Thursday, March 23, 2017 Last Updated 54 Min 10 Sec ago English Edition
Todays E paper
Saturday 11 Mar 2017 01.55 AM

ശിവസേന: പരാമര്‍ശം പിന്‍വലിക്കാതെ മുഖ്യമന്ത്രിയും നീക്കാതെ സ്‌പീക്കറും പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

uploads/news/2017/03/88430/3.jpg

തിരുവനന്തപുരം: ശിവസേനയുടെ സദാചാരഗുണ്ടാ അക്രമത്തെപ്പറ്റി അടിയന്തരപ്രമേയത്തിന്‌ അവതരണാനുമതി തേടി കഴിഞ്ഞദിവസം നടന്ന ചര്‍ച്ചകള്‍ക്കിടയില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ഇന്നലെയും നിയമസഭയെ പ്രക്ഷുബ്‌ധമാക്കി. ചോദ്യോത്തരവേളയില്‍പോലും സഹകരിക്കാതെ കടുത്ത നിലപാട്‌ സ്വീകരിച്ച യു.ഡി.എഫ്‌. മുഖ്യമന്ത്രിയും സ്‌പീക്കറും നിലപാട്‌ മാറ്റാത്തതിനെത്തുടര്‍ന്ന്‌ നിയമസഭ ബഹിഷ്‌കരിച്ചു.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ കടുത്ത വാദപ്രതിവാദവും അരങ്ങേറി. ഇന്നലെ കേരള കോണ്‍ഗ്രസ്‌(എം) അംഗങ്ങള്‍ സഭയില്‍ ഹാജരുണ്ടായിരുന്നില്ല.
ഒന്‍പതുമണിക്ക്‌ ശേഷം സഭയിലെത്തിയ ഒ. രാജഗോപാല്‍ അരമണിക്കുര്‍ കഴിഞ്ഞപ്പോള്‍ സ്‌ഥലം വിട്ടു. ഭരണമുന്നണി മാത്രം പങ്കെടുത്തതായി മാറി ഇന്നലത്തെ സമ്മേളനം.
കഴിഞ്ഞദിവസം അടിയന്തരപ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചശേഷം യു.ഡി.എഫ്‌. നടുത്തളത്തിലിരുന്ന്‌ പ്രതിഷേധിക്കുമ്പോള്‍ ശിവസേനക്കാരെ ഇവര്‍ വാടകയ്‌ക്ക്‌എടുത്തതാണോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നെന്ന്‌ മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവനയാണ്‌ പ്രശ്‌നമുണ്ടാക്കിയത്‌.
ഒന്നുകില്‍ മുഖ്യമന്ത്രി പിന്‍വലിക്കണം, അല്ലെങ്കില്‍ സ്‌പീക്കര്‍ രേഖകളില്‍നിന്ന്‌ നീക്കം ചെയ്യണം എന്നതായിരുന്നു യു.ഡി.എഫിന്റെ ആവശ്യം. പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. പരിശോധിച്ച്‌ നടപടി സ്വീകരിക്കാമെന്ന്‌ സ്‌പീക്കറും അറിയിച്ചിരുന്നു.
ഇന്നലെ സഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ഇക്കാര്യം സ്‌പീക്കറുടെ ശ്രദ്ധയില്‍കൊണ്ടുവന്നു. മുഖ്യമന്ത്രി കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഇന്ന്‌ റുളിങ്‌ വേണം. സ്‌പീക്കറെപ്പോലും മുഖ്യമന്ത്രി അപമാനിെച്ചന്നും അദ്ദേഹം പറഞ്ഞു.
ശിവസേനയുടെയും സംഘപരിവാറിന്റെയും കാര്യം പറയുമ്പോള്‍ നിങ്ങള്‍ക്ക്‌ എന്താണ്‌ ഇത്ര ബേജാറെന്ന്‌ മുഖ്യമന്ത്രി പിണറായിയും ചോദിച്ചു. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക്‌ മുഖ്യമന്ത്രിയുടെ പിന്തുണവേണ്ടെന്നു രമേശ്‌ തിരിച്ചടിച്ചു.
ആര്‍.എസ്‌.എസിനോടും സംഘപരിവാറിനോടും സമരസപ്പെടുന്നത്‌ ആരാണെന്ന്‌ എല്ലാവരും തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്ന്‌ മുഖ്യമന്ത്രിയും മറുപടി നല്‍കി. സഭയില്‍ മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം അംഗീകരിക്കാനാവില്ലെന്ന്‌ മറുപടി നല്‍കിയ രമേശ്‌ ചെന്നിത്തല, സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു മുഖ്യമന്ത്രി നടുത്തളത്തിലിറങ്ങിയതെന്നും ആരോപിച്ചു.
തന്നെക്കുറിച്ച്‌ വസ്‌തുതാവിരുദ്ധമായ പ്രതികരണമാണ്‌ പ്രതിപക്ഷനേതാവ്‌ നടത്തുന്നതെന്ന്‌ മുഖ്യമന്ത്രി വിശദീകരിച്ചു. സഭ നടക്കുമ്പോള്‍ താന്‍ ഒരിക്കലും സീറ്റ്‌ വിട്ടിട്ടില്ല. പച്ചക്കള്ളമാണ്‌ ഇവിടെ പറയുന്നത്‌. പ്രതിപക്ഷനേതാവ്‌ സംസാരിക്കുമ്പോള്‍ പോലും താന്‍ സീറ്റിലുണ്ടായിരുന്നു. സഭ നടക്കുമ്പോള്‍ മുഖ്യമന്ത്രി സീറ്റിലുണ്ടായിരുന്നെന്ന്‌ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണനും വ്യക്‌തമാക്കി.
താന്‍ കണ്ട കാര്യമാണ്‌ പറഞ്ഞതെന്ന്‌ രമേശ്‌ പറഞ്ഞു. എന്ത്‌ പ്രകോപനമുണ്ടായാലും മുഖ്യമന്ത്രി നടുത്തളത്തില്‍ വരാന്‍ പാടില്ലായിരുന്നു. സഭചേരുമ്പോഴും അല്ലാത്തപ്പോഴും ഒരു മുഖ്യമന്ത്രിയും ഇതുവരെ നടുത്തളത്തിലിറങ്ങിയിട്ടില്ല. സഭ ചേരാതിരിക്കുമ്പോള്‍ ഇവിടെ അംഗങ്ങള്‍ കൂടിനിന്ന്‌ സംസാരിക്കുക സ്വാഭാവികം മാത്രമാണെന്ന്‌ സ്‌പീക്കറും പറഞ്ഞു.
താന്‍ പറയാന്‍ ഉദ്ദേശിച്ചതാണ്‌ സ്‌പീക്കര്‍ വ്യക്‌തമാക്കിയതെന്ന്‌ അറിയിച്ച മുഖ്യമന്ത്രി പ്രതിപക്ഷനേതാവിന്‌ ഇവിടെ നിയമസഭയില്‍ മാത്രമല്ല, പാര്‍ലമെന്റിലും പ്രവര്‍ത്തിച്ച പരിചയമുണ്ടെന്നും ചൂണ്ടിക്കാട്ടി. സ്‌പീക്കര്‍ ചെയറില്‍ ഇരിക്കുമ്പോഴും സഭ നടക്കുമ്പോഴുമാണ്‌ ഇത്‌ നടുത്തളം. തന്റെ അനുഭവത്തില്‍ പലപ്പോഴും മുഖ്യമന്ത്രിമാര്‍ ഇവിടെനിന്ന്‌ സംസാരിച്ചിട്ടുണ്ട്‌.
കഴിഞ്ഞദിവസത്തേത്‌ ഒരു പ്രത്യേകാവസ്‌ഥയായതാണ്‌ പ്രശ്‌നമെന്ന്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. ആ സമയത്ത്‌ വരാന്‍ പാടില്ലായിരുന്നുവെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യത്തില്‍ സ്‌പീക്കര്‍ ഒരു റൂളിങ്‌ നല്‍കിയിട്ടുണ്ട്‌, അത്‌ പുനഃപരിശോധിക്കണമെന്ന്‌ നിരന്തരം ആവശ്യപ്പെടുന്നത്‌ ശരിയല്ലെന്ന്‌ മന്ത്രി ബാലനും ചൂണ്ടിക്കാട്ടി. പ്രശ്‌നം പരിഹരിക്കേണ്ട പാര്‍ലമെന്ററികാര്യ മന്ത്രി തന്നെയാണ്‌ വിഷയമുണ്ടാക്കുന്നതെന്ന്‌ രമേശ്‌ തിരിച്ചടിച്ചു. തങ്ങള്‍ക്ക്‌ പ്രശ്‌നമുണ്ട്‌. അതാണ്‌ സ്‌പീക്കറെ നേരിട്ട്‌ വന്ന്‌ കണ്ട്‌ പറഞ്ഞത്‌. ഇക്കാര്യത്തില്‍ രണ്ടാഴ്‌ച കഴിഞ്ഞ്‌ റൂളിങ്‌ പോര. മുഖ്യമന്ത്രി സ്വന്തം ദുരഭിമാനം കൈവെടിയണം. അദ്ദേഹം പ്രസ്‌താവന പിന്‍വലിക്കണം. അല്ലെങ്കില്‍ അങ്ങ്‌ അതിന്‌ റൂളിങ്‌ നല്‍കണം. ഇത്‌ തങ്ങളുടെ ആത്മാര്‍ത്ഥതയെയും സത്യസന്ധതയെയും ചോദ്യം ചെയ്യുന്നതാണെന്നും രമേശ്‌ പറഞ്ഞു.
എപ്പോള്‍ എങ്ങനെ റൂളിങ്‌ നല്‍കണമെന്ന്‌ തീരുമാനിക്കാനുള്ള അവകാശം സ്‌പീക്കറുടേതാണെന്ന്‌ പി. ശ്രീരാമകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെ ചെയ്യണമെന്ന്‌ പറയുന്ന സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞദിവസം എല്ലാവരില്‍നിന്നും നിരുത്തരവാദപരമായ സമീപനമാണ്‌ ഉണ്ടായത്‌. അതില്‍ ഖേദം പ്രകടിപ്പിക്കുമെന്ന്‌ കരുതിയാണ്‌ സമയം അനുവദിച്ചത്‌. ഇപ്പോള്‍ പതിനഞ്ചു മിനിട്ട്‌ നഷ്‌ടപ്പെടുത്തിയെന്ന്‌ സ്‌പീക്കര്‍ വ്യക്‌തമാക്കി.
തുടര്‍ന്ന്‌ അദ്ദേഹം ചോദ്യോത്തരത്തിലേക്ക്‌ കടന്നു. ഇതിനിടയില്‍ വീണ്ടും പ്രതിപക്ഷനേതാവ്‌ സംസാരിക്കാന്‍ എഴുന്നേറ്റു. എന്നാല്‍, സഭയില്ലാത്തപ്പോള്‍ നടന്ന ഒരു സംഭവത്തെക്കുറിച്ച്‌ ചര്‍ച്ച അനുവദിക്കാനാവില്ലെന്ന്‌ സ്‌പീക്കര്‍ നിലപാട്‌ എടുത്തു.
ഇതോടെ യു.ഡി.എഫ്‌. ശക്‌തമായ മുദ്രാവാക്യം വിളികളുമായി ബഹളം തുടര്‍ന്നു. ഒടുവില്‍ മുദ്രാവാക്യം വിളികളോടെ അവര്‍ സഭയ്‌ക്കു പുറത്തുപോയി.

Ads by Google
Saturday 11 Mar 2017 01.55 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW