Monday, April 09, 2018 Last Updated 12 Min 4 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Friday 17 Mar 2017 07.33 PM

തുറന്നുനോക്കാം അലമാര

സര്‍വസാധാരണ കുടുംബകഥയായി തോന്നേണ്ടേ പ്രമേയമാണെങ്കിലും ട്രീറ്റ്‌മെന്റിനുപയോഗിച്ച അലമാര എന്ന സങ്കേതമാണ് മിഥുന്റെ സിനിമയില്‍ ഫ്രഷ്‌നെസ് കൊണ്ടുവരുന്നത്. നമ്മുടെ നാട്ടിലുള്ള സാധാരണ ചെറുപ്പക്കാര്‍(പുരുഷന്മാര്‍ എന്നു തന്നെ പറയട്ടെ) നേരിടുന്ന പെണ്ണുകാണല്‍ പ്രതിസന്ധിയും കല്യാണം കഴിഞ്ഞാല്‍ സ്വന്തം വീട്ടുകാര്‍ക്കിടയിലും ഭാര്യയുടെ വീട്ടുകാര്‍ക്കിടയിലും നേരിടുന്ന ട്രപ്പീസുകളി വൈദഗ്ധ്യവും കണ്ടുശീലിച്ച മലയാളികള്‍ക്കു സിനിമയിലെ പലരംഗങ്ങളും ഇഷ്ടപ്പെട്ടുവെന്നുവരും.
Alamara - movie review

സെക്കന്‍ഡ് ഷോ/ ഇ.വി. ഷിബു

ആട്, ആന്‍മരിയ, അലമാര- മൂന്നാം 'അ'യിലെത്തുമ്പോള്‍ മിഥുന്‍ മാനുവല്‍ തോമസ് എന്ന യുവസംവിധായകന്‍ വീണ്ടും ട്രാക്ക് മാറ്റുകയാണ്. ആട് ഒരു ഭീകരജീവിയാണ്' സ്പൂഫ് ആയിരുന്നെങ്കില്‍ ആന്‍മരിയ കലിപ്പിലാണ് ലളിതമധുരമായ കുട്ടിക്കഥയായിരുന്നു. എന്നാല്‍ അലമാരയിലേയ്‌ക്കെത്തുമ്പോള്‍ പണിക്കുറ്റം കുറഞ്ഞൊരു കുടുംബകഥയാണ്. മന്ദഗതിയിലുള്ള താളമൊഴിച്ചാല്‍ കണ്ടിരിക്കാവുന്ന ലളിതമായ സിനിമ. ചെറിയ ചിരിയും ചിന്തയും നിറച്ച തരക്കേടില്ലാത്ത എന്റര്‍ടെയ്‌നര്‍.

വിവാഹം രണ്ടു വ്യക്തികള്‍ തമ്മിലുള്ള കൂടിച്ചേരലാണെങ്കിലും നമ്മുടെ സാമൂഹികസമ്പ്രദായത്തില്‍ കുടുംബം എന്ന സ്ഥാപനം മറ്റുവ്യക്തികളുടെ ഇടപെടലുകളാല്‍ കലുഷിതവും സംഘഷര്‍ഷഭരിതവുമായ ഏര്‍പ്പാടാണ്. കുടുംബത്തിലെ വ്യക്തികള്‍ തമ്മിലുള്ള ഈഗോയും യുക്തിരഹിതമായ മത്സരബോധവും വ്യക്തികളുടെ ദാമ്പത്യബന്ധത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് നമ്മുടെ 'പുണ്യപുരാതന' സിനിമകള്‍ മുതല്‍ സന്ധ്യാനേര ജനപ്രിയ സീരീയലുകള്‍ വരെ മടുക്കാതെ കൈകാര്യം ചെയ്തുകൊണ്ടേ ഇരിക്കുന്ന തീരാക്കഥയാണ്. അതേസംഭവം തന്നെയാണ് മിഥുന്‍ മാനുവല്‍ തോമസും കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ കൈകാര്യം ചെയ്യുന്നത്. അലമാര എന്നത് വെറും അലമാരയല്ല. ഈഗോ നിറഞ്ഞ വ്യക്തിബന്ധങ്ങളുടെ മുഷിപ്പിന്റെ ഭാണ്ഡക്കെട്ടുകള്‍ നിറച്ചുവച്ച ഒരു രൂപകമായിട്ടാണ് മിഥുന്‍ ഉപയോഗിച്ചരിക്കുന്നത്.

