Monday, May 28, 2018 Last Updated 7 Min 49 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 18 Mar 2017 12.45 PM

നഗ്നനായ രാജാവ്; കൂഴലൂതുന്ന പ്രജകള്‍ കോണ്‍ഗ്രസിന്റെ പോക്ക് അഗാധതയിലേക്ക്

uploads/news/2017/03/90995/opininon180317.jpg

അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനല്‍ എന്ന് വിശേഷിപ്പിച്ച അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഇന്ന് കൃത്യം ഒരാഴ്ച പിന്നിടുകയാണ്. ഉത്തര്‍പ്രദേശ് ഒഴികെ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെല്ലാം പുതിയ സര്‍ക്കാരുകളും നിലവില്‍ വന്നുകഴിഞ്ഞു. ഉത്തര്‍പ്രദേശിലേതിന് നാളെ തീരുമാനമാകുകയും ചെയ്യും.

കഴിഞ്ഞ ഒരാഴ്ച ഈ തെരഞ്ഞെടുപ്പ് ഫലവും അതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളുമാണ് രാജ്യം ചര്‍ച്ചചെയ്തത്. ഇലക്‌ട്രോണിക്ക് വോട്ടിംഗ് യന്ത്രം മുതല്‍ ഗോവയിലെ കുതിരക്കച്ചവടംവരെ ഇതില്‍ ഭാഗവുമായിരുന്നു.

ഇത്രയധികം ചര്‍ച്ചകള്‍ നടന്നപ്പോഴും നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങള്‍ ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമായി വിലയിരുത്തിയോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പ്രത്യേകിച്ചും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷചേരി. രാഷ്ട്രീയം ഇന്ന് അധികാരത്തിന്റേതാണ്.

ക്രിസ്തുവിന് മുമ്പ് അര്‍ത്ഥശാസ്ത്രം എഴുതി ചാണക്യന്റെയും അതിനുശേഷം അധികാരരാഷ്ട്രീയത്തെ നിര്‍വചിച്ച മാക്വവല്ലിയുടെയും വെട്ടിതെളിച്ച പാതയിലൂടെയാണ് രാഷ്ട്രീയം പോകുന്നത്. അതുകൊണ്ടുതന്നെ അധികാരം പരമാധികാരമാകുകയും അത് പരമമായി തന്നെ ദുഷിപ്പിക്കുകയും ചെയ്യുന്ന ഒരു തലത്തിലാണ് നാം എത്തി നില്‍ക്കുന്നത്. ആ സാഹചര്യത്തില്‍ കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യേണ്ടത്.

ബി.ജെ.പി എന്ന ഇന്ത്യയിലെ ഭരണകക്ഷി, അല്ലെങ്കില്‍ നരേന്ദ്രമോഡിയെന്ന ഇന്ത്യയുടെ പ്രധാനമന്ത്രി ചോദ്യം ചെയ്യാന്‍ കഴിയാത്ത തരത്തിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്നത് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവായ പി. ചിദംബരം പോലും അത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ചിദംബരമുള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ ചര്‍ച്ചചെയ്യാത്ത ഒരു കാര്യമുണ്ട്, തങ്ങള്‍ എങ്ങോട്ട് പോയിക്കൊണ്ടിരിക്കുന്നുവെന്നത്. അതാണ് പരിശോധനയ്ക്ക് വിഷയീഭവിക്കേണ്ട ഏറ്റവും പ്രധാന വിഷയവും.

തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എന്ത് ആരോപണങ്ങള്‍ ഉന്നയിച്ചാലും അത് വിജയം തന്നെയാണ്. ഉത്തര്‍പ്രദേശിലെ വിജയം ബി.ജെ.പി ഉയര്‍ത്തിവിട്ട വര്‍ഗ്ഗീയതയുടെ ഫലമാണെന്നാണ് ഇപ്പോള്‍ വിശകലവിശാരദന്മാരുടെ അഭിപ്രായം.

പൊതുവില്‍ ബി.ജെ.പി എന്ന പാര്‍ട്ടി പ്രത്യേകിച്ച് നരേന്ദ്രമോഡിയെപ്പോലെ ഒരു വ്യക്തി നേതൃത്വം നല്‍കുമ്പോള്‍ ഇതും ഇതിനപ്പുറവുംചെയ്യും. അതില്‍ കഴുതകരച്ചില്‍ നടത്തുകയല്ല, പ്രതിപക്ഷത്തിന്റെ ദൗത്യം. അതിനെ ശക്തമായി നേരിടുകയെന്നതാണ്.

