Thursday, April 26, 2018 Last Updated 57 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 11 Mar 2017 02.00 AM

കേരളത്തിലെ പ്രശ്‌നപരിഹാരം ഇന്നത്തെ ഫലങ്ങള്‍ ഹൈക്കമാന്‍ഡിന്‌ നിര്‍ണായകം

uploads/news/2017/03/88436/sudheeran.jpg

ന്യൂഡല്‍ഹി: അഞ്ച്‌ സംസ്‌ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുശേഷം സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ ഇടപെടാനുള്ള ഹൈക്കമാന്‍ഡിന്റെ തീരുമാനം നിലനില്‍ക്കെയുള്ള കെ.പി.സി.സി പ്രസിഡന്റ്‌ വി.എം സുധീരന്റെ രാജി കേന്ദ്ര- സംസ്‌ഥാന ഘടകങ്ങളെ ഒരേപോലെ ഞെട്ടിച്ചു.

ഗ്രൂപ്പുകള്‍ ഒരുമിച്ച്‌ എതിര്‍ത്തിട്ടും മൂന്ന്‌ വര്‍ഷക്കാലം സംരക്ഷിച്ച ഹൈക്കമാന്‍ഡിന്‌ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവരുന്നതോടെ ശക്‌തിക്ഷയിച്ചേക്കുമെന്ന തിരിച്ചറിവും സുധീരന്റെ പൊടുന്നനെയുള്ള രാജിക്ക്‌ പിന്നിലെ കാരണമായി. ഗ്രൂപ്പ്‌ പോര്‌ രൂക്ഷമായ സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ 2014 ല്‍ ഹൈക്കമാന്‍ഡ്‌ നേരിട്ട്‌ സുധീരനെ കെ.പി.സി.സി. പ്രസിഡന്റായി നിയമിച്ചപ്പോഴുള്ള സാഹചര്യമല്ല ഇപ്പോള്‍ ദേശീയ രാഷ്‌ട്രീയത്തിലുള്ളത്‌.

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന്‌ പിന്നീട്‌ ഉയിര്‍ത്തെഴുനേല്‍ക്കാന്‍ സാധിച്ചില്ല. മാത്രമല്ല, അടുത്ത പൊതു തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന്‌ വിശേഷിപ്പിക്കുന്ന ഉത്തര്‍പ്രദേശ്‌ അടക്കമുള്ള അഞ്ച്‌ സംസ്‌ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക്‌ മുന്നില്‍ അടിയറവ്‌ പറയേണ്ടിവരുമെന്ന സൂചനകളാണ്‌ എക്‌സിറ്റി പോള്‍ ഫലങ്ങളില്‍. ഇതോടെ കോണ്‍ഗ്രസിന്‌ ആധിപത്യമുള്ള സംസ്‌ഥാനങ്ങള്‍ ഒന്നൊന്നായി നഷ്‌ടപ്പെടുന്ന സാഹചര്യമാണ്‌ രൂപപ്പെട്ടത്‌. ഇതില്‍ അല്‍പ്പമെങ്കിലും സ്വാധീനമുള്ളത്‌ കേരളത്തില്‍ മാത്രമായി പരിമിതപ്പെട്ടു. ഇതോടെ മുമ്പെങ്ങുമില്ലാത്തവിധം ഹൈക്കമാന്‍ഡ്‌ ദുര്‍ബലമായി.

ഈ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ പിന്‍ബലത്തില്‍ മാത്രം സ്‌ഥാനം നിലനിര്‍ത്തിയ സുധീരനും വേറെ വഴിയില്ലാതെയായി. തെരഞ്ഞെടുപ്പിലെ അന്തിമ ഫലം ഇന്ന്‌ വരാനിരിക്കെയാണ്‌ സുധീരന്റെ രാജിയെന്നതും ശ്രദ്ധേയം.

