Friday, July 28, 2017 Last Updated 16 Min 39 Sec ago English Edition
Todays E paper
Saturday 11 Mar 2017 01.55 AM

എന്നും സുധീരം...

uploads/news/2017/03/88434/7.jpg

തിരുവനന്തപുരം: ഒരു വ്യാഴവട്ടത്തിനു മുമ്പ്‌ അധികാരത്തിന്റെ അകത്തളങ്ങളില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കാന്‍ കാണിച്ച അതേ ധീരതയാണു സംസ്‌ഥാന കോണ്‍ഗ്രസ്‌ അദ്ധ്യക്ഷസ്‌ഥാനത്തുനിന്നു മാറിനില്‍ക്കാന്‍ സുധീരന്‍ കാണിച്ചത്‌. കേരളത്തിലെ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷന്‍ എന്ന പദവിയില്‍ സുധീരനെ എത്തിച്ചതും ഈ നിലപാടാണ്‌.
നിലപാടുകള്‍ക്കു വിപരീതാര്‍ഥം നല്‍കി ഒറ്റപ്പെടുത്തിയതാണ്‌ അദ്ദേഹത്തെ വലച്ചത്‌. വിശ്വാസപ്രമാണങ്ങള്‍ക്കുവേണ്ടി സന്ധിയില്ലാത്ത സമരം ചെയ്യുകയാണു സുധീരന്റെ രീതി. പദവി വലിച്ചെറിയാന്‍ അദ്ദേഹം ഒരിക്കലും മടിച്ചില്ല. 2001-2006 കാലഘട്ടത്തില്‍ കരിമണല്‍ ഖനനവിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുമായുണ്ടായ ഭിന്നതയെത്തുടര്‍ന്ന്‌ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പദം വലിച്ചെറിഞ്ഞത്‌ ഒരു ഉദാഹരണം മാത്രം.
മന്ത്രി, സ്‌പീക്കര്‍, പാര്‍ലമെന്റേറിയന്‍, സംഘടനാ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്‌തിമുദ്ര പതിപ്പിച്ച സുധീരന്‍ 1948 മേയ്‌ 26 നു തൃശൂരിലെ അന്തിക്കാട്ടില്‍ വി.എസ്‌. മാമുവിന്റേയും ഗിരിജയുടെയും മകനായി ജനിച്ചു. കെ.എസ്‌.യുവിലൂടെയാണു രാഷ്‌ട്രീയ പ്രവേശനം. 1971 മുതല്‍ 73 വരെ കെ.എസ്‌.യു പ്രസിഡന്റായിരുന്നു. 1975 ല്‍ സംസ്‌ഥാന യൂത്ത്‌ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1977 വരെ തുടര്‍ന്നു. ആ വര്‍ഷം തന്നെ സുധീരന്‍ ആലപ്പുഴയില്‍നിന്നു ലോക്‌സഭയിലേക്കു മത്സരിക്കുകയും വിജയിക്കുകയും ചെയ്‌തു. സുധീരന്റെ പാര്‍ലമെന്ററി ജീവിതം അവിടെ നിന്നാണ്‌ ആരംഭിക്കുന്നത്‌.
അടിയന്തരാവസ്‌ഥയുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പില്‍ സുധീരന്‍ എ.കെ. ആന്റണിയോടൊപ്പം ഉറച്ചുനിന്നു. 1980 ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ മണലൂരില്‍നിന്നു മത്സരിച്ചു ജയിച്ചു. ആന്റണി കോണ്‍ഗ്രസില്‍ ലയിച്ചതോടെ സുധീരനും മടങ്ങിയെത്തി. 1980 മുതല്‍ 96 വരെ മണലൂര്‍ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധാനം ചെയ്‌തതു സുധീരനാണ്‌. ഇതിനിടയില്‍ 1985 മുതല്‍ 87 വരെയുള്ള കരുണാകരന്‍ മന്ത്രിസഭയുടെ കാലത്തു സ്‌പീക്കറുമായി. കരുണാകരന്‍ രാജി വച്ചപ്പോഴും 1995 ല്‍ ആന്റണി മുഖ്യമന്ത്രിയായപ്പോഴും സുധീരന്‍ ഒരു വര്‍ഷത്തോളം ആരോഗ്യവകുപ്പ്‌ മന്ത്രിയായി. 1996 ല്‍ ആലപ്പുഴ മണ്ഡലത്തില്‍നിന്നു ലോക്‌സഭയിലേക്ക്‌ മത്സരിക്കുകയും വിജയിക്കുകയും ചെയ്‌തു. പീന്നീട്‌ വന്ന 1998 ലേയും 1999 ലേയും തെരഞ്ഞെടുപ്പുകളിലും ആലപ്പുഴയില്‍നിന്നു ജയിച്ചു. അതില്‍ 1999-ല്‍ മലയാളത്തിന്റെ അന്തരിച്ച നടന്‍ മുരളിയെയാണു സുധീരന്‍ പരാജയപ്പെടുത്തിയത്‌. 2004 ല്‍ പക്ഷേ അടിതെറ്റി.സി.പി.എമ്മിലെ ഡോ: കെ.എസ്‌. മനോജിനോട്‌ വോട്ടുകള്‍ക്ക്‌ അദ്ദേഹം തോറ്റു. അടുത്തുനടന്ന 2009 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിസമ്മതിച്ച്‌ സുധീരന്‍ മാറിനിന്നു. പാര്‍ലമെന്ററി-ഭരണരംഗത്തെന്നപ്പോലെ സംഘടനാമേഖലയിലും സുധീരന്റെ സാന്നിധ്യം ശ്രദ്ധേയമാണ്‌. സുധീരന്‍ കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാര്‍ രൂപീകരിച്ച സര്‍ക്കാര്‍ - പാര്‍ട്ടി ഏകോപനസമിതിയിലെ പത്ത്‌ അംഗങ്ങളിലൊരാളുമായിരുന്നു.

Ads by Google
Saturday 11 Mar 2017 01.55 AM
YOU MAY BE INTERESTED
TRENDING NOW