അതിന് കോണ്‍ഗ്രസ് പൂര്‍ണ്ണമായും പരാജയപ്പെട്ടു. പ്രത്യേകിച്ച് രാഹുല്‍ഗാന്ധി എന്ന നേതാവ് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നേതൃപരമായ പങ്കുവഹിക്കാന്‍ കഴിയുന്ന വ്യക്തിയല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു. ബാബ്‌റി മസ്ജിദ് പൊളിച്ചശേഷം കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് തങ്ങളില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന ന്യൂനപക്ഷങ്ങളുടെ കൊഴിഞ്ഞുപോക്ക്.

അത് പിന്നീട് ലാലുവിും മൂലായമും നിതീഷ്‌കുമാറുമൊക്കെ കവര്‍ന്നെടുക്കുകയും ചെയ്തു. ബി.ജെ.പി ഭൂരിപക്ഷവിഭാഗങ്ങളുടെ വോട്ടുകള്‍ കൂടി കവര്‍ന്നെടുത്തതോടെ ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം ദുര്‍ബലമായി. അതാണ് പല സംസ്ഥാനങ്ങളിലും നേതാക്കള്‍ തന്നെ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് ഒഴുകുന്നത്.

ഇവിടെയും അതാണ് കണ്ടത്. ഇന്ത്യയുടെ ഭരണത്തിന്റെ കടിഞ്ഞാണ്‍ ആരെടുക്കണം എന്ന നിശ്ചയിക്കുന്ന യു.പിയില്‍ കോണ്‍ഗ്രസ് നാണം കെടുകയായിരുന്നു. അഖിലേഷ്‌യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി പ്രശ്‌നങ്ങള്‍ക്ക് നടുവിലായിരുന്നെങ്കിലും കോണ്‍ഗ്രസുമായി ചേര്‍ന്നതോടെ അവരും ജനങ്ങളുടെ കണ്ണിലെ കരടായി എന്നാണ് ഈ ഫലം നല്‍കുന്ന സൂചന. അതോടെ കെട്ടവനെ തൊട്ടവനും കെട്ടു എന്ന നിലവന്നു.

ഈ കടമ്പ മറികടക്കാന്‍ രാഹുല്‍ഗാന്ധിക്ക് കഴിയുന്നില്ലെന്നതാണ് കോണ്‍ഗ്രസിന് മുന്നിലെ ഏറ്റവും വലിയ പ്രതിസന്ധി. അതിന് രാഹുലിന് കഴിയില്ലെന്ന് പറയാന്‍ കോണ്‍ഗ്രസില്‍ ആര്‍ക്കും കഴിയില്ല. പിന്തുടാര്‍ച്ചാവകാശം എന്ന പഴയ ഭൂപ്രഭുക്കന്മാരുടെ രീതി അവലംബിച്ച് അധികാരം കൈയില്‍ കിട്ടിയ ഒരു വ്യക്തിമാത്രമാണ് രാഹുല്‍ഗാന്ധി.

അത് നിലനിര്‍ത്താന്‍ പല പൊടികൈകളും പയറ്റിനോക്കിയെങ്കിലും അവയൊന്നും രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാന്‍ മതിയാവില്ലെന്ന് ജനങ്ങള്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് അദ്ദേഹത്തോട് പറയുകയാണ്.

ഒക്‌സ്‌ഫോര്‍ഡിലും കേംബ്രിഡ്ജിലും പോയി നാലക്ഷരം പഠിച്ചുവന്ന് ഇവിടുത്തെ നിരക്ഷരകുക്ഷികളെ ഉദ്ധരിക്കാമെന്ന ചിന്ത നടക്കില്ല. രാഷ്ട്രീയം എന്നത് ജനങ്ങളുമായുള്ള ബന്ധപ്പെടലാണ്. അവരുടെ വിശ്വാസം ആര്‍ജിക്കലാണ്. രാഹുല്‍ എന്ന അഭിനവ നേതാവിന് ഇന്ത്യയുടെ ആത്മാവിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പറയേണ്ടിവരുന്നതില്‍ കോണ്‍ഗ്രസുകാര്‍ ക്ഷമിക്കുക.

മഹാരാഷ്ട്രയിലെ ഏതെങ്കിലുമൊരു പരുത്തി കര്‍ഷകന്റെ വിധവയുടെ ദുഃഖം മനസിലാക്കിയതുകൊണ്ടോ, അല്ലെങ്കില്‍ ഒരു ആദിവാസിയുടെ വീട്ടില്‍ ഒരു രാത്രി താമസിച്ചതുകൊണ്ടോ രാഷ്ട്രീയം പഠിക്കാന്‍ കഴിയില്ല. അത് ക്ലാസ്മുറികളില്‍ പഠിക്കേണ്ടതല്ല. പൊതുസമൂഹത്തില്‍ നിന്നും ആര്‍ജ്ജിക്കേണ്ടതാണ്.

സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിന് മുമ്പ് ഗാന്ധിജി ആദ്യം ഇന്ത്യയാകെ ചുറ്റിസഞ്ചരിക്കുകയാണ് ചെയ്തത്. ജനങ്ങള്‍ക്കിടയിലൂടെ അവരുടെ ജീവിതംകണ്ടും പഠിച്ചും ഇന്ത്യയുടെ ആത്മാവ് ഇവിടുത്തെ ഗ്രാമങ്ങളിലാണെന്ന് മനസിലാക്കിയശേഷമാണ് അദ്ദേഹം സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഏറ്റെടുത്തത്.

എന്തിനേറെ രാഹുലിന്റെ മുത്തശി ഇന്ദിരാഗാന്ധിയുടെ ചരിത്രം പരിശോധിച്ചാല്‍ അവര്‍ പാര്‍ട്ടിയുടെ താഴേത്തലത്തില്‍ നിന്നും സജീവമായിപ്രവര്‍ത്തിച്ച് മന്ത്രിസഭയില്‍ വാര്‍ത്താവിതരണത്തിന്റെ ചുമതലയേറ്റെടുത്ത് എല്ലാ മനസിലാക്കിയശേഷമാണ് പ്രധാനമന്ത്രി പദത്തിലെത്തിയത്. അതുകൊണ്ടാണ് വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഇന്നും ഇന്ദിര വാഴ്ത്തപ്പെടുന്നത്.

എന്നാല്‍ രാഹുല്‍ ഇക്കാര്യങ്ങളില്‍ തീര്‍ത്ത പരാജയമാണ്. പക്വതയില്ലാത്ത ഒരു നേതൃത്വമാണ് കോണ്‍ഗ്രസിനെന്ന് പറയേണ്ടിവന്നതില്‍ ഖേദമുണ്ട്. ഒരു ദിവസം നൂറുരൂപ തികച്ചുകാണാത്ത യു.പിയിലെ ഗ്രാമവാസികളോട് കറന്‍സി നിരോധനം പ്രസംഗിക്കാന്‍ പോകുന്നവരുടെ കഴിവിനെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കഴിയില്ല.

അവിടെ മോഡി അവരോട് സംസാരിച്ചത് അവരുടെ ഭാഷയിലാണ്. അതില്‍ വര്‍ഗ്ഗീയതയെന്ന കൊടുംവിഷമുണ്ടായിരിക്കാം. പക്ഷേ ആ കൊടുംവിഷത്തെ അവരുടെ പക്ഷത്തുനിന്നും ഇല്ലാതാക്കാന്‍ രാഹുലിന് കഴിയുന്നില്ലെന്നതാണ് പ്രശ്‌നം.

കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഈ നിലയില്‍ പോയാല്‍ വര്‍ദ്ധിക്കുകയേയുള്ളു. അവരുടെ പ്രശ്‌നം ആരംഭിക്കുന്നത് ഒന്നാം യു.പി.എ അധികാരത്തില്‍ വരുന്നതോടെയാണ്. തന്റെ പ്രതിച്ഛായ ഉയര്‍ത്തിനിര്‍ത്താനായി തന്റെ ഒരു ആജ്ഞാനുവര്‍ത്തിയായ മന്‍മോഹന്‍സിംഗിനെ പ്രധാനമന്ത്രിയാക്കാന്‍ സോണിയാഗാന്ധി എടുത്ത തീരുമാനമാണ് ബാബ്‌റി മസ്ജിദിന് ശേഷമുള്ള അവരുടെ രണ്ടാമത്തെ വീഴ്ചയ്ക്ക് വഴിവച്ചത്.

രാഷ്ട്രീയത്തിന്റെ എ,ബി.സിഡി അറിയാത്ത ജനങ്ങളുമായി ബന്ധമില്ലാത്ത ലോകബാങ്കിനെയും ഐ.എം.എഫിനെയും കുറിച്ച് മാത്രമറിയാവുന്ന മന്‍മോഹന്‍സിംഗ് വന്നതോടെ ജനങ്ങളെ കോണ്‍ഗ്രസ് വീണ്ടും വിസ്മരിച്ചു. ആദ്യഘട്ടത്തില്‍ ഇടതുപക്ഷത്തിന്റെ ചെക്കുണ്ടായിരുന്നുവെങ്കിലും രണ്ടാംഘട്ടത്തില അതുമില്ലാതായി. പിന്നെ എന്തുമാകാമെന്ന നിലവന്നു. അതാണ് അബദ്ധത്തിന്റെ ആരംഭം.

അന്ന് മന്‍മോഹന്‍സിംഗിന് പകരം ഇന്നത്തെ രാഷ്ട്രപതിയായിരുന്ന പ്രണാബ്കുമാര്‍ മുഖര്‍ജിയെ പ്രധാനമന്ത്രിസ്ഥാനത്തു പരിഗണിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ കോണ്‍ഗ്രസിന്റെ സ്ഥിതി ഇതിലും മെച്ചമാകുമായിരുന്നു. ദീര്‍ഘകാല രാഷ്ട്രീയപരിചയമുള്ള അദ്ദേഹത്തിന് ജനങ്ങളുമായി നല്ല ബന്ധവുമുണ്ടായിരുന്നു. അങ്ങനെ വന്നാല്‍ അധികാരം തങ്ങളില്‍ നിന്നും അകന്നുപോകുമോയെന്ന ചിന്തയാകാം സോണിയയെ മറിച്ച് ചിന്തിപ്പിച്ചത്.

രണ്ടാമത്തെ പാളിച്ച പക്വതയില്ലാത്ത രാഹുലിനെ നേതൃത്വത്തില്‍ കൊണ്ടുവന്നത്. കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരിന്റെ പരാജയത്തിന് കെ.പി.സി.സിപ്രസിഡന്റായിരുന്ന വി.എം. സുധീരനാണ് കാരണമെന്ന് കുറ്റപ്പെടുത്തുന്നുണ്ടെങ്കില്‍ യു.പി.എ സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് വഴിവച്ചത് രാഹുല്‍ഗാന്ധിയാണ്.

സ്വന്തം പ്രതിച്ഛായ നന്നാക്കാന്‍ അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ ഒരു പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായകള്‍ തകര്‍ന്നു. സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് തടയാമായിരുന്ന ഒരുപിടി കാര്യങ്ങള്‍ നടപ്പില്‍ വരുത്തി പിന്നീട് പരസ്യമായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി അതിനെ എതിര്‍ക്കുന്ന കൊട്ടാരവിപ്ലവമാണ് അവിടെ നടന്നത്. ഇത്തരത്തില്‍ എണ്ണിയെണ്ണി പറഞ്ഞാല്‍ പക്വതയില്ലായ്മയുടെ നിരവധി വിഷയങ്ങളുണ്ട്. അതിലേക്ക് മുതിരുന്നില്ല.

ഇനിയെങ്കിലും കോണ്‍ഗ്രസിന് തിരിച്ചുവരണമെങ്കില്‍ ജനങ്ങളില്‍ ആത്മവിശ്വാസമുണ്ടാക്കുകയാണ് ആദ്യം വേണ്ടത്. രാഹുല്‍ഗാന്ധിക്ക് അതിന് കഴിയില്ലെന്ന് വ്യക്തമായിട്ടുണ്ട്. അല്ലെങ്കില്‍ രാഹുലിനെ ജനങ്ങള്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ട് ആദ്യം കോണ്‍ഗ്രസ് ചെയ്യേണ്ടത് ആത്മപരിശോധന നടത്തുകയാണ്.

ഇനിയും അഴിച്ചുവയ്ക്കാന്‍ തയാറാകാത്ത ഭൂപ്രഭുത്വത്തിന്റെയും അരിയിട്ടുവാഴ്ചയുടെയും പാരമ്പര്യത്തില്‍ നിന്നും അവ തോടുപൊളിച്ച് അവര്‍ പുറത്തുവരണം. സാമൂഹികമായും രാഷ്ട്രീയമായും ഇന്ത്യയെ അടുത്തറിയാവുന്ന വ്യക്തികളെ പാര്‍ട്ടിയുടെ നേതൃത്വം ഏല്‍പ്പിക്കണം. അതിനുശേഷം സ്വയം വലുതാവുകയും പ്രതിപക്ഷനിര ഐക്യത്തോടെ വലുതാക്കുയും വേണം.

അല്ലെങ്കില്‍ മോഡി എന്ന ഏകാധിപത പ്രവണതയുള്ള നേതാവിനെ പരാജയപ്പെടുത്തുക എളുപ്പമാവില്ല. ആദ്യ രാജാവ് നഗ്നനാണെന്ന് അംഗീകരിച്ചുകൊണ്ട് മറ്റ് നടപടികളിലേക്ക് കടന്നാല്‍ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാനെങ്കിലും കഴിയും.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 18 Mar 2017 12.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW