം പോലെ


നിഷ്‌കളങ്കമായ മനസ്സിലേക്ക് ലവ് എന്ന വാക്കിന് പ്രണയമെന്ന വലിയ അര്‍ത്ഥതലങ്ങള്‍ ഉണ്ടായി. പിന്നീട് എന്റെ ജീവിതത്തിലേക്ക് പ്രണയമെത്താന്‍ ഈ സംഭവവും അച്ഛന് തൃശൂരിലേക്ക് കിട്ടിയ പ്രമോഷണല്‍ ട്രാന്‍സഫറും കാരണങ്ങളായി.

നാലാം ക്ലാസില്‍ വച്ച് എനിക്ക് വലിയൊരു തിരിച്ചറിവുണ്ടായി. ക്ലാസില്‍ പ്രണയം വളരെ സജീവമാണ്. മൂന്നാം ക്ലാസിലും നാലാം ക്ലാസിലും ഒരുപാട് പേര്‍ പ്രണയിക്കുകയും ലവ് ലെറ്റര്‍ കൊടുക്കുകയും ചോക്ളേറ്റ് കൊടുക്കുകയുമൊക്കെ ചെയ്തിരുന്നു.

എനിക്കതൊക്കെ പുതുമയായിരുന്നെങ്കിലും അന്നത്തെ എന്റെ പങ്കപ്പാട് മലയാളം പഠിക്കുക, റാഗിംഗിനെ നേരിടുക എന്നതൊക്കെയായിരുന്നു. അതിനിടയില്‍ പ്രണയിക്കാനെനിക്ക് സമയമില്ലായിരുന്നു.

എനിക്കു ചുറ്റുമുള്ള കുട്ടികള്‍ സിനിമ എന്ന മായികലോകത്തില്‍ വിശ്വസിക്കുന്നവരായിരുന്നു. അവരുടെ ജീവിതത്തെ സിനിമാപ്രണയങ്ങളും മറ്റും സ്വാധീനിച്ചിരുന്നു. അന്നും അധികമൊന്നും സിനിമ കാണാത്ത കുട്ടികളായിരുന്നു ഞങ്ങള്‍.

ഏതായാലും അവിടെച്ചേര്‍ന്ന് രണ്ടു വര്‍ഷം കഴിഞ്ഞ്, ആറാം ക്ലാസില്‍ വച്ച്, ഏഴാം ക്ലാസില്‍ പഠിക്കുന്ന അഭിലാഷ് എന്ന കുട്ടിക്ക് എന്നോട് പ്രണയമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. സ്‌കൂളില്‍ എവിടെപ്പോയാലും അഭിലാഷ് എന്നെ ഫോളോ ചെയ്യും.

വീട്ടിലേക്കുള്ള യാത്രയില്‍ സൈക്കിളില്‍ പിറകേ വരും. അങ്ങനെ ഗംഭീര പ്രണയം. ഒരു ദിവസം എനിക്കും തോന്നി ഒന്ന് പ്രണയിച്ചാലെന്താണെന്ന്. സ്‌കൂളിലെല്ലാവരും അതിനെ പ്രണയമെന്ന് വിളിച്ചപ്പോള്‍ ഞങ്ങളും അതംഗീകരിച്ചു. ഈ പ്രണയത്തെക്കുറിച്ച് അനിയത്തിയോട് പറഞ്ഞിരുന്നു.

പക്ഷേ ഈ പ്രണയം ഒരിക്കലും ഞങ്ങളുടെ പഠനത്തെ ബാധിച്ചിരുന്നില്ല. ശരിക്കും ഒരു കാഞ്ചനമൊയ്തീന്‍ പ്രണയം പോലെയായിരുന്നു അത്. തമ്മില്‍ എന്നും കണ്ടുകൊണ്ടിരിക്കും. സ്‌കൂളില്‍ ആരുമറിയാതെ പരസ്പരം നോക്കും.

uploads/news/2017/03/90997/lenacolum4a.jpg

ഒരേ ക്ലാസിലല്ലാത്തതു കൊണ്ട് ഇടവേളകളില്‍ വരാന്തയിലൂടെ ഇറങ്ങിനടക്കുമ്പോള്‍ പരസ്പരം ഒരു ചിരി സമ്മാനിക്കും. ഓണാശംസ പറയും, ബര്‍ത്ത്ഡേയ്ക്ക്് വിഷ് ചെയ്യും, ചോക്ളേറ്റ് കൊടുക്കും. അത്രമാത്രം. കത്തെഴുതലോ, ഫോണ്‍വിളിയോ ഒന്നുമില്ലാത്ത നിഷ്‌കളങ്കമായ പവിത്രമായ പ്രണയം. അങ്ങനെ ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രണയിച്ചു.

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ടാളുടെയും വീട്ടില്‍ ഫോണ്‍ കിട്ടി. ദിവസവും വൈകിട്ട് ഫോണ്‍ വിളിക്കും. ഒരു ബെല്ലടിച്ച് കട്ടാക്കുന്നതാണ് ഞങ്ങളുടെ പതിവ്. പിന്നീടുള്ള കോള്‍ ഞാനെടുക്കണം. വീട്ടില്‍ ആരുമില്ലെങ്കില്‍ അങ്ങോട്ടു വിളിക്കും.

അച്ഛനോ അമ്മയോ ഫോണെടുത്താല്‍ റോംഗ് നമ്പറാണെന്നു പറഞ്ഞു രക്ഷപെടും. കുഞ്ഞു കുഞ്ഞു കള്ളത്തരങ്ങള്‍. നമ്മള്‍ എന്തോ വലിയ സംഭവമാണെന്ന് കാണിക്കാന്‍ ഈ കള്ളത്തരങ്ങള്‍ കൂടിയേ തീരൂ എന്നു ചിന്തിക്കുന്ന ചെറുപ്പകാലം. ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ ചിരി വരും.

എട്ടാം ക്ളാസിലെത്തിയപ്പോള്‍ ഞാന്‍ സംഭവം അമ്മയോട് പറഞ്ഞു. ഈ പ്രായത്തില്‍ ഇതു പതിവാണ്, പക്ഷേ പഠനത്തെ ബാധിക്കരുതെന്നാായിരുന്നു അമ്മയുടെ മറുപടി. അതു ഞങ്ങള്‍ രണ്ടാളും പാലിച്ചു.

പത്താം ക്ലാസില്‍ സ്‌കൂളില്‍ ഫസ്റ്റ് റാങ്ക് ഹോള്‍ഡറായി. ഞാന്‍ പത്താം ക്ലാസിലെത്തിയപ്പോഴേക്കും അഭിലാഷ് ബവന്‍സിലേക്ക് മാറി. പിന്നെ സംസാരം ഫോണ്‍ ആശ്രയിച്ചായിരുന്നു.

വലിയ ബുദ്ധിജീവി സംസാരമായിരുന്നു എല്ലാം. വായിച്ച പുസ്തകങ്ങള്‍, പുതിയ കണ്ടുപിടുത്തങ്ങള്‍ ഒക്കെ അതില്‍പെടും. അല്ലാതെ പ്രണയസംസാരങ്ങള്‍ കുറവായിരുന്നു.

പ്രണയം അന്നുമിന്നും മധുരമാണ്. അനുഭവിക്കുന്നവര്‍ക്ക് മാത്രം മനസ്സിലാകുന്ന വികാരം. അന്നുമിന്നും സ്‌കൂളില്‍ സത്യത്തില്‍ ഇതു വലിയൊരു ചടങ്ങാണ്. സ്‌കൂള്‍ പ്രണയം ഞങ്ങളുടേതിന്റെയത്രയേ പാടുള്ളൂ എന്നാണെന്റെ അഭിപ്രായം.

അന്നുപിന്നെ പരിമിതികളുണ്ട്, ടെക്നോളജി ഇത്രയും വികസിച്ചിട്ടില്ല, പാശ്ചാത്യ സംസ്‌കാരം ഇത്രയും സ്വാധീനം ചെലുത്തിയിട്ടില്ല. ആ മാറ്റം ഇന്നത്തെ പ്രണയത്തിലുണ്ടാകും.

ഇന്നത്തെ പ്രണയിതാക്കളോട് ഞാന്‍ സംസാരിച്ചിട്ടില്ലാത്തതു കൊണ്ട് ആ മാറ്റം എങ്ങനെയാണെന്ന് എനിക്കറിയില്ല. എങ്കിലും പ്രണയം എന്നും സുന്ദരമാണ്. എക്കാലവും അത് ഒരേ വികാരമാണ്.

മനസ്സിലുള്ള പ്രണയത്തിന്റെ മധുരം, ആഴം, സന്തോഷം, സുഖം ഒക്കെ അവരവര്‍ക്കേ മനസ്സിലാകൂ. അതുകൊണ്ട് അന്നും ഇന്നുമുള്ള പ്രണയം താരതമ്യം ചെയ്യാനാവില്ല. അത് എങ്ങനെ പ്രകടിപ്പിക്കുന്നു, ഏതു രീതിയില്‍ കൊണ്ടുനടക്കുന്നു എന്നതു മാത്രമാണ് മാറ്റം.

ഈ പ്രണയവും വിദ്യാഭ്യാസകാലവും ഇടയ്ക്ക് ആകസ്മികമായി വന്നു ചേര്‍ന്ന സിനിമയും... ആ കഥ അടുത്തലക്കത്തില്‍...

തയാറാക്കിയത് : ലക്ഷ്മി ബിനീഷ്

Ads by Google
Ads by Google
TRENDING NOW