കോട്ടയം: നിയമങ്ങളുടെ നൂലാമാലയില്പ്പെട്ടു നെല്ല് വില്ക്കാന് കഴിയാതെ വന്ന കര്ഷകന്, കൊയ്തെടുത്ത നെല്ല് പാടത്തു തിരിച്ചിറക്കി. മൂന്നുദിവസം പലയിടത്തും കൊണ്ടുപോയെങ്കിലും വില്‍പ്പന നടക്കാതെ വന്നപ്പോഴാണിത്. നീണ്ടൂര്‍ കല്ലറ ചിറയില്‍കണ്ടത്തില്‍ പാട്ടത്തിനെടുത്ത പാടശേഖരത്തില്‍ കൃഷിയിറക്കിയ കല്ലറ കുന്നത്ത് ചാക്കോയാണു പെരുവഴിയിലായത്.
നെല്‍ക്കൃഷി പോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ വ്യാപകമായ പ്രചാരണം നടത്തുന്നവേളയിലാണു കൊയ്തെടുത്ത നെല്ല് വില്‍ക്കാനായി കര്ഷകന് നെട്ടോട്ടം നടത്തിയത്. ഏറ്റുമാനൂര്‍ ഐക്കരത്തുണ്ടത്തില്‍ സിബി ജെയിംസിന്റെ അഞ്ച് ഏക്കര്‍ പാടശേഖരം പാട്ടത്തിനെടുത്താണ് ചാക്കോ കൃഷി ഇറക്കിയത്. കഴിഞ്ഞ ആറിനാണു പാടശേഖരത്തിലെ കൊയ്ത്ത് കഴിഞ്ഞത്. പന്ത്രണ്ടര ടണ്‍ നെല്ല് വിളവെടുക്കാനായി. ഇതു വില്‍ക്കാനായി ചാക്കോ ആദ്യം സമീപിച്ചത് സപ്ലൈകോ ഉദ്യോഗസ്ഥരെയാണ്. കൃഷി വകുപ്പില്‍നിന്നുള്ള കത്തുമായി വന്നാല്‍ മാത്രമേ നെല്ല് സംഭരിക്കാന്‍ കഴിയൂ എന്ന നിലപാടാണു ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്.
ഇതനുസരിച്ച് കല്ലറ കൃഷി ഓഫീസിനെ സമീപിച്ചപ്പോള്‍ നേരത്തേ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ കത്തു നല്കാന് കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കര്‍ഷകരില്‍നിന്നു നെല്ല് സംഭരിക്കണമെങ്കില്‍ കൃഷി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണു നിയമം. ചാക്കോ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇതേത്തുടര്‍ന്ന് ഓയില്‍ പാം ഇന്ത്യയുടെ ഉടമസ്ഥതയിലുളള വെച്ചൂര്‍ മോഡേണ്‍ റൈസില്‍ നെല്ലു കൊടുക്കുന്നതിനായി കൃഷി വകുപ്പില്‍ നിന്നു കത്ത് നല്കി. നെല്ലുമായി മില്ലിലെത്തിയപ്പോള്‍ കിലോഗ്രാമിനു 14.70 രൂപ നിരക്കിലേ സംഭരിക്കാന്‍ കഴിയൂ എന്നായിരുന്നു അധികൃതരുടെ മറുപടി.
സപ്ലൈകോ ഒരു കിലോ നെല്ല് 22.70 രൂപയ്ക്ക് സംഭരിക്കുമ്പോഴാണു കൊടിയ ചൂഷണം. ഇത്രയും കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നില്ലെന്ന് തീരുമാനിച്ച കര്ഷകന് നെല്ലുമായി നീണ്ടൂര്‍ സഹകരണ ബാങ്കിനെ സമീപിച്ചു. ആദ്യം സമീപിച്ചപ്പോള്‍ ഇന്നലെ നെല്ലുമായി എത്താനാണ് ബാങ്ക് അധികൃതര്‍ പറഞ്ഞത്. ഇതനുസരിച്ച് ലോറിയില്‍ കയറ്റിയ നെല്ലുമായി ബാങ്കില്‍ എത്തിയപ്പോള്‍ ഈര്‍പ്പം കൂടുതലാണെന്നും സംഭരിക്കാനാകില്ലെന്നും പറഞ്ഞു. ഇതേത്തുടര്‍ന്ന് സഹികെട്ട കര്ഷകന് നെല്ലുമായി പടത്തേക്കു പോരുകയായിരുന്നു. അരിവില കുത്തനെ ഉയരുന്നെന്ന മുറവിളിക്കിടെയാണ് നെല്ല് സംഭരിക്കാന്‍ പോലും ഏജന്‍സികള്‍ തയാറാകാത്തത്.
ഷാലു മാത്യു