Thursday, March 23, 2017 Last Updated 48 Min 59 Sec ago English Edition
Todays E paper
Saturday 11 Mar 2017 02.05 AM

ചാന്ദ്രയാന്‍ ഭ്രമണം തുടരുന്നു: നാസ

uploads/news/2017/03/88456/1.jpg

വാഷിങ്‌ടണ്‍: ഐ.എസ്‌.ആര്‍.ഒയുടെ പ്രഥമ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ - 1 ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നതായി നാസയുടെ കണ്ടെത്തല്‍. 2009 ഓഗസ്‌റ്റ്‌ 29 നാണ്‌ ഐ.എസ്‌.ആര്‍.ഒയ്‌ക്ക്‌ ചാന്ദ്രയാന്‍ 1-മായുള്ള ബന്ധം നഷ്‌ടപ്പെട്ടത്‌. 2008 ഒക്‌ടോബര്‍ 22 നായിരുന്നു വിക്ഷേപണം.
കലിഫോര്‍ണിയയില്‍ സ്‌ഥാപിച്ച ജെറ്റ്‌ പ്രോപ്പല്‍ഷന്‍ ലബോറട്ടറിയുടെ (ജെ.പി.എല്‍.) ഗ്രഹാന്തര റഡാര്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ്‌ ചാന്ദ്രയാന്‍ - 1 ഇപ്പോഴും സജീവമാണെന്നു നാസ കണ്ടെത്തിയത്‌. ചന്ദ്രോപരിതലത്തിന്‌ 200 കിലോമീറ്റര്‍ മുകളിലൂടെയാണ്‌ ചാന്ദ്രയാന്‍ -1 ഭ്രമണം നടത്തുന്നത്‌. നാസയുടെ തന്നെ ലൂണാര്‍ റീകണ്‍സൈന്‍സ്‌ ഓര്‍ബിറ്റര്‍ (എല്‍.ആര്‍.ഒ.) പേടകത്തെയും കണ്ടെത്തിയിട്ടുണ്ട്‌.
ഒരു ചെറുകാറിന്റെ മാത്രം വലിപ്പമുള്ള ചാന്ദ്രയാന്‍ -1 ഇരുവശത്തും 1.5 മീറ്റര്‍ വലുപ്പമുള്ള സമചതുരഷഡ്‌ഭുജമാണ്‌. ജെ.പി.എല്‍. റഡാര്‍ ഉപയോഗിച്ച്‌ ചെറു വസ്‌തുക്കളെ കണ്ടെത്താനാകുമെന്നു നാസയ്‌ക്കു പ്രതീക്ഷയില്ലായിരുന്നു. 380,000 കിലോമീറ്റര്‍ അകലെയുള്ള വസ്‌തുക്കളെ നിരീക്ഷിക്കാന്‍ കലിഫോര്‍ണിയയിലെ ഗോള്‍ഡ്‌സ്‌റ്റോണ്‍ ഡീപ്‌ സ്‌പേസ്‌ കമ്യൂണിക്കേഷന്‍സ്‌ കോംപ്ലക്‌സിലെ 70 മീറ്റര്‍ ആന്റിനയാണ്‌ ഉപയോഗിച്ചത്‌.
ചന്ദ്രനില്‍ തട്ടി തിരിച്ചെത്തുന്ന ഈ ആന്റിനയിലെ മൈക്രോവേവ്‌ തരംഗങ്ങള്‍ പഠിച്ചാണ്‌ ചാന്ദ്രയാന്‍ -1 ന്റെ സാന്നിധ്യം നാസ കണ്ടെത്തിയത്‌. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങള്‍ക്കു ജെ.പി.എലിന്റെ റഡാര്‍ സഹായകമാകുമെന്നു വിലയിരുത്തുന്നു.
ചാന്ദ്ര ദൗത്യത്തിലെ ഏറ്റവും ചെലവ്‌ കുറഞ്ഞ വിജയകരമായ ദൗത്യമാണു ചാന്ദ്രയാന്‍ 1. ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടായിരുന്നെന്ന വിപ്ലവകരമായ കണ്ടെത്തല്‍ ചാന്ദ്രയാന്‍ 1ന്റെ വകയായിരുന്നു.
2018 ല്‍ ചാന്ദ്രയാന്‍-2 വിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ്‌ ഐ.എസ്‌.ആര്‍.ഒ. 1936 ഒക്‌ടോബര്‍ 31-നാണ്‌ കലിഫോര്‍ണിയയിലെ ലാ കാനഡ ഫ്‌ളിന്‍ട്രിഡ്‌ജില്‍ ജെറ്റ്‌ പ്രോപല്‍ഷന്‍ ലബോറട്ടറി സ്‌ഥാപിച്ചത്‌. മാര്‍സ്‌ സയന്‍സ്‌ ലബോറട്ടറി മിഷനിലൂടെ ക്യൂരിയോസിറ്റി റോവര്‍, ശനി ഗ്രഹത്തെ ചുറ്റുന്ന കസിനി തുടങ്ങിയ പേടകങ്ങളെയും ഇവിടെ നിരീക്ഷിക്കുന്നുണ്ട്‌.

Ads by Google
Saturday 11 Mar 2017 02.05 AM
YOU MAY BE INTERESTED
TRENDING NOW