Friday, April 20, 2018 Last Updated 24 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 12 Mar 2017 01.06 AM

നിറങ്ങളിലാറാടി ഹോളി

uploads/news/2017/03/88687/sun1.jpg

നിറവെള്ളത്തിലഭിഷേകവും പല നിറങ്ങളില്‍ മുങ്ങിക്കുളിച്ച്‌ ഒരു സമ്പൂര്‍ണ ദിവസം ചെലവഴിക്കുമ്പോഴുള്ള നീരാട്ടുസുഖം മനസു സ്‌പര്‍ശിക്കുന്നു. പെട്ടെന്ന്‌ മാച്ചാല്‍ മായാത്ത മുദ്രകളായിരിക്കും കൈകാലുകളില്‍. ഹോളികളിച്ചതിന്റെ നിറപാണ്ടുകള്‍ ഏത്‌ അതിഥിസന്ദര്‍ശനത്തിനും അനൗചിത്യമാകുന്നില്ല. മറിച്ചോ ഊഷ്‌മളമായ സംസ്‌കാരം ആരേയും നേര്‍ക്കുനേരെ കാട്ടും. വിദേശികളെപോലും ആ പാടുകള്‍ അമ്പരപ്പിക്കും. അവരോട്‌ ഹോളികഥയുടെ മഹാത്മ്യം പറയുന്നതും സുഖമുള്ള കാര്യം. മനപരിശുദ്ധിയുടെ വിളംബരംകേട്ട്‌ വിസ്‌മയിക്കാത്ത വിദേശികളില്ല. അത്രമേല്‍ ആചാരതീക്ഷണതയുണ്ട്‌. നിറങ്ങളാണ്‌ ആഘോഷം. മനകുളിര്‍മ ആനന്ദവും. ഏതാഘോഷങ്ങളില്‍നിന്നും ഹോളിയെ വ്യത്യസ്‌തമാക്കുന്നതും മറ്റൊന്നല്ല. ആഘോഷത്തിന്‌ തയാറെടുപ്പശേഷമില്ല. നിറങ്ങളൊഴിച്ച്‌ വെള്ളം ഒഴിച്ചുകൂടാനാവാത്ത വസ്‌തുവും. അമിത ഉപയോഗം നടക്കും. വ്യവസ്‌ഥകള്‍ക്കെതിരായി വീട്‌ അടിച്ചുവാരി വൃത്തിയാക്കിയിടുന്നത്‌ ശീലമാണ്‌.
പൊതുവേ നിറങ്ങളോട്‌ ആസക്‌തരാണ്‌ മനുഷ്യര്‍; കണ്ടുരസിക്കാന്‍ മാത്രം. അതിലൊരല്‍പം ദേഹത്തുപുരണ്ടാല്‍? മുന്‍കോപം, വാശി, തെറിവിളി, അടി, ഇടി, പോര്‍വിളി എന്തും നടക്കും. മാനഹാനിക്ക്‌ കേസിനും കൂട്ടത്തിനും പോകാന്‍ മടിക്കില്ല. വാര്‍മഴവില്ല്‌ ഉടുപട അലങ്കോലമാക്കിയില്ലേ? എന്നാല്‍, ഹോളി സ്‌നേഹം ഊട്ടി ഉറപ്പിക്കാനുള്ളതാണ്‌. നിറംപൂശി സ്‌നേഹിതനെ മുട്ടുകുത്തിക്കുന്നു. ശത്രുവിനെ വരുതിയില്‍വരുത്തുന്നു. കാമുകീ കാമുകന്മാരുടെ കണ്ണില്‍ പൊടിയിടാനും നിറങ്ങളുതകും. തലമുറകള്‍ നീണ്ടുനിന്ന കുടുംബവഴക്കുകള്‍ തീര്‍ക്കാനുള്ള അവസരമൊരുക്കുന്ന ഹോളി. കാരണവന്മാരതിന്‌ മുന്‍കൈയെടുക്കും.

ഓരോ വീട്ടിലേയും കുസൃതികളാണ്‌ സൂക്ഷിച്ചുവച്ച നിറങ്ങളിറക്കുക. കൊച്ചുകവറുകളില്‍ വെള്ളം നിറച്ച്‌ ഒളിഞ്ഞിരിക്കും. വഴിപോക്കരോ അപരിചിതരോ കുടുങ്ങാം. ഉന്നം സന്തതസഹചാരികളാണ്‌. പരക്കംപാച്ചിലിനിടേ ഉന്നം പിഴയ്‌ക്കാം. ഏറ്‌ വൃഥാവില്‍. ദേഹത്ത്‌ പ്‌ളാസിറ്റ്‌ക വന്ന്‌ തറച്ച്‌ 'പതോം' എന്നൊരു ശബ്‌ദം. പൊട്ടിയ മാത്ര ഈറനണിയും. എന്തായിരിക്കും അവസ്‌ഥ. തെളിനീരോ കുടിനീരോ ആയിക്കൊള്ളണമെന്നില്ല. കലക്കവെള്ളം. പിറുപിറുത്തുകൊണ്ട്‌ അനുഭവസ്‌ഥന്‍ തല ഉയര്‍ത്തി ഒരു നോട്ടമുണ്ട്‌. ഒരാളു പോലും തലപൊക്കില്ല. സര്‍വത്ര നിശബ്‌ദവും.
'പോട്ടെ' ഒടുവില്‍ സുല്ലിടും. വസ്‌ത്രം തട്ടി വെടുപ്പാക്കി ഇളിഭ്യതനീക്കും. പ്രഭാവത്തിലൊരടി മുന്നോട്ട്‌വച്ചാല്‍ കൂക്കുവിളി ഉയരും. ''ഹോളീരേ... ഹോളീ...'' ആരവംകേട്ട ദിക്കിലോട്ട്‌ ദൃഷ്‌ടിചെല്ലും. ഉറ്റവരോ ഉടയവരോ ആണ്‌ പണിപറ്റിച്ചത്‌. ദേഹത്ത്‌ പുരണ്ട കളങ്കംനീങ്ങി. കൈമാടി വിളിക്കുന്ന തെമ്മാടികൂട്ടത്തിലോട്ട്‌ സര്‍വം മറന്നാനയിക്കും. അവരിലൊരാളായി മറുക്കൂട്ടരെ പിടികൂടാന്‍ പമ്മിപമ്മി ചലിക്കലായി. കൊച്ചുങ്ങളില്‍ തുടങ്ങിയീ വിദ്യ ആബാലവൃദ്ധം അഭ്യസിക്കുന്നു. . അതാണ്‌ ഹോളിയുടെ ഒത്തുചേരല്‍.
ഒരു നീണ്ടവര്‍ഷം വെട്ടിക്കാത്തുസൂക്ഷിച്ച തടികള്‍ ഓരോ വീട്ടുകാരും പുറത്തിറക്കും. വഴികവാടങ്ങളിലാണ്‌ ഹോളികത്തിക്കലരങ്ങേറുക. തടികള്‍ ചെരിച്ചുനാട്ടും. മുകള്‍ഭാഗംമുട്ടുംവിധം. ഉള്ളിലാണ്‌ ഹോളികയെ കെട്ടിവയ്‌ക്കുക. എങ്ങാനും രക്ഷപ്പെടരുതല്ലോ. വൈക്കോലും പാഴ്‌മരചീളും കൊണ്ട്‌ പഴുതടയ്‌ക്കും. പഴംതുണികളും ഉണക്കകൊമ്പുകളും ചുറ്റോട്‌ വട്ടംവയ്‌ക്കുന്നതും കാണാം.

പുരാണം ഇപ്രകാരമാണ്‌

പണ്ട്‌ പണ്ട്‌ ജീവിച്ചിരുന്ന ഹിരണ്യചക്രവര്‍ത്തിയാണ്‌ കീചകന്‍. തന്നെ പ്രജകള്‍ സദാ കുമ്പിട്ടാചരിക്കണം. ചക്രവര്‍ത്തി പറയുന്നതതേപടി അനുസരിക്കണം. ദൈവത്തെ പോലാരാധിക്കണം. അനുശാസനം വഷളായതും പ്രതിഷേധം കലശലായി. എതിര്‍ത്തവരെ ചക്രവര്‍ത്തി കണ്ണിറുക്കി ശിക്ഷിച്ചു. വരുതിക്ക്‌ വരാഞ്ഞവരെ കൊല്ലാന്‍ ഉത്തരവിട്ടു. രാജ്യഭരണം ബലാബലമായി. പ്രജകള്‍ ശ്വാസംമുട്ടി. ഇപ്പോഴാണ്‌ ചക്രവര്‍ത്തി പുത്രനായ പ്രഹ്‌ളാദന്‍ കദനകഥകളറിയുന്നത്‌. അവന്‍ അച്‌ഛനെ എതിര്‍ത്തു. ഗളഛേദനങ്ങളെ നിരോധിച്ചു. ചക്രവര്‍ത്തി മുഷിപ്പുളവാക്കി. മകനെയും ഒളിയമ്പെയ്‌ത് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. പാഴ്‌വേലകളായി.
ഒടുവില്‍ പ്രഹ്‌ളാദനെ വകവരുത്താന്‍ തന്നെ തീരുമാനിച്ചു. പോംവഴിയായി കണ്ടത്‌ ഹോളികയെ. സ്വന്തം സഹോദരിക്ക്‌ ഒരു ദിവ്യവരമുണ്ട്‌. ഏത്‌ കൊടുംതീയിലിറങ്ങിയാലും കത്തില്ല. വരം പ്രയോജനപ്പെടുത്താനായി ചക്രവര്‍ത്തി തീക്കൂനയൊരുക്കി. മകന്‍ പ്രഹ്‌ളാദനെ ഹോളികക്കൊപ്പം തളച്ചിട്ടു. തീകൊളുത്തി. വിപരീതമായാണ്‌ സംഭവിച്ചത്‌. ദേവവരം ദുര്‍വിനിയോഗം ചെയ്‌ത ഹോളി കത്തിച്ചാമ്പലായി. പ്രഹ്‌ളാദന്‍ അത്ഭുതകരമാംവണ്ണം രക്ഷപ്പെട്ടു. നരസിംഹമിറങ്ങി. കലിതുള്ളിനിന്ന ഹിരണ്യ ചക്രവര്‍ത്തിയെ മാറുപൊളിച്ചു കൊന്നതായാണ്‌ ഐതിഹ്യം.
ഭൂമിയില്‍നിന്നും ദുഷ്‌ടത നീക്കം ചെയ്യപ്പെട്ടതായി വിശ്വാസവും. ഹോളികയെ വട്ടംകൂടി കത്തിക്കാനൊരുങ്ങുന്നത്‌ ആറാപ്പ്‌ വിളികളോടെയാണ്‌. തലമുതിര്‍ന്ന പുരുഷനാകും തീ കൊളുത്തുക. സ്‌ത്രീജനങ്ങള്‍ ഉടുത്തൊരുങ്ങി തീക്കളത്തിന്‌ വലംവയ്‌ക്കും. ആനന്ദനൃത്തത്തിന്റെ ചുവട്‌. വൃദ്ധകള്‍ പൂതനപാട്ടിന്റെ രാഗമാലപിക്കും. തപ്പും തുടികൊട്ടും തകരപാട്ട തകര്‍ക്കലും ഇതിവൃത്തം. പെരുമ്പറമുഴക്കം തീയണയുംവരെ നിലനില്‍ക്കും. ആഹ്‌ളാദം മതിയാക്കി ശാന്തചിത്തരായി പിരിയുകയാണ്‌ പതിവ്‌. വട്ടംതൂളിയലേശം മൊന്തവെള്ളവുമായി. പുലര്‍ക്കാലേ വിഷുക്കണിപോലെ ശകുനം നടത്തും. സദ്യവട്ടങ്ങളൊന്നുമില്ല.
ഭാംഗ്‌ എന്ന പേരിലറിയപ്പെടുന്ന ലഹരി വീടുകളില്‍ തയാറായിരിക്കും. അതങ്ങ്‌ കുടിച്ച്‌ വയറു വീര്‍പ്പിച്ചാല്‍ തലയ്‌ക്ക് കിക്കായി. മത്തുപിടിച്ച്‌ ആയുധസന്നാഹങ്ങളോടെയാണിറക്കം. നിറങ്ങള്‍. വെള്ളമടിക്കാനുള്ള പിച്ചക്കാരി. ചായംകലക്ക്‌. മൊത്തം മനുഷ്യന്‍ ചീഞ്ഞളിയും. സ്‌ത്രീപുരുഷഭേദമില്ലാതെ ഉച്ചതിരിയുംവരെ ഇതാണ്‌ വേദ്യം. പലതരം പ്രണയകഥകളും മൊട്ടിട്ട്‌ പുഷ്‌പിച്ച ചരിത്രവും ഹോളിക്കുണ്ട്‌. ബിഹാറിലും യു.പിയിലും കുടിപ്പകകള്‍ തീര്‍ക്കുന്ന വേളയാണിത്‌. ഹോളിവരട്ടെ എന്തുതീര്‍ത്താല്‍ തീരാത്ത എന്തും പറഞ്ഞവസാനിപ്പിക്കാം. കാലാകാലങ്ങളായുള്ള കാരണവന്മാരുടെ ആത്മവിശ്വാസമാണിത്‌.
കോലംതുള്ളി കാലംകണ്ട യുവമിഥുനങ്ങള്‍ കാമ്പസിലും നടുവഴികളിലും അനുരാഗവഴികള്‍ തന്നെ സൃഷ്‌ടിക്കും. എത്ര ഹോളി കളിച്ചുകൂത്താടിയാലും ഒരുവനും അക്രമാസക്‌തമാകില്ല. അതാണ്‌ വലിയ ഈശ്വരാനുഗ്രഹം. പരിശുദ്ധിയാണ്‌ സന്ദേശം. പിന്നെവിടെയെതിര്‍പ്പും വയ്യാവേലിയും. അടിച്ചുപൊളിക്കാം ഈ ആഘോഷം. വിരല്‍ തുമ്പില്‍ ലേശം നിറംപൂശാം. ആഘോഷം ആനന്ദമാക്കാം. ആയുസ്‌ നീട്ടിക്കിട്ടാന്‍ അസലൊരു പരീക്ഷണം. ഹോളി കളിച്ചവന്‌ അന്നേക്ക്‌ വ്യായാമത്തിന്റെ ആവശ്യമില്ല. പവിത്രമാര്‍ന്ന സ്‌നേഹമാണ്‌ നിറങ്ങളാടി പങ്കുവയ്‌ക്കുന്നത്‌്. പിന്നെന്തിനമാന്തിക്കണം. വരുവിന്‍. പങ്കാളികളാകുവിന്‍. കണ്‍വെട്ടത്തുള്ള സൗഹൃദജനസംഖ്യയെ എണ്ണി വര്‍ധിപ്പിക്കാം. മനസുഖം മാത്രമല്ല സൗഖ്യം വിഭിന്നമായ ഹോളിമാഹാത്മ്യങ്ങളെ അനുഭവിച്ച്‌ തിരിച്ചറിയാം.

Ads by Google
Sunday 12 Mar 2017 01.06 AM
YOU MAY BE INTERESTED
TRENDING NOW