Wednesday, June 28, 2017 Last Updated 13 Min 16 Sec ago English Edition
Todays E paper

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 11 Mar 2017 03.40 PM

സദാചാരപോലീസും അരാജക വിപ്ലവവും

uploads/news/2017/03/88601/sureshcoloum110317.jpg

സ്വാതന്ത്ര്യം അത് ജീവതമാണ്, അമൃതമാണ്, അതില്ലാത്തൊരു ജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാല്‍നമ്മുടെ നാട്ടില്‍ പുരോഗമനത്തിന്റെയും സംസ്‌ക്കാരത്തിന്റെയും ഏറ്റവും മുമ്പന്തിയില്‍ നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ഈ കേരളത്തില്‍ ആ സ്വാതന്ത്ര്യം ആക്രമിക്കപ്പെടുകയാണോ എന്ന ആശങ്കയുണരുകയാണ് ഈ കാലം.

പതിറ്റാണ്ടുകളുടെ സമരങ്ങളിലൂടെ നാം നേടിയെടുത്ത നമ്മുടെ അവകാശങ്ങള്‍ പ്രാകൃതകാലഘട്ടത്തിന്റെ വന്യതയിലേക്ക് വീണ്ടും മടങ്ങിപ്പോകുന്നുണ്ടോയെന്ന സംശയമാണ് അടുത്തകാല ചില സംഭവങ്ങള്‍ നമ്മുടെ മുന്നില്‍ വയ്ക്കുന്നത്.

സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്നാല്‍ അത് കുറ്റം എന്നുപറയുന്ന അല്ലെങ്കില്‍ അടിച്ചോടിക്കുന്ന ഒരു തലത്തിലേക്ക് ദോഷൈകദൃക്കുകളായി നാം മാറിക്കൊണ്ടിരിക്കുന്നു. '' ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹിതേ' എന്ന മനുസൃമിതിയുടെ ശ്ലോകങ്ങളില്‍ നിന്നും ആധുനികതയുടെ ഏറ്റവും ഉദാത്ത തലത്തില്‍ എത്തപ്പെട്ട നാം ഇപ്പോള്‍ വീണ്ടും ആ ഇരുണ്ട യുഗത്തിലേക്കുള്ള മടക്കപ്രയാണത്തിലാണ്.

ഇത് കേരളം പോലെ നവോത്ഥാന-വിപ്ലവ പ്രസ്ഥാനങ്ങള്‍ ഉഴുതിട്ട ഒരു മണ്ണിന് ശോഭനമാണോ എന്ന ചിന്തയാണ് ഈ അവസരത്തില്‍ പൊതുവായി ഉയരുന്നത്.

സദാചാര പോലീസിംഗ് എന്ന മറുപേരില്‍ അറിയപ്പെടുന്ന ഒരുതരം ഗുണ്ടാ പ്രവര്‍ത്തനമാണ് ഇവിടെ പ്രതിപാദ്യവിഷയം. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചി മറൈന്‍ ഡ്രൈവില്‍ വിരലിലെണ്ണാവുന്ന ശിവശേസന പ്രവര്‍ത്തകര്‍ നടത്തിയ ചൂരല്‍ പ്രയോഗത്തിലൂടെയാണ് ഇത് ഇപ്പോള്‍ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുന്നത്.

ഈ സദാചാര ഗുണ്ടായിസത്തിനെ കേരളസമൂഹം ഒന്നാകെ തന്നെ ശക്തമായി അപലപിക്കുന്നുണ്ട്. എന്നാല്‍ അതില്‍ പ്രതിഷേധം എന്ന നിലയില്‍ അടുത്തദിവസം അവിടെ അരങ്ങേറിയ അരാജകത്വത്തേയും അതുപോലെ എതിര്‍ക്കേണ്ടതുണ്ട്.

സദാചാര ഗുണ്ടായിസം എന്നത് സ്ത്രീയുടെ മാത്രംകാര്യമല്ല. അത് ഒരുസമൂഹത്തിന്റെ പ്രശ്‌നമാണ്. അതിനെ തങ്ങളുടെ വിഷയം മാത്രമായി ലളിതവല്‍ക്കരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള വൃത്തികേടുകള്‍ സദാചാര ഗുണ്ടായിസത്തിന്റെ പ്രതികരണങ്ങളായി പുറത്തുവരുന്നത്. സ്ത്രീയും പുരുഷനും ഒന്നിച്ചിരിക്കുന്നതിലോ, പരസ്പരം സംസാരിക്കുന്നതിലോ ഒന്നും ആരും തെറ്റുകാണാന്‍ പാടില്ല. എന്നാല്‍ അത് അതിരുവിടുമ്പോള്‍ സ്വാഭാവികമായും സമൂഹം പ്രതികരിച്ചേക്കാം. എന്നാല്‍ അത്തരത്തിലുള്ള പ്രതികരണങ്ങള്‍ക്ക് ഇവിടെ ഒരു ഗുണ്ടാസംഘത്തേയും ആരും കൂലിക്കെടുത്തിട്ടില്ലെന്നത് വസ്തുതയാണ്.

നമ്മുടെ സമൂഹം എവിടേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് എന്ന് ആഴത്തില്‍ ചിന്തിക്കേണ്ട കാലത്തിലാണ് ഇപ്പോള്‍ നാം എത്തി നില്‍ക്കുന്നത്. ഇവിടെ വീണ്ടും ഒരു നവോത്ഥാനപ്രസ്ഥാനത്തിന്റെ ആവശ്യം അടിവരയിട്ട് സൂചിപ്പിക്കുന്നതാണ് സമീപകാല സംഭവങ്ങള്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുപോലും രക്ഷയില്ലാതെ ഒരുപറ്റം കാട്ടാളന്മാരുടെ കൈകളിലാണ് ഇന്ന് നമ്മുടെ സമൂഹം എത്തപ്പെട്ടിരിക്കുന്നത്. അതോടൊപ്പം വിപ്ലവം എന്ന പേരില്‍ ആഘോഷിക്കപ്പെടുന്ന അരാജകത്വവും.

കേരളത്തിലെ സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ക്ക് ഒരു ചരിത്രമുണ്ട്് അത് എന്നും രാഷ്ട്രീയത്തിലധിഷ്ഠിതവുമായിരുന്നു. എന്നാല്‍ ആധുനികകാലത്ത് നടക്കുന്ന പ്രതിരോധങ്ങള്‍ അരാഷ്ട്രീയമാണ്. അതാണ് അത് അരാജകമായി മാറുന്നത്. ഇന്ന് ആര്‍ക്കും ആരിലും നിയന്ത്രണമില്ലാത്ത സ്ഥിതിയാണ്. കേരളത്തില്‍ നിലനിന്നിരുന്ന കൂട്ടുകുടുംബവ്യവ്‌സഥിതിയായിരുന്നു എന്നും നമ്മുടെ കരുത്ത്. സച്ഛന്റെയുഗ അമ്മയുടെയും സംരക്ഷണവും മുത്തച്ഛന്റേയും മുത്തശ്ശിയുടെയും സ്‌നേഹവും അനുഭവപരിചയങ്ങളുമൊക്കെ നമ്മുടെ സമൂഹത്തെ ഒരുപരിധി വരെ സുരക്ഷിതമാക്കിയിരുന്നു.

എന്നാല്‍ ഇന്നത്തെ അണുകുടുംബ വ്യവസ്ഥകള്‍ ആ സ്ഥിതിഗതികള്‍ ആകെ മാറ്റിമറിച്ചിരിക്കുന്നു. പണമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ മാതാ-പിതാക്കള്‍ മക്കളെക്കുറിച്ച് ആലോചിക്കുന്നില്ല. അതിന് പുറമെ അറിവുവയ്ക്കുന്ന കാലത്തിന് മുമ്പുതന്നെ എല്ലാ ആധുനിക സൗകര്യമുള്ള മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും കൈകളില്‍ ലഭിക്കുകയും ചെയ്യും. ഇതോടെ അവര്‍ വഷളാകുന്നതിനുള്ള സാഹചര്യങ്ങളും ഏറെയാണ്.

സദാചാര പോലീസിംഗിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇതിനെക്കുറിച്ചും നാം പറയേണ്ടതുണ്ട്. മൂന്നുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് തെറ്റായ സാഹചര്യത്തില്‍ ഒരു വിദ്യാര്‍ത്ഥിയേയും വിദ്യാര്‍ത്ഥിനിയേയും കാണുകയും അവരെ തല്ലയോടിക്കുകയും ചെയ്യുന്നത് അത് തങ്ങളുടെ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണെങ്കില്‍പ്പോലും സംസ്ഥാനത്തെ കാമ്പസുകളില്‍ ഒരു പ്രശ്‌നവുമുണ്ടാക്കിയിരുന്നില്ല. അത് ഇന്ന് സദാചാരഗുണ്ടായിസമായി ചര്‍ച്ചചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. സ്വാതന്ത്ര്യം എന്ന് മധുരമാണ്. എന്നാല്‍ പരിധികളില്ലാത്ത സ്വാതന്ത്ര്യം വിഷമാണ്, അരാജകത്വമാണ്. അതാണ് ഇവിടെ നടക്കുന്നത്.

മറൈന്‍ ഡ്രൈവിലെ സംഭവത്തിലേക്ക് തിരിച്ചുവന്നാല്‍ അവിടെ ഒരുപക്ഷേ സംഭവിക്കുന്നത് ശരിയല്ലാത്ത കാര്യമായിരിക്കാം. എന്നാലും അതിനെ നിയന്ത്രിക്കാന്‍ ശിവസേനയെപ്പോലൊരു ഫാസിസ്റ്റ് സംഘടനയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. താലിബാനിന്റെ നാട്ടിലല്ല, നാം ജീവിക്കുന്നത്. ശിവസേനക്കാരുടെ ചൂരല്‍പ്രയോഗം കണ്ട് ആന്ദത്തില്‍ ലയിച്ചുനിന്ന നിയമപാലകരാണ് ഇക്കാര്യത്തില്‍ ഏറ്റവും വലിയ തെറ്റുകാര്‍. പോലീസിനുള്ളില്‍ വളര്‍ന്നുവരുന്ന വര്‍ഗ്ഗീയ-അരാജക സ്വഭാവങ്ങളുടെ പ്രതിഫലനമാണിത്.

അതോടൊപ്പം തന്നെ അവിടെയുണ്ടായിരുന്ന പൊതു ജനങ്ങളും ഇക്കാര്യത്തില്‍ കുറ്റക്കാരാണ്. നീതിപാലകര്‍ കടമമറക്കുമ്പോള്‍ സമൂഹം അത് ഏറ്റെടുക്കുന്ന സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. പോലീസിനെ മാത്രം പഴിപറഞ്ഞ് നമ്മുശട കടകമകള്‍ മറക്കുന്നതിന് പകരം. ചൂരലുമായി വന്ന പത്തു ശിവസേനക്കാരെ അടിച്ചോടിക്കാന്‍ അന്ന് അവിടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് കഴിയുമായിരുന്നില്ലേ? എന്ന ചോദ്യത്തിന് ആരാണ് മറുപടി നല്‍കുക.

കണ്ടുനിന്ന് രസിക്കുകയും അടുത്തദിവസം കുറ്റപ്പെടുത്തലുമായി വരികയും ചെയ്യുക എന്ന നിരുത്തരവാദതലത്തിലേക്ക് നാംകൂപ്പുകുത്തി. പ്രതികരണശേഷിയില്ലാത്ത ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന് സാരം. അതോടൊപ്പം ഇത്തരം അക്രമകാരികളെ അവഗണിക്കുകയെന്നതില്‍ നിന്നും അതില്‍ നിന്നും പത്തുകാശ് ഉണ്ടാക്കുകയെന്ന തരത്തിലേക്ക് നമ്മുടെ മാധ്യമസംസ്‌ക്കാരവും കൂപ്പുകുത്തി. ഉത്തരവാദിത്വം നഷ്ടപ്പെട്ട ഒരു സമൂഹവും ധാര്‍മ്മികത മറക്കുന്ന മാധ്യമസംസ്‌ക്കാരവും കൂടിയാകുമ്പോള്‍ എന്തും സംഭവിക്കാം.

തെറ്റിനെ അപ്പോള്‍ തന്നെ എതിര്‍ക്കേണ്ടതിന് പകരം നമ്മള്‍ ശക്തമായി അടുത്തദിവസം തന്നെ പ്രതികരിച്ചു. അതിനെക്കാള്‍ വലിയൊരു തെറ്റുചെയ്തുകൊണ്ട്.അടുത്തദിവസം നമ്മുടെ സദാചാരവിരുദ്ധ ഗുണ്ടകളുടെ പ്രതികരണം കേരളം മുഴുവന പരസ്യമായി ലൈവായി കണ്ടതാണ്. സദാചാരത്തെ തോല്‍പ്പിക്കാന്‍ അഴിഞ്ഞാടുക, സദാചാരത്തിന് പകരം അരാജകത്വത്തെ വരിക്കുക, ഇതാണ് ഇന്ന് നാം സ്വീകരിച്ചിരിക്കുന്ന രീതി.

ഇത് ഗുണകരമാണോയെന്ന് എല്ലാവരും ചിന്തിക്കണം. എത്രയൊക്കെ പുരോഗമനം പ്രസംഗിച്ചാലും നമ്മുടെ സമൂഹത്തിന് അതിന്റേതായ പരിമിതികളുണ്ട്. അതിനുള്ളില്‍ നിന്നുകൊണ്ടുമാത്രമേ മുമ്പോട്ട് ചലിക്കാന്‍ കഴിയുകയുള്ളു. ഒരാള്‍ ധരിച്ചിരിക്കുന്ന വസ്ത്രംമോശമാണെന്ന് പറയുമ്പോള്‍ അത് അഴിച്ചുകളഞ്ഞ് നഗ്നതകാട്ടി പരസ്യമായി അഴിഞ്ഞാടുകയെന്നത് പ്രതിഷേധത്തിന്റെ ഏത് തലത്തിലുള്ളതാണെങ്കിലും ഗുണകരമാണെന്ന് കരുതുന്നില്ല.

സദാചാരത്തിനെതിരായി അടുത്തദിവസം മറൈന്‍ഡ്രൈവില്‍ നടന്ന പ്രതിഷേധം കൊണ്ട് ആര് എന്ത് നേടി. അത് ചിത്രീകരിച്ച കുറേ ആളുകള്‍ പരസ്യപ്പെടുത്തുകയും കണ്ട് രസിക്കുകയും ചെയ്തു. ഒരു മണിക്കൂര്‍ നേരം കേരളത്തിലെ ദൃശ്യമാദ്ധ്യമങ്ങള്‍ അത് തത്സമയം കാണിച്ച് ലോകരെ വികാരപുളകിതരാക്കി. ഇതുകൊണ്ട് മനസ് നിര്‍മ്മലമാകുന്നതിന് പകരം കൂടുതല്‍ മലീമസമാകുകയേയുള്ളു. ഒരു ദിവസം സദാചാരപോലീസിംഗിങ്ങിനെ കുറിച്ചുപറയുക, അടുത്തദിവസം അതിലെ അരാജകത്വം ഒരു മൂന്നാംകിട ചിത്രത്തെ പോലെ ആവര്‍ത്തിച്ചുകാട്ടി പണംകൊയ്യുക എന്ന വ്യാപാര തന്ത്രമാണ് ഇവിടെ നടക്കുന്നതെന്ന് ന്യായമായും സംശയിച്ചുകൂടായ്കയില്ല.

അരുതായ്മകള്‍ക്കെതിരെ പ്രതിഷേധിക്കുകയെന്നത് നമ്മുടെ ഓരോരുത്തരുടേയും കടമയും കര്‍ത്തവ്യവുമാണ്. എന്നാല്‍ അത് ഇത്തരത്തില്‍ നാണംകെട്ട തരത്തിലാകാനും പാടില്ല. മാറുമറയ്ക്കാനുള്ള അവകാശം സമരം ചെയ്ത് നേടിയതാണ് നമ്മുടെ സമൂഹം. അത് ഇപ്പോള്‍ മാര്‍കച്ച അഴിയ്ക്കാനുള്ളതാക്കി മാറ്റരുത്. അരാജകത്വവും അനീതിയും മുറ്റിനിന്ന നമ്പൂതിരി സമുദായത്തിന്റെ അകത്തളങ്ങളില്‍ നിന്ന് സ്ത്രീകളെ മൗനമായി പൊതുസമൂഹത്തിലേക്ക് എത്തിച്ച് വിപ്ലവം നടത്തിയവരാണ് നമ്മള്‍.

ഇവിയെല്ലാം സാധിച്ചത് മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നവോത്ഥാനനായകരുടെയും ഇടപെടല്‍ കൊണ്ടാണ്. ഇന്ന് ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്ന് പറയുന്നതോ, അല്ലെങ്കില്‍ വിപ്ലവപ്രസ്ഥാനങ്ങളെ എതിര്‍ക്കുന്നതോ ആണ് യുവതലമുറ ശ്രേഷ്ഠമെന്ന് കരുതുന്നത്. അതുകൊണ്ടുതന്നെ അവര്‍ അരാഷ്ട്രീയകോമരങ്ങളായി മാറുന്നു. ഇത് അരാജകത്വസമൂഹത്തിനെയാണ് സൃഷ്ടിക്കുന്നത്.

ഈ അരാജകത്വസമുഹത്തില്‍ നിന്നാണ് ഫാസിസം ഉയരുന്നത്. ഇപ്പോള്‍ തന്നെ ശിവസേനക്കാര്‍ ചൂരല്‍ എടുത്തുകൊണ്ട് തെരുവില്‍ ഇറങ്ങിയത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചാല്‍ മനസിലാകും. അതുകൊണ്ട് നാം നമ്മെ മനസിലാക്കികൊണ്ട് പ്രതികരിക്കുകയും അനീതികള്‍ക്കെതിരെ ശക്തമായി ആഞ്ഞടിക്കുകയും വേണം. അത് ചില വ്യാപാരികള്‍ക്ക് പണമുണ്ടാക്കികൊടുക്കാന്‍ വേണ്ടി മാത്രമാകരുത്.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 11 Mar 2017 03.40 PM
YOU MAY BE INTERESTED
TRENDING NOW