തുടക്കത്തില്‍ സുധീരനെതിരേ കടുത്ത രീതിയിലുള്ള ആക്രമണമായിരുന്നു പാര്‍ട്ടിയില്‍നിന്ന്‌ ഉണ്ടായിരുന്നതെങ്കിലും സമീപകാലത്തായി ഇരു ഗ്രൂപ്പുകളും പൊരുത്തപ്പെട്ടിരുന്നു. സുധീരനെ മാറ്റണമെന്ന ആവശ്യത്തില്‍ ഉമ്മന്‍ ചാണ്ടി ഉറച്ചുനില്‍ക്കുമ്പോഴും ഐ ഗ്രൂപ്പ്‌ അനുനയ നയമാണ്‌ സ്വീകരിച്ചത്‌.

അടുത്തിടെ ചര്‍ച്ചയ്‌ക്കായി ഡല്‍ഹിയിലെത്തിയ ഉമ്മന്‍ ചാണ്ടിക്ക്‌ രാഹുല്‍ ഇക്കാര്യത്തില്‍ ഉറപ്പൊന്നും നല്‍കിയിരുന്നില്ല. അഞ്ച്‌ സംസ്‌ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‌ ശേഷം സംസ്‌ഥാനത്തെ വിഷയങ്ങളില്‍ ഇടപെടാമെന്ന്‌ പറഞ്ഞ രാഹുല്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ തുടക്കം കുറിക്കുമ്പോള്‍ കേരളത്തിലും നടത്താമെന്നായിരുന്നു അറിയിച്ചത്‌. സുധീരനെ നിലനിര്‍ത്തി തന്നെ ഡി.സി.സി പ്രസിഡന്റ്‌മാരെ പുതുക്കി നിശ്‌ചയിച്ച രാഹുല്‍ ഇതേ രീതിയില്‍തന്നെ മറ്റ്‌ ഭാരവാഹികളേയും നിശ്‌ചയിച്ച്‌ സംഘടനാ തെരഞ്ഞെടുപ്പ്‌ നടത്തി ഒടുവില്‍ സുധീരനെ മാറ്റണമെന്ന ആവശ്യം പരിഗണിക്കാമെന്ന നിലപാടിലായിരുന്നു. ഹൈക്കമാന്‍ഡിനോട്‌ ഏറ്റുമുട്ടാതെ മടങ്ങിയ ഉമ്മന്‍ ചാണ്ടി നിലപാട്‌ മാറ്റാതെ നിസഹകരണം തുടരുകയുമായിരുന്നു.

ഈ സാഹചര്യത്തില്‍തന്നെയാണ്‌ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയമാകും കോണ്‍ഗ്രസിനെന്ന പ്രവചനവും ഉണ്ടായത്‌. ഈ തെരഞ്ഞെടുപ്പുകളില്‍ സഖ്യത്തിലൂടെയും മറ്റും ഉജ്‌ജ്വല വിജയം നേടി കോണ്‍ഗ്രസ്‌ അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ തയാറെടുത്ത രാഹുലിനും പ്രവചനം ക്ഷീണമാണ്‌. ഹൈക്കമാന്‍ഡിന്‌ സംസ്‌ഥാന നേതൃത്വങ്ങള്‍ക്കു മേലുള്ള പിടി അയയുമെന്നും ഉമ്മന്‍ ചാണ്ടി നിലപാട്‌ കര്‍ക്കശമാക്കുമെന്നുമുള്ള തിരിച്ചറിവിലാണ്‌ സുധീരന്റെ രാജിയെന്നും സൂചനയുണ്ട്‌.

മുതിര്‍ന്ന നേതാക്കളില്‍ എ.കെ. ആന്റണി ഒഴികെയുള്ളവരില്‍ കൂടുതല്‍ പേരും രാഹുല്‍ നേതൃപദവിയിലേക്ക്‌ വരുന്നതിന്‌ എതിരാണ്‌. ഇതിനൊപ്പംതന്നെയാണ്‌ രാഹുല്‍ നേരിട്ട്‌ നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വയാകും ഫലമെന്ന പ്രവചനവും.
ഈ സാഹചര്യത്തില്‍ ആന്റണിയുടെയും രാഹുലിന്റെയും പിന്തുണയിലൂടെമാത്രം പിടിച്ചുനില്‍ക്കാനാവില്ലെന്ന്‌ സുധീരന്‍ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്ന്‌ വ്യക്‌തം.

Ads by Google
Saturday 11 Mar 2017 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW