Thursday, May 31, 2018 Last Updated 25 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 17 Mar 2017 03.56 PM

സബര്‍ബന്‍ ട്രെയിനില്‍ അന്ന് ഞാനുണ്ടായിരുന്നു...

uploads/news/2017/03/90677/weeklypenma170317.jpg

2006 ജൂലൈ പതിനൊന്ന്. മുംബൈയിലെ അന്ധേരിയിലേക്ക് പോകാനാണ് ചര്‍ച്ച്‌ഗേറ്റ് റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. അവിടെയൊരു ഷൂട്ടുണ്ടായിരുന്നു. സബര്‍ബന്‍ ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കംപാര്‍ട്ട്‌മെന്റിലേക്ക് കയറിയപ്പോള്‍ നല്ല തിരക്കാണ്.

സെക്കന്‍ഡ് ക്ലാസിലേക്ക് ചെന്നപ്പോള്‍ സീറ്റ് കിട്ടി. ട്രെയിന്‍ നീങ്ങിത്തുടങ്ങി. ഞാന്‍ പതുക്കെ വായനയിലേക്ക്. സാന്താക്രോസ് കഴിഞ്ഞതോടെ പെട്ടെന്നാണ് പിന്നില്‍ നിന്ന് വന്‍ ശബ്ദം കേട്ടത്. അതോടെ ട്രെയിന്‍ പതുക്കെ നിന്നു.

ആളുകള്‍ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ചാടി. സ്‌ഫോടനശബ്ദം കൂടിക്കൂടി വന്നു. പുറത്ത് പുകപടലങ്ങള്‍ നിറഞ്ഞതിനാല്‍ ഒന്നും കാണാന്‍ വയ്യ. എന്തു ചെയ്യണമെന്നറിയാതെ സ്തബ്ധയായിപ്പോയ നിമിഷമായിരുന്നു അത്.

എന്റെ തൊട്ടുമുമ്പിലുണ്ടായിരുന്നത് ഗര്‍ഭിണിയായ ഒരു സ്ത്രീ ആയിരുന്നു. അവര്‍ ഭയചകിതയായി പുറത്തേക്ക് ചാടിയപ്പോള്‍ കമിഴ്ന്നടിച്ചുവീണു. വല്ലാത്തൊരു കാഴ്ചയായിരുന്നു അത്.

അതുകണ്ടപ്പോള്‍ എനിക്ക് പേടിയായി. ഞാന്‍ കംപാര്‍ട്ട്‌മെന്റിന്റെ ഒരറ്റത്തുപോയി കണ്ണുമടച്ച് പ്രാര്‍ഥിച്ചു. അപ്പോഴാണ് ശോഷിച്ച ഒരു കൈവന്ന് എന്റെ പിറകില്‍ തൊട്ടത്. ഒരമ്മൂമ്മ.

''ഇവിടെ നില്‍ക്കുന്നത് അപകടമാണ്. വാ നമുക്ക് പുറത്തേക്ക് ചാടാം.''
അവര്‍ എന്റെ കൈയില്‍പിടിച്ച് വലിച്ചു. പക്ഷേ എനിക്ക് ഭയമായിരുന്നു. ഞാന്‍ ചാടില്ലെന്നു മനസ്സിലാക്കിയ അവര്‍ എന്നെ ശക്തിയോടെ തള്ളി പുറത്തേക്കിട്ടു. പിന്നാലെ അവരുമുണ്ടായിരുന്നു. പക്ഷേ പുകയ്ക്കിടയില്‍ പിന്നീട് അവരെ കണ്ടതേയില്ല.

ഞാന്‍ ട്രാക്കിലൂടെ നിലവിളിച്ചുകൊണ്ട് ഓടി. കത്തിക്കരിഞ്ഞ ചില മൃതദേഹങ്ങള്‍ ട്രാക്കില്‍ വീണുകിടക്കുന്നു. പരുക്കേറ്റവരെയും കൊണ്ട് ആംബുലന്‍സുകള്‍ തലങ്ങുംവിലങ്ങും ഓടുകയാണ്.

പരുക്കേറ്റ ഒരാള്‍ക്ക് എന്‍ജിന്‍ ഡ്രൈവര്‍ വെള്ളം കൊടുക്കുന്നുമുണ്ട്. ഈ കാഴ്ചകളിലേക്കൊന്നും എനിക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഫോണ്‍ ജാമായതിനാല്‍ എവിടേക്കും വിളിക്കാനും പറ്റുന്നില്ല. എങ്ങോട്ടെന്നറിയാതെ ഞാന്‍ ഓടിക്കൊണ്ടേയിരുന്നു.

ട്രാക്ക് വിട്ട് മറ്റൊരു ഭാഗത്തേക്ക് എത്തിയപ്പോഴേക്കും ഞാന്‍ ഛര്‍ദ്ദിച്ചു. തളര്‍ന്ന് വീഴുമെന്ന അവസ്ഥയിലായി. സാന്താക്രോസിലെ ഒരു കോളനിയിലാണ് എത്തിയിരിക്കുന്നത്.

ചുറ്റും വീടുകളുണ്ട്. അവരൊക്കെ ഭീതിയോടെ വാതിലടച്ച് കഴിയുകയാണ്. എന്നെക്കണ്ടയുടന്‍ ഒരു വീട്ടമ്മ ഓടിവന്ന് കൈപിടിച്ചു. അകത്തേക്ക് കൊണ്ടുപോയി. ആദ്യം കുടിക്കാന്‍ വെള്ളം തന്നു. അതിനുശേഷം ഭക്ഷണവും. ഗീത എന്നായിരുന്നു അവരുടെ പേര്.

''മോള് പേടിക്കേണ്ട. ഒന്നും സംഭവിച്ചിട്ടില്ല. രക്ഷപ്പെട്ടത് ഭാഗ്യമാണെന്ന് കരുതുക. ഒന്നു വിശ്രമിച്ചശേഷം വീട്ടിലേക്ക് വിളിക്കാം.''

പക്ഷേ എനിക്ക് വിശ്രമിക്കാന്‍ കഴിഞ്ഞില്ല. ടി.വിയില്‍ ബോംബ് സ്‌ഫോടനത്തിന്റെ ക്ലിപ്പിംഗുകള്‍ വന്നുകൊണ്ടേയിരുന്നു. അതൊക്കെകേട്ട് വിറങ്ങലിച്ച് ഞാനിരുന്നു. ട്രെയിനിന്റെ ഫസ്റ്റ്ക്ലാസ് കംപാര്‍ട്ട്‌മെന്റിലായിരുന്നു സ്‌ഫോടനം എന്നറിഞ്ഞപ്പോള്‍ ഉള്ളൊന്നു കിടുങ്ങി.

ഫസ്റ്റ്ക്ലാസില്‍ സീറ്റ് തരാതിരുന്നതിന് ദൈവത്തിന് നന്ദി പറഞ്ഞു.
വൈകിട്ട് വീട്ടിലേക്ക് വിളിച്ചപ്പോള്‍ അമ്മയ്ക്കും സമാധാനം. എന്നെ ഫോണില്‍ കിട്ടാത്തതിനാല്‍ അമ്മയ്ക്കുമുണ്ടായിരുന്നു ടെന്‍ഷന്‍. 209 പേരാണ് അന്നത്തെ സ്‌ഫോടനത്തില്‍ മരിച്ചത്. പരുക്കേറ്റത് എഴുനൂറുപേര്‍ക്കും.

പതിനൊന്ന് മിനുട്ടിനുള്ളില്‍ ഏഴ് സ്‌ഫോടനങ്ങള്‍. ഓര്‍ക്കുമ്പോള്‍ത്തന്നെ മനസ്സ് പൊള്ളുകയാണ്. അന്ന് മുതല്‍ എനിക്കൊരു നല്ല സുഹൃത്തിനെ കിട്ടി. ഗീതച്ചേച്ചി. ഭര്‍ത്താവും മകനുമൊത്താണ് അവര്‍ താമസിക്കുന്നത്.

ഇപ്പോഴും അവരുടെ കുടുംബവുമായി നല്ല ബന്ധമാണ്. പക്ഷേ അപ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നു. ജീവിതത്തിലേക്ക് എന്നെ തള്ളിയിട്ട ആ അമ്മൂമ്മ യഥാര്‍ഥത്തില്‍ ദൈവമായിരുന്നോ?

തയ്യാറാക്കിയത്: രമേഷ് പുതിയമഠം

Ads by Google
Ads by Google
Loading...
TRENDING NOW