Saturday, May 26, 2018 Last Updated 2 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 12 Mar 2017 01.06 AM

സമരമുഖത്ത്‌ നിന്നൊരു നോവല്‍

uploads/news/2017/03/88684/sun3.jpg

എന്തിനാണ്‌ നമ്മള്‍ സാഹിത്യകൃതികള്‍ വായിക്കുന്നത്‌?. അതുകൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടോ?. സാഹിത്യംകൊണ്ട്‌ സമൂഹത്തിലോ, പരിസ്‌ഥിതിയിലോ എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിയുമോ?. ഇത്‌ വെറും കെട്ടുകഥകളല്ലേ?. ഇത്തരം ചോദ്യങ്ങള്‍ സാഹിത്യത്തിനു നേരെ എന്നും ഉയരാറുള്ളതാണ്‌. ഈ ചോദ്യം ചോദിക്കുന്നവര്‍ക്ക്‌ മുന്നില്‍ തലയെടുപ്പോടെ ഉയര്‍ത്തിക്കാണിക്കാന്‍ യോഗ്യതയുള്ള ഒരു പുസ്‌തകമുണ്ട്‌ മലയാളത്തില്‍.
എഴുത്ത്‌ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി കാണുന്ന അംബികാസുതന്‍ മാങ്ങാട്‌ എഴുതിയ 'എന്‍മകജെ' എന്ന നോവല്‍. എന്‍ഡോസള്‍ഫാന്‍ ദുരന്തം ബാധിച്ച കാസര്‍ഗോഡ്‌ ജില്ലയിലെ എന്‍മകജെ എന്ന ഗ്രാമത്തിലെ ജനങ്ങളുടെ ദുരിതവും കഷ്‌ടതകളും ആധാരമാക്കിയാണ്‌ അംബികാസുതന്‍ മാങ്ങാട്‌ ഈ നോവല്‍ രചിച്ചിരിക്കുന്നത്‌. നോവല്‍ വായിച്ച്‌ ഹൃദയം തകര്‍ന്ന വായനക്കാര്‍ എന്‍മകജെയില്‍ നേരിട്ട്‌ പോകുകയും കരളലിയിപ്പിക്കുന്ന ഗ്രാമീണരുടെ ജീവിതാവസ്‌ഥ നേരിട്ട്‌ കാണുകയും ചെയ്‌തു . ഒരു നോവല്‍ വായിച്ച്‌ സൃഷ്‌ടിയുടെ ഭൂമികതേടി വായനക്കാര്‍ ഒന്നടങ്കം സന്ദര്‍ശനത്തിനെത്തുന്ന അപൂര്‍വ്വതയ്‌ക്കാണ്‌ കാലം പിന്നീട്‌ സാക്ഷ്യം വഹിച്ചത്‌. സാമൂഹിക-സാമ്പത്തിക രംഗങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന പട്ടിണിപാവങ്ങളായ ജനങ്ങളോട്‌ ഭരണകൂടം കാട്ടിയ ക്രൂരത ലോകത്തിന്‌ മുന്നില്‍ കൊണ്ടുവന്ന്‌, പ്രകൃതിയുടെ കാവലാളായി മാറിയ ഇത്തരം നോവല്‍ മലയാള സാഹിത്യചരിത്രത്തില്‍ അപൂര്‍വ്വമാണ്‌.

എന്‍മകജെയുടെ പിറവി

എന്‍മകജെയിലെ തോട്ടങ്ങളില്‍ എഴുപതുകളുടെ അവസാനം മുതല്‍ നിയന്ത്രണാതീതമായി എന്‍ഡോസള്‍ഫാന്‍ കീടനാശിനി കൃഷി വകുപ്പ്‌ തളിച്ചുകൊണ്ടിരുന്നു. ഇത്‌ ഒട്ടേറെപേരുടെ മരണത്തിന്‌ ഇടയാക്കുകയും അനേകായിരങ്ങളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുകയും ചെയ്‌തു. സമരങ്ങളും പ്രതിഷേധങ്ങളും അനവധി നടന്നു. ജനങ്ങള്‍ സംഘടിച്ച്‌ സമരമുഖത്തെത്തി. എന്‍ഡോസള്‍ഫാന്‍ എന്ന വിഷത്തിനെതിരേ പ്രചാരണം ആരംഭിച്ചെങ്കിലും ഭരണകൂടവും കീടനാശിനി മാഫിയകളും ചേര്‍ന്ന്‌ ഇതിനെ പരാജയപ്പെടുത്തുകയായിരുന്നു. ഒടുവില്‍ വിജയം ജനങ്ങള്‍ക്കൊപ്പം നിന്നുവെന്നത്‌ ചരിത്രം.
ഇതിനെക്കുറിച്ചെല്ലാം പലരും ലേഖനങ്ങളെഴുതുകയും ഘോരഘോരം പ്രസംഗിക്കുകയും ചെയ്‌തെങ്കിലും എന്‍മകജെ എന്ന നോവല്‍ സൃഷ്‌ടിച്ച വ്യാപ്‌തിക്ക്‌ തുല്യമാകാന്‍ അവയ്‌ക്ക് ഒന്നിനും സാധിച്ചില്ല. ഈ സമരമുഖത്തെ രണ്ടായിരം വരെയുള്ള വര്‍ഷങ്ങളിലെ കാര്യങ്ങളാണ്‌ നോവലില്‍ എഴുത്തുകാരന്‍ വരച്ചുകാട്ടുന്നത്‌. നിസഹായതയോടെ, അതിലേറെ നൊമ്പരത്തോടെ മാത്രം സ്വന്തം വിധി നോക്കിനില്‍ക്കേണ്ടി വരുന്ന പാവം മനുഷ്യരുടെ വിലാപമായി മാറുന്ന ഈ നോവലിന്റെ രചനാ രഹസ്യങ്ങളെ കുറിച്ച്‌ അംബികാസുതന്‍ മാങ്ങാട്‌ മനസ്‌ തുറക്കുന്നു.

'എന്‍മകജെ' എന്ന നോവലിലേക്കുള്ള സഞ്ചാരവഴികള്‍ എങ്ങനെയാണ്‌?

1978 മുതല്‍ 'എന്‍മകജെ'യിലെ കശുവണ്ടി തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നുണ്ട്‌. 80 മുതല്‍ അത്‌ ഹെലികോപ്‌റ്റര്‍ വഴിയായി. 2000 മുതലാണ്‌ ഇതിന്റെ കെടുതികള്‍ പൊതുജന, മാധ്യമശ്രദ്ധയില്‍ വരുന്നത്‌. മാതൃഭൂമിയില്‍ വന്ന റിപ്പോര്‍ട്ടുകളും, മധുരാജിന്റെ ചിത്രങ്ങളുമാണ്‌ ഇതിന്റെ വ്യാപ്‌തി ലോകത്തെ അറിയിച്ചത്‌. എന്റെ ശ്രദ്ധയില്‍ ഈ വിഷയം വന്ന കാലം മുതല്‍ ഞാന്‍ പ്രസംഗിക്കാന്‍ പോകുന്നിടങ്ങളിലെല്ലാം ദുരിതത്തെക്കുറിച്ച്‌ സംസാരിക്കാറുണ്ടായിരുന്നു. 2003 മുതലാണ്‌ വിഷയത്തിന്റെ ഭീകരത വെളിവാക്കുന്നതിനായി ഞാന്‍ ലേഖനങ്ങള്‍ എഴുതിതുടങ്ങുന്നത്‌. ആ കാലത്ത്‌ സമരസമിതിയുടെ ചെയര്‍മാനാവുകയും എം.ടിയെയും സുകുമാര്‍ അഴീക്കോടിനെയുമെല്ലാം കൊണ്ടുവന്ന്‌ സ്‌ഥലം സന്ദര്‍ശിപ്പിക്കുകയുമൊക്കെ ചെയ്‌തു. ഈ വിഷയത്തെ സംബന്ധിച്ച്‌ മൂന്ന്‌ ചെറുകഥകളും ഞാന്‍ എഴുതിയിരുന്നു. എഴുത്തുകാരന്‍ എന്ന നിലയില്‍ നോവലെഴുതണമെന്ന്‌ ചിന്തയുണ്ടായെങ്കിലും ഞാന്‍ അതിനെ ചവട്ടിയമര്‍ത്തി.
ഈ ദുരിതബാധിതരായ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ദുഃഖം കണ്ടുനില്‍ക്കുകതന്നെ പ്രയാസമാണ്‌. അപ്പോള്‍ പിന്നെ നോവലെഴുതി ഭാഷകൊണ്ട്‌ ദുഃഖത്തെ അലങ്കരിക്കുന്നത്‌ തെറ്റാണെന്ന ചിന്തയാണ്‌ മനസിലുണ്ടായത്‌. നോവലെഴുതില്ലെന്ന്‌ ഞാന്‍ തീരുമാനമെടുക്കുകയും ചെയ്‌തു. എന്നാല്‍ 2006 ല്‍ പ്രശ്‌നം സര്‍ക്കാര്‍ ഏറ്റെടുക്കുകയും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്‌.അച്യുതാനന്ദന്‍ 2006 ന്റെ തുടക്കത്തില്‍ സമരപന്തലില്‍ വരികയും ദുരിതബാധിതരായ നൂറുപേര്‍ക്ക്‌ നഷ്‌ടപരിഹാരം വിതരണം ചെയ്ുകയുംയ ചെയ്‌തു.
ആ പന്തലില്‍ അന്ന്‌ ഞാനുമുണ്ടായിരുന്നു. കേരളത്തിന്റെ മറ്റു പലയിടങ്ങളിലും എന്‍ഡോസള്‍ഫാന്‍ അല്ലെങ്കില്‍ ഫുരിഡാന്‍ അടക്കമുള്ള മറ്റു കീടനാശിനികള്‍ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന്‌ ഞാന്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ അതിനൊരു ബോധവല്‍ക്കരണം കൂടി ആകട്ടെ എന്ന ആഗ്രഹം വന്നപ്പോഴാണ്‌ പിന്നെയും നോവലെഴുതണമെന്ന ചിന്തയുണ്ടാകുന്നത്‌. സമരത്തിന്റെ ഭാഗമെന്ന നിലയിലല്ല, സമരത്തിന്റെ രൂപം തന്നെയായിരുന്നു നോവല്‍.

പിന്നീട്‌ എന്താണ്‌ സംഭവിച്ചത്‌?

പക്ഷേ നോവല്‍ എഴുതാന്‍ ആഗ്രഹിച്ചിട്ടും എത്ര ശ്രമിച്ചിട്ടും തുടങ്ങാന്‍ പറ്റുന്നില്ല. നോവലെഴുത്തിന്റെ വിവരശേഖരണത്തിനായി അമ്മമാരെയും, കുഞ്ഞുങ്ങളെയൊന്നും കാണില്ലെന്ന്‌ തീരുമാനമെടുത്തിരുന്നു. എനിക്ക്‌ കാണേണ്ട ആവശ്യമില്ലെന്നത്‌ മറ്റോരുകാര്യമാണ്‌. എനിക്ക്‌ അവിടെയുള്ള എല്ലാകുടുംബങ്ങളെയും, അംഗങ്ങളെയും നേരിട്ട്‌ അറിയാമായിരുന്നു. ഞാനാകെ ആശയകുഴപ്പത്തിലായ സമയമായിരുന്നു അത്‌. അപ്പോഴാണ്‌ രഞ്‌ജിത്തിന്റെ കയെ്ൊപ്പ്‌ എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌. ഞാനായിരുന്നു അതിന്റെ തിരക്കഥ എഴുതിയത്‌. കോഴിക്കോട്‌ ഹോട്ടലില്‍ നിന്ന്‌ സിനിമയുടെ അവസാന മിനുക്കുപണികളും കഴിഞ്ഞ്‌ ട്രെയിനിലായിരുന്നു എന്റെ മടക്കയാത്ര.
പെട്ടെന്ന്‌ അവിടെ ഭയാനകമായ ഒരു കാറ്റ്‌ വീശി. നിമിഷങ്ങള്‍ക്കുള്ളില്‍ മുല്ലപ്പൂവിന്റെ ഗന്ധമാകെ കംപാര്‍ട്ടുമെന്റില്‍ നിറയുന്നതുപോലെ തോന്നി. എന്തോ അജ്‌ഞാത കാരണങ്ങളാല്‍ ഒരു കെട്ട്‌ പേപ്പറെടുത്ത്‌ നോവല്‍ ആ നിമിഷം ഞാന്‍ എഴുതി തുടങ്ങുകയായിരുന്നു. കയെ്ൊപ്പ്‌ എന്ന സിനിമ ഒരു നന്മയുടെ കഥ പറഞ്ഞ സിനിമയായിരുന്നു. ഒരു കുട്ടിക്ക്‌ നായകനായ മമ്മൂട്ടിയുടെ കഥാപാത്രം സ്വത്ത്‌ വിറ്റ്‌ ഓപ്പറേഷന്‌ പണംകൊടുക്കുന്നതായിരുന്നു അതിന്റെ പ്രമേയം. നന്മയെ കുറിച്ച്‌ തന്നെയാണ്‌ ഞാന്‍ ചിന്തിച്ചത്‌. നോവലെഴുതുന്നതിനു മുമ്പേ നോവലിലൂടെ വിറ്റ്‌ കിട്ടുന്ന പ്രതിഫലം ഒരു ചില്ലിക്കാശുപോലും എടുക്കാതെ അത്‌ ദുരിതബാധിതര്‍ക്ക്‌ നല്‍കുമെന്ന്‌ ഞാന്‍ തീരുമാനമെടുത്തു. റോയല്‍ട്ടിയും, അവാര്‍ഡ്‌ തുകകളുമൊക്കെയായി ഏകദേശം അഞ്ചുലക്ഷത്തിനടുത്ത്‌ തുക ഇങ്ങനെ എനിക്ക്‌ നല്‍കാന്‍ കഴിഞ്ഞു.

എന്താണ്‌ അവിടെ നിന്നുകിട്ടിയ മറക്കാനാകാത്ത അനുഭവങ്ങള്‍?

2000 ത്തില്‍ അവിടെ നടന്ന പരിസ്‌ഥിതി സര്‍വേയില്‍ ഞാനും പങ്കെടുത്തിരുന്നു. ഞങ്ങള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഒരു വീട്ടിലെത്തി. ദുരിതബാധിതരായ കുട്ടികള്‍ ആരെങ്കിലുമുണ്ടോയെന്നറിയുകയായിരുന്നു ലക്ഷ്യം. വീട്ടിലെ യുവതിയായ വീട്ടമ്മ ഇവിടെ കുട്ടികളോ, ദുരിതബാധിതരോയില്ലെന്നും പറഞ്ഞ്‌ ഞങ്ങളെ മടക്കി അയക്കാന്‍ ശ്രമിച്ചു. അപ്പോഴാണ്‌ ഞങ്ങളുടെ കൂടെ വന്ന പെണ്‍കുട്ടികള്‍ വീട്ടമ്മ അറിയാതെ വീടിനകത്തുനോക്കിയതും, ഒരു കുട്ടിയെ കാണുന്നതും. അത്‌ പ്ലാന്റേഷനില്‍ ജോലി ചെയ്യുന്ന രാമന്റെ വീടായിരുന്നു. അവര്‍ സമരത്തിന്‌ എതിരായിരുന്നു. കുട്ടിയെ കണ്ടാല്‍ ജനിച്ചിട്ട്‌ മൂന്നരമാസമായിട്ടുള്ളൂവെന്നേ തോന്നുമായിരുന്നുള്ളൂ. എന്നാല്‍ ആ കുട്ടിക്ക്‌ മൂന്നരവയസായിട്ടുണ്ടെന്ന്‌ ആ വീട്ടമ്മ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക്‌ ഞെട്ടലായി. കുട്ടിയെ ലോകം കാണിക്കാതെ അവര്‍ രഹസ്യമാക്കി താമസിപ്പിച്ചിരിക്കുകയായിരുന്നു. ആ കുട്ടിയുടെ മുടി നരച്ചിരുന്നു. ശരീരം മുഴുവന്‍ വൃണങ്ങളുണ്ടായിരുന്നു. തൊണ്ട തുറന്നിട്ടില്ലായിരുന്നു. കരയാന്‍പോലും പറ്റാത്ത അവസ്‌ഥ. ആ കുട്ടിയാണ്‌ ജയകൃഷ്‌ണന്‍. ആ ജയകൃഷ്‌ണനെയാണ്‌ ഞാന്‍ നോവലില്‍ പരീക്ഷിത്‌ എന്ന നായകനാക്കിയത്‌. നോവലില്‍ എല്ലാ കഥാപാത്രങ്ങളും തന്നെ നേരില്‍ കണ്ടുമുട്ടിയവരാണ്‌. രോഗബാധിതരായി, ഇരകളായി അവര്‍ പിന്നെ മരിക്കുന്നതുകാണുമ്പോള്‍ വല്ലാത്ത സങ്കടം തോന്നും. കവിത, കലേഷ്‌, ശ്രീധരശക്‌തി എന്നിവരെല്ലാം മരിച്ചു. കഥാപാത്രങ്ങള്‍ മരിച്ചുപോകുന്നത്‌ എഴുത്തുകാരന്‍ പിന്നീട്‌ കാണേണ്ടിവരുന്നത്‌ ചിലപ്പോള്‍ അപൂര്‍വമാകാം. നോവല്‍ കന്നഡയിലും, തമിഴിലും വന്നു. ഇംഗ്ലീഷില്‍ ഉടന്‍ ഇറങ്ങും. കേരള, എംജി, കണ്ണൂര്‍, കാലിക്കറ്റ്‌, മലയാളം സര്‍വകലാശാല, കാലടി സര്‍വകലാശാല, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനവിഷയമാണ്‌.

വായനക്കാരുടെ പ്രതികരണങ്ങള്‍ എന്തായിരുന്നു?

എന്‍മകജെ വായിച്ച്‌ ഒത്തിരിപേര്‍ അവിടം സന്ദര്‍ശിക്കാനെത്തി. ഒരുപാടുപേര്‍ സാമ്പത്തിക സഹായം ചെയ്‌തു. അനവധി ക്ലബുകളിലും വായനശാലകളില്‍നിന്നും അംഗങ്ങളെത്തി. അവിടേക്കു വരുമ്പോള്‍ വെറും സന്ദര്‍ശകരായി മാത്രം വരരുതെന്ന്‌ ഞാന്‍ അവരോട്‌ പറയുന്നുണ്ട്‌. അവിടെയുള്ള ബഡ്‌സ് സ്‌കൂളിലെ കുട്ടികളുമായി സമ്പര്‍ക്കം പുലര്‍ത്തി അവരെ കുറച്ചുനേരത്തേക്ക്‌ എങ്കിലും സന്തോഷിപ്പിക്കാനാവുമെങ്കില്‍ അത്‌ വലിയ കാര്യമാണെന്നു ഞാന്‍ നിര്‍ദ്ദേശിക്കും. നോവല്‍ വായിച്ച്‌ നോവലില്‍ പറയുന്ന ഗ്രാമം സന്ദര്‍ശിക്കാന്‍ വായനക്കാര്‍ വരുന്നത്‌ എഴുത്തുകാരനെന്ന നിലയില്‍ വളരെ ആപൂര്‍വമായ കാര്യമാണ്‌.
ഗള്‍ഫില്‍ ജോലിയുള്ള മധു എന്ന ചെറുപ്പക്കാരന്‍ ലീവില്‍ വന്നപ്പോള്‍ എന്നെയാണ്‌ ആദ്യം കാണാന്‍ വന്നത്‌. ഒരു ബ്ലാങ്ക്‌ ചെക്ക്‌ എനിക്കു നീട്ടിയിട്ട്‌ എത്ര തുകയെന്നുവച്ചാല്‍ എഴുതിയെടുത്തോളൂവെന്ന്‌ പറഞ്ഞത്‌ മറക്കാനാകാത്ത അനുഭവമാണ്‌. നോവലുമായി ബന്ധപ്പെട്ട്‌ 60 ഓളം ചര്‍ച്ചകളെങ്കിലും നടന്നു. കണ്ണൂര്‍ ജില്ലയിലെ ആലക്കോട്‌ അവിടത്തെ സര്‍ഗവേദി ഗംഭീരമായ ചര്‍ച്ച 2009 ല്‍ നടത്തി. സന്തോഷ്‌ ഏച്ചിക്കാനവും എനിക്കൊപ്പമുണ്ടായിരുന്നു. ചര്‍ച്ച കഴിഞ്ഞ്‌ പുറത്തിറങ്ങുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ കാണാന്‍വന്നു. അവന്‍ പറഞ്ഞു, ഈ നോവല്‍ വായിച്ച്‌ അവന്റെ ജീവിതം നശിച്ചുവെന്ന്‌. എനിക്കൊന്നും മനസിലായില്ല. നോവല്‍ വായിച്ച്‌ അവന്‍ ആകെ തകര്‍ന്നുപോയെന്നും ഒരാഴ്‌ച ഒന്നും ചെയ്യാനാകാതെ തളര്‍ന്നുകിടപ്പിലായിരുന്നുവെന്നും അവന്‍ തുടര്‍ന്നു പറഞ്ഞു. അവന്‌ ഒരു കാമുകിയുണ്ടായിരുന്നു. ഈ ഒരാഴ്‌ചക്കാലം അവന്‌ കാമുകിയുടെ ഫോണ്‍ അറ്റന്‍ഡ്‌ ചെയ്യാന്‍ പറ്റിയിരുന്നില്ല. ഒരാഴ്‌ച കഴിഞ്ഞ്‌ അവന്‍ തിരിച്ചുവിളിച്ചപ്പോള്‍ കാമുകി അവനോട്‌ പരിഭവിച്ചു. അപ്പോഴാണ്‌ അവന്‍ നോവല്‍ വായനയുടെ കാര്യം പറഞ്ഞത്‌. കാമുകി ദേഷ്യത്തോടെ പറഞ്ഞു, ഇനിയും നിങ്ങള്‍ പുസ്‌തകങ്ങള്‍ വായിക്കും, അപ്പോള്‍ ഇനിയും ഇത്തരം അവസ്‌ഥയുണ്ടാകും, അതുകൊണ്ട്‌ ഈ ബന്ധം നമുക്ക്‌ അവസാനിപ്പിക്കാം.
എന്‍മകജെയുടെ പത്താംപതിപ്പ്‌ ഇറങ്ങിയ ശേഷം അലക്കോട്‌ സര്‍ഗവേദി നടത്തിയ ചര്‍ച്ചയില്‍ ആല്‍ബിന്‍ എന്ന കോളജ്‌ അധ്യാപകന്‍ നടത്തിയ പ്രസംഗം ഞാന്‍ ഓര്‍ക്കുന്നു. എന്‍മകജെ ഒരു പെണ്‍കുട്ടിയുടെ ജീവിതം രക്ഷപ്പെടുത്തിയെന്നായിരുന്നു ആ അധ്യാപകന്‍ പറഞ്ഞത്‌. ആ അധ്യാപകന്റെ പരിചയത്തിലുള്ള കുട്ടി എന്തോ കാരണങ്ങളാല്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച്‌ ഉറപ്പിച്ചായിരുന്നു.
ഈ കാര്യമറിഞ്ഞ അധ്യാപകന്‍ എന്‍മകജെ ആ പെണ്‍കുട്ടിക്ക്‌ വായിക്കാന്‍ നല്‍കുകയും, പുസ്‌തകം വായിച്ച്‌ രണ്ടു ദിവസം കഴിഞ്ഞ്‌ തീരുമാനമെടുത്തുകൊളളൂവെന്ന്‌ പറയുകയും ചെയ്‌തു. രണ്ടു ദിവസം കഴിഞ്ഞ്‌ പെണ്‍കുട്ടി അവള്‍ക്ക്‌ ജീവിതം നല്‍കിയ പുസ്‌തകമെന്നാണ്‌ നോവലിനെ വിശേഷിപ്പിച്ചത്‌. ആ പെണ്‍കുട്ടി പുസ്‌തകം പിന്നെ തിരിച്ചുകൊടുത്തില്ല. പറയാന്‍ ഒരുപാട്‌ അനുഭവങ്ങളും ഓര്‍മ്മകളുമുണ്ട്‌. രാസകീടനാശിനി തോട്ടങ്ങളില്‍ കോരി ഒഴിച്ചതിന്റെ ശേഷിപ്പ്‌ ഇന്നും തുടരുകയാണ്‌. ദുരിതബാധിതര്‍ ഇപ്പോഴും മരിച്ചുകൊണ്ടിരിക്കുന്നു. ഇന്നലെ കൂടി ഒരാള്‍ മരിച്ചു. ദുരിത ബാധിതരുടെ ദുഃഖം അത്രമാത്രമുണ്ട്‌. ഒരു തെറ്റും ചെയ്യാത്തവരാണ്‌ അവര്‍. കശുവണ്ടിയിലൂടെ കിട്ടുന്ന കോടിക്കണക്കിന്‌ ഡോളറിനുവേണ്ടി ഇരകളാക്കപ്പെട്ടവരാണ്‌ അവര്‍. ഒറ്റയടിക്ക്‌ അവരെ കൊല്ലില്ല. ഇഞ്ചിഞ്ചായാണ്‌ കൊല്ലുന്നത്‌. ഇതെല്ലാം കണ്ട്‌ പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരന്‌ നോക്കിയിരിക്കാനാകുമോ? ഇല്ല. ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചതില്‍ അഭിമാനമുണ്ട്‌.

എന്‍മകജെ എന്ന നോവല്‍ താങ്കളുടെ സര്‍ഗാത്മകമായ
പ്രതിഷേധമാണോ?

വായനക്കാരെ ആനന്ദിപ്പിക്കാന്‍ വേണ്ടി എഴുതുന്നയാളല്ല ഞാന്‍. ഇതെന്റെ സര്‍ഗാത്മകമായ പ്രതിഷേധമാണ്‌. ഞാന്‍ ഈ വിഷയത്തെ ആസ്‌പദമാക്കി അനവധി ലേഖനങ്ങളെഴുതിയ കാര്യം പറഞ്ഞുവല്ലോ. എന്നാല്‍ അതിനേക്കാള്‍ ശക്‌തികിട്ടിയതും, കൂടുതലാളുകളിലേക്കും ഇറങ്ങി ചെന്നതും നോവലെഴുതിയശേഷമാണ്‌. പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായി വിഷയം ചര്‍ച്ചയായി. രണ്ടരവര്‍ഷമെടുത്തു നോവലെഴുതി പൂര്‍ത്തിയാക്കാന്‍. എഴുതികഴിഞ്ഞിട്ടും വിഷയം വേണ്ട ശക്‌തിയോടെ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞോയെന്ന സംശയമുണ്ടായിരുന്നു. കുറച്ചുനാള്‍ നോവല്‍ ഭദ്രമായി എടുത്തുവച്ചു.
പിന്നെയത്‌ വായിച്ചു സുഹൃത്തുക്കളാണ്‌ ആത്മവിശ്വാസം നല്‍കിയത്‌. ഡി.സി ബുക്‌സിന്‌ പ്രസിദ്ധീകരണത്തിനായി അയച്ചുകൊടുത്ത്‌ വെറും പതിനാറ്‌ ദിവസംകൊണ്ടാണ്‌ പുസ്‌തകമായി ഇറങ്ങിയത്‌. വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ പതിനാല്‌ പതിപ്പുകള്‍വന്നു. ചിലരതിനെ പരിസ്‌ഥിതി നോവലായാണ്‌ കാണുന്നത്‌. മിത്തുകള്‍, സ്‌ത്രീവാദം, ദളിത്‌ പശ്‌ചാത്തലം, അധിനിവേശക്കെടുതി, കീടനാശിനി ഒരു ഗ്രാമത്തെ തകര്‍ക്കുന്നത്‌ എന്നിവയും നോവലില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്‌. പരിസ്‌ഥിതി മുഖ്യ വിഷയമാണെന്നേയുള്ളൂ. നോവല്‍ വായിച്ചിട്ട്‌ മാനസികമായി തകര്‍ന്നുപോയവരുണ്ട്‌. ബോധരഹിതരായവരുണ്ട്‌. കാരണം അത്രമേല്‍ ഭീകരമാണ്‌ ഇവിടത്തെ മനുഷ്യരുടെ അവസ്‌ഥ.
ആദ്യകാലത്ത്‌ ഇവിടത്തെ പ്രശ്‌നങ്ങളോട്‌ രാഷ്‌ട്രീയക്കാരെല്ലാം മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു. ലീലാകുമാരിയമ്മയും, ഡോ.വി.എസ്‌.മോഹന്‍കുമാറും, ശ്രീ പെഡ്രേയും മറ്റുമാണ്‌ ഇവിടത്തെ സമരങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌. നിവൃത്തിയില്ലാത്തതുകൊണ്ടാണ്‌ ഇവര്‍ക്കെല്ലാം സമരം ചെയേ്േണ്ടിവന്നത്‌. സാമൂഹ്യപ്രതിബദ്ധതയുള്ള എഴുത്തുകാരനെന്ന നിലയില്‍ ഇവരുടെ എല്ലാം പിന്തുടര്‍ച്ചക്കാരനായി ഞാനും എത്തുകയായിരുന്നു. നോവലില്‍ എഴുതിയ മുഴുവന്‍ സത്യമല്ല. ഭാവനയുണ്ട്‌, എന്നാല്‍ അത്‌ വളരെ ചെറിയ ശതമാനമാണ്‌. നോവലില്‍ പറയുന്നതില്‍ 95 ശതമാനത്തിലധികം കഥാപാത്രങ്ങളും ജീവിക്കുന്നവര്‍ തന്നെയാണ്‌.

രണ്ടായിരം വരെയുള്ള കാലഘട്ടത്തിന്റെ കഥയാണല്ലോ നോവല്‍ പറയുന്നത്‌.
അതിനുശേഷമുള്ള കാലത്തെ വിവരിച്ച്‌ ഒരു രണ്ടാം ഭാഗം
പ്രതീക്ഷിക്കാമോ?

ഇല്ല, ഇനി എന്‍മകജെയ്‌ക്ക് ഒരു രണ്ടാംഭാഗം എഴുതില്ല. ഈ വിഷയത്തെ സംബന്ധിച്ച്‌ 45 ഓളം ലേഖനങ്ങള്‍ ഞാനെഴുതിയിട്ടുണ്ട്‌. അത്‌ കൂട്ടിവച്ചാല്‍ നോവലിന്റെ രണ്ടാംഭാഗമായി വായിക്കാം. 2000 വരെ കാലയളവിലെ ചരിത്രം ഞാന്‍ നോവലില്‍ പറഞ്ഞുകഴിഞ്ഞു. ഇനി ഇതിന്‌ ഒരു രണ്ടാംഭാഗത്തിന്റെ ആവശ്യമുണ്ടെന്ന്‌ തോന്നുന്നില്ല.

Ads by Google
Sunday 12 Mar 2017 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW