Wednesday, June 13, 2018 Last Updated 9 Min 22 Sec ago English Edition
Todays E paper
Ads by Google

ഉയിര്‍പ്പ്

P.S. Abhayan
P.S. Abhayan
Saturday 18 Mar 2017 10.38 AM

കമ്മട്ടിപ്പാടം കണക്കുകള്‍ തീര്‍ക്കുമ്പോള്‍....

കണ്ടിറങ്ങുന്നവന്റെ ഉള്ളില്‍ ഒരു തരം അശാന്തിയും ആകുലതയും സൃഷടിച്ച് കൊച്ചി നഗരത്തിന്റെ തിളക്കം യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നത് ബഹിഷ്‌കൃതന്റെ നെഞ്ചത്ത് ആണെന്ന് പറയാതെ പറയുന്ന കമ്മട്ടിപ്പാടവും 'ഗംഗ' യും സംസ്ഥാനത്തെ ഒരു വര്‍ഷത്തെ ഏറ്റവും മികച്ച നടനുള്ള പുരസ്‌ക്കാരം തട്ടിയെടുക്കുമ്പോള്‍ മലയാള സിനിമാ ചരിത്രത്തിന്റെ നീണ്ട കണക്കാണ് തീര്‍ത്തത്.
uploads/news/2017/03/90950/kammattippadam.jpg

ഞാന്‍ കറുത്തിട്ടാണ് ഡോക്ടര്‍. ഉയരവും കുറവാണ്. 'കറുപ്പ്' എന്ന കോംപ്‌ളക്‌സിനെ പരസ്യമായി വാണിജ്യവല്‍ക്കരിക്കപ്പെട്ട മലയാളത്തിലെ ഒരു ക്‌ളാസ്സിക് സിനിമ തുടങ്ങുന്നത് ഇങ്ങിനെയാണ്. കറുപ്പ് മലയാളസിനിമയില്‍ ഒരു ഏകകമാണ്. പുറന്തള്ളപ്പെടേണ്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഒരു സൂചകം. കറുപ്പ് മുഖമൂദ്രയാക്കി അനാകര്‍ഷകമായ ഒരു ശരീര സാന്നിദ്ധ്യമായി സിനിമയുടെ വിശാല വെളിച്ചത്തിലേക്ക് കടന്നുവരികയും സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര നിറവിലേക്ക് ഉയരുകയും ചെയ്ത വിനായകന്‍ നമ്മുടെ സിനിമാസംസ്‌ക്കാരത്തിന്റെ റീലുകള്‍ തിരിച്ചു കറക്കുകയും ഒരു പുതുയുഗപ്പിറവി അടയാളപ്പെടുത്തുകയുമാണ്. കണ്ടിറങ്ങുന്നവന്റെ ഉള്ളില്‍ ഒരു തരം അശാന്തിയും ആകുലതയും സൃഷടിച്ച് കൊച്ചി നഗരത്തിന്റെ തിളക്കം യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നത് ബഹിഷ്‌കൃതന്റെ നെഞ്ചത്ത് ആണെന്ന് പറയാതെ പറയുന്ന കമ്മട്ടിപ്പാടവും 'ഗംഗ' യും സംസ്ഥാനത്തെ ഒരു വര്‍ഷത്തെ ഏറ്റവും മികച്ച നടനുള്ള പുരസ്‌ക്കാരം തട്ടിയെടുക്കുമ്പോള്‍ മലയാള സിനിമാ ചരിത്രത്തിന്റെ ഒരു നൂറ്റാണ്ട് നീണ്ട കണക്കാണ് തീര്‍ത്തത്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ പ്രശ്‌നങ്ങള്‍ സംവദിക്കുന്ന ആദ്യ സിനിമയൊന്നുമല്ല കമ്മട്ടിപ്പാടം. അത്തരം ജീവിത പരിസരങ്ങളെ ഉജ്വലമായി അവതരിപ്പിച്ച് പുരസ്‌ക്കാര നെറുകയിലേക്ക് ഉയര്‍ന്നവരില്‍ മമ്മൂട്ടിയും (പൊന്തന്മാട) സുരാജ് വെഞ്ഞാറമൂടും(പേരറിയാത്തവര്‍) സലിംകുമാറും(ആദാമിന്റെ മകന്‍ അബു) ഒക്കെയുണ്ട്. എന്നാല്‍ ഒരു ദളിതനെ ഉജ്വലമാക്കി അടിസ്ഥാന വിഭാഗത്തില്‍ പെടുന്നയാള്‍ തന്നെ പുരസ്‌ക്കാര മികവിലേക്ക് ഉയരുന്നത് മലയാളത്തില്‍ ആദ്യമായിരിക്കും. പുരസ്‌ക്കാരം നായകനടന്മാര്‍ക്ക് മാത്രമെന്നതും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്‍ പരിഗണിക്കപ്പെടേണ്ടവന്‍ അല്ലെന്നുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര അദൃശ്യ സിദ്ധാന്തത്തെ തന്നെ വിനായകന്‍ തന്റെ നേട്ടത്തിലൂടെ മായ്ച്ചു കളഞ്ഞു. വിനായകന്‍ ഒരു നൈതീകതയാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വന്റെ പരകായ പ്രവേശത്തെ നേട്ടമാക്കി മാറ്റണമെങ്കില്‍ തുടുത്തു സുന്ദരനായ നായകന്‍ തന്നെ വേണമെന്ന സിനിമയുടെ പതിവ് കാഴ്ചപ്പാടുകളെയാണ് വിനായകന്‍ ഇളക്കി പ്രതിഷ്ഠിച്ചത്. ഒരു തരത്തില്‍ പറഞ്ഞാല്‍ മികച്ച അഭിനേതാക്കളായിട്ടും സഹനടന്മാര്‍ മികച്ച നടന്മാരാകുന്നില്ലെന്ന് പരമ്പരാഗത സിദ്ധാന്തത്തില്‍ പെട്ടുപോയ തിലകനോടും മുരളിയോടും ജഗതിയോടും നെടുമുടി വേണുവിനോടുമൊക്കെയുള്ള കാവ്യനീതി.

വര്‍ഗ്ഗ-വര്‍ണ്ണ-സാമ്പത്തിക-സാംസ്‌ക്കാരിക അസമത്വങ്ങള്‍ ഇല്ലാതാക്കുന്ന ഒരു പൊതുഇടമാണ് സിനിമ കളിക്കുന്ന തീയറ്ററുകള്‍. ഉള്ളവനും ഇല്ലാത്തവനും തീണ്ടായ്മയുള്ളവനും ഉന്നതകുലജാതനുമെല്ലാം ഒരേ വരിയില്‍ ഇരിക്കുന്ന ഒരു പൊതുമണ്ഡലം അത് സൃഷ്ടിക്കുന്നുണ്ട്. എന്നിരുന്നാലും സിനിമയ്ക്ക് പുറത്തെ വേലിക്കെട്ടുകള്‍ എക്കാലത്തും അങ്ങിനെ തന്നെ നിന്നിരുന്നു. പശ്ചാത്തലം പാര്‍ശ്വവല്‍കൃതരുടേത് ആണെങ്കിലും അവ അവതരിപ്പിക്കുന്ന സവര്‍ണ്ണേതര വിഭാഗങ്ങളെങ്കില്‍ അവര്‍ക്ക് പുരസ്‌ക്കാരം എത്തിപ്പിടിക്കാന്‍ കഴിയാത്ത സ്ഥിതി. അതിനെയാണ് വിനായകന്‍ തട്ടിമറിച്ചിട്ടത്. ദളിത പരിസരങ്ങളെ ജനകീയമാക്കി ഫലപ്രദമായി ആദ്യം ഉപയോഗപ്പെടുത്തിയത് കലാഭവന്‍ മണിയായിരുന്നു. വിശപ്പിന്റെയും ബഹിഷ്‌കൃത ആശയങ്ങളുടെയും താളവും പൈതൃകവും പാരമ്പര്യവുമെല്ലാം പൊതുസമൂഹത്തിന്റെ മേളമാക്കി മണി മാറ്റി. എന്നാല്‍ മികച്ച നടനായി ഉയര്‍ന്നിട്ടും അഭിനയമുഹൂര്‍ത്തങ്ങളുടെ മത്സരത്തില്‍ മണിയെ വിനായകനെ പോലെ ഒരു പ്രതിഭയാക്കി അംഗീകരിക്കാന്‍ കഴിയാത്ത വിധത്തില്‍ പുരസ്‌ക്കാര ജൂറിയെ സമ്പ്രദായങ്ങള്‍ വരച്ചവരയില്‍ നിര്‍ത്തിക്കളഞ്ഞു. കൂട്ടത്തില്‍ പ്രത്യേക പുരസ്‌ക്കാരം നല്‍കിയത് ചെയ്തത് അനീതിയാണെന്ന് പരോക്ഷമായ അംഗീകരിക്കലായിരുന്നോ?. എന്നിരുന്നാലും സിനിമയെ ജനകീയമാക്കി മാറ്റുന്ന തറ ടിക്കറ്റുകാരന്റെയും സിനിമ പല തവണ കാണുന്ന അക്കാദമികമായി സിനിമയെ വിലയിരുത്താത്തവന്റെയും പ്രതിനിധിയായി വളര്‍ന്ന മണി ജീവിച്ചിരുന്ന മണിയേക്കാള്‍ മരണത്തിന് ശേഷമുള്ള മണി കൂടുതല്‍ കരുത്തനായതിന് കാരണവും മറ്റൊന്നുമായിരുന്നില്ല.

ബഹിഷ്‌കൃതരുടെ പരിസരങ്ങള്‍ പ്രശ്‌നവല്‍ക്കരിക്കപ്പെട്ടപ്പോഴെല്ലാം മലയാള സിനിമ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ജാതിമാമൂലുകള്‍ക്കിടയില്‍ മേലാള-കീഴാള പ്രണയവും ലൈംഗികതയും സൃഷ്ടിക്കുന്ന അരാജകത്വം പറഞ്ഞ നീലക്കുയിലും മുക്കുവരുടെ വിശ്വാസങ്ങളും മിത്തുകളും മോഹഭംഗങ്ങളും വരച്ചു ചേര്‍ത്ത ചെമ്മീനുമെല്ലാം കാലത്തെ അതിജീവിക്കുന്നത് സിനിമാ സങ്കേതങ്ങള്‍ സമൂലം ചേര്‍ന്നതു കൊണ്ട് മാത്രമല്ല. നില നില്‍ക്കുന്ന സാമൂഹ്യകാഴ്ചപ്പാടുകളോട് ആശയപരമായി കലഹിക്കുക കൂടി ചെയ്തത് കൊണ്ടാണ്. മലയാള സിനിമയുടെ സ്വത്തത്തില്‍ ആദ്യ നായികയായി കുറിക്കപ്പെട്ടതും ഒരു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ പ്രതിനിധിയായിരുന്നിട്ടും മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിനെ പോലെയോ തൊട്ടു താഴെയോ അറിയപ്പെടാന്‍ ഭാഗ്യം റോസിക്ക് ഉണ്ടായിരുന്നില്ല. കൊടിയ ജാതി നില നിന്ന കാലത്ത് ഒരു സവര്‍ണ്ണന്റെ നായികയായി സിനിമാ പരീക്ഷണത്തിനിറങ്ങി കേരള നവോത്ഥാന ചരിത്രത്തിലെ അസാധാരണ വനിതയായി മാറേണ്ടിയിരുന്ന റോസി ദശകങ്ങളോളമാണ് ആരാലും അറിയപ്പെടാതെ കിടന്നത്. നവോത്ഥാന ചരിത്രം വീരാംഗനകളുടെ ചങ്ങലയില്‍ കണ്ണിചേര്‍ത്തിരുന്നെങ്കില്‍ മലയാള സിനിമയുടെ 'മാതാവ്' എന്ന പരിവേഷം പോലും കിട്ടിയേക്കുമായിരുന്നിരിക്കാം. മലയാള സിനിമയുടെ ചരിത്രം തുറക്കാന്‍ ചേര്‍ന്നു നിന്നിട്ടും റോസി പക്ഷേ ചരിത്രമില്ലാത്തവന്റെ ചിത്രത്തിനുള്ളില്‍ അകപ്പെട്ട് വര്‍ഷങ്ങളോളം മറഞ്ഞു കിടന്നു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും കീഴാളര്‍ക്കും ഇടമില്ലാത്ത മലയാള സിനിമയുടെ മാറിമാറി വരുന്ന റീലുകളുടെ പ്രതീകമായി കമ്മട്ടിപ്പാടത്തിലെ ഗംഗാധരന്‍ മാറുന്നുണ്ട്. ദളിത് വ്യവഛേദങ്ങളോ ദളിത് വിരുദ്ധതയോ ഒക്കെ അറിഞ്ഞും അബദ്ധത്തിലും കടന്നു കൂടുന്ന അനേകം സിനിമകള്‍ക്കിടയിലേക്കാണ് കേരളത്തിലെ ദളിതുകള്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളില്‍ ഒന്ന് ഭൂമി തന്നെയാണെന്ന് ദ്യോതിപ്പിക്കുന്ന കമ്മട്ടിപ്പാടത്തിന്റെയും കടന്നുവരവ്. പൊതുമണ്ഡലത്തില്‍ അധികാരത്തിന്റെയും പദവിയുടെയും സൂചകങ്ങളായ സമ്പത്ത് ഭൂമി, അറിവ് എന്നിവയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട് കോളനിജീവിതങ്ങളിലേക്കും അക്രമങ്ങളിലേക്കും അശാന്തികളിലേക്കും ഓടിക്കപ്പെട്ടവന്റെ പ്രതീകങ്ങളാണ് കമ്മട്ടിപ്പാടത്തിലെ ഗംഗയും ബാലനും കൃഷ്ണനുമൊക്കെ. നഗരവല്‍ക്കരിക്കപ്പെടുമ്പോള്‍ പാലത്തിന്റെ അടിയിലേക്കും തുണ്ടുഭൂമികളിലേക്കും ഓടിക്കപ്പെടുകയും കോളനികള്‍ ഉള്‍പ്പെടെയുള്ള ഡാര്‍ക്ക് ഇടങ്ങളിലേക്ക് ദലിതജീവിതങ്ങള്‍ ചുരുങ്ങിപ്പോകുകയും നിപതിക്കുകയും ചെയ്യുന്നത് കൃത്യമായി കമ്മട്ടിപ്പാടം കോറിയിടപ്പെട്ടിട്ടുണ്ട്. ചണ്ഡാലഭിക്ഷുകിയും മലയപ്പുലയന്റെ വാഴക്കുലയും കുറത്തിയുമെല്ലാം വെറുതേ വായിച്ചു രസിക്കാന്‍ മാത്രമുള്ളതാണെന്നും ചിന്തിക്കാനുള്ളതല്ലെന്നും വിശ്വസിക്കുന്ന, മലയാളി ജാതിചിന്തയുടെ സ്വത്തബോധത്തിന്റെ പുതിയ കുപ്പക്കുഴി തീര്‍ത്തിരിക്കുന്ന കാലത്ത് അത്തരം പൊതുബോധത്തിനുള്ള താക്കീതു കൂടിയായി മാറുന്നുണ്ട് വിനായകന്റെ പുരസ്‌ക്കാര തെരഞ്ഞെടുപ്പ്.

Ads by Google
Ads by Google
Loading...
TRENDING NOW