ലളിതനര്‍മങ്ങളും നിത്യജീവിതത്തില്‍ കണ്ടുപരിചയമുള്ള കുറേ കഥാപാത്രങ്ങളും കൊണ്ട് അലമാരയോട് പ്രിയം തോന്നാം. ന്യൂജനറേഷന്‍ സത്യന്‍ അന്തിക്കാടാണോ മിഥുന്‍ എന്നു ചിലപ്പോള്‍ തോന്നിപ്പിക്കുമെങ്കിലും സാരോപദേശത്തിന്റെ പടിവാതിലില്‍വച്ച് പരിപാടി അവസാനിപ്പിക്കുന്നതു കൊണ്ട് അത്തരമൊരു ഭയം വേണ്ട.

ബാങ്കില്‍ ജോലിയുള്ള, ബാംഗ്ലൂരില്‍ താമസിക്കുന്ന അരുണ്‍-സ്വാതി എന്നീ നവദമ്പതികള്‍ക്ക് ഭാര്യവീട്ടുകാര്‍ സമ്മാനിക്കുന്ന അലമാരയും അത് ഇവര്‍ക്കിടയിലും ഇരുകുടുംബത്തിലും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളുമാണു സിനിമ എന്ന് ഒറ്റവരിയില്‍ പറയാം. സലീംകുമാറിന്റെ ശബ്ദത്തില്‍ സംസാരിക്കുന്ന അലമാര പറയുന്ന കഥയായാണ് രണ്ടേകാല്‍ മണിക്കൂറില്‍ താഴെയുള്ള സിനിമ.

അരുണ്‍(സണ്ണി വെയ്ന്‍) സ്വാതി (പുതുമുഖം അദിതി രവി) എന്നിവരുടെ വിവാഹത്തിലേയ്‌ക്കെത്തുന്ന സ്വീക്വന്‍സുകളാണ് ആദ്യപകുതിയില്‍. രണ്ടാംപകുതിയില്‍ ഈ അലമാര ഇവരുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന അസാധാരണ പ്രതിസന്ധിയാണ്.
നിസാരപ്രശ്‌നങ്ങളുടെ പേരില്‍ ഒത്തുപോകാന്‍ പറ്റില്ല എന്നു പറയുന്ന, വിവാഹമോചിതരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്ന സമൂഹത്തില്‍ അലമാരയും അലമാര പറയുന്ന കഥയും ഒട്ടും അതിശയോക്തിപരമല്ല. പക്ഷേ അതിന് ഒരു പരിധിയലധികം ആളുകളെ തിയറ്ററില്‍ പിടിച്ചിരുത്താനുള്ള ശേഷിയുണ്ടോ എന്നു സംശയമുണ്ട്. ഒരു ബിന്ദുവിനപ്പുറം മുഴുകിക്കാണാനുള്ള ഉള്‍ക്കരുത്ത് ആന്‍ മരിയ കലിപ്പിലാണ് എന്ന സിനിമയ്ക്കു തിരക്കഥയൊരുക്കിയ ജോണ്‍ മന്ത്രിക്കലിന്റെ രചനയ്ക്കില്ല. എന്നാല്‍ സംഭവങ്ങളെ നേര്‍രേഖയില്‍, ആശയക്കുഴപ്പങ്ങളില്ലാതെ, ചെറിയ തമാശകളുടെ അകമ്പടിയോടെ അവതരിപ്പിക്കാനും മെലോഡ്രാമയിലേക്കു വഴുതിവീഴാതെ ലളിയമായിത്തന്നെ അവസാനിപ്പിക്കാനും സാധിക്കുന്നുണ്ട്.

സര്‍വസാധാരണ കുടുംബകഥയായി തോന്നേണ്ടേ പ്രമേയമാണെങ്കിലും ട്രീറ്റ്‌മെന്റിനുപയോഗിച്ച അലമാര എന്ന സങ്കേതമാണ് മിഥുന്റെ സിനിമയില്‍ ഫ്രഷ്‌നെസ് കൊണ്ടുവരുന്നത്. നമ്മുടെ നാട്ടിലുള്ള സാധാരണ ചെറുപ്പക്കാര്‍(പുരുഷന്മാര്‍ എന്നു തന്നെ പറയട്ടെ) നേരിടുന്ന പെണ്ണുകാണല്‍ പ്രതിസന്ധിയും കല്യാണം കഴിഞ്ഞാല്‍ സ്വന്തം വീട്ടുകാര്‍ക്കിടയിലും ഭാര്യയുടെ വീട്ടുകാര്‍ക്കിടയിലും നേരിടുന്ന ട്രപ്പീസുകളി വൈദഗ്ധ്യവും കണ്ടുശീലിച്ച മലയാളികള്‍ക്കു സിനിമയിലെ പലരംഗങ്ങളും ഇഷ്ടപ്പെട്ടുവെന്നുവരും.

സണ്ണി വെയ്‌ന്റെ അമ്മയായി വരുന്ന സീമ ജി. നായരാണ് പ്രകടനം കൊണ്ടു മുന്നില്‍നില്‍ക്കുന്നത്. നവസിനിമയിലെ ആസ്ഥാന ഫ്രീക്കനായ സണ്ണി വെയ്‌നെ കുടുംബത്തില്‍ കയറ്റി ഒരു പാവം പയ്യനാക്കിയ സിനിമ കൂടിയാണ് അലമാര. സണ്ണിയുടെ 'ന്യൂജന്‍' കഥാപാത്രങ്ങള്‍ക്കിടയില്‍ വേറിട്ടമുഖം. വികാരവിക്ഷോഭം വരുന്ന അവസാനരംഗങ്ങളില്‍ കൈവിട്ടുപോയി എന്ന തോന്നലൊഴിച്ചാല്‍ സണ്ണിയുടെ ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്നാണ് അരുണ്‍. പുതുമുഖം അദിതി രവി ഇംപ്രസീവായ തുടക്കമാണു കുറിച്ചിരിക്കുന്നത്. അരുണിന്റെ സഹോദരിയായി വരുന്ന സോനു അന്ന ജേക്കബിന്റെ തുടക്കവും ശ്രദ്ധേയം. കമ്മട്ടിപ്പാടത്തിലുടെ സ്വഭാവനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ മണികണ്ഠന്റെ ഹ്യൂമര്‍ ടച്ചുള്ള 'മാമന്‍' എന്ന ക്യാരക്ടര്‍ സവിശേഷമാണ്. ബീഫ് തിന്നുന്ന, നിക്കറും കൊടിയും ഏന്തി പരേഡ്‌നടത്തുന്ന മാമന്‍ ഒരു 'സംഘി'ട്രോളാണ് എന്നതില്‍ സംശയമില്ല. പക്ഷേ അസ്ഥാനത്തായിപ്പോയില്ലേ എന്നൊരു സംശയം ഇല്ലാതില്ല. കൈയില്‍ കാവിച്ചരടും, കഴുത്തില്‍ രുദ്രാക്ഷവും സദാസമയവും കള്ളും രാവിലെ എട്ടുമണിക്കു പൊറോട്ടയും ബീഫും കഴിക്കുന്ന സംഘി ഒരു തമാശയാണെങ്കിലും അതെന്തിനായിരുന്നു അവിടെയെന്നൊരു സംശയം ബാക്കി.
സൈജു കുറുപ്പ്, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്, സാദീഖ്, മഞ്ജു എന്നിവരാണു മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്. വള്ളിയും തെറ്റി പുള്ളിയും തെറ്റി എന്ന ചിത്രത്തിലൂടെ രംഗത്ത് എത്തിയ സൂരജ് എസ്. കുറുപ്പാണ് സംഗീതം. സതീഷ് കുറുപ്പിന്റെ ദൃശ്യങ്ങളും ലിജോപോളിന്റെ എഡിറ്റിങ്ങും ടൈറ്റില്‍ അടക്കമുള്ളവയ്ക്കു ഉപയോഗിച്ച സമയത്തിന്റെ ഉപയോഗവും ശ്രദ്ധേയം.

സേഫായ സോണില്‍ എന്നു തോന്നിപ്പിക്കുമെങ്കിലും മിഥുന്‍ മാനുവല്‍ തോമസ് വളരെ സാധാരണമായ ഒരു സബ്ജക്ട് എടുത്തു ബോക്‌സ് ഓഫീസ് കാഴ്ചപ്പാടില്‍ റിസ്‌കാണ് എടുത്തിരിക്കുന്നത്. പക്ഷെ കൈത്തഴക്കം വന്ന തച്ചന്റെ കരവിരുത് അലമാരയുടെ ശില്‍പഭദ്രതയിലുണ്ട്. പിഴവുകളില്ലാത്ത സിനിമ അണിയിച്ചൊരുക്കാന്‍ മിഥുന്‍ മാനവുല്‍ തോമസിനു കഴിഞ്ഞിട്ടുണ്ട്. ബഹളങ്ങളില്ലാത്ത, ലളിതമായ, നേരമ്പോക്കുകള്‍ തേടുന്നവര്‍ക്കും ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ ജീവിതം പെരുവഴിയിലേക്കു വലിച്ചെറിയുന്ന വിവാഹിതര്‍ക്കു സ്വയം ഒന്നു കണ്ടു വിലയിരുത്താനും ഈ അലമാര ഒന്നു തുറന്നുനോക്കുന്നതു നല്ലതാണ്.

evshibu1@gmail.com

Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Friday 17 Mar 2017 07.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW