Friday, April 27, 2018 Last Updated 34 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 11 Mar 2017 01.55 AM

കസേര ശൂന്യം; ഇന്ദിരാഭവന്‍ മൂകം

uploads/news/2017/03/88432/5.jpg

തിരുവനന്തപുരം: പൊടുന്നനെയുള്ള വി.എം. സുധീരന്റെ പടിയിറക്കത്തില്‍ ഞെട്ടിയിരിക്കുകയാണ്‌ കെ.പി.സി.സി. ആസ്‌ഥാനമായ ഇന്ദിരാ ഭവന്‍. അത്രയ്‌ക്കും മൂകമായിരുന്നു അവിടത്തെ അവസ്‌ഥ. ഒരാളുപോലും അറിയാതെയുള്ള രാജി തീരുമാനത്തില്‍ നേതാക്കള്‍ക്കെല്ലാം അതിയായ ദുഃഖം.
ഊര്‍ജസ്വലനായി ചിരിച്ചുകൊണ്ടാണ്‌ പലപ്പോഴും സുധീരന്‍ പത്രസമ്മേളനങ്ങളില്‍ എത്താറുള്ളത്‌. ഇന്നലെ അതുണ്ടായില്ല.

അനോരോഗ്യത്തിന്റെ അവശതകള്‍ സുധീരനില്‍ പ്രകടമായിരുന്നു. വാര്‍ത്താസമ്മേളനം കഴിഞ്ഞിറങ്ങി ആദ്യം മാധ്യമപ്രവര്‍ത്തകരുമായി കുറച്ചു നേരത്തെ കുശലാനേ്വഷണം. ശേഷം തന്റെ ഔദ്യോഗിക പ്രസിഡന്റ്‌ കസേരയില്‍ ഒരു വട്ടംകൂടി ഉപവിഷ്‌ഠനായി. കോണ്‍ഗ്രസ്‌ നേതാക്കളായ വി.ഡി. സതീശന്‍, ടി.എന്‍.പ്രതാപന്‍, കെ.എസ്‌. ശബരീനാഥന്‍, വി.ടി. ബല്‍റാം, പന്തളം സുധാകരന്‍, ജോണ്‍സണ്‍ ഏബ്രഹാം തുടങ്ങിയവര്‍ അരികത്തായി അണിനിരന്നു. അധികമായി ആരും സംസാരിക്കുന്നില്ല. സുധീരനുമായി രഹസ്യ സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍ ക്യാമറകളില്‍ ഫ്‌ളാഷുകള്‍ മിന്നിമറയും. ചാനലുകളില്‍ തന്റെ രാജിവാര്‍ത്ത നിരീക്ഷിച്ചശേഷം എല്ലാവരെയും നോക്കി ഒരു ചെറുപുഞ്ചിരി.

രാജി വാര്‍ത്തയറിഞ്ഞ്‌ നേതാക്കളെല്ലാം ഇന്ദിരാ ഭവനില്‍ ഓടിയെത്തി. പാര്‍ട്ടി നല്ല രീതിയില്‍ മുന്നോട്ടുപോകുന്ന സമയത്താണ്‌ സുധീരന്‍ രാജിവച്ചതെന്ന്‌ കെ. മുരളീധരന്‍. അദ്ദേഹത്തിന്റെ വ്യക്‌തിപരമായ നീക്കത്തില്‍ ഒന്നും പറയാന്‍ സാധിക്കുന്നില്ല. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം പറഞ്ഞുതീര്‍ത്തിരുന്നു. ഇനിയെല്ലാം ഹൈക്കമാന്‍ഡ്‌ തീരുമാനിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. ആരെയും അറിയിക്കാതെ രാജിവയ്‌ക്കേണ്ടിയിരുന്നില്ലെന്നാണ്‌ വി.എസ്‌. ശിവകുമാര്‍, സുധീരനെ കണ്ടശേഷം പറഞ്ഞത്‌. അപ്രതീക്ഷിത തീരുമാനം തന്നെ ഞെട്ടിച്ചെന്നു പത്‌മജ വേണുഗോപാല്‍. പ്രശ്‌നങ്ങളില്‍നിന്ന്‌ ഒളിച്ചോടുന്ന നേതാവല്ല സുധീരന്‍. കുഞ്ഞുനാളുമുതലേ സുധീരനെ അറിയാം.

അദ്ദേഹത്തിന്റെ ആരോഗ്യം മോശമായതുകൊണ്ടുമാത്രമാണ്‌ രാജിയെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ഉറച്ച തീരുമാനങ്ങളെടുക്കുന്ന നേതാവാണ്‌ സുധീരനെന്ന്‌ വി.ഡി. സതീശനും അഭിപ്രായപ്പെട്ടു. നേതാക്കള്‍ സന്ദര്‍ശിക്കുന്ന വേളയില്‍തന്നെ എ.ഐ.സി.സിക്കു കൈമാറാനുള്ള രാജിക്കത്തില്‍ വി.എം. സുധീരന്‍ ഒപ്പിട്ടു. കൈവിറയ്‌ക്കുന്നുണ്ടോയെന്ന്‌ നോക്കാനാകും ക്യാമറകളെല്ലാം സുധീരന്റെ കൈകളിലേക്ക്‌ കണ്ണോടിച്ചു. വിറയലുമില്ല മുഖത്ത്‌ ഭാവഭേദവുമില്ല. എല്ലാം കഴിഞ്ഞ്‌ ഏവര്‍ക്കും നന്ദിയര്‍പ്പിച്ച്‌ അദ്ദേഹം പടിയിറങ്ങി. അടുത്ത നാഥനെത്തും വരെ ഇനി ഇന്ദിരാ ഭവനും മയക്കത്തിലാണ്‌.

Ads by Google
Saturday 11 Mar 2017 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW