Wednesday, May 30, 2018 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Mar 2017 03.11 PM

'ഇനി കിട്ടുന്നതെല്ലാം ദൈവം തരുന്ന ബോണസ്'

uploads/news/2017/03/89587/weeklykunjan140317.jpg

ഫോര്‍ട്ട്‌കൊച്ചിക്കാരന്‍ മോഹന്‍ദാസിന് കുഞ്ചന്‍ എന്നു പേരിട്ടത് തിക്കുറിശ്ശി സുകുമാരന്‍ നായരാണ്. അക്കാലത്ത് മോഹന്‍ എന്ന പേരില്‍ മറ്റൊരു നടന്‍ കൂടിയുണ്ടായിരുന്നു. പലര്‍ക്കും മാറിപ്പോകും. നഗരം സാഗരം എന്ന സിനിമയുടെ ഷൂട്ടിംഗിനിടയില്‍ ഒരു ദിവസം തിക്കുറിശ്ശി മോഹന്‍ദാസിനെ അടുത്തേക്കുവിളിച്ചു.

''എടാ നിന്റെ പേര് ഞാന്‍ മാറ്റാന്‍ പോവുകയാണ്. ഇന്നു മുതല്‍ നീ കുഞ്ചന്‍ എന്നറിയപ്പെടും.''

പ്രേംനസീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പേരിട്ട തിക്കുറിശ്ശിക്ക് ഇത്തവണയും പിഴച്ചില്ല. കുഞ്ചന്‍ എന്ന പേര് മലയാള സിനിമ ഏറ്റെടുത്തു. അഭിനയത്തിന്റെ അമ്പതാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും കിട്ടുന്നതെല്ലാം ദൈവം തരുന്ന ബോണസാണെന്ന് വിശ്വസിക്കുകയാണ് ഈ നടന്‍.

ഇരുനൂറ്റമ്പത് രൂപയ്ക്കുവേണ്ടി


രണ്ടുജോടി ഡ്രസ്സുകള്‍ തകരപ്പെട്ടിയില്‍ നിറച്ച് പുലര്‍ച്ചെ ആരും കാണാതെയാണ് വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങിയത്. അന്നെനിക്ക് പത്തൊമ്പത് വയസ്സാണ്. വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണം ഒളിച്ചോടുകയായിരുന്നു. പോയത് കോയമ്പത്തൂര്‍ ജില്ലയിലെ വാല്‍പ്പാറ എസ്‌റ്റേറ്റിലേക്കാണ്. അവിടെ യൂറോപ്യന്‍ കമ്പനിയുടെ ആശുപത്രിയില്‍ ഹെഡ്‌നഴ്‌സാണ് ആന്റി.

''ഞാനിവിടെയുള്ളത് വീട്ടില്‍ അറിയിക്കരുത്. അങ്ങനെ വന്നാല്‍ ഇവിടെ നിന്നും സ്ഥലംവിടും.''
പിന്നീടുള്ള മൂന്നുവര്‍ഷക്കാലം അവിടെയായിരുന്നു. വാല്‍പ്പാറയിലെ എല്ലാ കലാപരിപാടിക്കും പങ്കെടുക്കും. ഒരു റിപ്പബ്ലിക്ക് ദിനത്തില്‍ തമിഴ്കുട്ടികളെ ഡാന്‍സ് പഠിപ്പിച്ച് സ്‌റ്റേജില്‍ കയറ്റി. യൂറോപ്യന്‍ കമ്പനിയുടെ മാനേജരായ വിദേശിക്ക് എന്നെ ഇഷ്ടപ്പെട്ടു.

അയാളുടെ മകന്‍ കോയമ്പത്തൂരില്‍ പഠിക്കാന്‍ പോയപ്പോള്‍ കൂടെ എന്നെയും കൊണ്ടുപോയി. ടയര്‍ റീ ത്രെഡ്ഡിംഗ് കടയിലായിരുന്നു ജോലി. റോഡിലൂടെപോകുന്ന വണ്ടികള്‍ ക്യാന്‍വാസ് ചെയ്ത് റീ ത്രെഡ്ഡിംഗിന് പിടിച്ചുകൊടുക്കണം. ഒരെണ്ണത്തിന് പന്ത്രണ്ടുരൂപ കമ്മീഷന്‍.

അത്യാവശ്യം വാചകമടി അറിയാവുന്നതിനാല്‍ പട്ടിണി കിടക്കേണ്ടിവന്നില്ല. ആ സമയത്ത് കേരളസമാജം സംഘടിപ്പിക്കുന്ന പ്രോഗ്രാമുകള്‍ക്ക് പങ്കെടുക്കുമായിരുന്നു. ഒരുതവണ ഏകാങ്കനാടകം കളിച്ചുകഴിഞ്ഞപ്പോള്‍ ഒരു തമിഴന്‍ പരിചയപ്പെടാന്‍ വന്നു.

''താങ്കളെ കാണാന്‍ നാഗേഷിനെപ്പോലെയുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ?''
ഞാന്‍ പക്ഷേ കൃത്യമായ മറുപടി നല്‍കിയില്ല.
''ഷോര്‍ട്ട് ഫിലിമാണ്. അഭിനയിച്ചാല്‍ 250 രൂപ പ്രതിഫലം തരാം.''

ഞെട്ടിപ്പോയി. ദിവസം പന്ത്രണ്ട് രൂപ സമ്പാദിക്കുന്ന എനിക്ക് ഒറ്റയടിക്ക് 250 രൂപയോ? വരാമെന്ന് പറഞ്ഞു. പിറ്റേ ദിവസം രാവിലെ എന്നെ കൊണ്ടുപോകാന്‍ വണ്ടി വന്നു. മേട്ടുപ്പാളയത്തെ കാളീക്ഷേത്രത്തിന് മുമ്പിലെത്തിച്ചു. ഷോര്‍ട്ട്ഫിലിമുകളും ഡോക്യുമെന്ററികളുമെടുത്ത് വിദേശത്തേക്ക് അയയ്ക്കുന്ന ഷണ്‍മുഖമാണ് സംവിധായകന്‍.

ക്യാമറയൊക്കെ റെഡിയാക്കിവച്ചശേഷം ഉടുപ്പൂരാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. അതിനുശേഷം അവര്‍ എന്നെ കൗപീനമുടുപ്പിച്ചു. ആദ്യം ഇത്തിരി സങ്കോചം തോന്നിയെങ്കിലും 250 രൂപ കിട്ടുമെന്നോര്‍ത്തപ്പോള്‍ സന്തോഷത്തോടെ ചെയ്തു.

ക്ഷേത്രത്തിന് മുമ്പില്‍ കുഴിച്ചിട്ട നാല് കുറ്റികളില്‍ എന്റെ കൈയും കാലും കെട്ടിയിട്ടു. കുറെ സ്ത്രീകള്‍ കൂടകളുമായി ചുറ്റുംവന്ന് നൃത്തം ചെയ്യാന്‍ തുടങ്ങി. ഇതൊക്കെയും സംവിധായകന്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. അഞ്ചുമിനുട്ടുനേരത്തെ ഡാന്‍സിന് ശേഷം സ്ത്രീകള്‍ കൂടകളിലുള്ള സാധനം എന്റെ ശരീരത്തിലേക്കിട്ടു.

കൂടയില്‍ നിറയെ പാമ്പുകളായിരുന്നു. അമ്പതോ അറുപതോ പാമ്പുകള്‍ കാണും. അവയെല്ലാം എന്റെ ശരീരത്തിലൂടെ തലങ്ങും വിലങ്ങും ഇഴയാന്‍ തുടങ്ങി. സത്യം പറഞ്ഞാല്‍ നൂഡില്‍സിനകത്ത് പെട്ടതുപോലുള്ള അവസ്ഥ. ഞാന്‍ പേടിച്ചുനിലവിളിച്ചു. കൈയുംകാലുമിട്ടടിച്ചു.

''സാറേ, എനിക്ക് കാശൊന്നും വേണ്ട. വെറുതെ വിട്ടാല്‍മതി.''
പാമ്പുകള്‍ ഇഴയുന്നതിനാല്‍ ശബ്ദം പുറത്തേക്കുവന്നില്ല. ഇടയ്ക്ക് രണ്ട് പെരുമ്പാമ്പുകള്‍ എന്റെ വയര്‍ ചുറ്റിവരിഞ്ഞപ്പോള്‍ ശ്വാസംകിട്ടാതെ വന്നു. സംവിധായകന്‍ വന്ന് അതിനെ ലൂസാക്കിവിട്ടു.

എല്ലാം കഴിഞ്ഞപ്പോള്‍ സംവിധായകന്‍ എന്റെ കെട്ടഴിച്ചു. ശരീരത്തില്‍ എല്ലായിടത്തും വല്ലാത്ത വേദന. പോകാന്‍ നേരം 250 രൂപ കൈയില്‍ വച്ചുതന്നു. സങ്കടത്തോടെയാണ് അത് വാങ്ങിച്ചത്.

മുറിയിലെത്തിയപ്പോള്‍ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ ശരീരം നിറയെ കുമിളകള്‍. ദൈവമേ, പാമ്പ് കടിച്ചതാവുമോ എന്നായി സംശയം. ഡോക്ടറെ കാണിച്ചപ്പോള്‍ പാമ്പിന്‍വിഷമൊന്നുമല്ല, ചിക്കന്‍പോക്‌സാണെന്ന് വിലയിരുത്തി.

28 ദിവസം കിടക്കേണ്ടിവന്നു. അടുത്ത മുറിയിലുണ്ടായിരുന്ന തമിഴന്‍മാരാണ് ആര്യവേപ്പിന്റെ ഇലയും ഇളനീരുമൊക്കെ കൊണ്ടുവന്ന് ശുശ്രൂഷിച്ചത്. ഇരുനൂറ്റമ്പത് കിട്ടിയത് ശരിയാണ്. പക്ഷെ ചെലവായത് അഞ്ഞൂറു രൂപയാണ്. ബാക്കി ഇരുനൂറ്റമ്പത് കടം വാങ്ങിക്കേണ്ടിവന്നു.

മറക്കാനാവാത്ത മദ്രാസ് ജീവിതം


കാര്‍ ഡീലറായ ബാലേട്ടനെ പരിചയപ്പെടുന്നത് അക്കാലത്താണ്. അഭിനയത്തോടുള്ള എന്റെ താല്‍പ്പര്യം അദ്ദേഹത്തിനറിയാം. ബാലേട്ടന്റെ മദ്രാസിലുള്ള സുഹൃത്ത് സിനിമയെടുക്കുമ്പോള്‍ എന്റെ പേര് നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് 'മനൈവി' എന്ന തമിഴ്‌സിനിമയില്‍ അഭിനയിക്കാന്‍ മദ്രാസിലേക്ക് പോകുന്നത്.

നാഗേഷിനൊപ്പം നല്ലൊരു റോള്‍. 75 രൂപയായിരുന്നു പ്രതിഫലം. ജെമിനി ഗണേശനൊക്കെ അഭിനയിച്ച ആ സിനിമ പക്ഷേ റിലീസായില്ല. അതോടെ ഞാന്‍ താമസം മദ്രാസിലാക്കി. ഇടയ്ക്ക് മാത്രം ചില സിനിമകളില്‍ അഭിനയിക്കാന്‍ വിളിക്കും. അതുകൊണ്ടുതന്നെ മിക്ക ദിവസവും പട്ടിണിയായിരുന്നു.

പലപ്പോഴും പൈപ്പിലെ വെള്ളവും ബണ്ണുമായിരുന്നു ഉച്ചഭക്ഷണം. മുടി വെട്ടാന്‍ പോലും കാശില്ലാതെ വന്നപ്പോള്‍ ഞാന്‍ ഹിപ്പിക്കാരനായി. ആ സമയത്താണ് 'റെസ്റ്റ്ഹൗസ്' എന്ന സിനിമയിലേക്ക് നടന്‍മാരെ ആവശ്യമുണ്ടെന്നറിഞ്ഞത്. ഹിപ്പികളുടെ കഥയായിരുന്നു അത്. എന്റെ മുടി കണ്ടപ്പോള്‍ നിര്‍മ്മാതാവിനിഷ്ടപ്പെട്ടു.

''ഇവന് വിഗ്ഗിന്റെ ആവശ്യമില്ല. നിന്നെ സെലക്ട് ചെയ്തിരിക്കുന്നു.''
എനിക്ക് സന്തോഷമായി. പ്രേംനസീറും അടൂര്‍ ഭാസിച്ചേട്ടനുമൊക്കെയായിരുന്നു അതില്‍ അഭിനയിച്ചത്. അതാണ് റിലീസായ ആദ്യസിനിമ. വീണ്ടും അലച്ചിലിന്റെ നാളുകള്‍.

Tuesday 14 Mar 2017 03.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW