Thursday, April 26, 2018 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 11 Mar 2017 02.00 AM

ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ച

ന്യൂഡല്‍ഹി: രാഷ്‌ട്രീയ കേരളത്തെ ഞെട്ടിച്ച വി.എം. സുധീരന്റെ രാജിവാര്‍ത്തയറിഞ്ഞതോടെ രാജ്യതലസ്‌ഥാനത്തെ കോണ്‍ഗ്രസ്‌ ക്യാമ്പുകളിലും തിരക്കിട്ട ചര്‍ച്ച. പാര്‍ലമെന്റ്‌ നടക്കുന്ന സമയമായതിനാല്‍ എം.പിമാര്‍ അടക്കമുള്ളവര്‍ ഡല്‍ഹിയിലായിരുന്നു. തിരുവനന്തപുരത്ത്‌ രാജി പ്രഖ്യാപനം നടന്നപാടെ ഡല്‍ഹിയിലും തിരിക്കിട്ട ചര്‍ച്ചകള്‍ക്കും തുടക്കമായി.
തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനം നടത്തി രാജിക്കാര്യം അറിയിച്ച ശേഷമാണ്‌ സുധീരന്‍ രാജിക്കത്ത്‌ ഹൈക്കമാന്‍ഡിന്‌ അയച്ചത്‌. തീരുമാനം മാധ്യമങ്ങള്‍ക്ക്‌ മുമ്പാകെ പ്രഖ്യാപിക്കുന്നതിനും മുമ്പേ ആന്റണിയെ അറിയിച്ചിരുന്നു. അതിനാല്‍ പരസ്യ പ്രഖ്യാപനത്തിന്‌ മുമ്പ്‌ ഹൈക്കമാന്‍ഡ്‌ സുധീരന്റെ തീരുമാനം അറിഞ്ഞിരുന്നുവെന്ന്‌ വ്യക്‌തം. എന്നിട്ടും പിന്തിരിപ്പിക്കാനുള്ള നീക്കം ഉണ്ടായിട്ടില്ലെങ്കില്‍ ഹൈക്കമാന്‍ഡും സുധീരന്റെ മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന്‌ വേണം കരുതാന്‍.
ചികില്‍സയുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയ വിദേശത്താണ്‌. അടുത്ത ആഴ്‌ച ഇവര്‍ തിരിച്ചെത്തിയ ശേഷം മാത്രമാകും രാജിയില്‍ തീരുമാനമാകുക. തീരുമാനത്തില്‍നിന്ന്‌ സുധീരന്‍ പിന്‍വാങ്ങുമെന്ന്‌ ഹൈക്കമാന്‍ഡ്‌ കരുതുന്നില്ല. ഈ സാഹചര്യത്തില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ സുധീരനോട്‌ തുടരാനുള്ള നിര്‍ദേശമാകും ഹൈക്കമാന്‍ഡ്‌ നല്‍കുക. ഗ്രൂപ്പ്‌ പോര്‌ ശക്‌തമായ സംസ്‌ഥാനത്ത്‌ പുതിയ പ്രസിഡന്റിനെ നിശ്‌ചയിക്കുകയെന്നതും നേതൃത്വത്തിന്‌ വെല്ലുവിളിയാണ്‌. പല തലങ്ങളിലുള്ള ചര്‍ച്ചകള്‍ക്ക്‌ ശേഷം മാത്രമേ പുതിയ കെ.പി.സി.സി പ്രസിഡന്റിനെ നിശ്‌ചയിക്കാന്‍ സാധിക്കുകയുള്ളൂ.
സുധീരന്റെ രാജിവിവരം അറിഞ്ഞയുടനെ ആന്റണി കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. പാര്‍ലമെന്റ്‌ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ എം.പിമാരായ നേതാക്കള്‍ ഡല്‍ഹിയിലുള്ളത്‌ ചര്‍ച്ചകള്‍ക്ക്‌ വേഗം കൂട്ടി.
രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യനുമായി ചര്‍ച്ച നടത്തിയ ആന്റണി പിന്നീട്‌ കെ.സി വേണുഗോപാലുമായും ചര്‍ച്ച നടത്തി. സുധീരന്റെ രാജി ദൗര്‍ഭാഗ്യകരമെന്നാണ്‌ ആന്റണി വിശേഷിപ്പിച്ചത്‌. ഇതിനിടെ സുധീരന്റെ രക്‌തത്തിനായി ചിലര്‍ ദാഹിച്ചിരുന്നുവെന്നും ഇതാണ്‌ രാജിയ്‌ക്ക്‌ കാരണമായതെന്നും കൊടിക്കുന്നില്‍ സുരേഷ്‌ എം.പി തുറന്നടിക്കുകയും ചെയ്‌തു.
രാജിയിലും പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതിലും അഞ്ച്‌ സംസ്‌ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനവും സ്വാധീനം ചെലുത്തും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ നേട്ടമുണ്ടാക്കാന്‍ സാധിച്ചാല്‍ ഡി.സി.സി പ്രസിഡന്റ്‌മാരെ നിശ്‌ചയിച്ചതുപോലെ രാഹുല്‍ നേരിട്ട്‌ ഗ്രൂപ്പ്‌ സമവാക്യം ലംഘിച്ച്‌ കെ.പി.സി.സി പ്രസിഡന്റിനെ കണ്ടെത്തും. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാണ്‌ നേരിടുന്നതെങ്കില്‍ ഹൈക്കമാന്‍ഡിന്റെ ശക്‌തി ക്ഷയിക്കുകയും സംസ്‌ഥാനത്തെ ഗ്രൂപ്പ്‌ ബലത്തിന്‌ മുന്നില്‍ കീഴടങ്ങേണ്ടിവരുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തില്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുകയെന്നത്‌ ഏറെ സങ്കീര്‍ണത നിറഞ്ഞ പ്രക്രിയയായി മാറും. സുധീരന്റെ രാജിയോടെ സംസ്‌ഥാനത്തെ ഗ്രൂപ്പ്‌ സമവാക്യങ്ങളിലും സമൂല മാറ്റം വന്നേക്കും. നിലവില്‍ സ്‌ഥാനങ്ങള്‍ ഏറ്റെടുക്കാതെ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ പ്രതിഷേധിച്ച്‌ മാറിനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കണമെങ്കില്‍ എ ഗ്രൂപ്പിന്‌ കെ.പി.സി.സി പ്രസിഡന്റ്‌ സ്‌ഥാനം നല്‍കേണ്ടിവരും. അതേസമയം ഇപ്പോള്‍ സുധീരപക്ഷത്തേക്ക്‌ ചാഞ്ഞ പല നേതാക്കളും പഴയ ഗ്രൂപ്പുകളില്‍ തന്നെ സജീവമാകാനാണ്‌ സാധ്യത. ഡി.സി.സി പ്രസിഡന്റ്‌മാരെ രാഹുല്‍ നേരിട്ട്‌ നിശ്‌ചയിച്ചതോടെ പലരും സജീവ ഗ്രൂപ്പ്‌ പ്രവര്‍ത്തനത്തില്‍നിന്ന്‌ മാറി സുധീര പക്ഷത്തേക്ക്‌ ചാഞ്ഞിരുന്നു. ഇതിനും മാറ്റംവരുന്നതോടെ നേതാവിനെ കണ്ടെത്താന്‍ ഹൈക്കമാന്‍ഡ്‌ ഏറെ പണിപ്പെടേണ്ടിവരും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ തകര്‍ന്നടിഞ്ഞതോടെ ശക്‌തമായ ഗ്രൂപ്പ്‌ പോരിന്‌ ശമനമുണ്ടാക്കാന്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചയാണ്‌ ഡല്‍ഹിയില്‍ നടന്നത്‌. സംസ്‌ഥാനത്തെ പ്രധാന നേതാക്കളെയെല്ലാം ഡല്‍ഹിയ്‌ക്ക്‌ വിളിപ്പിച്ച രാഹുല്‍ എം.പിമാരുമായും വെവ്വേറെ ചര്‍ച്ച നടത്തി.
ഇതേതുടര്‍ന്നാണ്‌ ഗ്രൂപ്പിന്‌ അതീതമായി ഡി.സി.സി പ്രസിഡന്റ്‌മാരെ നിശ്‌ചയിച്ചതും സംസ്‌ഥാനത്ത്‌ സംഘടനാ തെരഞ്ഞെടുപ്പ്‌ അടക്കമുള്ള പ്രവര്‍ത്തനങ്ങളിലേക്ക്‌ കടക്കാന്‍ തീരുമാനിച്ചതും. എന്നാല്‍ പൊടുന്നനെയുള്ള സുധീരന്റെ രാജിയോടെ ഇതിനെല്ലാം മാറ്റം വരുമെന്നതാണ്‌ ഹൈക്കമാന്‍ഡിനെ പ്രതിസന്ധിയിലാക്കുന്നതും.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Saturday 11 Mar 2017 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW