Thursday, April 27, 2017 Last Updated 19 Min 0 Sec ago English Edition
Todays E paper
Saturday 11 Mar 2017 01.55 AM

ഇനി വയ്യ, സുധീരന്‍ ഒഴിഞ്ഞു

uploads/news/2017/03/88428/1.jpg

തിരുവനന്തപുരം: കോണ്‍ഗ്രസ്‌ സംസ്‌ഥാനഘടകത്തെയും ഹൈക്കമാന്‍ഡിനെയും ഒരുപോലെ ഞെട്ടിച്ച്‌ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ രാജിവച്ചു. അപ്രതീക്ഷിതമായി ഇന്നലെ ഉച്ചയ്‌ക്കു പന്ത്രണ്ടേകാലോടെ കെ.പി.സി.സി. ആസ്‌ഥാനമായ ഇന്ദിരാഭവനില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു രാജിപ്രഖ്യാപനം.
ആരോഗ്യകാരണങ്ങളാല്‍ രാജിവയ്‌ക്കുന്നുവെന്നാണു വിശദീകരണമെങ്കിലും കുറേനാളായി പാര്‍ട്ടിയിലെ ഗ്രൂപ്പുകളുമായി അദ്ദേഹം നല്ല ബന്ധത്തിലായിരുന്നില്ല. രാജിക്കത്ത്‌ ഉടന്‍ ഹൈക്കമാന്‍ഡിന്‌ അയച്ചുകൊടുക്കുമെന്നു സുധീരന്‍ വ്യക്‌തമാക്കി. ചില വിശ്വസ്‌തരൊഴികെ ആരെയും മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു സുധീരന്റെ രാജിപ്രഖ്യാപനം. തൊട്ടുപിന്നാലെ മുതിര്‍ന്ന നേതാക്കള്‍ ഇന്ദിരാഭവനിലത്തെി അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തി.
കേന്ദ്ര-സംസ്‌ഥാനസര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരേ ശക്‌തമായ പോരാട്ടം നടത്തേണ്ട സന്ദര്‍ഭത്തില്‍ അതിനു സാധിക്കാത്തവിധം ആരോഗ്യപ്രശ്‌നമുണ്ടായ സാഹചര്യത്തിലാണു രാജിയെന്നു സുധീരന്‍ പറഞ്ഞു. തടസങ്ങള്‍ വരുമെന്നതിനാല്‍ രാജിക്കാര്യം ആരോടും കൂടിയാലോചിച്ചില്ല. പകരം സംവിധാനം എ.ഐ.സി.സി. ഏര്‍പ്പെടുത്തും. വ്യക്‌തിപരമായ അസൗകര്യം പാര്‍ട്ടി പ്രവര്‍ത്തനത്തെ ബാധിക്കരുതെന്നാണു നിലപാട്‌. വഹിക്കുന്ന സ്‌ഥാനത്തോട്‌ എന്നും നീതി പുലര്‍ത്തുന്നതാണു തന്റെ ൈശലി. അനാരോഗ്യം മുന്‍നിര്‍ത്തി, കെ.പി.സി.സി. അധ്യക്ഷന്റെ ചുമതല തല്‍ക്കാലം മറ്റൊരാളെ ഏല്‍പിച്ച്‌ മാറിനില്‍ക്കാമായിരുന്നു. എന്നാല്‍, അതു തന്റെ മനഃസാക്ഷിക്കു നിരക്കുന്നതല്ല. പ്രതിപക്ഷപ്രവര്‍ത്തനം സജീവമാകേണ്ട ഘട്ടത്തില്‍ ഇടക്കാലത്തേക്കുപോലും മാറിനില്‍ക്കുന്നതു ശരിയാവില്ല. ഓരോ ദിവസവും ഓരോ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നു. കെ.പി.സി.സി. അധ്യക്ഷനെന്ന നിലയില്‍ അതിലൊന്നും ഇടപെടാനാകാതെ മാറിനില്‍ക്കേണ്ടിവരുമ്പോള്‍ രാജിയല്ലാതെ മാര്‍ഗമില്ല. അപകടത്തേത്തുടര്‍ന്നുള്ള അനാരോഗ്യം മൂലം പദവിയോടു നീതിപുലര്‍ത്താന്‍ പറ്റാത്ത സാഹചര്യമാണെന്നും സുധീരന്‍ വ്യക്‌തമാക്കി.
2014 ഫെബ്രുവരി 10-നു രമേശ്‌ ചെന്നിത്തലയുടെ പിന്‍ഗാമിയായാണു സുധീരന്‍ കെ.പി.സി.സി. അധ്യക്ഷനായത്‌. കോണ്‍ഗ്രസ്‌ സംസ്‌ഥാനഘടകത്തിലെ പ്രബലമായ രണ്ടു ഗ്രൂപ്പുകള്‍ മുന്നോട്ടുവെച്ച പേരുകള്‍ തള്ളിയാണു ഹൈക്കമാന്‍ഡ്‌ സുധീരനെ കെ.പി.സി.സിയുടെ ചുക്കാനേല്‍പിച്ചത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ സുധീരനെ നേതൃത്വത്തില്‍നിന്നു മാറ്റാന്‍ എ, ഐ. ഗ്രൂപ്പുകള്‍ ഒന്നിച്ചു ശ്രമിച്ചിട്ടും ഹൈക്കമാന്‍ഡ്‌ വഴങ്ങിയില്ല.
ദിവസങ്ങള്‍ക്കു മുമ്പ്‌ കോഴിക്കോട്‌ ഡി.സി.സി. സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കവേ വേദിയില്‍ വീണ്‌ സുധീരനു പരുക്കേറ്റിരുന്നു. വാരിയെല്ലിനു പരുക്കേറ്റ അദ്ദേഹം വസതിയില്‍ വിശ്രമത്തിലാണ്‌. കുറച്ചുകാലത്തേക്കു ചികിത്സയും വിശ്രമവും വേണമെന്നാണു ഡോക്‌ടര്‍മാരുടെ നിര്‍ദേശം. കെ.പി.സി.സി. അധ്യക്ഷസ്‌ഥാനത്തു മൂന്നുവര്‍ഷവും ഒരുമാസവും പുര്‍ത്തീകരിച്ച ദിവസമാണു സുധീരന്റെ രാജി. പൊതുവേ പാര്‍ട്ടിയില്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന സന്ദര്‍ഭത്തിലാണിതെന്നതും ശ്രദ്ധേയമാണ്‌.
ദിവസങ്ങള്‍ക്കു മുമ്പ്‌ തലസ്‌ഥാനത്തുണ്ടായിരുന്ന എ.കെ. ആന്റണിയോടും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയോടും മാത്രമാണ്‌ അദ്ദേഹം സ്‌ഥാനമൊഴിയുന്ന കാര്യം സൂചിപ്പിച്ചിരുന്നത്‌. അവരതിനെ അനുകൂലിച്ചുമില്ല.
സുധീരന്‍ മുമ്പു ഹൃദശയശസ്‌ത്രക്രിയയ്‌ക്കു വിധേയനായിരുന്നു. ഒപ്പം കടുത്ത പ്രമേഹവുമുണ്ട്‌. അതൊന്നും വകവയ്‌ക്കാതെയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തനം. എന്നാല്‍, കോഴിക്കോട്ടെ വീഴ്‌ചയേത്തുടര്‍ന്നു തീരെ അവശനായി. നെഞ്ചിലെ അണുബാധമൂലം സംഘടനാപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോകുക അസാധ്യമായെന്നും അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു.

Ads by Google
Saturday 11 Mar 2017 01.55 AM
YOU MAY BE INTERESTED
TRENDING NOW