Sunday, November 19, 2017 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Mar 2017 03.11 PM

അവന്‍ വീണ്ടും വന്നു, പകരക്കാരനാകാന്‍...

uploads/news/2017/03/89966/Weeklymaheash.jpg

മലയാള സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന സമയത്താണ് തമിഴിലേക്ക് വിളിച്ചത്. രാധാഭാരതി സംവിധാനം ചെയ്യുന്ന 'വൈകാശി പൊറന്താച്ച്' എന്ന സിനിമയില്‍ നായകനാവാന്‍.

ഭയങ്കര സന്തോഷമായി. മരിച്ചുപോയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബോംബെ രാജുവേട്ടനാണ് എന്റെ പേര് നിര്‍ദ്ദേശിച്ചത്. പതിനയ്യായിരം രൂപ അഡ്വാന്‍സും തന്നു. പക്ഷേ പറഞ്ഞുറപ്പിച്ച തീയതിക്ക് പടം തുടങ്ങിയില്ല.

ഓരോ കാരണങ്ങളാല്‍ ഷൂട്ടിംഗ് നീണ്ടുപോയി. ആ സമയത്താണ് പെട്ടെന്ന് വിജിതമ്പിയുടെ 'മറുപുറം' എന്ന സിനിമയിലേക്ക് വിളിച്ചത്. ജയറാമാണ് നായകന്‍.

ഒരുപാട് വില്ലന്‍മാരില്‍ ഒരാളായിട്ടാണ് ഞാന്‍ അഭിനയിക്കേണ്ടത്. തമിഴ്പടം തുടങ്ങാത്ത സ്ഥിതിക്ക് പോകാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത് ഷൂട്ടിംഗ് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ബോംബെ രാജുവേട്ടന്‍ വിളിച്ചത്.

''നമ്മുടെ പടത്തിന്റെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു. ഷൂട്ടിംഗ് മറ്റന്നാള്‍ തുടങ്ങുകയാണ്. തിരുവനന്തപുരത്താണ് ലൊക്കേഷന്‍. രാവിലെ തന്നെ മഹേഷ് വരണം.''ഞാന്‍ ഞെട്ടിപ്പോയി. 'മറുപുറ'ത്തിന്റെ കാര്യം പറഞ്ഞപ്പോഴേക്കും രാജുവേട്ടനും വിഷമം.

''മഹേഷിന്റെ സൗകര്യമനുസരിച്ച് വേണമെങ്കില്‍ രണ്ടോമൂന്നോ ദിവസത്തേക്ക് മാറ്റാം. കണ്‍ട്രോളറോട് ഒന്നു പറഞ്ഞുനോക്ക്.''
രാജുവേട്ടന്‍ പറഞ്ഞു.

ജൂബിലി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന 'മറുപുറ'ത്തിന്റെ കണ്‍ട്രോളര്‍ എ.ആര്‍.ഷണ്‍മുഖ അണ്ണനാണ്. മമ്മുക്കയെയും ലാലേട്ടനെയും വരെ വിറപ്പിക്കുന്ന കണ്‍ട്രോളറാണ് അദ്ദേഹം.

ഗര്‍ജിക്കുന്ന സിംഹം എന്നാണ് സിനിമക്കാര്‍ക്കിടയില്‍ ഷണ്‍മുഖണ്ണന്‍ അറിയപ്പെടുന്നത്. പേടിച്ചിട്ട് ആരും ഒന്നും പറയില്ല. എല്ലാകാര്യത്തിലും ആള്‍ സ്ട്രിക്ടാണ്. എങ്കിലും എനിക്ക് പറയാതിരിക്കാന്‍ കഴിഞ്ഞില്ല.

''ഈ പടം ചെയ്തുകഴിഞ്ഞിട്ട് പോയാ മതി.''
ഷണ്‍മുഖണ്ണന്‍ പറഞ്ഞാല്‍ മറുവാക്കില്ല. അതുകൊണ്ട് തര്‍ക്കിക്കാനും പോയില്ല. വല്ലാത്ത സങ്കടം തോന്നി. കൈയില്‍ വന്ന നായകവേഷമാണ് ചെറിയൊരു സമയം കൊണ്ട് നഷ്ടപ്പെട്ടുപോകുന്നത്. രാജുവേട്ടനും ടെന്‍ഷനായിരുന്നു. രണ്ടുദിവസം കൊണ്ട് മറ്റൊരു നായകനടനെ അന്വേഷിക്കണം.

വളരെ പെട്ടെന്നുതന്നെ അവര്‍ നായകനെ കണ്ടെത്തി. പുതുമുഖം പ്രശാന്ത്. നടന്‍ ത്യാഗരാജന്റെ മകന്‍. രണ്ടുദിവസം കഴിഞ്ഞ് ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു. ഒരു ദിവസം ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു 'മറുപുറ'ത്തിന്റെ ഷൂട്ടിംഗ്.

ചെല്ലുമ്പോള്‍ അവിടെ മറ്റൊരു ഷൂട്ടിംഗ് സംഘവുമുണ്ട്. അന്വേഷിച്ചപ്പോള്‍ 'വൈകാശി പൊറന്താച്ചി'ന്റെ ചിത്രീകരണമാണ്. പ്രശാന്ത് നായികയ്‌ക്കൊപ്പം പാട്ടുസീനില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു.

എനിക്കെന്തോ വല്ലാത്ത വിഷമം തോന്നി. അപ്പോഴേക്കും അസിസ്റ്റന്റ് ഡയറക്ടര്‍ ഷോട്ട് റെഡിയായെന്ന് എന്നെ അറിയിച്ചു. ഞാന്‍ ചെന്നു.

ഞാനടക്കമുള്ള വില്ലന്‍മാരെ ജയറാം അടിച്ചുനിരപ്പാക്കുന്ന സീനാണ് എടുത്തത്. ഒരുവശത്ത് പ്രശാന്ത് റൊമാന്‍സ് സീനില്‍ അഭിനയിക്കുമ്പോള്‍ മറുവശത്ത് ഞാന്‍ നായകന്റെ ഇടി വാങ്ങിച്ച് വിഷമിച്ചിരിക്കുന്നു. 'മറുപുറ'ത്തിന്റെ ഷൂട്ടിംഗ് കഴിയുന്നതുവരെ ആ സങ്കടമൊഴിഞ്ഞില്ല.

'മറുപുറം' പെട്ടെന്നുതന്നെ റിലീസായി. വലിയ ചലനമൊന്നും തിയറ്ററില്‍ സൃഷ്ടിച്ചില്ല. എന്നാല്‍ 'വൈകാശി പൊറന്താച്ച്' തമിഴ്‌നാട്ടില്‍ സൂപ്പര്‍-ഡ്യൂപ്പര്‍ ഹിറ്റായി. നായകനായ പ്രശാന്തിനാകട്ടെ ഇഷ്ടംപോലെ സിനിമകള്‍ കിട്ടുകയും ചെയ്തു.

ഐശ്വര്യാറായിയുടെ നായകനായി വരെ അഭിനയിച്ചു. തമിഴിലിപ്പോഴും നായകനായി അഭിനയിച്ചുകൊണ്ടേയിരിക്കുന്നു. ഈ വാര്‍ത്തകളൊക്കെ കേള്‍ക്കുമ്പോള്‍ മനസ്സ് വേദനിക്കും.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം കൂടി പറയാം. 'മറുപുറം' കഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞപ്പോഴാണ് എനിക്ക് മഞ്ഞപ്പിത്തം വന്നത്. അതുകാരണം ചില സിനിമകള്‍ മുടങ്ങി. വീണ്ടും അഭിനയിക്കാന്‍ തയ്യാറായ സമയത്താണ് തോപ്പില്‍ഭാസി സാറിന്റെ മകന്‍ അജയന്‍ വിളിക്കുന്നത്.

എം.ടി.സാര്‍ സ്‌ക്രിപ്റ്റ് എഴുതി അജയന്‍ സംവിധാനം ചെയ്യുന്ന 'പെരുന്തച്ചനി'ല്‍ അഭിനയിക്കാന്‍. ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന ഒരു സിനിമയില്‍ പെരുന്തച്ചന്റെ മകനായി അവസരം കിട്ടുമെന്നറിഞ്ഞപ്പോള്‍ വല്ലാതെ ത്രില്ലടിച്ചു.

ഒരു ദിവസം അജയന്‍ സാര്‍ കാണണമെന്നറിയിച്ചു. വീട്ടില്‍ചെന്നു. മഞ്ഞപ്പിത്തം വന്നതിനാല്‍ വല്ലാതെ മെലിഞ്ഞുപോയിരുന്നു ഞാന്‍. എന്നെക്കണ്ടയുടന്‍ സാറിന്റെ മുഖം മ്ലാനമായി.

''മസിലൊക്കെയുള്ള പയ്യനെയാണ് നമുക്ക് വേണ്ടത്. മഹേഷിന് ഈ റോള്‍ ഒട്ടും ചേരില്ല.''
അന്നും നിരാശയോടെയാണ് ഇറങ്ങിപ്പോന്നത്. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞ് അന്വേഷിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. 'പെരുന്തച്ചനി'ലും എനിക്ക് പകരം വന്നത് പ്രശാന്തായിരുന്നു. നടന്‍ ത്യാഗരാജന്റെ മകന്‍.

തയ്യാറാക്കിയത്: രമേഷ് പുതിയമഠം

Ads by Google
TRENDING NOW